Followers

Sep 29, 2010

The Story of a Legend ....( നിങ്ങളുദ്ദേശിക്കുന്ന ആ ലജന്റല്ല )...

                                                                                      1991 ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതം...പതിവില്ലാതെ അതിരാവിലെ തന്നെയവൻ ഉണർന്നു.....അതെ രണ്ടാഴ്ചയായി കാത്തിരിക്കുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.....ആ വെള്ളിയാഴ്ച.....തണുപ്പിന്റെ കാഠിന്യം വകവയ്ക്കതെ അവൻ താഴെ കവലയിലെ റോഡ് ലക്ഷ്യമാക്കി നടന്നു..മാർക്കറ്റ് ഉണർന്നു തുടങ്ങുന്നതെയുള്ളൂ....ഉറച്ചകാൽ വയ്പ്പോടെ അവൻ ആ കടത്തിണ്ണയിലേക്കു കയറി...

(പശ്ചാത്തലത്തിൽ ദ് ഗുഡ് ബാഡ് അഗ്ലിയിലെ മ്യൂസിക്ക്) ...

                                                                               പ്ലാസ്റ്റിക്ക് ഇടിവളയിട്ട വലത്തേ കൈ നീട്ടി. ...എന്നിട്ടു പറഞ്ഞു....“ഉം...തരൂ...”
  നരച്ചുതുടങ്ങിയ  തലയുയർത്തി  മദ്ധ്യവയസ്കനായ  ആ  ഏജന്റ് അവനെ ഒന്നു നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ഒരു പേപ്പർകവർ അവനെയേൽ‌പ്പിച്ചു.....


പോയതിലും വേഗത്തിൽ തിരികെ വീട്ടിലെത്തിയവൻ   എന്തിനോ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി...   വെള്ളപ്പാന്റും വെള്ള ഷർട്ടും ഇട്ടു..  ചോരയുടെ നിറമുള്ള ടൈ കഴുത്തിലിട്ടു മുറുക്കി    ..
കറുത്ത ആക്ഷൻ ഷൂ പോളിഷ് ചെയ്തു മിനുക്കി   ..   പേപ്പർകവർ ഭദ്രമായിത്തന്നെ കൈയ്യിൽ വച്ചിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.....ഭക്ഷണം കഴിച്ചു എന്നു വരുത്തി....വാട്ടർബോട്ടിലുമെടുത്ത് ബസ്റ്റോപ്പ് ലക്ഷ്യമാക്കി അവൻ ഓടി.....

ബസ്സിലിരിക്കുമ്പോഴും അവൻ കണ്ണുകൾ ചിമ്മിക്കൊണ്ട് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു.....

                                     ക്ലാസിലേക്ക് അവൻ നടന്നുവരുന്നത് കണ്ട ആൺകുട്ടികൾ ആകാംഷയോടെ അതിലേറെ ആരാധനയോടെ അവനെ നോക്കി...പെൺകുട്ടികൾ സ്വസിദ്ധമായ ലജ്ജയാൽ കാൽവിരൽകൊണ്ട് തറയിൽ ഫോറിയർ സീരീസ് തിയറങ്ങൾ ചമച്ചു..

വാതിലിൽ ഒരുനിമിഷം അവൻ നിന്നു...തലയുയർത്തി അത് U.K.G division A തന്നെയാണു എന്നു ഉറപ്പുവരുത്തി.

അവൻ ബഞ്ചിലിരുന്നു സാവധാനം ബാഗിൽ നിന്നും “ബാലരമ” പുറത്തെടുത്തു...കൂടെ ഫ്രീ കിട്ടിയ ഫാന്റത്തിന്റെ  മുഖമ്മൂടി വച്ച് ചുറ്റും നിന്നവരെ തെല്ല് പുഛത്തോടെ നോക്കി..എന്നിട്ട് അഭിമാ‍നപൂർവ്വം പേജുകൾ വിടർത്തി മായാവി വായിക്കാൻ തുടങ്ങി...അവന്റെ ചുറ്റിലും നിന്ന് തിക്കിത്തിരക്കി അവരും മായാവിക്കഥകൾ വായ്ച്ചുതുടങ്ങി.....‘

                                 ‘’‘.ട്രീണീം..ണീം ..ണീം.’........ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചു ..


                                                  ഈ കഥയിൽ നായകൻ ഞാനല്ല  , അച്ചായൻ ഒട്ടുമല്ല ,  എന്തിന് രണ്ടാം ക്ലാസിൽ   അച്ചായനെ ട്യൂഷൻ പഠിപ്പിച്ച ചേച്ചിയുടെ രഹസ്യകാമുകനുമല്ല.......കഥ കൊണ്ടുപോകുന്നത് സാക്ഷാൽ ബാലരമയാണ്..

                                                  അതെ ബാലരമ .... അന്ന് എന്റെയും എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായിരുന്നു..താളമായിരുന്നു... ആത്മാവായിരുന്നു......കാർട്ടൂൺനെറ്റ്വർക്കും പോഗോയും....നൈക്കും....ബ്ലൂടൂത്തും ..ഇന്റർനെറ്റും  ഒന്നും   ജനിച്ചിട്ടില്ലാത്ത കാലം......പൂപ്പൽ പിടിച്ച പേരറിയാത്ത അഞ്ജാത കാർട്ടൂൺ കാസറ്റുകൾ തുപ്പല്തൊട്ട് വീണ്ടും വീണ്ടും തുടച്ച് മിനുക്കികണ്ടിരുന്ന കാലം.....കാലത്തെ അതിജീവിച്ച ആ കഥാപാത്രങ്ങളുടെ സ്വത്വത്തേക്കുറിച്ചുള്ള ഒരന്വേഷണമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്...

                                                   
അന്നും   ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് കഥയാണ് മായാവി....പിന്നീട് വന്ന എല്ലാ ബാലപ്രസിദ്ധീകരണങ്ങൾക്കും കോപ്പിയടിക്കാൻ ഈ ഒറ്റക്കഥയേ ഉണ്ടായിരുന്നുള്ളൂ...

എന്നാൽ എത്ര നിലവാരം താഴ്ന്നാലും മായാവിയുടെ ആ ഡിഗ്നിറ്റി കീപ്പ് ചെയ്യുന്നതിൽ ബാലരമ എന്നും വിജയിച്ചിരുന്നു....അവസാനകാലങ്ങളിൽ ഞാൻ വായിച്ച മായാവിക്ക് പഴയ ആ ഒരു ഗുമ്മ്   നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു....എന്നാലും കഥാപാത്രങ്ങളൂടെ ആ പഴയ ഡെപ്ത് മൂലമാണ് ഇവർ വർഷങ്ങളോളം അനശ്വരരായി ജീവിക്കുന്നത്...


യുക്തിയുടെ പാനലിൽ നിന്നും മായാവിക്കഥകളെ ശ്രദ്ധിക്കുകയാണെങ്കിൽ
ഒരുപക്ഷേ പല പല മിസ്റ്ററികളും ഈ കഥയിലുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും ..കഥാന്ത്യം പലപ്പോഴും കുരങ്ങും കഴുതയും ഡ്രാഗണൂം ഒക്കെയായി മാറുന്ന വില്ലൻ ടീം അടുത്തലക്കത്തിൽ പയറ്പോലെ തിരിച്ചു വരുന്നു. ചില കഥകളിൽ ഇവരെ ഭീകരജീവികൾ തിന്നാനായി വായിൽ വയ്ക്കുന്നു...എന്നിട്ടെന്തു പറ്റുന്നു?.എന്തിനുമൊരവസാനം വേണ്ടേ?

മാത്രമല്ല ഈ കഥയിൽ ഇതു വരെ കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്പെസിഫൈചെയ്യുന്നില്ല..അവർ പണ്ട് കല്യാണം കഴിക്കാൻ സാധിക്കാതെപോയ കാമുകീകാമുകന്മാരാണോ?
ക്ലാസ്മേറ്റ്സ് ആണോ? അതോ ജസ്റ്റ് ഫ്രൺസ് മാത്രമോ...അങ്ങനെ പലതും.

കുട്ടൂസൻ എന്ന പേരു തന്നെ വിചിത്രമായി തോന്നുന്നില്ലേ. ഒരു പക്ഷേ കുട്ടൂസന്റെ മാതാപിതാക്കൾ വളരെ കുട്ടിക്കാലത്തെ മരിച്ചു പോയിരിക്കണം.കാരണം കുട്ടുസ് എന്നൊക്കെ കുട്ടികൾക്കു തീരെ കുഞ്ഞിലെ ഇടുന്ന വിളി പേരുകളാണു....പിന്നീട് അനാഥനായ അവൻ ഒരു പ്രോപ്പർ പേരില്ലാതെ കുട്ടൂസ് കാലക്രമേണ കുട്ടൂസനായി തീർന്നതാകാം .

എന്നാൽ ഡാകിനി എന്ന പേരു തീർച്ചയാലും ഒരു  മലയാളിപ്പേരല്ല.....
വ്യാഖ്യാനങ്ങൾ പലതുമുണ്ട്....ഫീമെയ്ല് ഫോം ഓഫ് എനർജി എന്നും ടിബറ്റൻ ലാഗ്വേജിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നവൾ എന്നും അർഥങ്ങൾ ഉണ്ട്.

അപ്പോൾ ഒറ്റനോട്ടത്തിൽ ഡൂക്കിലി എന്നു തോന്നുന്ന ഈ പേരിനു ഉള്ള അർഥങ്ങൾ വച്ച് നമുക്കു ഊഹിക്കാം , ഡാകിനിയുടെ മാതാപിതാക്കൾ തീർച്ചയായും പ്രബുദ്ധരായിരുന്നു..................

ഇവരുടെ കഴിഞ്ഞകാലത്തെപ്പറ്റിയുള്ള ചരിത്രരേഖകൾ വെളിപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ ,നമുക്കാശ്രയിക്കാവുന്നത് സത്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചില നിഗമനങ്ങളാണ്. ബാല്യത്തിലേ അനാഥനായ കുട്ടൂസൻ ഏതോ ഒരു ഗുരുവിന്റെ അടുത്തു നിന്നും അഥർവം പടിച്ച് ഒരു ദുർമന്ത്രവാദിയായി.

തന്റെ സ്കിൽസ് പ്രാക്ടീസിലൂടെ വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു.എന്നാൽ കുട്ടിയായിരിക്കുമ്പോൾ തന്നെ നേരിടേണ്ടിവന്ന അനാഥത്വം, യൌവനത്തിലെ അതികടിനമായ മാ‍ന്ത്രികപരിശീലനം തുടങ്ങിയവ അദ്ദേഹത്തിന്റെ മനസ്സിനെ മുറിവേൽ‌പ്പിച്ചു എന്നു വേണം കരുതാൻ.അങ്ങനെയാണദ്ദേഹം കാടുകയറിയത്..

യാദ്രച്ഛികമായി മറ്റേതോ നാട്ടിൽനിന്നും വന്ന ഡാകിനിയും കുട്ടൂസനും ഒത്തുചേരുന്നു..ഡാകിനി ഒരു യു.എസ് പൌരി ആണെന്നും മറ്റുമൊരു വാദമുണ്ട്.കാരണം ചില എം.ജി.എം കാർട്ടൂണുകളിലെ ചൂലിൽ സഞ്ചരിക്കുന്ന വിച്ചുകളൂടെ രൂപസാദ്രിശ്യത്തിന്റെ പേരിലാണു.മാത്രമല്ല ഡാഗിനിയെ ചില ആംഗിളുകളിൽ ക്കൂടി നോക്കിയാൽ ഒരു തനി മദാമ്മയമ്മൂമ്മയാണു എന്നു നമുക്കു തന്നെ ബോധ്യാകും..

എന്റെ മറ്റോരു സംശയം ഈ കുട്ടൂസനും ഡാകിനിയുമൊക്കെഎങ്ങനെ അവരുടെ ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നു എന്നതാണ്..ഒരു ദൂരദർശൻ എങ്കിലും ഉള്ള ഒരു ടിവി പോലുമില്ല അവർക്കു. ..ഡാകിനി ഒരിയ്ക്കൽ ‘ദേ ഇങ്ങോട്ട് നോകിയേ’ എന്ന സിനിമ കണ്ടതായി ഒരു കഥയിൽ സൂചിപ്പിച്ചിരുന്നു.

എങ്കിൽ ഇതിനൊക്കെ ഇവർക്കു പണം എവിടേ നിന്നു കിട്ടി.. പിന്നെയെന്താണു അവരുടേ വരുമാനം?....ഉത്തരമില്ല..രാമനാമവും ചൊല്ലി ഒരു മൂലയിൽ ഇരിയ്ക്കണ്ട പ്രായമായി രണ്ടിനും.എന്തായാലും ദൈവം സഹായിച്ച് പ്രഷറോ ,ഷുഗ്ഗറോ ഒന്നുമില്ല..അത് കാര്യമായി....എങ്കിലും അവർക്കും വേണ്ടെ ഒരു വിശ്രമജീവിതം ഒക്കെ....


പിന്നെ പുട്ടാലു ,സ്വന്തം പെങ്ങടെ മോൻ കുട്ടൂസന്റെ വീട്ടിൽ അടിമപ്പണിക്കു പോകുന്നത്
ഉളുപ്പില്ലാതെ കണ്ടോണ്ടിരിക്കുന്ന ഇയാൾ മനുഷ്യനാണോ?(സോറി.. ഇവൻ ചാത്തനാണല്ലേ)..       ഇതിയാനു അങ്ങനെ പ്രത്യേകിച്ച് കുടുംബവും പ്രാരാബ്ധവും ഒന്നുംഇല്ല....

എന്നാപ്പിന്നെ ഒള്ളതെന്താന്നു വച്ചാ ഒരു ഭാഗം ലുട്ടാപ്പിക്കു കൊടുത്ത് ഒന്നു സ്വസ്ഥമായിക്കൂടെ....ആർക്കുവേണ്ടിയാ ഇയാളിങ്ങനെ ജീവിക്കുന്നെ?...ഈ സമ്പാദിച്ച് കൂട്ടുന്നത്..?

ഇടയ്ക്കിടെ ഇങ്ങേർക്കു വട്ട് വരുമെന്നു ലുട്ടാപ്പി പറഞ്ഞത് ഓർമ്മ വരുന്നു..ആ സമയത്ത് ഗുഹയിൽ കിടക്കാറില്ല..ഏതോ കുളത്തിന്റെകരേലാണത്രേ കിടപ്പ്..

പാവം അയാളെ അത്ര കണ്ട് നമ്മൾ കുറ്റപ്പെടുത്തരുത്.ഒരു പക്ഷേ നല്ലപ്രായത്തിൽ കല്യാണം കഴിച്ച് ഒരു കുടുബം ഉണ്ടാക്കാൻ പറ്റാത്തതിൽ നിന്നുള്ള ഫ്രസ്റ്റേഷനായിരിക്കാം അദ്ദേഹത്തിന്റെ സമനില തെറ്റിക്കുന്നത്...പക്ഷേ ലുട്ടാപ്പി ,താങ്കൾ ഒന്നോർത്താൽ നന്ന് ഭ്രാന്ത് പാരമ്പര്യമായും പകരാം...

ലുട്ടാപ്പി ( 10 )
ലുട്ടാപ്പി എന്നത് ഇന്നു ഇന്ത്യയിൽ നടക്കുന്ന ബാലവേലയുടെ ഒരു പ്രതീകം മാത്രമാണു...കുട്ടികാലത്തെ തന്നെ ഒരു കുന്തത്തിന്റെ ഡ്രൈവർപണി ഏറ്റെടുത്ത് ,പ്രാഥമികവിദ്യാഭ്യാസം പോലും കിട്ടാതെ തന്റെ ജീവിതം മുഴുവൻ ആ കെളവനും കെളവിക്കും വേണ്ടി ഹോമിക്കുകയാണാ പാവം...


 .ഇവിടെ കുന്തവും പ്രധാന കഥാപാത്രമാണ്...ഒരു സാമാന്യ മനുഷ്യന് ഒരു കാലൊടിഞ്ഞ കസേരയിൽ പോലും ഇരിയ്ക്കാൻ ബുദ്ധിമുട്ടാണ്..അപ്പോഴാണ് അഞ്ചും ആറും ആളുകൾ ഒരേസമയം ഒരു കമ്പിക്കഷ്ണത്തിൽ ബാലൻസ് ചെയ്ത് ഇരിക്കുന്നത് വളരെ വിസ്മയകരമാണ്...കുന്തത്തിന്റെ അടിക്കടി കുറയുന്ന  പിക്കപ്പിനേപ്പറ്റി പലപ്പോഴും ലുട്ടാപ്പി പറയാറുണ്ട്.....എങ്കിലും അണ്ടർവെയർ മാത്രമിട്ട് കുന്തത്തിന്റെ ഷാർപ്പ് എഡ്ജിൽ ഇരുന്ന് ഡ്രൈവ് ചെയ്യുന്ന ലുട്ടാപ്പി ഒരു വലിയ റിസ്കാണ് എടുക്കുന്നത് എന്ന് നമ്മൾ സ്മരിക്കണം...

ഇതൊക്കെയാണെങ്കിലും കുട്ടൂസൻ പലപ്പോഴും ഒരു പൌത്രപരമായ വാത്സല്യം ലുട്ടാപ്പിയോട് പ്രകടിപ്പിക്കുന്നത് നാം കാണാതെ പോകരുത്.

ഡാഗിനി പലപ്പോഴും ലുട്ടാപ്പിയെ ചൊടിപ്പിച്ച് സംസാരിക്കുമെങ്കിലും, ഒരു സ്നേഹനിധിയായ മുത്തശ്ശി തന്റെ കൊച്ചുമകനോട് കുറുമ്പ് പറയുന്നത് പോലയെ അതിനെ കാണാനാകൂ..എന്തൊക്കെയായാലും ഉള്ളിന്റെഉള്ളിൽ ആ പാവങ്ങൾക്ക് ആശ്വസിക്കാൻ ദൈവം കൊടുത്ത കൊച്ചുമകനാണു ലുട്ടാപ്പി..

ഇനി യഥാസമയം ലുട്ടാപ്പിയുടെ കല്യാണം കൂടി നടത്തിയാൽ ഒരുപക്ഷേ ആ പാവങ്ങൾക്കു ഒരാശ്വാസം കിട്ടിയേക്കും....പക്ഷേ ആ ഒറ്റമുറി വീട്ടിൽ ഇനിയൊരു പെണ്ണു കൂടി എങ്ങനെ താമസിക്കും?. അതുമൊരു ലേഡി ചാത്തൻ...?


കൊള്ളക്കാരുടെ ഗുണ്ടായിസം (രഹസ്യക്യാമറയിൽ നിന്നും
ഇതിനെടേൽ ലോകം കാണാതെ പോയതോ അവഗണിച്ചതോ ആയ രണ്ട് മഹാപ്രതിഭകൾ.....സയൻസിനുള്ള നോബൽസമ്മാനങ്ങൾ തുടർച്ചയായി കേരളത്തിനു ലഭിക്കുമായിരുന്ന, ഐൻസ്റ്റീനെ പോലും നാണിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തിയ ശ്രീ.ലൊട്ട്ലൊടുക്കും ഗുൽഗുൽമാലും..അവരുടെ സ്വന്തം പരീക്ഷണ കം വാനനിരീക്ഷണശാലയിൽ നടത്തിയ കണ്ട്പിടുത്തങ്ങൾക്കു കൈയ്യും കണക്കുമില്ല.

.അദ്രിശ്യമാകുന്ന കോട്ട്..ടൈം ട്രാവൽ മെഷീൻ,മാജിക്ക് കാർപ്പെറ്റ്, എന്തും സ്വർണമാക്കുന്ന യന്ത്രം, അന്യഗ്രഹ യാത്രാ റോക്കറ്റുകൾ, എന്നിവ അതിൽ ചിലതു മാത്രം...

എനിക്കൊന്നേ പറയാനൊള്ളൂ ഇനിയെങ്കിലും ഇവരെ യഥാവിധി പരിഗണിച്ചില്ലെങ്കിൽ, വല്ല അമേരിക്കയോ കാനഡയോ ഒക്കെ കൊത്തിക്കൊണ്ടു പോകും,പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല...ഗവണ്മെന്റിന്റെ  ഭാഗത്തുനിന്നും IRDP  പ്രകാരം എന്തെങ്കിലും സഹായങ്ങൾ ഈ ശാസ്ത്രഞ്ജ്യന്മാർക്ക് ഇനിയെങ്കിലും നൽകണം..അതിന്  മുഖ്യമന്ത്രി തന്നെ മുൻ കൈയെടുക്കണം..

പിന്നെ നമ്മുടെ മനസ്സിനെ ഹഠാദാകർഷിക്കുന്നത് വിക്രമനും മുത്തുവും എന്ന രണ്ട് കൊള്ളക്കാരാണ്.....ഇതിൽ പ്രധാനി വിക്രമൻ തന്നെ...തനി മലയാളി..പഴയ ഗുണ്ടകളുടെ ട്രേഡ്മാർക്ക് വേഷമായ മഞ്ഞവരയൻ നെക്ക്ലെസ് ടീഷർട്ടും നീലപ്പാന്റും ഇട്ട്  മുത്തു എന്ന തമിഴൻ അസിസ്റ്റന്റുമായി കൊള്ളയടിയുടെ പുത്തന്മേച്ചിൽ‌പ്പുറങ്ങൾ തേടി നടക്കുന്ന ഇവർ പലപ്പോഴും അത്യാധുനിക സങ്കേതങ്ങളാൽ കോടികൾ കൊള്ളയടികുന്നു...എന്നാൽ ഇത്രേം വർഷമായിട്ടും ഒന്ന് രക്ഷപെടുന്നില്ല..........

ഇനി മായാവി എങ്ങനെ രാജു&രാധയുടെ ഫ്രണ്ടായി എന്നറിയാമോ..?  പണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു കർക്കിടകത്തിൽ കുട്ടുസൻ മായാവിയെ പിടിച്ച് സോഡക്കുപ്പിയിലാക്കി കോർക്കിട്ട് ഒരു മരത്തിന്റെ പൊത്തിൽ വയ്ക്കുന്നു...യദ്രിച്ഛികമായി അതുവഴിവന്ന രാജു&രാധ കാര്യമറിയാതെ കുപ്പി പൊട്ടിച്ച് മായാവിയെ രക്ഷിക്കുന്നു...അങ്ങനെ അവർ കൂട്ടുകാരാകുന്നു...മൊബൈൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലമായതുകൊണ്ട് തന്നെ വിളിക്കാൻ മായാവി അവർക്ക് ഒരു ഹോട്ട്ലൈൻ സീക്രട്ട് കോഡ് നൽകുന്നു..( ഓം ഹ്രീം കുട്ടിച്ചാത്താ...ഇതിൽ ഓം...ഹ്രീം എന്നുള്ളത് യഥാർത്തമായ രൌദ്ര മൂർത്തികളുടെ മൂലമന്ത്രങ്ങളിൽ ഉള്ളതാണ്)...

ഈ സംഭവത്തോടെ രാജു&രാധ കുട്ടുസൻ ടീമിന്റെ ആജീവനാന്ത ശത്രുവാകുന്നു...രാജു&രാധ ശരിക്കും ആരാണെന്ന് എന്ന്  കഥയിൽ പറയുന്നില്ല....അതിനേപ്പറ്റി എനിക്ക് ലഭിച്ച ഒരു
  പഴയ ഹിറ്റ് എസെമെസ് ഉണ്ട്....ഏതാണ്ടിതാണ് സംഗതി...

“ രാജു രാധയുടെ സഹോദരനോ ....അതോ കാമുകനോ ?
  പുട്ടാലുവിന്റെ  ഹവാലാഇടപാടുകൾ അന്വേഷണം നടത്തുക...
  ഡാകിനിയും സ്പൈഡർമാനും തമ്മിലെന്താണ് ബന്ധം..?
                                അറിയാൻ വായിക്കുക ..ഈ ലക്കം ന്യൂ ഫയർ മാസിക ”
  
 
(ഇടത്തു നിന്ന് )രാജുവും രാധയും
 ഇസ്രായേൽ-പലസ്തീൻ പ്രശ്നം പോലെ...മുല്ലപ്പെരിയാർ പുതിയ ഡാമിന്റെ പണി പോലെ....  വർഷങ്ങളായി... അനന്തമായി നീളുന്ന മായാവിയുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന്  പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്...

മുതുകാടിനേപ്പോലെ കിടിലം മാജിക്കൊക്കെ കൈയ്യിലുള്ള മായാവി വിചാരിച്ചാൽ കുട്ടുസനും ഡാകിനിക്കും താമസിക്കാൻ ഊട്ടിയിലൊരു ബംഗ്ലാവ് വിത്ത് എസ്-ക്ലാസ് ബെൻസ് & ഓൾ ലക്ഷുറീസ് കൊടുക്കാവുന്നതേയുള്ളൂ...

പിന്നെ ലുട്ടാപ്പിക്ക്  ഊട്ടിയിൽത്തന്നെ ലൌ ഡെയിലിൽ  ഏഴാംക്ലാസിൽ ഒരു അഡ്മിഷൻ...അവിടെത്തന്നെ രാജു&രാധ യ്ക്ക് പ്ലസ്ടൂ ബയോളജിക്ക് രണ്ട് സീറ്റ്...

വിക്രമൻ &മുത്തുവിന് ലാസ് വേഗാസിലെ ഏതെങ്കിലും സുഖവാസകേന്ദ്രത്തിൽ യഥേഷ്ടം താമസം...
ആഗ്രഹങ്ങളെല്ലാം സാധിച്ചാൽ പിന്നെ ഇവർതമ്മിൽ ശത്രുതയ്ക്ക് സ്ഥാനമുണ്ടാകില്ല.....അപ്പോൾ മായാവി മനസ്സുവയ്ക്കഞ്ഞിട്ടാണ് ഈ പ്രശ്നം അവസാനിക്കാത്തതെന്ന് നമുക്ക് ബോധ്യമാകുന്നു...അദ്ദേഹത്തിന്റെ കടുമ്പിടുത്തങ്ങൾ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു...

                      ഇനി പറയൂ മായാവിയല്ലേ  യഥാർത്ത വില്ലൻ....?

    OTO   :  ചില തത്പരകക്ഷികൾ ഡിങ്കോയിസം എന്ന കാലഹരണപ്പെട്ട മതം ജനങ്ങളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി ലേഖകന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...

അന്യഗ്രഹജീവികൾ നടത്തിയ ഒരു പരീക്ഷണത്തിൽ മ്യൂട്ടേഷൻ സംഭവിച്ച ഒരു സാദാ എലിയാണ് ഈ ഡിങ്കൻ എന്ന സത്യം അവർ മറച്ചു വയ്ക്കുന്നു....

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് വിസ്മരിച്ച് അവർ ആദിവാസിമേഖലകളിൽ കടന്ന് ഡിങ്കോയിസ മതപരിവർത്തനത്തിനു ശ്രമിച്ച കാര്യവും നമുക്കറിയാവുന്നതാണ്...ഇതൊന്നുമത്ര ശരിയല്ലായെന്നേ ലേഖകനു പറയാനുള്ളൂ....
Related Posts Plugin for WordPress, Blogger...