Followers

Apr 3, 2012

അജ്ഞാതരായ ദൈവങ്ങൾ -1കടലിനെയും ആനയെയും എത്ര കണ്ടാലും മടുക്കില്ല എന്നൊരു മലയാളം ചൊല്ലുണ്ട്..അതൊന്ന് തിരുത്തി രാത്രിയിലെ ആകാശം എന്ന് പരിഷ്കരിക്കാം..എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ച്ചയാണ് നമ്മുടെ മുന്നിൽ തെളിയുന്ന പ്രപഞ്ചത്തിന്റെ ആ ചെറിയ വ്യൂ..ട്രില്യൺ കണക്കിന് നക്ഷത്രങ്ങളിൽ നിന്ന് തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കുന്ന മനുഷ്യന് നാലായിരത്തോളം എണ്ണം മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകൂ ..എണ്ണിയാലൊടുങ്ങാത്ത തിയറികൾ, വന്യമായ ഭാവനകൾ, അഞ്ജാതമായ ആ ലോകത്തെപ്പറ്റി ചിന്തിക്കുന്നത് തന്നെ ഒരു വല്ലാത്ത ലഹരിയാണ്..

നമുക്കറിയാവുന്ന , മനുഷ്യരാശിയല്ലാതെ എന്നാൽ വിവേകത്തിലും ബുദ്ധിയിലും നമ്മളേക്കാൾ ആയിരക്കണക്കിന് വർഷങ്ങൾ മുൻപിലായ ഒന്നോ അതിലേറെയോ സമൂഹങ്ങൾ..സമയ സിദ്ധാന്തങ്ങൾ അനുസരിച്ച് ഒരു പക്ഷേ അവർ നമ്മൾ തന്നെയായിരിക്കാം..ഭാവിയിൽ നിന്ന് നമ്മളെത്തേടി വരുന്ന നമ്മൾ തന്നെ!!!

പുരാതന ഗ്രന്ഥങ്ങളിലും, ചുവർ ചിത്രങ്ങളിലും പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ മണ്മറഞ്ഞു പോയ നാഗരികതയുടെ ഫോസിൽ ശേഷിപ്പുകളിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ...മനുഷ്യാതീതമായ എന്തിന്റെയോ സാന്നിധ്യം അവയിലെല്ലാം ഉണ്ടായിരുന്നു...അതായിരിക്കാം മതങ്ങൾ സൂചനകളിലൂടെ വിവക്ഷിക്കുന്ന ദൈവം എന്ന അഞ്ജാതശക്തി...പക്ഷേ ആ ദൈവങ്ങൾ ഇന്ന് എവിടെയാണ്..എന്തിനാണവർ എന്തിനാണവർ ഇത്തരം ഒരു മനുഷ്യ സമൂഹത്തെ സ്യഷ്ടിച്ചത് ?..ഉത്തരമില്ല്ലാത്ത ചോദ്യങ്ങളായി അവ അവശേഷിക്കുന്നു.

പാൻസ്പെർമിയ ( Panspermia ) എന്ന തിയറി പ്രകാരം ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ജീവനുണ്ട്...അവ ഉൽക്കകൾ, ആസ്ട്രോയിഡുകൾ, വാൽ നക്ഷത്രങ്ങൾ എന്നിവ വഴി പ്രപഞ്ചമെമ്പാടും വിതരണം ചെയ്യപ്പെടുന്നുണ്ട്.ഭൂമിയിൽ അല്ലാതെ ജീവന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്..1996ൽ മാഴ്സിൽ ( ചൊവ്വ )
നിന്നും അന്റാർട്ടിക്കയിൽ പതിച്ച ഒരു ഉൽക്കയിൽ നിന്നും ജീവന്റെ തെളിവുകൾ ശാസ്ത്രഞ്യർ കണ്ടെത്തുകയുണ്ടായി.മൂന്നരബില്യൺ വർഷങ്ങൾക്ക് മുൻപ് മാഴ്സിൽ ജീവിച്ചിരുന്ന ഒരു ബാകടീരിയയുടെ ഫോസിൽ അവർ കണ്ടെത്തി.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്ര പ്രൊഫസറായ മി.ഫ്രാങ്ക് ഡ്രേക്ക് “മിൽക്കി വേ“ എന്ന നമ്മുടെ സൌരയുഥത്തിലെ മാത്രം ഭൌമേതര ജീവസാന്നിധ്യം എത്രയുണ്ട് എന്നറിയാൻ ഒരു സമവാക്യം രൂപപ്പെടുത്തുകയുണ്ടായി.
     [ N = R * Fp * Ne * Fl * Fi * Fe *L ]
ഇതിനെ ഡ്രേക്സ് ഇക്യൂവേഷൻ ( Drakes Equation ) എന്ന് പറയപ്പെടുന്നു.

ശാസ്ത്ര ഗവേഷകരിൽ ഏറ്റവും റെലവന്റായ തെളിവുകളോടെ ഇന്ന് നിലനിൽക്കുന്ന തിയറികളിലൊന്നാണ് എൻഷ്യന്റ് ആസ്ട്രനോട്ട് തിയറി അഥവാ പുരാതന കാലത്തെ ബഹിരാകാശസഞ്ചാരികൾ.

നാട്ടുനടപ്പുപോലെ ശാസ്ത്രത്തിന്റെ എല്ലാ സംഭാവനകളെയും സ്വന്തം ഉന്നമനത്തിനായി സ്വീകരിക്കുകയും അവ തന്ന ശാസ്ത്രത്തെ നഖശിഖാന്തം എതിർക്കുകയും ചെയ്തിരുന്നത് എന്നും മതങ്ങളായിരുന്നു..അല്ലെങ്കിൽ മതങ്ങളുടെ തലതൊട്ടപ്പന്മാരായ ഉപജാപകവ്യന്ദങ്ങൾ.പക്ഷേ ഈ തിയറി പ്രകാരം ആ മതങ്ങളുടെ അടിസ്ഥാനം തന്നെ ഇതിൽ വിശദീകരിക്കുന്നുണ്ട്.

ക്രിസ്തുമതത്തിന്റെ നട്ടെല്ലായ വത്തിക്കാൻ, 2008ൽ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി.അന്യഗ്രഹജീവികൾ ഉണ്ടെന്നുള്ള വാദങ്ങളിൽ സത്യമുണ്ടെന്നും..അവയിൽ വിശ്വസിക്കുന്നത് ദൈവവിശ്വാസത്തിനു എതിരല്ല എന്നും..

മതത്തിന്റെയും യഥാസ്ഥികരുടേയും ന്യായവാദങ്ങൾക്ക് ഇനിയധികം ആയുസ്സില്ല എന്ന് കണ്ട് ബുദ്ധിമാന്മാരായ വത്തിക്കാൻ ഭരണാധികാരികൾ നടത്തിയ ഒരു മുൻകൂർ ജാമ്യമായേ അതിനെ കാണാനാകൂ..അതെന്തെങ്കിലുമാകട്ടെ...പക്ഷേ ദൈവം എന്ന സങ്കല്പത്തിന്റെ സത്യം തേടിയുള്ള യാത്ര ചെയ്യാൻ എല്ലാ മനുഷ്യനും അവകാശമുണ്ട്.

ചിന്തിക്കാൻ തുടങ്ങുന്ന മനുഷ്യർ.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങുന്നതിനും ഒരു വർഷം മുൻപ് സ്വിസ് എഴുത്തുകാരനായ എറിക് വോൺ തന്റെ ആദ്യ പുസ്തകമായ Chariots of Gods (ദൈവങ്ങളുടെ രഥങ്ങൾ ) പ്രസിദ്ധീകരിക്കുകയുണ്ടായി.മനുഷ്യരാശിയുടെ തുടക്കത്തിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഏലിയൻസ് ഭൂമിയെ സന്ദർശിച്ചിരുന്നു, ഇവിടെ സമൂഹമായി ജീവിച്ചിരുന്നു എന്നും അതിൽ വസ്തുതകൾ നിരത്തി സമർഥിക്കുകയുണ്ടായി ..വിപ്ലവകരമായ ചിന്താഗതികൾക്ക് കരുത്തുപകരാൻ ആ പുസ്തകത്തിനായി.ലോമെമ്പാടും അനേകം ഗവേഷകർ സത്യം തേടി അനേകം ഗവേഷണങ്ങൾ നടത്തുകയുണ്ടായി.

എപ്പോഴും ശാസ്ത്രം അങ്ങിനെയാണല്ലോ..ശാസ്ത്രം നമുക്ക് വച്ചുനീട്ടിയ വസ്തുനിഷ്ഠമായ തെളിവുകളല്ലേ നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ തന്നെ ആധാരം..അങ്ങിനെ മനുഷ്യനൊപ്പമോ അതിനു മുൻപോ ഒരഞ്ജാത സമൂഹം കഴിഞ്ഞിരുന്നു എങ്കിൽ അവർ ഉപേക്ഷിച്ചു പോയ തെളിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇൻഡസ് വാലി, മെസൊപൊട്ടോമിയൻ , പേർഷ്യൻ തുടങ്ങി അനേകം ആദ്യകാല മാനവിക സമൂഹങ്ങൾ ലോകമെമ്പാടുമുണ്ട്.അവയിൽ നിന്ന് ശേഖരിച്ച തെളിവുകളാണ് ഏലിയൻസിന്റെ സാന്നിദ്ധ്യത്തിലേക്ക് വിരൽചൂണ്ടുന്നത്.അതിൽ നിന്നും മനസ്സിലാക്കുന്ന വസ്തുതകൾ ഇവയാണ്.

പുരാതനമനുഷ്യർ ദൈവങ്ങളായി കണ്ട് ആരാധിച്ചിരുന്നത് മാറ്റാരെയുമല്ല.മനുഷ്യരുമായി രൂപസാദ്യശ്യമുള്ള അന്യഗ്രഹജീവികളെ തന്നെയാണ്.സിവിലൈസ്ഡ് ആയി ജീവിക്കാൻ അവർ മനുഷ്യരെ പഠിപ്പിച്ചു.അതിനു മാത്രമുള്ള സാങ്കേതികവിദ്യകൾ പകർന്നു നൽകി.പക്ഷേ അവർക്കൊപ്പം എത്താനുള്ളത് മാത്രം നൽകിയില്ല..ആപ്പിൾ തിന്ന് വിവേകമുണ്ടാക്കാൻ ശ്രമിച്ച ആഡത്തിനേയും ഈവിനെയും ഇതേ ദൈവം ശിക്ഷിച്ചതും മറ്റൊരുകാരണം കൊണ്ടാവാൻ തരമില്ല.

അപരിഷ്ക്യതനായ ദുർബലനുമേൽ അധീശത്വം നേടുക എന്ന രീതി തന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.ഉദാഹരണത്തിന് മനുഷ്യരുമായി ബന്ധമില്ലാത്തെ ഒരു ആദിവാസി സമൂഹത്തിൽ നമ്മൾ ചെല്ല്ലുകയും നമ്മളുടെ സാ‍ങ്കേതികവിദ്യകൾ മായാജാലങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാൽ അവരുടെ മുന്നിൽ നമ്മൾ ദൈവങ്ങളായി.

വസ്തുനിഷ്ഠമായ തെളിവുകളാണ് ഈ സിദ്ധാന്തത്തിന്റെ പിൻബലം..ആരായിരുന്നു മനുഷ്യനെ സ്യഷ്ടിച്ച ആ ദൈവം ?...

പുരാതനനാഗരികശേഷിപ്പുകൾ ഉള്ള ഇന്നത്തെ പെറുവിലെ നാസ്ക ( Nazca ) മരുഭൂമിയിലെ മലകൾ പരിശോധിക്കുകയാണെങ്കിൽ അവ മനുഷ്യാതീതമായി വെട്ടി സമതലങ്ങളാക്കി മാറ്റിയിരിക്കുന്നത് കാണാം..മരുഭുമിയിലാകട്ടെ, നീളമുള്ള രേഖകൾ പതിച്ചിരിക്കുന്നു...അവിടെത്തന്നെ ഭൂമിയിൽ അനേകം വിചിത്രമായ ജീവികളുടേയും എട്ടുകാലികളുടേയും പക്ഷികളുടേയും മറ്റും ചിത്രങ്ങളും കാണാം..ഇത് ദ്യശ്യമാകണമെങ്കിൽ കിലോമീറ്ററുകൾ ഉയരത്തിൽ വിമാനത്തിലിരുന്ന് ഏരിയൽ വ്യൂവിൽ നോക്കണം.അത്രയ്ക്കും വലുതാണീ ചിത്രങ്ങൾ...ഇത് ഒരിക്കലും യദ്യശ്ചികമായ പ്രക്യതിയിൽ നിന്ന് ഉണ്ടാകില്ല...ഭൂമിയിൽ ജീവിക്കുന്ന അപരിഷ്ക്യതരായ മനുഷ്യർക്ക് ഇവയുണ്ടാക്കാനുമാകില്ല..അതിന്റെ ആവശ്യവുമില്ല.


Nazca Lines, Peru
വിമാനമിറങ്ങുന്ന ആധുനിക റൺവേകളോട് അതീവ സാദ്യശ്യം പുലർത്തുന്നവയാണീ രേഖകളും മറ്റും..ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുരാതനമായ റൺവേ ഈ മരുഭൂമിയിൽ ക്യത്യമമായി നിർമ്മിച്ചിരിക്കുന്നു. ..ആരാണ് പൌരാണിക കാലത്ത് ഈ മരുഭൂമിയിലെ മലകളുടെ ഇടയിലൂടെ ഇത്തരം വഴികൾ ക്യത്യമമായി നിർമ്മിച്ചത് ?

ഒരു വാഹനം പോലുമില്ലാതിരുന്ന പുരാതനമനുഷ്യർ എന്തിന് ആകാശത്ത് നിന്ന് നോക്കിയാൽ മാത്രം കാണാവുന്ന പടുകൂറ്റൻ ചിത്രങ്ങൾ മരുഭൂമിയിൽ വരച്ചുചേർത്തു ? അതെങ്ങനെ . എന്തിന് ?.. ഇനി ഇതൊക്കെ ചെയ്തത് ഏലിയൻസിന്റെ സഹായത്തോടെയാണെങ്കിൽ തന്നെ എന്തിനവർ ആ സ്ഥലം തന്നെ തിരഞ്ഞെടുത്തു?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒളിഞ്ഞുകിടക്കുന്നത് പെറുവിന്റെ ഭൂമിശാത്രപരമായ പ്രത്യേകതകളിലാണ്.ഈ നാസ്ക മരുഭൂമിയിലാണ് ലോകത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന ധാധുക്കൾ , ലോഹങ്ങൾ എന്നിവയുടെ ശേഖരമുള്ള സ്ഥലങ്ങളിലൊന്ന്.ഈ ഭൂമിയിൽ നിന്ന് സ്പെസിമനുകൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം...റെയർ ലോഹമായ സ്വർണ്ണത്തിന്റേയും അമൂല്യ നിക്ഷേപങ്ങൾ ഇവിടെയുണ്ട്.അപ്പോൾ ഭൂമിയെപ്പറ്റി അറിയാൻ വരുന്നവർ, അല്ലെങ്കിൽ ഇവിടുത്തെ ധാധുക്കൾ ശേഖരിക്കാനായി വരുന്നവർ തീർച്ചയായും താവളമാക്കുന്നത് ഇങ്ങനെയൊരു സ്ഥലമായിരിക്കണമല്ലോ.അതിനായുള്ള ഒരു ലാൻഡ് മാർക്കായാകാം ഈ അടയാളങ്ങൾ

പെറുവിൽ തന്നെ പിന്നീട് നടത്തിയ മറ്റൊരു ആർക്കിയോളജിക്കൽ സർവേയിങ്ങിലാണ് വിചിത്രമായ ചില തലയോട്ടികൾ കണ്ടെടുത്തത്.സാധാരണ മനുഷ്യന്റെ ക്രേനിയത്തിനേക്കാൾ നീളം കൂടിയ പുരാതന ഗോത്രത്തിന്റെ തലയോട്ടികൾ.അവിടുത്തെ ഗോത്രങ്ങളിൽ നിലനിന്നിരുന്ന ഒരു പുരാതന ആചാരമായിരുന്നു ക്രേനിയത്തിന്റെ ( തലയോടിന്റെ നെറ്റി മുതലുള്ള തലച്ചോറുൾപെടുന്ന മുകൾ ഭാഗം) ചുറ്റും ചരടുകൾ ചുറ്റിക്കെട്ടി തലയോട്ടിയുടെ നീളം വർദ്ധിപ്പിക്കുക എന്നത്.. ആ ഗോത്രത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഇത് നടപ്പിലാക്കും.


Nazca Skull


ലിഖിതങ്ങൾ പ്രകാരം അവർ അവരുടെ ദൈവങ്ങളെ അനുകരിക്കുകയായിരുന്നുത്രേ.അപ്പോൾ ആരാണീ നീളം കൂടിയ തലച്ചോറൂള്ള ദൈവങ്ങൾ.പക്ഷേ ഈ ക്യത്യമമായ മാർഗ്ഗങ്ങളിലൂടെ നീളം കൂട്ടുന്ന ക്രേനിയത്തിനും ഒരു പരിധിയുണ്ടായിരുന്നു...അതിലും വലിയ അസാധാരണമായ അളവിലുള്ള തലയോടാണ് ഇവിടെ നിന്നും കണ്ടെടുത്തത്..മനുഷ്യഗുണങ്ങളുള്ള ആ അസാമാന്യ വലിപ്പമുള്ള തലയോട്ടി ആരുടേതാണെന്ന് അഞ്ജാതമാണ്.പെറുവിൽ മാത്രമല്ല, വിചിത്രമായ കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ ആദിമ സംസ്കാരങ്ങളിൽ നിന്നും സംഭവിച്ചിട്ടുണ്ട്..


മായൻ സംസ്കാരം.


Chichen Itza, Mayan Piramid Temple, Mexico
മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD500ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്.

മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽ‌പ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.

ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്..മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.

അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല...എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.

ഒരുപക്ഷേ അവർ പൂർണ്ണമായും മനുഷ്യരായിരിക്കില്ല..മനുഷ്യരോട് സാദ്യശ്യമുള്ള അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏതാനും ഏലിയൻസ് നിയന്ത്രിക്കുന്ന അതീവബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യർ....

മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല...ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.

മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ
“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള
ഒരു ജ്യാമതീയ രൂപം കിട്ടും.ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്...തീർന്നില്ല...ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി...

ടിക്കാൽ ക്ഷേത്രവും സമാനമായ നക്ഷത്രസമൂഹവും
പ്രപഞ്ചത്തിൽ രണ്ട് സ്ഥലങ്ങളിൽ ഒരേ പോലത്തെ രൂപങ്ങളുള്ള രണ്ട് നിർമ്മിതികൾ അവ മാത്യകയാക്കിയിരിക്കുന്നത് ഭൂമിക്കു പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന, അതിശക്തമായ റേഡിയോ ടെലിസ്ക്കോപ്പുകൾ കൊണ്ട് മാത്രം ദ്യശ്യമാകുന്ന ഒരഞ്ജാത നക്ഷത്രസമൂഹത്തെയും..ഒരേ പോലെയുള്ള മൂന്ന് ലേഔട്ടുകൾ യാദ്യശ്ചികമാകാൻ തരമില്ലല്ലോ..


മാഴ്സിലെ ഈക്വലന്റ് നിർമ്മിതി.
മായൻ വിശ്വാസങ്ങൾ അനുസരിച്ച് ഇതിനു മുൻപ് ഈ ഭൂമി നാല് തവണ നാല് കാരണങ്ങളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്..കൊടുങ്കാറ്റുകൾ ( വായു ) , അഗ്നി കൊണ്ട് , ഭൂമികൊണ്ട്
( പ്ലേറ്റോണീക് ഷിഫ്ട് ), ജലം ( പ്രളയം ).ഇനിയും ഈ ചക്രം ആവർത്തിക്കും എന്നുമവർ വിശ്വസിച്ചിരുന്നു.

എല്ലാം നശിച്ച് ഭൂമിയുടെ അന്തരീക്ഷം വാതകങ്ങളാൽ സൂര്യനുമുന്നിൽ മറയപ്പെടുമ്പോൾ ആർട്ടിക്-അന്റാർട്ടിക്ക് മഞ്ഞുപാളികൾ വികസിക്കാൻ തുടങ്ങും അങ്ങിനെ ഭൂമി മുഴുവൻ മഞ്ഞിനാൽ മൂടപ്പെടും..ഈ ഭൂമി പല ഐസ് ഏജുകളിലൂടെ കടന്നുവന്നു എന്ന് ആധുനികശാസ്ത്രവും സമ്മതിക്കുന്നുണ്ടിന്ന്...ആധുനികശാസ്ത്രപ്രകാരം ഒരുലക്ഷം വർഷം മുൻപായിരുന്നു ഭൌമചരിത്രത്തിലെ അവസാനത്തെ ഐസ് ഏജ് ആരംഭിച്ചത്..ഏതാണ്ട് ഇരുപതിനായിരം കൊല്ല്ലങ്ങൾക്ക് മുൻപ് അതവസാനിച്ചു..

( തുടരും ..)അടുത്തലക്കം:


ഈജിപ്ഷ്യൻ സംസ്കാരം


പുരാതന യന്ത്രങ്ങൾ.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....
Related Posts Plugin for WordPress, Blogger...