Followers

Sep 13, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ - 4 (അവസാനിക്കുന്നു..)

ഞങ്ങൾ ചെല്ലുമ്പോഴേക്കും വിമാനക്കടയിലെ ജോലിക്കാർ അക്ഷമരായി കാത്തു നിൽക്കുകയായിരുന്നു...സ്റ്റോക്കിൽ നിന്ന് അല്പം മുന്തിയ ഇനം ചേസിസ് നോക്കിത്തന്നെ ഞാൻ വാങ്ങി..നാട്ടിൽ ചെന്നിട്ട് കുമാരേട്ടന്റെ ലെയ്ത്തിൽ കൊടുത്ത് ബോഡി വെൽഡ് ചെയ്ത് പിടിപ്പിക്കാമെന്നു ധാരണയായി...
ആ രാത്രി തന്നെ വാങ്ങിയ ജെറ്റുകളൂമായി ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങി...ഒരു പ്ലെയിൻ ഞാനോടിക്കാമെന്നും ഏറ്റു.. മറ്റുള്ളവ ഓടിക്കാനുള്ള ലോങ്ങ് റൂട്ട് പൈലറ്റുമാരെ അവർ ഏർപ്പാടാക്കുകയും ചെയ്തു...ഭാഗവതതിന്റെ അത്രയും ഉള്ള ഒരു യൂസേഴ്സ് മാന്വൽ കുളിനോസ്കി എന്റെ കൈയ്യിലേക്ക് എടുത്തു തന്നു....എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിൽ നോക്കി ഓടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു...

ആ പുസ്തകം വായിച്ചുപഠിക്കാനുള്ള ആമ്പിയർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ല മയിസ്രേട്ട്പണിക്കും പോകുമായിരുന്നല്ലോ എന്ന് ഞാനോർത്തു...
വിമാനത്തിന്റെ സീറ്റിലേക്ക് കയറുന്നതിനു മുൻപേ കുളിനോസ്കി എന്റെ കൈയ്യിലേക്ക് ഒരു ചെറിയ കാർട്ടൂൺ നിറയെ റഷ്യൻ ഉപ്പേരികളും മോസ്കോ അരിയുണ്ടകളും സെന്റ്പീറ്റേഴ്സ്ബർഗിൽ നിന്നും ബ്ലാക്കിൽ വാങ്ങിയ ഒരു കുപ്പി സക്ഷാൽ മിലിട്ടറി സ്മിർനോഫും തന്നു..അദ്ദേഹത്തിന്റെ കുമ്മണാഞ്ചേരിയിലുള്ള അമ്മുമ്മയ്ക്ക് കൊടുക്കാനാണത്രേ....മലയാളീകൾ എവിടെയായാലും മലയാളികൾ തന്നെ...ഞാൻ വിചാരിച്ചു...അങ്ങനെ കെട്ടും കെട്ടി ഞാൻ വിമാനത്തിൽ കയറി...ഭ്രമരത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് ഞാൻ വിമാനം സ്റ്റാർട്ടാക്കി ഒന്ന് റെയ്സ് ചെയ്തു...പതുക്കെ ആ ജെറ്റ് ആകാശത്തേയ്ക്ക് പൊങ്ങിത്തുടങ്ങി..ആദ്യമായിട്ടാണ് ഒരു വിമാനം ഓടിക്കുന്നതെങ്കിലും മൈക്രൊസൊഫ്ട് ഫ്ലൈറ്റ്സിമുലേറ്റർ കളിച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടായിരുന്നതു കൊണ്ട് അധികം ബുദ്ധിമുട്ട് തോന്നിയില്ല...ജിപീസ് ഓണാക്കി കൊച്ചി സെറ്റ് ചെയ്തു...ടോപ്പ് ഗിയറിലാക്കി വിമാനം പറന്നു.....സീറ്റ് ചരിച്ച് പുറകിലേക്കാക്കി ഡാഷ്ബോഡിലിരുന്ന “മഞ്ചാടീ “ എടുത്തു മുഖത്തേക്ക് കമഴ്ത്തി ഞാനൊന്നു മയങ്ങി.....

......................

സമയം 12:30PM
സ്ഥലം കൊച്ചിൻ എയർപോർട്ട്

ഒരു വൻജനാവലി തന്നെ ഞങ്ങളെക്കാത്ത് എയർപോർട്ടിന്റെ പരിസരത്തുണ്ടായിരുന്നു...വിമാനങ്ങൾ ശ്രദ്ധാപൂർവം പാർക്ക് ചെയ്തിട്ട് ഞാൻ പുറത്തേയ്ക്കു നടന്നു..

എനിക്കിനിയും എഴുതാൻ കഴിയുന്നില്ല..എഴുത്തിനൊരു ഗുമ്മ് കിട്ടുന്നില്ല...ബോറാകുന്നു....ആളുകേറാതെ മാറാലപിടിച്ച ഒരു പ്രേതബ്ലോഗാകുമോ ഇതും..ഒരു പക്ഷേ മനസ്സുമാറുമ്പോൾ എഴുതാൻ കഴിയുമായിരിക്കും....ഇപ്പോൾ കവിതയാണ് വരുന്നത്.. പിന്നെ വെള്ളമടിക്കാനുള്ള ഒരു വല്ലാത്ത ടെൻഡൻസിയും.... ഇപ്പോൽ കൂട്ടത്തിൽ കണ്ട ഒരു കവിത...ഇത്തരം കവിതകളോടുള്ള അവ
ജീവിതത്തിലാദ്യമായി മനസ്സുകൊണ്ട് ഒന്നു കരയാൻ തോന്നുന്നു...അവൾ ഒന്നു വിളിച്ചെങ്കിൽ....?


..


ഒരു നാലാംകിട നഷ്ടബോധത്തേകാൾ എനിക്ക് ചേരുന്നത് അച്ചായന്റെ തൂലികയിൽ വിരിഞ്ഞ ചാർളിയുടെ പ്രണയനൈരാശ്യമാണ്...


കണ്ണീരോടെ, വെറും ചാര്‍ളി


.......................................................................................................................................................................

എന്റെ സംഗീതയ്‍ക്ക്,മരിച്ചിട്ടില്ല. മരിക്കണമെന്നാഗ്രാഹിച്ചു. ഒന്നും സംഭവിച്ചില്ല. കത്തുന്ന നെഞ്ചുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവസാനം കണ്ടപ്പോഴും ഞാന്‍ നിന്നോടു പറഞ്ഞു-നീ ജസ്‍റ്റിന് നന്നായി ചേരും,ജസ്റ്റിന്‍ വളരെ നല്ലവനാണ് എന്നൊക്കെ. ഇപ്പോഴും അതു തന്നെ ഞാന്‍ പറയുന്നു. അത് ജസ്റ്റിന്‍ നല്ലവനായതുകൊണ്ടല്ല. ജസ്റ്റിന്‍ നിന്റെ ഭര്‍ത്താവും ‍ഞാന്‍ നിന്റെ പൂര്‍വകാമുകനായതിനാല്‍ എനിക്ക് മറ്റൊന്നും പറയാന്‍ അവകാശമില്ല.

ജസ്റ്റിനെ നീ തിരഞ്ഞെടുത്തതാണ്, എനിക്കതില്‍ പരാതിയില്ല. എനിക്ക് നിന്നെ തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ലല്ലോ. ഞാന്‍ നിന്റെ കഴുത്തില്‍ താലി കെട്ടുമായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. എങ്കിലും നീ മറ്റൊരുത്തന്റെ ആവാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിരുന്നു. സംഗീതേ, എല്ലാം കഴിഞ്ഞു. നിനക്കു കുട്ടികളുമായി.

എങ്കിലും ചോദിക്കട്ടെ, നിനക്ക് വേറെ കല്യാണം കഴിക്കാതിരുന്നു കൂടായിരുന്നോ.

നീയില്ലാതെ ഞാന്‍ സന്തോഷമായി ജീവിക്കില്ല എന്നറിഞ്ഞിട്ടും നീ മറ്റൊരാളുടെ ജിവിതത്തിലേക്ക് എന്തിനു പോയി ? നിനക്കറിയണോ ? നിന്റെ കല്യാണത്തിന്റെ ദിവസം ഞാന്‍ ബൈക്കുമായി രണ്ട് തവണ ലോറിയുടെ കീഴില്‍ കയറാന്‍ തുടങ്ങി. ലോറിയുടെ ബ്രേക്ക് പുത്തനായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു. അറിഞ്ഞുകൊണ്ടല്ല. അറിയാതെ സംഭവിച്ചതാണ്.

നീ വിവാഹം കഴിച്ചതില്‍ എനിക്കു സങ്കടമില്ല. എന്നാല്‍ നിനക്കെന്നോടൊരു ഗുഡ്‍ബൈ പറയാമായിരുന്നു. ഇനി കാണില്ല എന്നോ വിളിക്കില്ല എന്നോ പറയാമായിരുന്നു.നീ എന്റേതല്ലാതായിക്കഴിഞ്ഞു എന്ന് തിരിച്ചറിയാന്‍ വേണ്ടിയെങ്കിലും നിന്റെ കല്യാണം വിളിക്കാമായിരുന്നു. ഒന്നും ചെയ്തില്ല.

ഗുഡ്‍ ബൈ പയാന്‍ നിനക്കു മടിയുണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ എത്ര തവണ ഞാനതിന് അവസരമുണ്ടാക്കി തന്നു. അപ്പോഴൊക്കെ നീയെന്നോടുള്ള തീവ്രമായ സ്‍നേഹം ഉപേക്ഷിച്ച് മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുന്നതിന്റെ നിരാശയെക്കുറിച്ച് വേദനയോടെ പറഞ്ഞു. നിന്റെ ചാച്ചനും അമ്മച്ചിയും സന്തോഷമായിരിക്കാന്‍ നീ ജസ്‍റ്റിനോടൊപ്പം സന്തോഷമായിരിക്കട്ടെ എന്നു ഞാനും കരുതി.

നീ ആരെ വിവാഹം കഴിച്ചാലും ഈ ഭൂമിയിലൊക്കെ തന്നെ ഉണ്ടാവുമല്ലോ എന്നു ഞാന്‍ കരുതി, എനിക്കൊന്നു കാണാന്‍,വല്ലപ്പോഴും ആ സ്വരമൊന്നു കേള്‍ക്കാന്‍. പക്ഷെ, സംഗീത…ഇത്ര കാലവും നീയൊരിക്കല്‍ പോലും എന്റെ മുന്നില്‍ വന്നില്ല. എന്നെ കണ്ടാല്‍ നിന്റെ പവിത്രമായ ദാമ്പത്യത്തിന് കളങ്കമേല്‍ക്കുമെന്നു കരുതിയാണോ ? നിനക്കു മനമാധാനത്തിനു വേണ്ടി ഈ ജീവിതം തന്നെ അവസാനിപ്പിച്ചു തരാന്‍ സന്നദ്ധമാണെന്നു ഞാന്‍ പറഞ്ഞിരുന്നതാണല്ലോ.

എന്നെ കൊല്ലാന്‍ ഗുണ്ടകളെ അയക്കും എന്നു നീ പറഞ്ഞപ്പോള്‍ എത്ര ദിവസം ‍ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. അതും നീ ചെയ്തില്ല. അന്നത് ചെയ്തിരുന്നെങ്കില്‍ സ്വസ്ഥവും സംതൃപ്തവുമായ നിന്റെ ദാമ്പത്യത്തിലേക്ക് എന്റെ കത്ത് വന്നു കയറില്ലായിരുന്നു. മാതൃകാഭാര്യയായി നല്ല അമ്മയായി എത്രകാലം വേണമെങ്കിലും നിനക്ക് അഭിനയം തുടരാമായിരുന്നു.

ഇങ്ങനെയൊക്കെ പറയാനായിരുന്നെങ്കില്‍ അന്ന് പറയാമായിരുന്നില്ലേ എന്നു നിനക്ക് ചോദിക്കാം. നേരാണ്. അന്ന് ഞാനാണ് നിന്നെ ജസ്റ്റിനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. നിന്റെ ചാച്ചന്‍ ഒരിക്കലും നിന്നെ എനിക്കു കെട്ടിച്ചുതരില്ല എന്നറിഞ്ഞുകൊണ്ട് ചാച്ചനും എനിക്കും ഇടയില്‍ നിന്നെ നിര്‍ത്തി ഒരു തിരഞ്ഞെടുപ്പുദ്യമത്തില്‍ തോല്‍ക്കാനിഷ്ടമില്ലാതിരുന്നത് കൊണ്ട്. അല്ലെങ്കില്‍, എത്രയും വേഗം നീ കല്യാണം കഴിച്ചില്ലെങ്കില്‍ നീ ഒരിക്കലും വിവാഹം കഴിക്കാതെ എന്റെ പെണ്ണായി ഇരുന്നെങ്കില്‍ എന്ന ആഗ്രഹം കൊണ്ട് ജസ്‍റ്റിനെ കൊന്നേക്കുമോ എന്ന ഭയം കൊണ്ട്.

എല്ലാം കഴിഞ്ഞു. എങ്കിലും സംഗീതേ, നിനക്ക് ആരെയും വിവാഹം കഴിക്കാതെ ഇരുന്നുകൂടായിരുന്നോ ?

സംഗീതേ, നിന്റെ ആദ്യരാത്രിയില്‍ ഞാനുറങ്ങിയിട്ടില്ല. വേണമെങ്കില്‍ കുടിച്ചു ബോധമില്ലാതെ എവിടെങ്കിലും വീണുറങ്ങാമായിരുന്നു. വേണ്ട എന്നു കരുതി. അന്ന് ഒരു നൂറു തവണ എങ്കിലും ഞാന്‍ കരഞ്ഞു. നീ എന്നെ വിളിച്ചില്ലെങ്കിലും നിന്റെ കല്യാണക്കുറി ഒരിടത്തു നിന്ന് കണ്ട് അതിലെ സമയം നോക്കി കെട്ടിന്റെ സമയം വരെ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു, എല്ലാം ഭംഗിയായി നടക്കാന്‍.

അത് കഴിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു. എനിക്കു സങ്കല്‍പിക്കാനാവാത്ത വിധം ഭീകരമായി… പള്ളിയുടെ കോണിലെങ്കിലും വന്ന് നിന്ന് നിന്റെ കല്യാണം കാണാന്‍ നീയെന്നെ അനുവദിച്ചില്ലല്ലോ. എന്തിനാണ് സംഗീതേ നീയെന്നെ മാറ്റി നിര്‍ത്തിയത് ? നിന്റെ ആരുമല്ലല്ലോ ഞാന്‍. നിന്റെ ബന്ധുക്കളും കൂട്ടുകാരും ഒക്കെ നിന്നെ കെട്ടിപ്പിടിച്ച് ആശംസകള്‍ പൊതിയുമ്പോള്‍ എന്റെ നോട്ടം നിന്നെ അസ്വസ്ഥതപ്പെടുത്തുമെന്നു ഭയന്നോ ?എത്രയോ ഭിക്ഷക്കാര്‍ അന്നവിടെ ഭക്ഷണം കഴിച്ചുപോയി. അവരിലൊരാളായി എന്നെ കണ്ടാല്‍ മതിയായിരുന്നല്ലോ. നിന്റെ കണ്ണിനു മുന്നില്‍ വരാതെ ഞാന്‍ മടങ്ങിക്കൊള്ളാമായിരുന്നല്ലോ.

ചാര്‍ളി എന്ന വാതില്‍ നീ പൂട്ടി താക്കോല്‍ മറവിയുടെ പുഴയിലെറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ എന്റെ ഓര്‍മകളുടെ വാതില്‍ ഒന്നു ചാരാന്‍ പോലുമനുവദിക്കാതെ നീയെന്നെ എല്ലാറ്റില്ഡ നിന്നുമകറ്റി നിര്‍ത്തി. ജസ്റ്റിനുമായുള്ള വിവാഹത്തോടെ നിന്റെ ജീവിതത്തില്‍ ഉയര്‍ച്ചകളായിരുന്നു. തീര്‍ച്ചയായും ജസ്‍റ്റിന്‍ ലോകത്തെ മികച്ച ഭര്‍ത്താക്കന്മാരിലൊരാളായിരിക്കാം. ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഒരു പക്ഷേ ഏറ്റവും മോശപ്പെട്ട ഭര്‍ത്താക്കന്മാരിലൊരാളായേനേ.

എങ്കിലും സംഗീതേ, നിനക്കു കല്യാണം കഴിക്കാതിരുന്നുകൂടായിരുന്നോ ?

കല്യാണം കഴിഞ്ഞാലും എന്നെ കാണാതെ ജീവിക്കില്ല എന്നു പറഞ്ഞ നീ പിന്നീടൊരിക്കല്‍ പോലും എന്റെ മുന്നില്‍ വരാത്തതില്‍ എനിക്കു പരാതിയില്ല. പക്ഷെ, ഓരോ ഓട്ടോറിക്ഷയിലും നീയാണ് വരുന്നതെന്നു കരുതി, ഓരോ മിസ്‍ഡ് കോളും മെസേജും നിന്റെ ആണെന്നു കരുതി ഒരു ഭ്രാന്തനെപ്പോലെ ജീവിക്കാന്‍ എന്നെ ബാക്കി വയ്‍ക്കേണ്ടിയിരുന്നില്ല.

എന്റെ പ്രണയം വിശുദ്ധമായിരുന്നു എന്നു വീണ്ടും ആണയിടുന്നു. ഒരു കാമുകനായിരുന്നപ്പോഴും എന്റെ വിരല്‍ കൊണ്ടു പോലും നിനക്കൊരു കളങ്കമുണ്ടാകാതിരിക്കട്ടെ എന്നു ഞാനാഗ്രഹിച്ചു. നിനക്കുള്ളതെല്ലാം വാഗ്‍ദാനം ചെയ്‍ത് എന്റെ മുന്നില്‍ നിന്നപ്പോഴും ഒരു പുഞ്ചിരി മാത്രം ചോദിച്ച് നിന്റെ വിശുദ്ധിയെ പ്രണയിക്കാന്‍ ഞാനാഗ്രഹിച്ചു. ലോകത്തിന്റെ മുന്നില്‍ ‍ഞാനൊരു മണ്ടനായിരിക്കാം.

ഒരു മണ്ടനല്ലാതായിരുന്നെങ്കില്‍ നീ ജസ്‍റ്റിനെ വിവാഹം കഴിച്ചപ്പോള്‍ എനിക്കു ചിരിക്കാമായിരുന്നു. നിന്റെ വരവും വിളിയും കാത്ത് ഉരുകി ജീവിക്കേണ്ടി വരില്ലായിരുന്നു. എങ്കിലും സംഗീതേ, എനിക്കീ ദുരിതം മതി. നിരാശാകാമുകന്മാരോടെനിക്കു പുച്ഛമായിരുന്നു. പക്ഷെ, ഇന്നെനിക്ക് അവരോട് പുച്ഛമില്ല. കരള്‍ പിളര്‍ക്കുന്ന ഈ വേദന എന്താണെന്ന് പുച്ഛിക്കുന്നവര്‍ക്കറിയില്ലല്ലോ.

നീ ബുദ്ധിയുള്ളവളാണ്. ജസ്‍റ്റിനുമായി ഒരു നല്ല ബന്ധം വളര്‍ത്തിയെടുക്കുമ്പോഴും അവനെ ഔദ്യോഗികമായി പ്രേമിക്കുമ്പോഴും ഒന്നും അവനെ അറിയുന്നതായി പോലും നീ ഭാവിച്ചില്ല.വിവാഹം നിശ്ചയിക്കുമ്പോള്‍ നീ ഒളിച്ചോടും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. അന്ന് നിന്നെ വിളിച്ചുകൊണ്ട് പോകാതെ ആശ്വസിപ്പിച്ച് അടക്കി നിര്‍ത്തും എന്നറിഞ്ഞു കൊണ്ട് തന്നെയാവണം നീ അങ്ങനെ പറഞ്ഞത്.

നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ഒരിക്കലും. ഇത്രകാലം നീയെന്നെ തിരിഞ്ഞു നോക്കാതിരുന്നിട്ടും ഒരു നിമിഷത്തേക്കു പോലും ഞാന്‍ നിന്നെ വെറുത്തില്ല. എന്റെ ജീവന്റെ തുടിപ്പു പോലും നീയാണ് എന്ന് തിരിച്ചറിയുകയായിരുന്നു ഓരോ നിമിഷവും. ഒരു മിസ്‍ഡ് കോളായി പോലും നിന്റെയും ജസ്റ്റിന്റെയും സംതൃപ്തിയിലേക്ക് കടന്നുവരാതെ ഞാന്‍ വാക്കുപാലിച്ചില്ലേ ? നിനക്കും നിന്റെ കുട്ടികള്‍ക്കും നന്മ വരാന് വേണ്ടി നേര്‍ച്ചകള്‍ നേര്‍ന്നില്ലേ ?

എനിക്കറിയാം, സംഗീതേ, ഇതൊന്നും കൊണ്ട് നീ എനിക്കു തന്ന സ്‍നേഹത്തിനു പകരം വയ്‍ക്കാനാവില്ലെന്ന്. ഒരാളും തിരിച്ചറിഞ്ഞിട്ടില്ലാത്തതുപോലെ എന്നെ തിരിച്ചറിഞ്ഞ് ഒരാളും സ്‍നേഹിച്ചിട്ടില്ലാത്തതുപോലെ എന്നെ സ്‍നേഹിച്ച് ഒരായുസ്സ് മുഴുവന്‍ ഓര്‍ത്തുവയ്‍ക്കാനുള്ള പ്രണയം എന്റെ ജീവനില്‍ നിറച്ചു തന്ന നിനക്കു വേണ്ടി ഈ ജന്മം മുഴുവന്‍ ഞാനെരിഞ്ഞു തീരാം.

പണ്ട് പറഞ്ഞതുപോലെ അടുത്ത ജന്മത്തിലെങ്കിലും ദൈവം നമ്മളെ ഒന്നിപ്പിക്കുമായിരിക്കും. അതിനു വേണ്ടിയുള്ള എന്റെ തപസ്സാണ് ഈ ജീവിതം. മനുഷ്യനായി ഒന്നു കൂടി ജനിക്കണം എനിക്ക്. നിന്നോടൊപ്പം ജീവിക്കാന്‍. ഈ ജന്മം നീയെനിക്കു തന്ന സ്‍നേഹത്തിന്റെ കടം തീര്‍ക്കാന്‍. പക്ഷെ അന്നും നീ ജസ്‍റ്റിനെ തിരഞ്ഞെടുക്കരുത്…


കണ്ണീരോടെ, വെറും ചാര്‍ളി
Related Posts Plugin for WordPress, Blogger...