Followers

Sep 27, 2010

മലയാളംബ്ലോഗും കൈരളിയുടെ നവോഥാനവും

പ്രിയേ...

മലയാളം ബ്ലോഗുകൾ അഥവാ ബൂലോകം നമ്മുടെ നാടായ കൈരളിയ്ക്ക് സംഭാവന ചെയ്ത കാര്യങ്ങൾ വളരെ വലുതാണ്.അനുദിനം മരിച്ചുകൊണ്ടിക്കുന്ന മലയാള സാഹിത്യത്തെ രക്ഷിക്കാനായി ബ്ലോഗിലെ ചില പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയും അവരുടെ വീക്ഷണകോണുകളുമാണിവിടെയുള്ളത്..


കുറുമാൻ:
കുറു : കോന്നിലം പാടത്തെ പ്രേതത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാനും എന്റെ കൂട്ടുകാരും കൂടി അന്ന് ഷാപ്പിൽ വച്ച്.....
ജേൺ
  : അയ്യോ  ചേട്ടാ , ആ കഥയല്ല...കേരളത്തിന്റെ നവോഥാനത്തിൽ മലയാളം ബ്ലോഗിന്റെ പങ്കിനേപ്പറ്റി ചേട്ടൻ പറയുന്നത് കേൾക്കാനാണ് ഞാൻ വന്നത്..ബ്ലോഗിലെഴുതാനാ..........നവോഥാനം...നവോഥാനം....മനസ്സിലായില്ലേ..?

കുറു    : എന്നാപ്പിന്നെ മ്രിതോഥാനമായാലോ.. ഉഗ്രനാണ്..എന്റെ ലാസ്റ്റ് ഹിറ്റ്.. ?

ജേൺ : ഞാൻ എണ്ണീറ്റു പോണോ..?

കുറു :   ആട്ടെ..എഴുതിയെടുത്തോളൂ...ഫ്രാൻസ്-സ്വിസ് ബോർഡറിലുള്ള റൈൻ നദിയിലെ ഇരുകരകളും ബന്ധിപ്പിച്ച് ഒരു  പാലം പണിയുന്നത് മലയാളം ബ്ലോഗിന്റെ നവോഥാനത്തേ വളരെയേറേ സഹായിക്കും.മാത്രമല്ല കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് പോകുന്ന ആരും അണ്ടിപ്പരിപ്പ് കവറിലാക്കി ഒരിയ്ക്കലും കൈയ്യിൽ വയ്ക്കരുത്..അത് പൂർണ്ണമായും നിരോധിക്കാനുള്ള ഒരു നിയമം കേരളത്തിൽ വരണം..മാത്രമല്ല ഫിൻലന്റിലേയ്ക്ക് ചിലവു കുറഞ്ഞ വല്ല കെട്ടുവള്ളമോ ഒക്കെ ഏർപ്പാടാക്കിയാൽ വളരെ നന്നായിരിയ്ക്കും...

ജേൺ : നന്ദി ചേട്ടാ..ഞാനിന്നു തന്നെ പോസ്റ്റിയേക്കാം...

കുറു : അയ്യോ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..കുടിക്കാനെന്താ എടുക്കേണ്ടത്..? അല്പം ഭാംഗായാലോ..കലക്കി വച്ചിട്ടുണ്ട് ...ഒരു ഗ്ലാസെടുക്കട്ടെ ?

(കസേരയും തട്ടിമറിച്ചിട്ട് ജേണലിസ്റ്റ് പുറത്തേയ്ക്ക് ഓടുന്നു..)


ചിത്രകാരൻ:

കികി കി കി കി .. കി....കി (ബല്ലടിക്കുന്നു.)..ഡോറ് തുറക്കുന്നു..

ജേൺ : നമസ്കാരം ചിത്രേട്ടാ..ഞാൻ ഇന്നലെ വിളിച്ച ബ്ലോഗർ..?

ചിത്ര : വരു..വരു ഞാൻ കാത്തിരിയ്ക്കുകയായിരുന്നു...ഇരിയ്ക്കൂ...

ജേൺ : അപ്പോ ചേട്ടാ ..മാറ്റർ കിട്ടിയാരുന്നെങ്കിൽ ഇന്നത്തെ പോസ്റ്റിൽത്തന്നെ പോസ്റ്റാമായിരുന്നു..

ചിത്ര : ഓകെ... അപ്പോൾ നമുക്കു തുടങ്ങാം ..അതിനു മുൻപൊന്നു ചോദിക്കട്ടേ..താങ്കൾ ഒരു സവർണ്ണനാണോ..?


ജേൺ (കൈകൾ തിരിച്ചും മറിച്ചും നോക്കിയിട്ട് ) : അതെ .... സാമാന്യം നല്ല വെളുപ്പാണ്...ഈയിടെ വെയിലു കൊണ്ട് അല്പം വർണ്ണം പോയെങ്കിലേ ഉള്ളൂ..പത്രപ്രവർത്തനമല്ലേ ചേട്ടാ...


ചിത്ര  : ആ ദാ പിടിച്ചോ..മൊത്തം പോസ്റ്റിയേക്കണം... കേട്ടോ...
സാമ്പ്രദായികബ്ലോഗ് സംസ്കാരം കേരളത്തിൽ വേരോടാൻ തുടങ്ങിയിട്ട്    കാലമേറെയായി..എന്നാൽ ചില സന്നിഗ്ദ്ധഖട്ടങ്ങളിൽ അവയുടെ ഉപമകൾ ജീവിതഗന്ധിയായ അസർപ്പകകഥകളോട് ഏറെ സമവായം പാലിക്കുന്നു..
 സ്വത്വം ഇല്ലെന്നല്ല..പക്ഷേ സ്വത്വാധിഷ്ഠിധമായ നിലപാടുകൾ ബ്രാഹ്മണരുടെ കാലികമായ പ്രസക്തിയിൽ അധിനിവേശ രാഷ്ട്രീയം സവർണ്ണീകരിക്കുന്നു...അപ്പോൾ അവർണ്ണർക്ക് സോപാധിക രീതിയിലുള്ള ബൌദ്ധികത കൈവരുന്നെന്നുള്ള സാപ്രിയകരമായ സത്യം നായന്മാരുക്കും ഗുണകരമാണല്ലോ..എന്നുമാത്രമല്ല ജാതീയത കമ്പോളസംസ്കാരത്തിലും ഏറെ പ്രകടമാണെന്നെനിക്കു മനസ്സിലായി..ഇന്നലെ ചന്തയിൽ പോയി ഒരു ജാതിത്തൈയ്യുടെ വില ചോദിച്ചപ്പോൾ ഞാൻ ഞെട്ടി...രണ്ടെണ്ണത്തിനു രൂപാ ഇരുപത്തിയാറ്..ഇതൊരു ജനാധിപത്യ ശൂദ്രരാഷ്ട്രമാണെങ്കിലും അടിമത്തം ഉപരിവിപ്ലമാണ്..അല്ലേ... ?

(തലകറങ്ങിയ  ജേണലിസ്റ്റ് ഒന്നും മിണ്ടാതെ പതുക്കെ നടന്ന് വാതിൽ തുറന്ന്  പുറത്തേയ്ക്ക് പോയി..അടുത്ത പെട്ടിക്കടയിൽ നിന്നും ഉപ്പിട്ട് ഒരു സോഡാ വാങ്ങിക്കുടിക്കുന്നു.)

വിശാലമനസ്കൻ :

ടിംങ്ങ്...ടോങ്ങ് ( ജേണലിസ്റ്റ് ഫ്ലാറ്റിന്റെ ഡോർബെല്ലടിക്കുന്നു...)

കതക് അല്പം തുറന്ന് സേഫ്ടി ചെയിനിൽ നിർത്തി..തലയിൽ ഒരു ചുവന്ന തോർത്തിട്ട ഒരാൾ ഒരു കണ്ണു മാത്രം പുറത്തേക്കിട്ട് ഭയത്തോടെ ചോദിച്ചു  :

.ആരാ......?...മൊതലാളി  ഇങ്കെയ്യില്ല...അടുത്ത ശനിയാഴ്ചയേ വരൂ..?..

ജേൺ : വിശാലേട്ടാ... ഞാൻ നേരത്തേ വിളിച്ച ജേണലിസ്റ്റാ...പേര്....

വിശ : ആഹ് നീയാർന്നോടാ ഗഡീ...ഞാൻ കരുതി വല്ല പിരിവുകാരുമായിരിക്കുമെന്ന്....കേറിപ്പോര്.

ജേൺ : ഗൾഫിൽ പിരിവുകാരോ..?

വിശ  :  അതെ മിക്കവാറും എല്ലാ വെള്ളിയാഴ്ചയും ബ്ലോഗ് മീറ്റുണ്ട്..പിരിവു കൊടുത്തു മുടിഞ്ഞു...നീയിരി..

ജേൺ : അതൊക്കെപ്പോട്ടെ ചേട്ടാ ..ബ്ലോഗിന്റെ നവോഥാനത്തേപ്പറ്റി എന്തെങ്കിലും പറഞ്ഞാരുന്നേ ഒന്ന് പോസ്റ്റാമായിരുന്നു...

വിശ : നീ വല്ല മാപ്ലാരോടും പോയി ചോദിക്കെടാ ചെറ്ക്കാ....

ജേൺ : ഓ ..ഈ ചേട്ടന്റെ ഒരു ജാഡ..ഒന്നു പറ ..

വിശ : പൊതുവേ മലയാളം ബ്ലോഗുകൾ എരമ്പീട്ടുണ്ടെങ്കിലും ചുള്ളന്മാരായ ബ്ലോഗേഴ്സ് എനിക്കു ശേഷം കൊടകരേലോ ചാലക്കുടിയിലോ ഉണ്ടായിട്ടില്ലിഷ്ടാ..ദങ്ങനാ  ക്ലാസ് ഐറ്റങ്ങ്ളു  സ്കൂട്ടാൻ മ്മളേ കഴിഞ്ഞിട്ട്ല്ലേ വേറ്യാള്ളുള്ളൂ...എന്തൂട്ട്..?...പിന്നെ നമ്മടെ മാത്തേട്ടന്റെ ക്ടാങ്ങള്  തടിയന്മാർ രണ്ടുപേരിപ്പോ ഫ്രീസോണിലുണ്ട്...ഇന്നലെ ഏഴാം ഗേറ്റിലിട്ട് മ്മളെ ഒന്ന് താങ്ങി..പിന്നൊരു  ഒരു വെരട്ടും..ഇനി അപ്പനെപ്പറ്റി എഴുത്യാ കൊന്നു കളയാത്രേ......എനിക്കങ്ങനെ പേടിയില്യാ... എന്നാലും ഞങ്ങ കൊടകരക്കാരു തമ്മിൽ ഒരൊടക്കു വേണ്ടന്നു കരുതി..

( ഒരു അടിക്കുള്ള സാധ്യത തെളിഞ്ഞുകണ്ടതിനാൽ നെസ്കോഫി സ്നേഹപൂർവം നിരസിച്ച് ജേണലിസ്റ്റ് അവിടുന്നു സ്കൂട്ടാകുന്നു...)


നിരക്ഷരൻ :             

അബുദബിയിലെ ഒരു ഓൺഷോർ റിഗ്ഗ്...കയ്യിലിരിക്കുന്ന  ഒരു വലിയ പിക്കാസു കൊണ്ട് ഒരാൾ തറകുഴിക്കുന്നു...കുഴിയിൽ നിന്നും ഒരു മഗ്ഗിൽ ക്രൂഡോയിൽ എടുത്ത് തൊട്ടടുത്ത ബക്കറ്റിലേക്ക് നിറയ്ക്കുന്നു...
ബക്കറ്റുമായി തൊഴിലാളികൾ ടാങ്കറിലേയ്ക്ക് പോകുന്നു...

തൊട്ടടുത്തായി ഒരാൾ നിന്ന് ബക്കറ്റിന്റെ എണ്ണം എടുക്കുന്നു..ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ....രണ്ടേ രണ്ടേ രണ്ടേ രണ്ടേ...മൂന്നേ മൂന്നേ മൂന്നേ മൂന്നേ ......

എനിക്കാളെ മനസ്സിലായി എണ്ണപ്പാടത്തെ ലോഗിംഗ് എഞ്ചിനീയർ  ..കാര്യങ്ങൾ ലോഗ് ചെയ്യുന്നതു കണ്ടില്ലേ....

ജേൺ : ചേട്ടാ ..പൂയ്..

നിര :  ദാ വരുന്നു...( മൊത്തം 56 ബക്കറ്റ് ക്രൂഡോയിൽ ഇന്ന് കയറ്റിവിട്ടു..എന്ന് ഇരട്ടവരയൻ നോട്ടുബുക്കിൽ ലോഗ് ചെയ്തതിനു ശേഷം നിരക്ഷരൻ കൈതുടച്ച് ജേണലിസ്റ്റിന്റെ അടൂത്തേക്കു വന്നു..)


ജേൺ : നമസ്കാരം ചേട്ടാ...ഒന്നു നവോഥാനിക്കാൻ വന്നതാ...


നിര : നല്ല കാര്യം തന്നെ..എനിക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ കഴിയും...ഹുയാൻസാങ്ങിനും കൊളംബസിനും മഗല്ലനും   ശേഷം ലോകം കണ്ട മഹാനായ സഞ്ചാരിയല്ലേ ഞാൻ...


ജേൺ : കൈരളിയുടെ ഭാഷയിൽ വിപ്ലവപരമായ മാറ്റങ്ങൾ കൊണ്ടുവന്നത് മലയാളം ബ്ലോഗുകളല്ലേ...ഇത്രയേറെ സാഹിത്യകാരന്മാരെ  മിഡിലീസ്റ്റിലും മറ്റും ചങ്ങലയ്ക്കിട്ടിരുന്ന വിവരം മലയാള സാഹിത്യം ഇപ്പോഴല്ലേ അറിയുന്നത്...


നിര : തന്നെ തന്നെ..ഞാൻ നോർവേയിലെ ഒരു കോഫീഷോപ്പിലിരുന്നു  ഡോനട്ടും സാമ്പാറും തിന്നോണ്ടിരിക്കുമ്പോഴാണ് ചായകടയിലെ ടിവിയിൽ ജോർജ്ജേട്ടന്റെ
‘ സഞ്ചാരം ” കണ്ടത്....എന്താ ഐറ്റം..?...

.അപ്പോൾത്തന്നെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു...പോടാ.. പോ .. .പോയി യാത്രകൾ വിവരിക്കു...വിവരിക്കു ..എന്ന്..

ഉടൻ തന്നെ  ലോഗിംഗ് ബുക്കിന്റെ മറുപുറത്ത് എന്റെ അദ്യത്തെ സ്വിസ് ട്രിപ്പ് എഴുതിത്തീർത്തു..അപ്പോഴാണ് സർഗ്ഗവേദന തീർന്നത്...മനസ്സ് ശാന്തമായി..

അടൂത്ത വർഷമാണ് സ്വിസ്റ്റർലന്റിൽ പോയത്...ഞാനെഴുതിയതുമായി വല്യ വ്യത്യാസം ഒന്നും അവിടെ കണ്ടില്ല ..നേരേ കൊണ്ടങ്ങു പോസ്റ്റി...എന്തുമ്മാത്രം ഹിറ്റുകിട്ടി..പിന്നെ ചറപറാ യാത്രകളല്ലായിരുന്നോ..ഇനിയും തീരാത്ത പ്രവാസം..പിന്നെ പുതിയ യാത്രാ സൈറ്റൊക്കെ കണ്ടല്ലോ...ഇപ്പോ എല്ലാവർക്കും ഇതു തന്യാ പണി..

ശരി എന്നാ..

( ജേണലിസ്റ്റ് എഴുതിയെടുത്ത കുറിപ്പുമായി യാത്ര പറഞ്ഞിറങ്ങി.എഞ്ചിനീയർ നോട്ട്ബുക്കുമായി എണ്ണപ്പാടത്തേക്കും പോയി ... )  കേരളം, പാലായിലെ ഒരു പതിനാറുകെട്ട് തറവാട്...മതിലിൽ സ്വർണ്ണം പൂശിയ  നെയിം പ്ലേറ്റ് തൂങ്ങുന്നു...
കേരളാ പുലി “...

...മുറ്റത്ത് നിരന്നു കിടക്കുന്ന ബെന്റ്ലിയും റോൾസ് റോയ്സും ബുഗാട്ടിയുമൊക്കെ...

മറ്റൊരു ഭാഗത്ത് ഏതാനും റോട്ട് വീലറുകളും ജർമ്മൻഷെപ്പേഡ്സും അത്സേഷ്യന്മാരും നിന്ന് ചിക്കൻബിരിയാണി തിന്നുന്നു....


ഒരല്പം ഭയത്തോടെ ജേണലിസ്റ്റ് ഗേറ്റുതുറന്ന്  അകത്തേയ്ക്കു കയറി..ആ നില്ല് നില്ല്..ഗേറ്റിലെ ബോർഡ് കണ്ടില്ലേ.

പൂമുഖത്തുനിന്ന് ഒരു സർദാർജി സെക്യൂരിറ്റി വിളിച്ചു പറഞ്ഞു  ..

..അപ്പോഴാണ് ജേണലിസ്റ്റ് ബോർഡ് ശ്രദ്ധിച്ചത് “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല “....

“ അതിന് ഞാൻ ബ്ലോഗറല്ല ..ജേണലിസ്റ്റാ ..“

ങാ..എന്നാ കേറിപ്പോരേ.....( അകത്തുനിന്നും ഒരു ഖനഗംഭീരമായ ശബ്ദം .)


ജേണലിസ്റ്റ് മുന്നോട്ട് നടക്കുന്നു..അപ്പോൾ അകത്തുനിന്നും.

“ഹോ ഗേറ്റ് തൊറന്നുമലത്തിയിട്ടേച്ച് വരുന്നു..അടച്ചിടെടാ “

ജേണലിസ്റ്റ് തിരിഞ്ഞോടി ഗേറ്റടച്ച് കുറ്റിയിടുന്നു..

അപ്പോൾ വീണ്ടും ശബ്ദം : “ അപ്പോഴേയ്ക്കും അടച്ചു കുറ്റിയിട്ടോ..ഇനി പോകാൻ ഉദ്ദേശമില്ലേ..പോയി തുറന്നിടെടാ...“

ജേണലിസ്റ്റ് ഗേറ്റ് വീണ്ടും തുറന്നിടുന്നു.എന്നിട്ട് പൂമുഖത്തേയ്ക്ക് കയറുന്നു..അപ്പോൾ അകത്തു നിന്നും നാലു തടിയന്മാർ ഇറങ്ങി വരുന്നു...അതിലൊരാൾ പറഞ്ഞു....

ഇരിയ്ക്കു... ആയിരാൻ മൊതലാളി ഇപ്പോ വരും...കുടിക്കാൻ സ്വർണ്ണം അരച്ചുകലക്കിയ ഒരു ഗ്ലാസ് ഒട്ടക പാലെടുക്കട്ടേ..?..

വേണ്ട ..താങ്ക്സ്..ജേണലിസ്റ്റ് പറഞ്ഞു....അല്ല മാഷേ , ഇന്നലെ വരെ അതിയാൻ അഞ്ഞൂറാൻ മൊതലാളി അല്ലായിരുന്നോ...പിന്നിപ്പോഴെന്താ പേരു മാറ്റിയത്...?..

അതേ.. രണ്ടു ദിവസം മുൻപ് അദ്ദേഹം ആയിരം പോസ്റ്റ് തികച്ചു..ഇപ്പോൾ നാട്ടുകാരെല്ലാം ആയിരാൻ മൊതലാളീന്നാ വിളിക്കുന്നേ....

ഓ ഐ സീ...അപ്പോഴേയ്ക്കും മൊതലാളിയെത്തി..ശിങ്കിടികൾ ബഹുമാനപുരസരം വഴിമാറിക്കൊടുത്തു...

മൊ : “ഉം ..ന്താ കാര്യം..?

ജേൺ :  മലയാളം ബ്ലോഗുകൊണ്ട് കൈരളിയുടെ സാഹിത്യ നവോഥാനം ...ഒരു പോസ്റ്റ് വേണമായിരുന്നു..

മൊ  :    ഹ ഹ ഹ ഹ ...നിന്നെയെനിക്കു മനസ്സിലാകില്ല എന്നു കരുതിയോ...എന്റെ ബ്ലോഗിന്റെ തണലിൽ പൊട്ടിവിരിഞ്ഞ നീ ഒറ്റ രാത്രികൊണ്ട് മൂവായിരത്തോളം വായനക്കാരെ നേടി എനിക്കെതിരേ കളിക്കുകയാണല്ലേ....നീന്നെയിവിടെ ചാത്തന്മാർ കൊണ്ടുവരും എന്നെനിക്കറിയാമായിരുന്നു....

ജേൺ :   അയ്യോ, മൊതലാളിയെന്നെ തെറ്റിദ്ധരിച്ചു..ഞാൻ  ഒരു പാവമാണ്..ഞാനെത്ര വലുതായാലും മൊതലാളിയുടെ ബ്ലോഗിന് എന്തു പറ്റാനാ...വർഷങ്ങളൂടെ വിശ്വസ്ഥസ്ഥാപനമല്ലേ..അങ്ങയുടെ ബ്ലോഗ്....

മൊ ( ദേഷ്യത്തോടെ)  : നീ നീ...പരസ്യമിട്ടില്ലേ...?

ജേൺ : അതു പിന്നെ കാശു മൊടക്കി ആഡ്സെൻസിൽ പരസ്യമിടാൻ മൊതലാളിയേപ്പോലെ എനിക്കു കഴിവുണ്ടോ..?.

ഞാനൊരു നാട്ടുമ്പൊറത്തുകാരനല്ലേ...ഞങ്ങളൂടെ നാട്ടിലൊക്കെ ചെറിയ ചെറിയ  സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ മനോരമയുടെ പത്രക്കെട്ടിനൊപ്പം നോട്ടീസ് വിതരണം നടത്താറുണ്ട്...അതു കൊണ്ട് മനോരമയ്ക്ക് എന്തെങ്കിലും കുഴപ്പം ഇതുവരെ പറ്റിയിട്ടുണ്ടോ...?...മറിച്ച് പാവങ്ങൾ സ്ഥാപനം തുടങ്ങിയ വിവരം നാലാൾ അറിയുകയും ചെയ്യും..

കാശ് തന്ന് മൊതലാളിക്ക് പരസ്യം നൽകാൻ എനിക്ക് മടിയുണ്ടായിട്ടല്ല...പതിനായിരം രൂപയ്ക്ക് ഒരു പെട്ടിക്കട തുടങ്ങിയാൽ പതിനയ്യായിരത്തിന്റെ പരസ്യം കൊടുക്കാൻ സാധിക്കുമോ..?...പാവങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണ്ടേ മൊതലാളീ.. കഴിഞ്ഞാഴ്ച     ബി.ബി.സിക്ക്  മുതലാളി  കൊടുത്ത   ഇന്റർവ്യൂ   കണ്ട്  ഞാൻ  കരഞ്ഞില്ലെന്നേയുള്ളൂ...ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് മൊതലാളി പഠികുന്നത് മെഗാസ്റ്റാറന്മാരെ കണ്ടിട്ടാണോ....

( പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് ജേണലിസ്റ്റ് മൂക്കള പിഴിയുന്നു..എന്നിട്ട് തുടരുന്നു... )

പണ്ട്  സിക്സ്തും പാസായി പാലായിൽ നിന്നും ബംബെയ്ക്ക് വണ്ടി കയറുമ്പോൾ മൊതലാളിയും ഒരു പുതുമുഖമായിരുന്നെന്നോർക്കണം...
 “ ഗായത്രിയിൽ “ അഭിനയിക്കുമ്പോൾ എംജി സോമേട്ടനും ഒരു പുതുമുഖമായിരുന്നല്ലോ..

അതുപോലെ അന്ന് മൊതലാളി നിന്ന അതേ സ്ഥാനത്താണ് ഞാനിപ്പോ നിൽക്കുന്നതെന്ന് മാത്രം ഓർത്താൽ എന്നെ നിരോധിക്കാൻ കഴിയില്ല ....മൊതലാളീ കഴിയില്ല.....

പെട്ടെന്നായിരുന്നു ....“ എന്റെ ഗോപാലക്രിഷ്ണാ ..“  എന്നു വിളിച്ചുകൊണ്ട് മുതലാളി ജേണലിസ്റ്റിനെ കെട്ടിപ്പിടിച്ച് കരയുന്നു...എന്നോട് ക്ഷമിക്കൂ

....അല്പനേരം കരഞ്ഞതിനു ശേഷം തിരിഞ്ഞു നിന്ന് ഗുണ്ടകളോടായി :

“ ഡാ എൽദോ ...അനിയന്റെ കാലെന്നു പറഞ്ഞാൽ ഇനിയെന്റെ കാലാണ്..ആരെങ്കിലും ഇവന്റെ കാലു തല്ലിയൊടിക്കാൻ ശ്രമിച്ചാലൊണ്ടല്ലോ...ങാ..”

എന്നിട്ട് ജേണലിസ്റ്റിനോട് : “ ടാ ജേണേ , വിശാലഹ്രിദയനായ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു“....

അപ്പോഴേയ്ക്കും ഒരു ഇളം മജന്തക്കളറിലുള്ള  ലാൻഡ്ക്രൂസറിലും ബൈക്കുകളിലുമായി മറ്റു പ്രമുഖ കേരളാ എഴുത്തുകാരും ബ്ലോഗ് പുലികളും ഗേറ്റിനു പുറത്തെത്തി കേറണോ എന്ന് സംശയിച്ചു നിന്നു....

അതു കണ്ട മൊതലാളി ഓടിച്ചെന്ന്  “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല“ എന്ന ബോർഡ് വലിച്ചിളക്കി നിലത്തേക്കിടുന്നു....

എന്നിട്ട് എല്ലാവരോടുമായി വിളിച്ചു പറഞ്ഞു: കേറിവാടാ മക്കളേ , വാ......

ഇത് കണ്ട് എല്ലാവരും കൂടി അതീവ  സന്തോഷത്തോടെ  ചിരിച്ചുകൊണ്ട് തറവാട്ടിലേയ്ക്ക് കേറി പോകുന്നു....                                                                       A Film 
                                                                            By
                                                                   Pony Boy........

.
Related Posts Plugin for WordPress, Blogger...