Followers

Mar 27, 2011

ഉത്തരാധുനിക പ്രധാന വാർത്തകൾ - AD 2170.
FBI Warning : 
ഓ... സുമ്മാ ഒരു വാണിങ്ങ്...
നമസ്കാരം... കാർട്ടൂൺ നെറ്റ് വർക്ക് വാർത്തകളിലേക്ക് സ്വാഗതം.....

വാർത്തകൾ വായിക്കുന്നത് പോപ്പോയ് ദ സെയ്ലർ മാൻ.......

പ്രധാന വാർത്തകൾ....

നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപ്   തകർന്ന് പോയ  റോസ്പെരിയാർ ഡാമിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...തമിഴ്നാട്ടിൽ നിന്നുള്ള എ.എസ്.ഐ അഴകേശന്റെ നേത്രിത്വത്തിലുള്ള വൻസംഘമാണ് അന്വേഷണം നടത്തി ഈ കണ്ടുപിടുത്തം നടത്തിയത്....യഥാർത്ഥത്തിൽ അങ്ങനെയൊരു ഡാം ഇല്ലായിരുന്നുവെന്നും, അത് കേരളീയ ജനത വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സങ്കല്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്..ഓണം, വിഷു തുടങ്ങിയ കേരളാ മിത്തുകൾ പോലെ  വളരെ നല്ല ഒരു കഥയാണ്  ഡാമിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

999 വർഷം ഗ്യാരണ്ടിയുള്ള ഉരുക്കുപോലെത്തെ ഒരു ഡാം പൊളിയുക..കുറെപ്പേര് മുങ്ങിച്ചാവുക....എന്താ കഥ.....കേരളാ പീപ്പിളിന്റെ ഭാവനാശക്തിയെ താൻ റൊമ്പ അഭിനന്ദിക്കുന്നു എന്ന് തമിഴ്നാട് വെള്ളവകുപ്പ് മന്ത്രി ചിന്നസാമി പത്രക്കുറിപ്പിൽ അറിയിച്ചു..ഇനിയും ഇത്തരം ഭാവനാസമ്പുഷ്ടമായ മിത്തുകൾ കേൾക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു...

അതിനിടെ  ഇന്നലെ രാത്രി പമ്പ റൺവേയിൽ നിന്നും പറന്നുയർന്ന ബോയിങ്ങ് 75757 വിമാനം അടിയന്തിരമായി തിരിച്ചിറക്കി.....സാങ്കേതിക  തകരാറാണ് കാരണമെന്ന് കരുതുന്നു...യാത്രക്കാരെ കരിമലയിലുള്ള  സപ്തനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കാൻ തീരുമാനമായി....ശബരിമല എയർപോർട്ടിൽ കൂടുതൽ വികസനം നടത്താത്തത് ഭരണപക്ഷത്തിന്റെ അഴിമതി കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു..

ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പോപ്പുലേറ്റഡ് മെട്രോ സിറ്റിയായ സബരിമലയിൽ യാത്രാക്ലേശം രൂക്ഷമാണെന്ന് പരാതിയുണ്ട്....അതുകൊണ്ട് നിലയ്ക്കൽ എയർസ്ട്രിപ്പ് വരെയെങ്കിലും കൂടുതൽ വിമാനങ്ങൾ അനുവദിക്കണം എന്ന് അവർ ആ‍വശ്യപ്പെട്ടു.....ഇത്തവണ ആര് രാജി വയ്ക്കണം എന്ന് മാത്രം അവർ പറഞ്ഞില്ല..

എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് മകരജ്യോതി കത്തിക്കാനുള്ള സൂപ്പർ മോഡേൺ ലേസർലൈറ്റുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു..ആ കേസ് ആദ്യം തീരട്ടെ എന്നിട്ട് നമുക്ക് റൺവേ നന്നാക്കാം എന്നദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകളിലേക്ക്...

സൂറിക്ക്: സ്വിസ് ബാങ്ക് പൊളിഞ്ഞു.. സ്വസ്റ്റർലന്റിലെ AIG ബാങ്കിന്റെ  പ്രധാന ഗോഡൌൺ കെട്ടിടമാണ് പൊളിഞ്ഞത്..താങ്ങാവുന്നതിൽ കൂടുതൽ ഭാരം കയറ്റിയ ലോക്കറുകളാണ് ഈ കെട്ടിടത്തിൽ ഉള്ളതെന്ന് അധിക്യതർ അറിയിച്ചു...ഇന്ത്യൻ രാഷ്ട്രീയക്കാരുടെ എക്കൌണ്ടുകളാണ്
കൂടുതലും ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അവർ പിന്നീടറിയിച്ചു..

ഇതിനിടയിൽ  ഒരു ഷിപ്മെന്റ് കള്ളപ്പണവുമായി വിശാഖപട്ടണത്തുനിന്നും സ്വിസ്റ്റർലന്റിലേക്ക് പുറപ്പെട്ട ഒരു ചരക്കുകപ്പൽ പാതിവഴിയിൽ മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്...അമിതഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം...

സ്വിസ് ബാങ്കുകളിൽ  ഇനിയും ഇന്ത്യാക്കാർ ഇങ്ങനെ പണം കൊണ്ട് നിറച്ചുകൊണ്ടിരുന്നാൽ ഇവിടെ മഞ്ഞിനേക്കാളധികം മണിയായിരിക്കും എന്ന് സ്വിസ് സഹകരണബാങ്ക് ക്ലിപ്തം പ്രസിഡന്റ് പമേല സ്പിൽബർഗ്ഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു..

അജ്മൽ കസബിന്റെ തൊണ്ണൂറാം ചരമവാർഷികം വൻപിച്ച ആഘോഷപരിപാടികളോടെ കൊണ്ടാടി...
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എൺപതാം വയസ്സിലായിരുന്നു അദ്ദേഹം നാടുനീങ്ങിയത്..പണ്ട് ചില തെറ്റിദ്ധാരണകളുടെ പേരിൽ കുറച്ചുനാൾ ജയിലിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അജ്മൽ..ആദ്യം വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് വിധി വന്നെങ്കിലും  പിന്നീട് അഞ്ച് കൊല്ലങ്ങൾക്ക് ശേഷം വീഡിയോ ക്ലിപ്പിങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ..

അന്ന് അദ്ദേഹം രചിച്ച “ ഒരു വെടിയും ഒൻപത് പേരും  ” എന്ന ഞ്ജാനപീഠം കിട്ടിയ ആത്മകഥയിൽ തന്നെ പ്രതിയാക്കിയ സംഭവം വ്യക്തമായി പറയുന്നുണ്ട്..പകലന്തിയോളം പാടത്ത് പണിയെടുത്ത് ക്ഷീണിതനായി വീട്ടിലേക്ക് പോകാനായി ട്രെയിൻ സ്റ്റേഷനിൽ എത്തിയ അദ്ദേഹം താഴെ കിടക്കുന്ന ഒരു തോക്ക് കണ്ട് കൌതുകത്തോടെ അത് എടുത്ത് നോക്കുകയും അപ്പോൾ ഏതോ ഒരു കശ്മലൻ അത് ഫോട്ടം പിടിക്കുകയും, അത് കണ്ട് തെറ്റിദ്ധരിച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയുമയിരുന്നു എന്നദ്ദേഹം അതിൽ പറയുന്നു..

അവസാനം സത്യം തിരിച്ചറിഞ്ഞ നീതിദേവത അദ്ദേഹത്തെ വെറുതെവിട്ടു...കോമ്പൻസേഷനായി സർക്കാർ തന്നെ അദ്ദേഹത്തിന് ആന്റൈ-ടെററിസ്റ്റ് വിങ്ങ് തലവൾ നായി ജോലി കൊടുക്കുകയായിരുന്നു..തുടർന്ന് പത്മശ്രീ, പത്മഭൂഷൺ, ഓസ്കാർ, മികച്ച ബാലതാരം, സന്തോഷ് ട്രോഫി, ഖേൽരത്ന, അർജുനാ അവാർഡ് തുടങ്ങിയ അനേകം ബഹുമതികഅദ്ദേഹത്തിന് കിട്ടുകയുണ്ടായി..

ട്വീറ്റി
ഇനിയും കൂടുതൽ ചെറുപ്പക്കാർ ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി  ചാനലിനോട് പറഞ്ഞു...

ഐസ്ക്രീം കേസ് പുനരന്വേഷണത്തിന്  ഉത്തരവായി.
....
150 വർഷങ്ങൾക്കിടെ ഇത് 77ആം തവണയാണ് ഈ കേസ് പുനരന്വേഷിക്കുന്നത്...115 അംഗ പ്രത്യേക അന്വേഷണകമ്മീഷനാണ് കേസന്വേഷിക്കുന്നത്...

ഇന്നലെ രാത്രി ഒൻപത് മണിക്ക് പോഗോ ചാനലാണ് വിവാദമായ ഒളിക്യാമറാ വീഡിയോ സംപ്രേക്ഷണം ചെയ്തത്..മിസ്റ്റർ.ബീൻ എന്ന ഒന്നാം പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഐസ്ക്രീമാണ് കാർട്ടൂൺ നെറ്റ്വർക്ക്കാരായ ടോമും ജെറിയും അടിച്ചുമാറ്റി  വാണിഭം നടത്തിയത്..

 പിങ്ക്പാന്തറിനും ഇതിൽ പങ്കുണ്ടെന്ന് പോഗോ അറിയിച്ചു..ടോമും ജറിയും ഐസ്ക്രീമും കൊണ്ട് പമ്മിപ്പമ്മി പോകുന്നത് കണ്ടെന്ന് ആദ്യം മൊഴി തന്ന ട്വീറ്റി പിന്നീട് മൊഴി മാറ്റിപ്പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്....ഇതോടെ ഐസ്ക്രീം വിപണിയാകെ തണുപ്പ് മാറി ചൂട് പിടിച്ചിരിക്കുകയാണ്..

കേസിനെപ്പറ്റി വിശദമായി പഠിക്കാനായി കേരളത്തിൽ നിന്ന് 115 അംഗ സംഘം ഉടനേ തന്നേ ലോസ്ഏഞ്ചലസിലേക്ക് തിരിക്കും..ടോം&ജെറിയുടെ ഷൂട്ടിങ്ങ് സൈറ്റുകൾ സന്ദർശിച്ച് തെളിവെടുക്കാനും  അമേരിക്കയിലെ ഐസ്ക്രീം ഫാക്ടറികൾ നിരീക്ഷിക്കാനും  അവർക്ക് പദ്ധതിയുണ്ട്...

ഈ സംഭവത്തെത്തുടർന്ന് തെളിയാത്ത പല പഴയ കേസുകളും അന്വേഷിക്കണം എന്ന് പൊതുജനാഭിപ്രായം ശക്തമാവുകയാണ്..കീചകനെ കൊന്നത് ഭീമനോ. അതോ അർജ്ജുനനോ.?
കംസനെ വധിച്ചത് ശ്രീരാമനോ സ്പൈഡർമാനോ തുടങ്ങിയ അനേകം ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ട്.

കായിക വാർത്തകൾ :   ( ഡുങ്ക ഡുങ്ക ...ഡുങ്ക....ഡുങ്ക..ഡു....... - മ്യൂസിക്ക്  )

 
നിക്വാരഗ്വേയും ഉറുഗ്വേയും ഫിഫ വേൾഡ്കപ്പ് 2170 സോക്കർ ഫൈനലിൽ.....
  
ഇന്നലെ ജർമ്മനിയിൽ നടന്ന സെമിഫൈനൽ  മത്സരത്തിൽ   ഇന്ത്യൻ താരങ്ങൾ വർദ്ധിത ആവേശത്തോടെ മുൻനിരയിയിരുന്ന് കളികണ്ടു....അടുത്തതവണ കൂടുതൾ ശക്തിയോടെ ഫിഫ യോഗ്യത റൌണ്ടിൽ വിജയിക്കും എന്ന് കേന്ദ്ര ഫുഡ്ബോൾ വികസനമന്ത്രി ഗുൽബന്തർസിംഗ് പറഞ്ഞു....

സാബുമോൻ  പ്ലൂട്ടോ കപ്പ് ക്രിക്കറ്റ് ടീമിൽ
.....തന്റെ മുത്തശ്ശന്റെ പാത പിന്തുടർന്നാണ് മലയാളി താരമായ സാബുമോൻ ക്രിക്കറ്റിലെത്തിയത്..മുതുമുത്തശ്ശിയുടെ കൂടോത്രവും ചാത്തൻസേവയും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു..യഥാർത്തത്തിൽ താനെറിയുന്ന പന്തിൽ വിക്കറ്റ് തട്ടി താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി...

തന്റെ കൈയ്യിൽ ചാത്തന്മാരെ ആവാഹിച്ച ഒരു രഹസ്യ തേങ്ങയുണ്ടെന്നും അത് എറിഞ്ഞ് പൊട്ടിച്ചാൽ സെലക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവന്റേം തല പൊട്ടിത്തെറിക്കുമെന്നും അത് പേടിച്ചാണവർ തന്നെ തിരഞ്ഞെടുത്തതെന്നും,
മാത്രമല്ല ഇടയ്ക്കിടെ ഗ്രൌണ്ടിൽ വച്ച് തനിക്ക് ബാധകയറുന്നത് ചാത്തൻസ്വാമിയുടെ അനുഗ്രഹമാണെന്നും ഇക്കാര്യത്തിൽ മുത്തശ്ശിയുടെ പാരമ്പര്യമാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർ സിംഗന്മാരാണെന്നും, പണ്ട് മുത്തശ്ശന്റെ കവിളിൽ തലോടിയ  സ്നേഹനിധിയായ ഒരു സിംഗിന്റെ ഓർമ്മയ്ക്കായിട്ടാണ് താനവരുമായി കൂടുതൽ ഇടപഴകുന്നതെന്നദ്ദേഹം പറഞ്ഞു....കൂടുതൽ ശക്തിയോടെ താൻ തിരിച്ചു വരും..ആരാധികമാർ കാത്തിരിക്കുക..എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു..

ഇപ്പോൾ കിട്ടിയ വാർത്ത:
......ഫ്ലാഷ് ന്യൂസ്..

 
അടുത്തമാസം നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായി
UCF ( Universal Commentators Federation ) പ്രകടനപത്രിക പുറത്തിറക്കി...

ഇത് പ്രകാരം വൻപിച്ച ക്ഷേമപ്രവർത്തനങ്ങൾക്കാണ് പാർട്ടി ഊന്നൽ കൊടുത്തിരിക്കുന്നത്. . ഭൂമിയിലും അന്യഗ്രഹവാസികൾക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതികളാണിത്തവണ   UCF ആവിഷ്കരിച്ചിരിക്കുന്നത്...പ്രധാന വാഗ്ദാനങ്ങൾ ഇവയൊക്കെയാണ്..

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മനുഷ്യർക്ക് കിലോഗ്രാമിന് ഒരു കേരളാ ഡോളറിനും അന്യഗ്രഹജീവികൾക്ക് രണ്ട് കേരളാഡോളറിനും പ്രതിമാസം 25 കിലോഗ്രാം റോക്കറ്റ് ഫ്യൂവൽ.

2 .ബി.പി.എൽ‍. ( ബിലോ പ്രാപഞ്ചിക ലെവൽ)   കുടുംബങ്ങളിലെ അന്യഗ്രഹജീവികൾക്ക്  വിവാഹത്തിന് ധനസഹായം. ( പാവം അന്യഗ്രഹജീവികൾ).

3. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന പ്ലൂട്ടോ നിവാസികൾക്ക് പ്രതിമാസം    
    ആശ്വസിപ്പിക്കൽ ഫോൺകോളുകൾ .

4. പത്താംക്ലാസിലെത്തുന്ന എല്ലാ മാഴ്സ് ഗ്രഹനിവാസികൾക്കും സൗജന്യമായി റോക്കറ്റ്‍, ഓരോ അന്യഗ്രഹ ജീവിക്കും ഫ്ലയിങ്ങ് സോസർ വാങ്ങുന്നതിന്  പലിശ രഹിത വായ്പ ( റോക്കറ്റ് യാത്രികര്‍ ഹെല്‍മെറ്റ് വയ്‍ക്കേണ്ടി വരുമോ ? ),

5..അന്യഗ്രഹജീവികൾക്കും മലയാളികൾക്കും പ്രപഞ്ചതുല്യത (എന്തരോ എന്തോ !).

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.സി.എഫ് അധികാരത്തിൽ വരുമെന്നും അതോടെ   
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ   വിപ്ലവവീര്യം പൊഴിഞ്ഞുതുടങ്ങുമെന്നും യു.സി.എഫ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു...

എനിക്ക് ഉറക്കം വരുന്നു..അത് കൊണ്ട് ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ അവസാനിപ്പിക്കുന്നു.. നന്ദി ..നമസ്കാരം....എണ്ണീറ്റു പോയിനെടെ........

  Mar 17, 2011

  എന്റെ കോട്ടയം സ്വപ്നങ്ങൾ - 3.

  ബസിറങ്ങി ഞങ്ങൾ ഒരു നാൽക്കവലയിൽ വിശ്രമിച്ചു...അപ്പോഴേക്കും രാജപ്പൻ എവിടെയോ പോയി....തിരികെ വന്നത് ഒരു പാണ്ടിലോറിയുടെ ഡ്രൈവറുമായായിരുന്നു...ആ വണ്ടി കോട്ടയത്തിനാണ്...കാശൊന്നും കൊടുക്കുകയും വേണ്ട...ഫ്രീയാണ്..

  ഞാൻ രാജപ്പനും ബാലക്യഷ്ണക്കൈമൾക്കും ഹസ്തദാനം നൽകി..
  ദിവാകരനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു...ഏതാനും മിനിറ്റുകൾക്കകം പാണ്ടിലോറി എന്നേയും വഹിച്ചുകൊണ്ട് കോട്ടയത്തേക്ക് യാത്രയായി....ദിവാകരന് ടാറ്റാ കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..

  സന്ധ്യയോടേ വണ്ടി കോട്ടയത്തെത്തി...ലോറി ഓടിക്കുന്ന തമിഴൻ എന്നോട് പറഞ്ഞു..

  ” അണ്ണൈ ഇത് താൻ കോട്ടയം സിറ്റി.....ഉങ്കളുക്ക് ഇങ്കെനിന്നും ഓട്ടോ കിടയ്ക്കും..”

  ഞാൻ ആ പാണ്ടിക്ക് നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി...കോട്ടയം നഗരത്തിലാണെങ്കിൽ യാതൊരു ലക്ഷ്യവുമില്ല..

  ഇന്ന് രാത്രി ഏതെങ്കിലും ഹോട്ടലിൽ തങ്ങാം...ഞാൻ മുന്നിൽ കണ്ട പല ഹോട്ടലുകളിലും കയറി റേറ്റന്വേഷിച്ചു...ചങ്ങനാശ്ശേരി പോലല്ല...എല്ലാം ബ്ലേഡ് റേറ്റാണ്....കൈയ്യിലാണെങ്കിൽ കാര്യമായി പൈസ ബാലൻസുമില്ല..

  അപ്പോഴാണ് ഒരു പോസ്സ്റ്റർ എന്റെ കണ്ണിൽ‌പ്പെട്ടത്...കോട്ടയം അഭിലാഷിലെ ഒരു സിനിമാ പോസ്റ്റർ ആയിരുന്നു അത്...

  വെറും 25 രൂപയ്ക്ക് സെക്കൻഡ് ഷോയ്ക്കും തേഡ് ഷോയ്ക്കും കയറിയാൽ പിന്നെ അവിടിരുന്നു ഉറങ്ങാം....ഹോട്ടലിൽ പോകാതെയും കഴിക്കാം...അങ്ങനെ ഞാൻ പടത്തിന് കയറി..എന്നാൽ ഉറക്കം നടന്നില്ല...അന്നവിടെ ഓടിയിരുന്നത്  “  നീലത്തടാകത്തിലെ നിഴൽ‌പ്പക്ഷികൾ “   എന്ന മെഗാഹിറ്റ് ക്ലാസിക് സിനിമയായിരുന്നു....

  പൊതുവേ കലാതത്പരനായ ഞാൻ ആ സിനിമയിൽ ലയിച്ചു പോയി..തേഡ് ഷോ കഴിഞ്ഞപ്പോഴേക്കും പുലർച്ചെ നാലുമണിയായിരുന്നു..( അന്നൊക്കെ തേഡ് ഷോ ഉണ്ടായിരുന്നു,)

  അവിടുരുന്നു തന്നെ ഞാൻ ഉറങ്ങി ( അന്നൊക്കെ തിയറ്ററിലിരുന്ന് ഉറങ്ങാമായിരുന്നു ).  ...ഉണർന്നപ്പോൾ സമയം എട്ട് മണി..ഞാൻ പതിയെ എഴുന്നേറ്റു...തിയറ്റർ ബാത്ത്രൂമിൽ നിന്ന് ഫ്രഷായി പുറത്തേക്കിറങ്ങി.

  അവസാനം കൂടുതൽ റിസ്കെടുക്കാതെ പാലായ്ക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു..ഞാൻ അടുത്തുള്ള സർക്കാർ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ ചെന്ന് വഴി ചോദിച്ചു...അവിടെ റിസപ്ഷനിസ്റ്റ് പുതിയ ആളായതിനാൽ അയാൾക്ക് വഴി പിടിയില്ലായിരുന്നു..

  ചിന്താകുലനായ ഞാൻ റോഡിലേക്കിറങ്ങി.....അപ്പോഴാണ്  റോഡരുകിൽ ചുമ്മാ കൈലിയുമുടുത്ത്  കലുങ്കിലിരുന്ന നല്ലവനായ ഒരു ചേട്ടൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടത്... സുഗുണൻ..പേര് പോലെതന്നെ നല്ലമനുഷ്യൻ...ടൂറിസ്റ്റ് ഗൈഡാണത്രേ.എന്റെ വിഷമം അറിഞ്ഞപ്പോൾ പൈസയൊന്നും വാങ്ങാതെ പുള്ളി സഹായിക്കാമെന്നേറ്റു......തത്കാലം കുമരകത്ത് നിന്നും പാലയ്ക്ക് ഒരു ബോട്ടുണ്ട്...അതിൽ പോയാൽ പെട്ടെന്നെത്തും..അദ്ദേഹം എന്നേയും കൂട്ടി ഒരു ബോട്ട് ഏജൻസിയിലേക്ക് പോയി...

  കുമരകം - പാലാ -കുമരകം ടിക്കറ്റ് എടുത്തുതന്നു....ബില്ല് വന്നപ്പോൾ ഞാൻ ഞെട്ടി..എത്ര എണ്ണിയിട്ടും നൂറ് രൂപ കുറവുണ്ട്..ഇനിയെന്ത് ചെയ്യും...ഉള്ള കാശ് മൊത്തം ഞാൻ നുള്ളിപ്പെറുക്കി സുഗുണേട്ടന് കൊടുത്തു...നല്ലവനായ അദ്ദേഹം നൂറ് രൂപ സ്വന്തം പോക്കറ്റീന്നിട്ടു കൊടുത്തു..എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു...ഈശ്വരാ ഒരന്യനാട്ടിൽ ഇത്രയും നല്ല മനുഷ്യരോ...

  എന്നെ ഡോക്കിലാക്കിയിട്ട് അദ്ദേഹം യാത്രപറഞ്ഞ് പോയി...കാപ്പി കുടിക്കാനായി അഞ്ച് രൂപയും പുള്ളിയെനിക്ക് തന്നു.....അടുത്ത്കണ്ട കോയിൻ ഫോണിൽ നിന്നും ഞാൻ ബെർളിച്ചായനെ വിളിച്ചു..നടന്ന സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു...ഞാൻ ഇപ്പോൾ ബോട്ടിൽ കയറാൻ പോവാണെന്നും വരുമ്പോൾ കടുവയുടെ കിഡ്നിക്കറിയും ചോറും തയ്യാറാക്കി വക്കണമെന്നും പറഞ്ഞു...അച്ചായൻ മറുപടി പറയുന്നതിനു മുൻപ് ഫോൺ കട്ടായി..


  ...അല്പസമയത്തിനകം ബോട്ട് വന്നു......ഞാൻ പോക്കറ്റിൽ തപ്പി നോക്കി...ഏതാനും ചില്ലറകളേ ഉള്ളൂ..................ഇനി പാലാ എത്തുന്നത് വരെ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്ത് എനിക്ക് വിഷമമായി...അങ്ങനെ ഞാൻ ബോട്ടിൽക്കയറി...

  ലുബൈക് - ഹെൽസിങ്കി, മംഗലാപുരം- ദുബായ്, യുകെ - മയാമി,  എന്നിങ്ങനെ പല റൂട്ടുകളിലുമുള്ള പടുകൂറ്റൻ കപ്പലുകളിൽ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു ബോട്ടിൽ കയറുന്നത്..ബാഗ് ഒരരുകിൽ വച്ചിട്ട് ഞാൻ സീറ്റിലിരുന്നു..നിശ്ശബ്ദമായി ബോട്ട് നീങ്ങിത്തുടങ്ങി....അല്പസമയത്തിനകം ബോട്ടിലെ കിളി വന്ന് ടിക്കറ്റ് ചോദിച്ചു...

  ഞാൻ ടിക്കറ്റ് കൊടുത്തിട്ട് പറഞ്ഞു... “ എന്തോ ബ്ലേഡ് റേറ്റാ ഇത്...യൂറോപ്പിലൊന്നും ഇത്രയും യാത്രാച്ചിലവില്ല..“

  കിളി പറഞ്ഞു...:“ എന്ത് ചിലവ്.....?  ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും? ...


  ഇത്തരം സർവീസ് ബോട്ടിൽ സഞ്ചരിക്കാം...അല്ലെങ്കിൽ രണ്ട് മൂന്ന് പേർക്ക് മാത്രമായി ഹൌസ്ബോട്ടുമെടുക്കാം...ആട്ടെ ഈ ബോട്ടിനു 30 രൂപയല്ലെയുള്ളൂ..ഹൌസ്ബോട്ടിന് 1500 ഉറുപികയാകും...

  ദൈവമേ, എന്തൊരു കൊല ചതി!.... 30 രൂപയ്ക്ക് പാലായ്ക്ക് ബോട്ടുണ്ടെന്ന്...!..എടാ സുഗുണാ....നീ എനിക്കിട്ട് പണിതന്നല്ലോയെന്ന് മാത്രം മനസ്സിൽ ആലോചിച്ചു....പാലായ്ക്ക് ചെന്നിട്ട് കോടീശ്വരനായ ബെർളിമുതലാളിയുടെ മഹീന്ദ്രജീപ്പിൽ വന്നവനെ പൊക്കണം എന്ന് ഡയറിയിൽ എഴുതിയിട്ടു....

  വിശപ്പ് സഹിക്കാൻ വയ്യാതെ കിളിയുടെ ചോറ്റ്പാത്രത്തിൽ ഉണ്ടായിരുന്ന ഉപ്പ്മാവും പഴവും മേടിച്ച് തിന്നു...ഒരു നീണ്ട മയക്കത്തിലേക്ക് ഞാൻ വീണു..

  പാലാ..പാലാ എന്നുള്ള അനൌൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്...
  പുറത്ത് മഞ്ഞ് കെട്ടിക്കിടക്കുന്നു..ഈശ്വരാ ഈ മഞ്ഞിനിടയിൽ ഞാനെങ്ങനെ അച്ചായനെ കണ്ടുപിടിക്കും...ഞാനല്പനേരം ബോട്ട്ജെട്ടിയിൽ കാത്തുനിന്നു..എന്നിട്ടും ആരെയും കണ്ടില്ല..വരുന്നത് വരട്ടെ ആരോടേലും ചോദിക്കാം എന്ന് കരുതി ഞാൻ ഇരുമുടിക്കെട്ടും തോളിലിട്ട് പുറത്തേക്കിറങ്ങി നടന്നു...ബെർളിച്ചായനെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളൂ...ഇനി പുള്ളി വൈറ്റ് ഹൌസിലോ മറ്റോ പോയോ...അങ്ങനിരിക്കുമ്പോൾ ഒബാമ വിളിച്ചു.. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞ് അമേരിക്കയിലോ ഒക്കെ പോകുന്ന ആളാ...

  തറവാടിന്റെ അഡ്രസ് കൈയ്യിലുണ്ട്..എന്തായാലും അങ്ങോട്ട് പോകാം...ഞാൻ ഓട്ടോക്കാരനോട് അഡ്രസ് പറഞ്ഞു കൊടുത്തു...ആ ഓട്ടോ എന്നേയുംവഹിച്ചുകൊണ്ട് ടൌണിൽ നിന്ന് ഉള്ളിലേക്കാണ് പോയത് 100 ഏക്കർ റബറുതോട്ടത്തിന്റെ ഒത്തനടുക്കായി പണിതിട്ട ഒരു മുട്ടൻ ബംഗ്ലാവ്..


  ഞാൻ പൂമുഖത്തേക്ക് കയറി..പൂമുഖത്ത്  ഒരു കടുവാത്തോൽ വിരിച്ചിട്ടിരിക്കുന്നു...ഞാൻ ബെല്ലടിച്ചു..അല്പസമയത്തിനകം ഒരു വ്യദ്ധൻ പുറത്തേക്ക് വന്നു..കാര്യസ്ഥനാകണം..കഴുത്തിൽ ഒരു 25 പവന്റെ വടംപിരി മാല...

  “ ആരാ കുട്ട്യേ....മനസ്സിലായില്യാ...”അയാൾ ചോദിച്ചു...

  “...ഹോ...തറവാടികൾ തന്നെ..... ആ സംസാരം കേട്ടാലറിയില്ലേ...”

  ഞാൻ ബെർളിമുതലാളിയുടെ കൂട്ടുകാരന്റെ അനിയൻ..അങ്ങ് ദൂരെ കായംകുളത്ത് നിന്നും വന്നതാ..ഞാൻ വരുമെന്ന് വിളിച്ച് പറഞ്ഞായിരുന്നു...

  “ഉം..അയാൾ ഒന്ന് മൂളിയിട്ട് വരിക..എന്ന് പറഞ്ഞ് കൊണ്ട് എന്നെ വിളിച്ചോണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി..

  വീട് പറഞ്ഞ് കേട്ടതിലും ഗംഭീരം തന്നെ....മൈസൂർ പാലസ് പോലല്യോ...വീടിന്റെ പിന്നിൽ ചെന്ന് നിന്നയാൾ ഉറക്കെ വിളിച്ചു...

  “ ..എടാ ബെർളിയേ.....യേ ....യേ..യേ...    “    റബർതോട്ടങ്ങളിൽ പ്രതിധ്വനികൾ മുഴങ്ങി..

  അപ്പോഴതാ ദൂരെ നിന്നും ഒരാൾ ഓടി വരുന്നു....ഒറ്റത്തോർത്ത് മാത്രമുടുത്ത് കൊണ്ട് ഒരാൾ..കൈയ്യിൽ റബർടാപ്പ് ചെയ്യുന്ന കത്തി..അയാൾ ഓടിവന്ന് വ്യദ്ധന്റെ അടുത്ത് കൈകെട്ടി നിന്നു...

  “ടാ ..ദേ നിന്നെ കാണാൻ വന്നതാ...” എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി...

  എന്തൊക്കെയോ ദുരൂഹതകൾ...അപ്പോൾ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുള്ള സുന്ദരനായ ബെർളിയെവിടെ  ബയോളജി ലാബിലെ അസ്ഥികൂടം പോലിരിക്കുന്ന ഈ മനുഷ്യൻ എവിടെ..?

  പാലായില്‍ കണ്ണെത്താത്ത ദൂരത്തോളം റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ മുതലക്കുഞ്ഞുങ്ങള്‍...അപ്പോ അതൊക്കെയെവിടെ.....

  “ വരൂ...”

  ഞാൻ ആശ്ചര്യപരതന്ത്രനായി അച്ചായന് പിന്നാലെ നടന്നു...ഞങ്ങൾ ചെന്നു നിന്നത് ആ തോട്ടത്തിന്റെ ഏതാണ്ട് നടുക്കുള്ള ഒരു ഷീറ്റടിക്കുന്ന കെട്ടിടത്തിലായിരുന്നു...അതിനുള്ളിലേക്ക് ഞാൻ കയറി...ഒട്ടും വ്യത്തിയില്ലാത്ത ഒരു മുറി.....ഒരു ഭാഗത്ത് ധാരാളം മാസികകൾ അടുക്കിവച്ചിരിക്കുന്നു...മുത്ത്ച്ചിപ്പി മുതൽ  യാഹൂ മറ്റേ ഗ്രൂപ്പ് പ്രിന്റൌട്ടുകൾ വരെ...ക്രൈം മുതൽ മഹിളാരത്നം വരെ....ചുവരിൽ നിറം മങ്ങിയ ഹേമമാലിനിയുടെ ഫോട്ടോ...

  മുറിയുടെ മൂലയ്ക്കായി ഒരു തുരുമ്പിച്ച പെന്റിയം 2 കമ്പ്യൂട്ടർ...അതിലാണ് കളി മൊത്തം....ഹോ അപ്പോൾ ഞാൻ വായിച്ചറിഞ്ഞ ആ അച്ചായൻ എവിടെ...കഥകളിൽ കേട്ട കോട്ടയം എവിടെ...


  “ എന്തൊക്കെയാണച്ചായാ ഇത്...ഏതോ കോടീശ്വരന്റെ വീട്ടിലെ റബറുവെട്ടുകാരനാണെന്നത് പോട്ടെ........ആപ്പോ ആ ഫോട്ടോയിൽ കാണുന്ന സുന്ദരനായ ആൾ ആരാണ്...“ ?...ഉം പറയൂ....


  “അ ത്...അത്...അത് കോഴിക്കോട്ടുള്ള ഒരു ഓട്ടോ ഡ്രൈവറാ..പേര് സാബു...സാബുവിനറിയില്ല താനിന്ന് ലോകപ്രശസ്തനാണെന്ന്..അക്ഷരാഭ്യാസമില്ലാത്ത സുന്ദരനായ സാബുവിന്റെ പലപ്പോഴായുള്ള ഫോട്ടോകളാണ് ഞാൻ ബ്ലോഗിലും മറ്റും ഇട്ടിരിക്കുന്നത്.....സൌന്ദര്യമില്ലാത്ത എന്നെ ആൾക്കാർ ഇഷ്ടപെടില്ല എന്ന് കരുതിയാണ് ഞാനങ്ങനെ ചെയ്തത്...

  എന്തായാലും നീയിത് ആരോടും പറയണ്ട..ഞാനൊന്ന് കുളിച്ചിട്ട് വരാം...നീ ആ ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചുകൊള്ളൂ...

  ഒരു പുഞ്ചിരിയോടെ തന്റെ പെന്റിയം 2 ഓണാക്കാനിട്ടിട്ട് അച്ചായൻ കുളിക്കാൻ പോയി....
  എന്തുചെയ്യണം എന്നറിയാതെ ഞാൻ ഇഷ്ടികകൾ അടുക്കിവച്ച് അതിനുമുകളിൽ ഒരു പലക വച്ചിരിക്കുന്ന ബഞ്ചിലേക്കിരുന്നു...

  കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കമ്പ്യൂട്ടർ ബൂട്ടായി...എന്തോ ചില കാര്യങ്ങൾ ഒക്കെ പോസ്റ്റ് ചെയ്തിട്ട് ഞാനും അചായനും പുറത്തിറങ്ങി...

  എങ്ങനേലും കോട്ടയത്ത് കഴിയണം എന്ന എന്റെ ആഗ്രഹം ഞാനദ്ദേഹത്തോട് പറഞ്ഞു..അദ്ദേഹത്തിന്റെ ഐഡിയപ്രകാരം പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാം എന്ന് തീരുമാനമെടുത്തു....നേരെ ഡിജിപിയുടെ ആപ്പീസിൽ  ചെന്ന് എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയണം ....ആദ്യം പോലീസ് പിടിച്ചു ജയിലിലിടും... പിന്നെ എന്തോ ഒരു ‘തൈലം‘ ഒക്കെ ചോദിക്കണം...അപ്പോളവരത് തരും..പിന്നെ നീയും കോട്ടയം നിവാസിയാകും...

  കാര്യം റബറ്വെട്ടുകാരനാണേലും അച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.ഒരു പാട് വായന ഒക്കെ ഉള്ള ആളല്ലേ നല്ല വിവരം കാണൂം....

  അടുത്തദിവസം തന്നെ അച്ചായൻ എന്നെ പോലീസ് സ്റ്റേഷനു മുന്നിൽ ഡ്രോപ്പ് ചെയ്തു..തന്റെ BMWവിൽ സോറി  BSA-SLR ലേഡി സൈക്കിളിൽ...അപ്പോൾ പറഞ്ഞപോലൊക്കെ ചെയ്യാൻ പറഞ്ഞിട്ട് അച്ചായൻ ടാറ്റാ പറഞ്ഞുകൊണ്ട് സൈക്കിൾ ചവിട്ടി....സൈക്കിൾ കണ്ണിൽ നിന്നു മായുന്നിടം വരെ ഞാൻ നോക്കി നിന്നു....

  എന്നിട്ട് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽക്കയറി തൈലം ചോദിച്ചു...യൂറോപ്പിലെ പോലീസുകാരെ എത്ര പേരെ കണ്ടിരിക്കുന്നു...സാർ എന്നല്ലാതെ ആരും വിളിക്കില്ല..

  കണക്ക് കൂട്ടലുകൾ ഒരല്പം തെറ്റി ...ഇത് യൂറോപ്പല്ലായിരുന്നു....തൈലം ചോദിച്ച് ചെന്ന അവരെന്നെ മൂന്നാല് ഭവന ഭേദനവും പോക്കറ്റടിയും ചാർജ്ജ് ചെയ്ത് അകത്തിട്ടു...അതോടെ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ...

  ടിവിയും എസിയും പ്രതീക്ഷിച്ചു ചെന്ന എന്നെ നിരാശമാക്കിയ ഒരു ജയിലായിരുന്നു അത്...എനിക്കെങ്ങനെയെങ്കിലും പുറത്തിറങ്ങിയാ മതിയെന്നായി...ഞാൻ സത്യം വിളിച്ചുപറഞ്ഞെങ്കിലും അത് കേൾക്കാൻ ആരുമുണ്ടായില്ല.....

  അവസാനം ഒരാഴ്ചത്തെ പോക്കറ്റടി ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി..അങ്ങനെ ജയിലിലാണെങ്കിലും കോട്ടയത്ത് ജീവിക്കുക എന്ന സ്വപ്നം എനിക്ക് സാധ്യമായി ....എന്റെ ട്രങ്ക് പെട്ടിയുമായി  ഞാൻ പുറത്തേക്കിറങ്ങി ...

  ‘ഷോഷങ്ക് റിഡംഷനിൽ‘ മോർഗൻ ഫ്രീമാൻ ജയിൽ മോചിതനാകുന്നത് പോലെ ഞാൻ ചുറ്റും നോക്കിക്കൊണ്ട് നടന്നു...

  എന്നെ സ്വീകരിക്കാൻ അച്ചായൻ വന്നിരുന്നു....പുതിയ ഹെർകുലീസ് റാലി സൈക്കിളിൽ...പുള്ളി ഒരു കത്തും എന്നെയേല്പിച്ചു...ഞാനത് തുറന്ന് നോക്കി...  ബ്ലേഡ് പിള്ളച്ചേട്ടൻ ആത്മഹത്യ ചെയ്തത്രേ...ഒരാഴ്ച അയാൾ കാത്തിരുന്നു എന്റെ കാശിനായി..പിന്നെ ഞാൻ മുങ്ങിയെന്ന് കരുതി... തരാനുള്ള കാശിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് നോക്കിയപ്പോൾ കണ്ട തുക കേട്ട് മനസ്സ് തകർന്നാണത്രേ അദ്ദേഹം പോയത്..

  ചിരിക്കണോ, അതോ, കരയണോ?..അതോ പൊട്ടിച്ചിരിക്കണോ....നിർന്നിമേഷനായി ഞാൻ സൈക്കിളിന്റെ ക്യാരിയറിൽ ഇരുന്നു...

  അച്ചായനെന്നെ ബസ്റ്റാന്റിൽ കൊണ്ടാക്കി....അച്ചായന്റെ യഥാർത്തസ്ഥിതി ആരെയും അറിയിക്കില്ല എന്ന് അൻപത് രൂപ മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിച്ചു. ഞാൻ ബസിൽക്കയറി...ഞാൻ സീറ്റിൽ ചാരിക്കിടന്നു..ചൂട് കാറ്റ് മുഖത്തേക്കടിച്ചപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി...കോട്ടയത്തെക്കാളും ഡെല്ലിയേക്കാളും വലുതാണ് കായംകുളം എന്ന തിരിച്ചറിവിൽ ഞാനെത്തി...

  വലതുവശത്തെ പാടങ്ങളൂടെ കരയ്ക്ക് വെള്ളപൂശിയ ഷാപ്പുകള്, ഇടതു വശത്താകട്ടെ‍, ബിവറേജിന്റേയും ബാറിന്റേയും കെട്ടിടങ്ങൾ...

   അപ്പോൾ മനസ്സ് വളരെ ശാന്തമായിരുന്നു...

  (തീർന്നുട്ടാ...ഇനി ഇപ്പണിക്കില്ല....ഒൺലി ചെറുകഥകൾ)...  .....

  Mar 6, 2011

  എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2


  പക്ഷേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ഏതാന്ന് ഒരു പിടിയുമില്ല..അവസാനം ഞാൻ രണ്ടും കല്പിച്ച് അടുത്ത സീറ്റിലിരുന്ന ചേടത്തിയോട് ചോദിച്ചു...

  “....ഐ ചേർക്കോണം  എറങ്ങണം ട്രെയ്ൻ...ഡൌൺ ഡൌൺ...അമ്മച്ചി സഹായിക്കണം...”

  “....ഓക്കേ യു ഗെറ്റ് ഡൌൺ അറ്റ് നെക്സ്റ്റ് സ്റ്റോപ്പ്..ദാറ്റ്സ് ചേർക്കോണം...“...അവർ പുല്ല് പോലെ പറഞ്ഞുതന്നു...ചേടത്തി പുലിയായിരുന്നല്ലേ.”....അവർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ തയ്യാറായി..

  അധികം താമസിയാതെ സ്റ്റേഷനെത്തി..ഞാനെന്റെ ഇരുമുടിക്കെട്ടുമായി ഇറങ്ങി..കൂടെയിറങ്ങിയവർ പലവഴിക്കു പോയി...ഞാൻ സ്റ്റേഷൻ ആകെമൊത്തം ഒന്ന് വീക്ഷിച്ചു...മൊത്തം ഒരു ചേർക്കോണമയം...ജൂനിയർ ഓഷോ എന്നറിയപ്പെടുന്ന സ്വാമികളുടെ ബഹുമനാർഥമാണത്രേ ആ സ്റ്റേഷൻ നിർമ്മിച്ചത്..

  സ്വാമികൾ ചിരിച്ചു കൊണ്ട്  കൂപ്പുകൈയ്യുമായി നിൽക്കുന്ന കട്ടൌട്ടുകൾ അവിടെ പലയിടത്തായി കണ്ടു....

  അടുത്തതായി ഇരുമുടിക്കെട്ട് താഴെവച്ചിട്ട് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് ഞാൻ പോയി...ഇപ്പറഞ്ഞ ആശ്രമത്തിലെത്തണം...ഉം..അയാൾ ഒന്ന് അർഥഗർഭമായി മൂളി എനിക്കെന്തോ പന്തികേട് തോന്നി.....

  അയാൾ പറഞ്ഞത് പ്രകാരം ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൽ കയറി ഞാൻ ആശ്രമത്തിലേക്ക് പോയി...

  ആശ്രമത്തിന്റെ സെറ്റപ്പ് കണ്ട് എന്റെ കണ്ണ്തള്ളി..ഹോ ഗംഭീരം തന്നെ..ആശ്രമത്തിന്റെ മുറ്റത്ത് തന്നെ സ്വർണ്ണം പൂശിയ ഒരു വലിയ തേങ്ങയുടെ രൂപം പണിഞ്ഞു വച്ചിരിക്കുന്നു..

  അവിടുത്തെ പ്രധാന വഴിപാട് തേങ്ങാ ഉടയ്ക്കൽ തന്നെ....പ്രസാദമായി ചമ്മന്തിയും  കരിക്കിൻ വെള്ളവുമാണ് കിട്ടുന്നത്....കൌണ്ടറിൽ തിരക്കിയപ്പോഴാണറിഞ്ഞത്...സ്വാമികൾ ഏതാനും നാളായി ടൂറിലാണ്.... ആമസോണിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഒരു ഷിപ്മെന്റ് തേങ്ങയുമായി അവിടേക്ക് പോയിട്ട് കുറേ ദിവസമായി....വരാൻ വൈകും..

  അതോടെ ഞാൻ പദ്ധതി മാറ്റി..തത്കാലം ചങ്ങനാശ്ശേരിയിൽ എവിടേയെങ്കിലും ഹോട്ടലിൽ തങ്ങുക ..യാത്രാക്ഷീണവും മാറുമല്ലോ...

  ഞാൻ ഓട്ടോ ഡ്രൈവറോട് തിരക്കി...ഇവിടെ നല്ല ഹോട്ടലുകൾ വല്ലതുമുണ്ടെങ്കിൽ...അതായത് രണ്ട് നില,  കാറ് കയറ്റിയിടാനുള്ള സ്ഥലം, പൂജാമുറി,  പൂന്തോട്ടം...എസി...ഫ്രിഡ്ജ്,  മിക്സി, ടിവി....ഇതൊക്കെയുള്ള ഏതെങ്കിലും ഹോട്ടലുകൾ..?

  സാറിന്റെ ബഡ്ജെറ്റെങ്ങനാ ഫൈവ് സ്റ്റാർ മതിയോ..? ത്രീ സ്റ്റാർ മതിയോ..?

  “ ...ഒരു നൂറ്..നൂറ്റൻപത് രൂപ വരെയൊക്കെ പോകാം...“

  “എന്നാ കേറ്...“  അയാൾ മറുത്തൊന്നും പറയാതെ എന്നേയും കൊണ്ട്  പോയി...ചേർക്കോണത്ത് പൊതുവേ വീടുകളേക്കാളധികം ഹോട്ടലുകളാണ്...അവിടെയെങ്ങും റെയിഡുമില്ലത്രേ...പണ്ട് അവിടം റെയ്ഡ് ചെയ്യാൻ വന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്നൊരു പോലീസുകാരന്റെ തല പൊട്ടിത്തെറിച്ചതോടെ അവിടം റെയ്ഡ് നിരോധിത മേഖലയാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നത്രേ....എല്ലാം സ്വാമികളുടെ അനുഗ്രഹം...

  ആ ഓട്ടോ ചെന്ന് നിന്നത് ഇടൂങ്ങിയ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിലാണ്...
  “ശ്രീക്യഷ്ണവിലാസം ഫൈവ്സ്റ്റാർ ലോഡ്ജ്  ” ...

  അവിടുത്തെ ഏറ്റവും ചീപ്പായ മുറി ഞാനെടുത്തു....നല്ല വ്യത്തിയില്ലാത്ത ഒരിടുങ്ങിയ മുറി....കയറിയപാടെ ബാഗിലിരിക്കുന്ന ഓ.പ്പി.ആറിൽ നിന്നു ഒരു രണ്ടെണ്ണം വിട്ടു...വഴിയിൽ നിന്നും വാങ്ങിയ മോഡേൺ ബ്രഡ്ഡും ചേർത്ത് ഒരു പിടിപിടിച്ചു....കട്ടിലിലിലേക്ക് മറിഞ്ഞു വീണു...


  ഉണരുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി...ഇതിനിടയിൽ പല്ല് തേക്കാൻ പോലും ഞാൻ എണ്ണീറ്റില്ലല്ലോ...എന്തായാലും യാത്രയുടെ ക്ഷീണം മാറിക്കിട്ടി....

  കുളിച്ച് റെഡിയായി ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...കുറച്ച് നേരം ചങ്ങനാശ്ശേരി അതിരൂപതയുമൊക്കെ ചുറ്റിനടന്ന് കണ്ടു...ഭാഷയുടെ പ്രശ്നം  വച്ച് നോക്കിയാൽ ചങ്ങനാശ്ശേരിയിൽ നിൽക്കാൻ തോന്നിയില്ല...തത്കാലം ഇടുക്കിയിലേക്ക് കടന്നാലോ എന്നാലോചിച്ചു..എന്തായാലും ഒരു മൂഡ് വരാനായി ബാറിൽക്കയറി ഒരു നാരങ്ങാവെള്ളം കുടിക്കാൻ തീരുമാനിച്ചു..

  ഞാൻ സഞ്ചിയും തോളിൽത്തൂക്കി അടുത്തുകണ്ട ബാറിലോട്ട് കയറി....എന്നാൽ യൂറോപ്പിലെ ചില കണ്ട്രി ബാറുകളിലെ പോലെ അപ്പൂപ്പന്മാരും അമ്മൂമ്മമ്മാരും ഒന്നും അവിടെക്കണ്ടില്ല...ഞാൻ ഒറ്റയ്ക്ക് ഒരു ടേബിളിൽ പോയിരുന്നു...

  ”ഡേവിടേട്ടാ...കിങ്ങ്ഫിഷറുണ്ടോ..ചിൽഡ്...എന്നാൽ ഒരെണ്ണം പോരട്ടെ “എന്ന് പറഞ്ഞു...“

  എതിർവശത്ത് ടേബിളിൽ മൂന്ന്പേരിരുന്നു മദ്യപിക്കുന്നുണ്ട്....ബിയർ വരുമ്പോഴേക്കും ഞാൻ  ഒരു മാൾബെറോയ്ക്ക് തിരികൊളുത്തി.....അപ്പോഴേയ്ക്കും എതിർഭാഗത്തിരിക്കുന്ന മൂന്ന്പേർ എന്നെ ചിരിച്ചു കാണിച്ചു...ഒരു ഫോർമാലിറ്റിക്ക് ഞാനും ചിരിച്ചു...

  എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു,.... ദിവാകരൻ, രാജപ്പൻ, ബാലക്യഷ്ണക്കൈമൾ.

  അവരില്‍ ദിവാകരൻ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ തമിഴത്തിയും, അച്ഛന്‍ ഒരു മലയാളിയുമാണ്... മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ മലയാളീകളും, അച്ഛന്മാര്‍  ഗോവ, ഛത്തീസ്ഗഡ് എന്നിവീടങ്ങളിലുള്ളവരും...

  സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ച് വാങ്ങി അവർ  വലിച്ചു. ഞാൻ കരുതി  ഇവന്മാർ ഒരു സിഗരറ്റ് മൂന്നുപേർ ചേർന്ന് വലിക്കുമെന്നാണ്...എന്നാൽ യാതൊരു മയവുമില്ലാതെ അവർ ഒരു പായ്ക്കറ്റ് കാലിയാക്കി....ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല... ആദ്യമായാണ് ഞാന്‍ ഇത്തരം ആൾക്കാരെ കാണുന്നത്. അതും ചങ്ങനാശ്ശേരിയില്...


  ബിയറുകൾ ഡേവിഡേട്ടന്റെ കൈകളിലേറി മേശയിലേക്ക് വന്നുകൊണ്ടിരുന്നു.കാലിക്കുപ്പികൾ അതേ കൈകളിൽക്കയറി തിരികെ പോയിക്കൊണ്ടുമിരുന്നു....അവസാനം പുറംചട്ട മാത്രമുള്ള  ഒരു ഡയറിയുടെ ഉള്ളിൽ ബില്ല് വന്നു..ഞാൻ കരുതി യെവന്മാര് കൊടുക്കുമെന്ന്....എന്നാൽ അതുണ്ടായില്ല...

  ബില്ല് വരുന്നതിന് സെക്കന്റുകൾക്ക് മുന്നേ അവർ വാഷ്രൂമിലേക്ക് മുങ്ങി...നിവ്യത്തിയില്ലാതെ ഞാൻ ബില്ല് പേ ചെയ്തു...ഈശ്വരാ ...മുന്നാല് ദിവസത്തെ ഭക്ഷണത്തിന്റെ കാശാണല്ലോ പോയത്...ഞാനോർത്തു...

  അവസാനം എന്റെ യാത്രയുടെ ഉദ്ദേശം അവരെ ഞാൻ അറിയിച്ചു...ദിവാകരൻ മറ്റു രണ്ട് പേരോടും എന്തൊക്കെയോ മലയാളത്തിൽ പിറുപിറുക്കുന്നു...ഇനി എന്നെ അടിച്ചിട്ടിട്ട് രണ്ട് ഓപിആർ കുപ്പികളുമായി കടന്നുകളയാം എന്ന് വല്ലോമാണോ ഇവന്മാർ പറയുന്നത്..?..ഞാൻ ഇരുമുടിക്കെട്ട് ചേർത്ത് പിടിച്ചു....

  അവസാനം ദിവാകരൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
  ”..അളിയനെ ബോർഡർ കടത്തിത്തരുന്ന കാര്യം നുമ്മളേറ്റു..“..എനിക്ക് എന്തോ നല്ല സന്തോഷമായി...ഞങ്ങൾ ബിയറടി നിർത്തി എഴുന്നേറ്റു..

  ഞങ്ങൾ പുറത്തേക്കിറങ്ങി..ഞങ്ങൾ നടന്ന് നടന്ന് ചെറിയ ഒരു തെരുവിലെത്തി..ഞങ്ങളെ പുറത്ത് നിർത്തി അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ദിവാകരൻ കയറിപ്പോയി..തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

  പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..രാജപ്പനും ബാലക്യഷ്ണക്കൈമളും ക്യാരിയറിൽക്കയറി ഇരുന്നു...ഒരു വിധം ആ സൈക്കിൾ മുന്നോട്ട് നീങ്ങി...

  ചവിട്ടി ചവിട്ടി ഞങ്ങൾ കോട്ടയം ബോർഡറിലെത്തി..അപ്പോഴാണ് അത്കണ്ടത്...പാലത്തിൽ ചെക്കിങ്ങ്....ദിവാകരൻ ബ്രേക്ക് പിടിച്ചു..ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി...ചുറ്റും ഇരുട്ട് പരന്നുതുടങ്ങീയിരുന്നു..

  “..മൂന്ന് പേരിലധികം സൈക്കിളിൽ പോയാൽ പോലീസ് പിടിക്കും...സോ ഇനി ഒരു വഴിയേയൂള്ളൂ..കോട്ടയത്തേക്ക് കയറാൻ..”

  “എന്താണത്...?“

  “നീന്തലറിയാമോ..?“

  “ ദിവാകരാ ഞാൻ എക്സ്പെർട്ടാണ്..”

  അങ്ങനെ ഞങ്ങൾ ഒരു ഊടുവഴിയിലൂടെ സൈക്കിളോടിച്ച് മീനച്ചിലാറിന്റെ കരയിലെത്തി..

  ‍ദിവാകരൻ പറഞ്ഞ് തുടങ്ങി...പോപ്പി, ഇത് മീനച്ചിലാറിന്റെ ഒരു കൈത്തോടാണ്, ഇക്കരെ ചങ്ങനാശ്ശേരിയും, അക്കരെ കോട്ടയവും... ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം തുണിയലക്ക്, കുളി, കുളിസീൻ പിടുത്തം, ലോറി കഴുകൽ എന്നിവ നിരോധിച്ചിരിക്കുകയാണ്..

  “..തത്ക്കാലം ബാഗ് സൈക്കിളീലിരിക്കട്ടെ..നിങ്ങൾ നീന്തി അക്കരെചെന്നു എന്ന് ഉറപ്പായാൽ ഞങ്ങൾ സൈക്കിളിൽ കയറി പാലം വഴി..അപ്പുറം വരാം..“

  ബാഗ് ദിവാകരനെയുമേല്പിച്ച് ഞാൻ ഒരു തോർത്തുമുടുത്ത്..നേരെ ഓടിവന്ന് വെള്ളത്തിലോട്ടെടുത്ത് ചാടി..എല്ലാ വെള്ളിയാഴ്ചയും തെംസ് നന്ദി നീന്തിക്കടക്കുന്ന എനിക്ക് അതൊരു പ്രശ്നമായി തോന്നിയില്ല...

  “..പ്ധുക്കോ....“

  എന്നാൽ തെംസിന്റെ ആഴമില്ലാത്ത ആറ്റിൽ ഞാൻ നെഞ്ചുമിടിച്ചാണ് വീണത്...മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ചാടാൻ പറഞ്ഞ ദിവാകരനെ ഞാൻ മനസ്സിൽ ചീത്തവിളിച്ചു....വീണതിന്റെ ആഘാതത്തിൽ കൈകാലുകൾ കോച്ചി വലിച്ചു....ഇല്ല ..ഈ തോട് കടക്കാനാവില്ല...

  ഞാൻ തിരിച്ചു നടന്നു..ചുവടുറയ്ക്കുന്നില്ല...ഒരു വിധം തിരികെ ഇക്കരെയെത്തി..അവരെന്നെ പിടിച്ചുകയറ്റി...ബാലക്യഷ്ണക്കൈമൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് കൈയ്യിൽത്തന്നു...ഞാനത് വെള്ളം ചേർക്കാതെ മടമടാന്ന് കുടിച്ചു...അപ്പോൾ വേദനയ്ക്ക് ഒരാശ്വാസമായി....


  “..ഇനിയെന്താണ് പോപ്പി പരിപാടി..”

  “....എനിക്കറിയില്ല എങ്ങനെയെങ്കിലും കോട്ടയത്തെത്തണം..പക്ഷേ വണ്ടിക്കൂലിക്ക് കാശില്ല...”
  അവർ മൂവരും വീണ്ടും എന്തൊക്കെയോ സംസാരിച്ചു...

  എന്നിട്ട് ദിവാകരൻ എന്നോട് ചോദിച്ചു..” പോപ്പീ...ഹോട്ടലിൽത്തന്നെ ഈ രാത്രി തങ്ങണമെന്നുണ്ടോ..കോട്ടയത്തിന് നാളെ രാവിലെയെ ഇനി പോകാൻ പറ്റൂ...’

  “..ഇല്ല ..ദിവാകരാ..ഏതെങ്കിലും ബസ്റ്റാന്റിൽ വേണേലും ഞാൻ കിടന്നുറങ്ങാം...”

  അങ്ങനെ ഞങ്ങൾ വീണ്ടും ആ ലോഡ് സൈക്കിളിൽക്കയറി മുന്നോട്ട് നീങ്ങി...സൈക്കിൾ ചെന്ന് നിന്നത് ഒരൊറ്റപ്പെട്ട വീടിന്റെ മുന്നിലാണ്...ദിവാകരൻ കൈലിയും മടക്കിക്കുത്തി അകത്തേക്ക് കയറിപ്പോയി..അല്പനേരം കഴിഞ്ഞപ്പോൾ തിരികെവന്നു..

  “.... ഇതെന്റെ ഒരു പരിചയക്കാരിയുടെ വീടാ...പീരുമേട് വാസന്തി ..നമുക്കവടെ വീടിന്റെ തിണ്ണയിൽ കിടക്കാം...”ദിവാകരൻ പറഞ്ഞു..

  നോക്കൂ..ദിവാകരാ..എന്റെ കൈയ്യിൽ അധികം പണമില്ല..എത്ര രൂപ കൊടുക്കേണ്ടി വരും..?..ഞാൻ ചോദിച്ചു...

  “...ഹ ഹ ഹ ഹ ഹ രൂപയോ.....കൊള്ളാം ..ദിവാകരനും പോപ്പിയളിയനും ഒരു രാത്രി ഈ തിണ്ണേക്കെടന്നുറങ്ങുന്നതിനു പണം വാങ്ങിയാൽ പിന്നെയിവള് എത്രനാള് ഈ വീടും വെച്ചോണ്ടിരിക്കുമെന്ന് ഒന്ന് കാണണമല്ലോ..”ദിവാകരൻ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അട്ടഹസിച്ചു...

  അങ്ങനെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വീടിന്റെ തിണ്ണയിൽ കിടന്നുറക്കമായി..ബാലക്യഷ്ണക്കൈമളും  രാജപ്പനും കാലത്ത് വരാമെന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് യാത്രയായി....

  അതിരാവിലെതന്നെ രാജപ്പനും ബാലക്യഷ്ണക്കൈമളും വന്നു..ഞാനും ദിവാകരനും റെഡിയായി പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി...ഇന്നലത്തെ യാത്ര കാരണം സൈക്കീളിന്റെ എടപാട് തീർന്നിരിക്കുന്നു..അതിനാൽ ഞങ്ങൾ കാൽനടയായി ബസ്റ്റോപ്പിലെത്തി..

  അല്പസമയത്തിനകം ബസ് വന്നു.............അത്ഭുതം...!!!!!!!

  ആ ബസ് ഓടിച്ചിരുന്നത് ഒരു  മദ്ധ്യവയസ്കനായിരുന്നു...സാധാരണ യൂറോപ്പിലൊക്കെ ബസോടിക്കുന്നത് ഷ്ഷ്ഠിപൂർത്തി കഴിഞ്ഞ അമ്മൂമ്മമാരാണ്...

  ഹോ ഇനിയെന്തൊക്കെ കാണണം ഇവിടെ ..ഞാൻ മനസ്സിലോർത്തു കൊണ്ട് ബസ്സിലേക്ക് കയറി... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍...

   ( തുടരും...)  .....
  Related Posts Plugin for WordPress, Blogger...