Followers

Oct 15, 2010

ഒരു ഗസറ്റഡ് ബ്ലോഗർ ( സമ്പൂർണ്ണ നോവൽ. )

[കോട്ടയം കഞ്ഞിക്കുഴി 2060ൽ ]
കീ..കീ..കീ..കീ..കീ.. അലാം അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാനെഴുന്നേറ്റത്...സമയം 6 മണി കഴിഞ്ഞിരിക്കുന്നു...2060-ലെ ഒരു പ്രഭാതം..ജനാലകളുടെ കർട്ടൻ തനിയെ മാറി.മുന്നിൽ ദൂരെയായി ഐഫൽ ടവർ മൂടൽമഞ്ഞിൽ മറഞ്ഞുകാണുന്നു . മുന്നിലെ വെർച്വൽ ഡിസ്പ്ലേയിൽ  ഇന്നത്തെ റിമൈൻഡേഴ്സ് തെളിഞ്ഞുവന്നു..രാത്രി നാട്ടിൽ നടക്കുന്ന ബ്ലോഗ്മേറ്റ്സ് ആദരിക്കൽ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കണം...അനുമോദനങ്ങൾ ആരാധകരുടെ സ്നേഹസമ്മാനങ്ങൾ...വർഷം ഏറെയായില്ലേ പാരിസ്സിൽ സെറ്റിലായിട്ട്..ഒറ്റയ്ക്കുള്ള ജീവിതം മടുത്തു...


ഇലക്ട്രോണിക് ഇനാമൽ ക്ലീനർ ( EEC ) വച്ച് പല്ല് തേച്ചോണ്ടിരുന്നപ്പോൾ വെറുതെ മുന്നിലെ ടച്ച്സ്ക്രീൻ കണ്ണാടിയിൽ നിന്നും ഇന്റർനെറ്റ് എടുത്തുനോക്കി...ഫോർബ്സിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോടീശ്വരൻ ഇപ്പോഴും ഞാൻ തന്നെ..ഒറ്റത്തടിയായ എനിക്കെന്തിനാണ് പണം..വെറുതെ ബ്ലോഗിലേക്കും ഒന്നു കയറിനോക്കി..ഇപ്പോഴും പഴയ ബ്ലോഗ്സ്പോട്ട് തന്നെ..ഗൂഗിളിനെ ഞാൻ വാങ്ങിയിട്ട് കൊല്ലം പത്തായില്ലേ...കമന്റുകളൂടെ ബഹളം.. ഇന്നലെ ഒരു ദിവസം തന്നെ 2 മില്യൺ കമന്റുകളായി...ഞാൻ വെറുതേ ലോഗ് നോക്കി...പ്ലൂട്ടോ നിവാസികളായ അന്യഗ്രഹജീവികൾ മാക്കും ഡോറ്റ്സുമാണ് ഏറ്റവുമധികം കമന്റ്സ് ഇട്ടേക്കുന്നത്...

“ സർ , കേരളത്തിലേക്കുള്ള അങ്ങയുടേ അൾട്രാമോഡേൺ പ്ലെയ്ൻ റെഡിയാണ്.ഒരാഴ്ച്ചത്തെ
പ്രോഗ്രാമാണ് കേരളത്തിൽ...ബീപ്പ് ”..
പുതിയതായി വാങ്ങിയ വേലക്കാരൻ റോബോട്ടാണ്..പാരിസിലെ എന്റെ ബംഗ്ലാവിന്റെ പിന്നിലെ ഗാർഡനിൽ ക്രിഷിചെയ്യുന്ന ആന്റ്റിക്ക് വെണ്ടക്കായൊക്കെ നന്നായി നോക്കാൻ ഇനി ഇവനെ പഠിപ്പിക്കണം..

ഞാൻ റെഡിയായി മുറ്റത്തേക്കിറങ്ങി..എന്റെ സെക്രട്ടറി മിസ്.Pepper Potts എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  ഡയാനാപങ്കജാക്ഷൻ MBA.IPS.IRDP.OPR    എന്നെകാത്ത് എന്റെ പ്രൈവറ്റ് ജറ്റിനരുകിൽ നിൽക്കുന്നു..അവളൂടെ അച്ഛൻ മലയാളിയും അമ്മ അമേരിക്കകാരിയുമാണ്..അല്ലേലും ലോകത്തെ ഏറ്റവും സമ്പന്നമായ കുത്തകരാജ്യമാണല്ലോ ഇപ്പോൾ കേരളം..മലയാളികളെ എങ്ങനേയും വളച്ചെടുക്കാൻ ലോകരാജ്യങ്ങളിലെ മദാമ്മമാർ തമ്മിൽതമ്മിൽ മത്സരമാണല്ലോ..


എന്റെ ഏറോപ്ലെയ്ൻ
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു സമാധാനമാകട്ടേ കേരളത്തിലെ യാത്രയെന്ന് ഞാൻ വെറുതെ ഓർത്തു..പോകുന്നതിനു മുൻപ് മുറ്റത്ത് പോർച്ചിൽ കിടക്കുന്ന എന്റെ പ്രിയപ്പെട്ട വിന്റേജ് കാറുകളെ വ്രിത്തിയാക്കാൻ ഞാൻ തോട്ടക്കാരൻ സോണി-320II എന്ന റോബോട്ടിനെ ശട്ടം കെട്ടി..ഇന്നലേം കൂടെ 2010 മോഡൽ ഹോണ്ടാസിറ്റിയും ആൾട്ടോയും  ഓക്ഷനിൽ പിടിച്ചതാണ്..ഇത്രയും റെയർ പീസുകൾ ഇനിയെവിടെക്കിട്ടാൻ.

ഞാൻ എന്റെ അതിവേഗബഹുദൂര സൂപ്പർ വിമാനത്തിൽക്കയറി...ഇരുപത് മിനിറ്റിനകം അട്ടപ്പാടി അൾട്രാ സ്പേസ് അനെലൈസിസ് സെന്ററിന്റെ ലോഞ്ചിംഗ് പാഡിലെത്തുമെന്ന് കമ്പ്യൂട്ടർ അറിയിച്ചു..അറുപത് കൊല്ലം പഴക്കമുള്ള ഒരു   ഓ.പി.ആർ കുപ്പിയിൽ നിന്നും ഓരോ പെഗ്ഗെടുത്ത് ഞാനും ഡയനയും കഴിച്ചു...ടിവിയിൽ  മലയാളം ചാനലിൽ ഒരു പുതിയ മലയാളസിനിമയുടെ ട്രൈലർ ഓടുന്നു...എഴുപത് വയസ്സുള്ള എന്തോ ഒരു പ്രിത്തിയോ രാജോ അങ്ങനെയാരോ ആണ് നായകൻ...ഈ വയസ്സനൊക്കെ വല്ല അമ്മാവൻ വേഷങ്ങളും ചെയ്തുകൂടെ എന്ന് ഞാൻ വെറുതെ ഡയാനയോട് ചോദിച്ചു..

അധികം വൈകാതെതന്നെ അട്ടപ്പാടി സ്പേസ് ലോഞ്ചിങ്ങ് പാടിലെത്തി..അവിടെ നിന്നും വെടിക്കുറ്റിപോലെ സ്പീഡിൽ പോകുന്ന ഹൈഡ്രജൻഫ്യുവൽ കാറിൽക്കയറി ഞങ്ങൾ കോട്ടയത്തേക്കു വിട്ടു, 1200 മീറ്റർ ഉയരത്തിൽ പണിഞ്ഞിരിക്കുന്ന കുമ്പനാട് എക്സ്പ്രെസ് ഹൈവേയിലൂടെ...പതിയെപോകാൻ ഞാൻ കാറോടിക്കുന്ന കമ്പ്യൂട്ടറിനോടു പറഞ്ഞു.. ഈ മലയാളനാടിന്റെ ഗന്ധം ഞാനൊന്നാസ്വദിക്കട്ടെ..ഞാൻ ഗ്ലാസ് താഴ്ത്തി...എങ്ങും അംബരചുബികളായ കെട്ടിടങ്ങൾ..ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടിടമായ അൽ-തങ്കപ്പൻനായർ ടവറും ഞാൻ കണ്ടു..റോഡുനിറയെ ആധുനിക വാഹനങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു...വണ്ടി അപ്പോഴേയ്ക്കും എറണാകുളത്തെത്തിയിരുന്നു..

അൽ- വൈറ്റിലയിലെ ഒരു ട്രാഫിക്ക്ജാമിൽ‌പ്പെട്ട് അല്പനേരം കിടക്കേണ്ടിവന്നു.
അപ്പോഴാണ് ഞാൻ റോഡ്സൈഡിൽ ചിലർ ‘പെട്രോളിന് താങ്ങുവില നിശ്ചയിക്കുക , എന്ന മുദ്രാവാക്യവുമായി സമരം ചെയ്യുന്നത് കണ്ടത്..അത് പഴയ പമ്പ് ഉടമകളാണെന്ന് ഡയാന പറഞ്ഞു..പെട്രോളിന്റെ വില ഓരോ ദിവസം കഴിയുന്തോറും ഇടിയുന്നതിൽ മനം നൊന്ത് ചില പെട്രോളിയം മുതലാളിമാർ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്..വർഷങ്ങളായി ഹൈഡ്രജനല്ലേ ലോകത്തെ ഇന്ധനം..

കാറിൽ അന്നത്തെ മലയാളം പത്രം കിടപ്പുണ്ടായിരുന്നു..ഞാൻ വെറുതെ ഒന്നു മറിച്ചുനോക്കി..ഇന്ത്യയെന്ന ലോകപ്പോലീസിന്റെ തലസ്ഥാനമാണല്ലോ കേരളം..ഇന്ത്യ പാകിസ്ഥാനോടു ചെയ്യുന്ന ക്രൂരമായ ഉപരോധത്തെപ്പറ്റി അവികസിത രാജ്യമായ അമേരിക്ക അപലപിച്ചത്രേ..

കേരളാ ഗ്രീൻ കാർഡിനുള്ള ആപ്ലിക്കേഷൻസ് തത്ക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് ഒരു വാർത്തയുംകണ്ടു...മിഡിലീസ്റ്റിൽ നിന്നും ധാരാളം അറബികൾ വിസിറ്റിങ്ങ് വിസയിൽ കേരളത്തിൽ വന്ന് ജോലിചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടത്രേ..

ആസ്ട്രേലിയയിൽ നിന്നും പാലാ വിക്ടറി ട്യൂടോറിയലിൽ എക്കണോമിക്സിൽ  ഉപരിപഠനത്തിനെത്തിയ ചില വിദ്യാർഥികളെ വംശീയവിദ്വേഷികളായ  മലയാളികൾ ഉപദ്രവിച്ചത്രേ...“ പാവങ്ങൽക്കും ജീവിക്കണ്ടേ? .ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് കരഞ്ഞുകൊണ്ടാണ് ആസ്ത്രേലിയൻ വിദേശകാര്യമന്ത്രി കേരളത്തോട് ചോദിച്ചത്..

ബോക്സ്കോളത്തിൽ മറ്റൊരു വാർത്തയും കണ്ടു.മുല്ലപ്പെരിയാർഡാമിന്റെ പഠനസമിതിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിയത്രേ..പഴയ സമിതിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇപ്പോൾ ജീവനോടില്ല...അതുകൊണ്ടാണ് പഠനം ഒന്നേന്നു തുടങ്ങാനായി പുതിയ സമിതിയെ കോടതി നിയോഗിച്ചത്..


പൂർണ്ണമായും കമ്പ്യൂട്ടർ നിയത്രിത ഭരണമാണല്ലോ ഇപ്പോൾ ഇന്ത്യയിൽ..മാത്രമല്ല മറ്റു അന്യഗ്രഹങ്ങളൂമാ‍യും നല്ല നയതന്ത്രബന്ധമാണ് ഇന്ന് ഇന്ത്യയ്ക്ക്...പണിപോയ രാഷ്ട്രീയക്കാർ പലരും സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നു..ചിലർ ജെസിബിയുടെ വർക്ക്ഷോപ്പ് നടത്തുന്നു...മറ്റുചിലരാകട്ടേ സ്വത്വം*[ കേരളത്തിൽ കണ്ടുവരുന്ന ഒരഞ്ജാത വസ്തു.എന്താണെന്നാർക്കുമറിയില്ല.. പക്ഷേ എല്ലായിടത്തുമുണ്ട്..ബ്രഹ്മം പോലെ..] കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങി..ടീഷർട്ടുമിട്ട് ചെത്തിനടന്നിരുന്ന ചില യുവാക്കളാകട്ടേ ജീവിക്കാനായി റോഡ്സൈഡിൽ തട്ടുകടതുടങ്ങി..അങ്ങനെ എല്ലാവരും പണിയെടുക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയം കളിക്കാൻ ആർക്കും സമയമില്ലാതായി..നാട് പുരോഗമിക്കുകയും ചെയ്തു..

എന്നാൽ ഒരു തൊഴിലും അറിയാൻ വയ്യാത്ത രാഷ്ട്രീയക്കാർ ഗതികെട്ട് അമേരിക്കയിലേക്ക് കെട്ടുകെട്ടി..ഈയാഴ്ച അവിടെ ഇത് അഞ്ചാമത്തെ ഹർത്താലാണത്രേ, വൈറ്റ് ഹൌസിനു മുൻപിൽ മിക്കവാറും എല്ലാദിവസവും പ്രസിഡന്റിന്റെ കോലം കത്തിക്കലും നടക്കുന്നുണ്ട്..പാവം സായ്പന്മാർ..

അപ്പോഴേയ്ക്കും കോട്ടയമെത്തി..തിരുനക്കര മൈതാനത്ത് പണിഞ്ഞിരിക്കുന്ന പടുകൂറ്റൻ പത്തുനില എസി പന്തലിലാണ് ബ്ലോഗ്മേറ്റ്സ് എന്ന പരിപാടി നടക്കുന്നത്..പണ്ട് 2000 കാലഖട്ടത്തിൽ പുലികളായിരുന്ന ബ്ലോഗർമ്മാർ ഇന്ന് ഇവിടെ ഒത്തുചേരുകയാണ്..എല്ലാവർക്കും പ്രായമായി , പലരും എഴുത്തൊക്കെ നിർത്തിയിട്ട് വർഷങ്ങളേറെയായി..കാർ പന്തലിൽ പാർക്ക് ചെയ്തിട്ട് ഞാൻ അകത്തേയ്ക്കു ചെന്നു..പെട്ടെന്നാണ് ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടായത്...ഒന്നു പലരും കൈയ്യെത്തിയെന്നെ തൊടുന്നുണ്ടായിരുന്നു..പക്ഷേ ഞാനാരെയും അടിക്കാനൊന്നും പോയില്ല..എന്റെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ആരാധകരാണ് എന്നെനിക്കറിയാമായിരുന്നു...

എല്ലാത്തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്  ഈ മീറ്റിന്  ഞാൻ പങ്കെടുക്കാൻ കാരണം എന്റെ ഗുരുവായ  കുറുമഗുരുവിന് ബ്ലോഗ്സ്കാർ അവാർഡ് കിട്ടിയതിൽ അനുമോദിക്കുന്ന വേദിയാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്..ഏതാണ്ട് തൊണ്ണൂറ്റാറ് വയസ്സായിരിക്കുന്നു അദ്ദേഹത്തിന്..അഞ്ച്കൊല്ലം മുൻപ് ദുബെയിൽ പോയപ്പോൾ കൊച്ചുമോന്റെയൊപ്പം കരാമയിൽ താമസിക്കുന്ന അദ്ദേഹത്തെ അവിടെവച്ച് ഒന്ന് കണ്ടതാണ്.പിന്നെ തിരക്കുകാരണം കാണാൻ സാധിച്ചിട്ടില്ല..

ചെന്നപാടെ ഞാൻ ഗുരുവിന്റെ കാൽതൊട്ടുവന്ദിച്ചു...കൈയ്യിലേക്ക് ഒരു പതിനായിരം കേരളാഫ്രാങ്കിന്റെ ഒരു കെട്ടും പിടിപ്പിച്ചുകൊടുത്തു..

  “ ഓർമ്മ ശ്ശി കുറവാണ് കുട്ട്യേ...അത്രയ്ക്ക് അങ്ങട് മനസ്സിലായില്യ  “
“..ഞാൻ പോണി.അങ്ങയുടേ പഴയ ഒരു  ശിഷ്യനാണ്..അനുഗ്രഹിക്കണം..ഞാൻ പറഞ്ഞു.“
എന്നിട്ട് ഞാൻ ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി കോണ്യാക്ക് അദ്ദേഹത്തിനു നൽകി.
‘പുന്നെല്ല് കണ്ട എലിയേപ്പോലെ ‘  ഗുരുവിന്റെ മുഖം പ്രസന്നമായിത്തെളീഞ്ഞു..

അധികം വൈകാതെ മഹാസമ്മേളനം തുടങ്ങി..“ മാത്യൂ കട്ടപ്പന “ എന്ന അനോണിപ്പേരിൽ ബ്ലോഗെഴുതുന്ന മാർസ് നിവാസിയായ  ‘ സുസൂ  ’ എന്ന അന്യഗ്രഹജീവിയായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ...ലോകെത്തെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ “ ബ്ലോഗ്സ്കാർ അവാർഡ്
“ കുറുമാന്റെ മിസ്റ്റർ ജി.പീ.എസ്- ഭാഗം 500 “ എന്ന ഖണ്ഡകാവ്യത്തിനു ലഭിച്ചതിന്റെ സ്വീകരണമായിരുന്നു അത്...

പഴയ ബ്ലോഗേഴ്സെല്ലാം തങ്ങളുടെ കൊച്ചുമക്കളോടൊപ്പമായിരുന്നു എത്തിയത്..ആദ്യമായി കുറുമാന്റെ പ്രസംഗമായിരുന്നു....ഒരു സിൽക്ക്ജുബായുമിട്ട് തോളത്തൊരു പഴയ നിക്കോൺ ക്യാമറയും തൂക്കി നിന്ന് അദ്ദേഹം പ്രസംഗിച്ചു..

“  ഒഹ് ഖോ ഖൊ..(ചുമയ്ക്കുന്നു..)

“ എന്റെ പഴയ ആരാധകരേ, ഈ ബ്ലോഗ്സ്കാർ എനിക്ക് കിട്ടിയതിൽ ഞാനധികം സന്തോഷികുകയാണ്.അതിലുപരി ഇന്ന് ലോകത്തെ ഏറ്റവും വലിയ ബ്ലോഗറായ പോണിക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണക്കിന് ട്യൂഷനെടുത്തിരുന്നു.‘

എനിക്ക് ലഭിച്ച ഈ ബ്ലോഗ്സ്കാർ അവാർഡ് ഞാനെന്റെ ശിഷ്യന് സമർപ്പിക്കുന്നു..വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭവം ഞാനിന്നുമോർക്കുന്നു..അന്ന് 2010ൽ മിസ്റ്റർ ജിപീസ് എന്ന ഈ ഇതിഹാസം ഒന്നാംഭാഗമെഴുതി... ഇനിയെന്ത് .? എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പതിവുപോലെ ഭാംഗ് വാങ്ങാനായി പോണി ഫ്ലാറ്റിൽ വന്നത്..

ഞങ്ങൾ വീക്കെൻഡിൽ ഡൊമിനിയോടൊപ്പം അല്പം ഭാംഗ് കഴിക്കാറുണ്ട് ...ഡെല്ലീ വെച്ചേയുള്ള ശീലമാണ്..രണ്ടാം ക്ലാസി പഠിക്കുന്ന ഇവന് ആദ്യമായി ഭാംഗ് കൊടുത്തുപഠിപ്പിച്ചത് ഞാനല്ലേ..

ഭാംഗ് കലക്കാനുള്ള പാലു വാങ്ങാനായി ഞാൻ താഴെ ഗ്രോസറിയിലേക്കു  പോയി..അപ്പോൾ സ്വീകരണമുറിയിലെ കമ്പ്യൂട്ടറിൽ പാതിയെഴുതി നിർത്തിയ ജിപീഎസ് രണ്ടാം ഭാഗം അവൻ കണ്ടു..തുടർന്ന് എഴുതാൻ കഴിയാത്ത വിഷമത്തിൽ കണ്ണീരു വീണ കീബോഡും കണ്ടു..ഞാൻ തിരിച്ചു വരുന്നതിനുമുന്നേതന്നെ അവൻ ഇരുപത്തഞ്ച് ഭാഗങ്ങൾ എഴുതിത്തീർത്തു..എന്നിട്ട് ഡ്രാഫ്ടിലിട്ടു..
പിറ്റേന്ന് ബ്ലോഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി..ഹിറ്റോട് ഹിറ്റ്..അങ്ങനെ എന്നിലെ ഇൻസ്പിറേഷൻ കത്തിച്ചുതന്ന പോണിക്കല്ലാതെ വേറെയാർക്കാണ് ഞാൻ നന്ദി പറയേണ്ടത്..“

ഇത്രയും പറഞ്ഞുകൊണ്ട്  പൊട്ടിക്കരഞ്ഞ അദ്ദേഹത്തെ രണ്ടു യൂണീയൻകാർ താങ്ങിയെടുത്തുകൊണ്ട് ഗ്രീൻറൂമിലേക്ക് പോയി.

അടുത്തതായി വന്ന  വിശിഷ്ട വ്യക്തി വിശാലനായിരുന്നു....അദ്ദേഹത്തിന്റെ  കൊടകരപുരാണം 5000-മത്തെ എഡിഷൻ അവിടെവച്ച് പബ്ലിഷ് ചെയ്യുകയുണ്ടായി..തന്റെ അമ്മാവന്റെ മൂത്തമോന്റെ ഭാര്യയുടെ നാത്തൂന്റെ കൊച്ചുമോന് തന്റെ ബ്ലോഗിന്റെ നടത്തിപ്പവകാശം വിട്ടുകൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു..പുതിയ തലമുറ കൈയ്യടിയോടെ ആ അറിയിപ്പ് സ്വീകരിച്ചു..ബ്ലോഗിന്റെ പാസ്വേഡ് മാറൽച്ചടങ്ങും അവിടെ നടന്നു...

പ്രശസ്ത സഞ്ചാരിയായ സുരക്ഷരൻ ചേട്ടനെമാത്രം അവിടെ കണ്ടില്ല..അദ്ദേഹം എവിടെയെന്ന് ഞാൻ സംഖാടകരോട് അന്വേഷിച്ചു...ഭൂമിയിൽ കറങ്ങാൻ ഇനി സ്ഥലമില്ലാത്തതിനാൽ അദ്ദേഹം 
കുട്ടനാട് കാണാൻ വന്ന ചില അന്യഗ്രഹജീവികളൂടെ കമ്പനികൂടി യുറാനസ്സ് വരെ പോയിരിക്കുകയാണ്..ഈ പ്രായത്തിലും ഈ മനുഷ്യൻ  ചുറ്റിക്കറങ്ങുന്നുണ്ടല്ലോയെന്ന് ഞാൻ വെറുതെ ഓർത്തു..ദി ടൈം മാഗസിനിൽ കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂകണ്ടിരുന്നു...പോണവഴി ജൂപ്പിറ്ററിൽ ചാരി നിന്ന് ഒരു പടമൊക്കെയെടുത്ത് കൊണ്ട്..

അതിനെത്തുടർന്ന്  കായംകുളത്തുനിന്നും  കോട്ടയം  വരെപ്പോകുന്ന കായംകുളംസൂപ്പർഫാസ്റ്റ് ബുള്ളറ്റ്ട്രെയിനിന്റെ പേരുമാറ്റൽച്ചടങ്ങായിരുന്നു..അതിന്റെ സ്പീഡ് കണക്കാക്കി ഇനി മുതൽ എ-റൺ (A-RUN ) കായംകുളം  എന്നായിരിക്കും അറിയപ്പെടുകയെന്ന് ട്രെയിൻ മന്ത്രി
അറിയിച്ചു...അതിന്റെ വിശദാംശങ്ങൾ അദേഹം മൈക്കിലൂടെ വിളീച്ചുപറഞ്ഞു..

ഞാൻ ഒരു സിഗരറ്റ് വലിക്കാനായി സമ്മേളനം നടക്കുന്ന വേദിക്കു പുറത്തേക്കിറങ്ങി..സ്വിസ് ഗാർഡുകൾ എന്റെ സുരക്ഷയേക്കരുതി ചുറ്റിലും നിന്നു..പെട്ടെന്ന് എവിടെനിന്നോ ഒരു വാരിക്കുന്തം എന്റെ മുന്നിൽ വന്നു പതിച്ചു....ഞാൻ ഒഴിഞ്ഞു മാറി..മൈതാനത്തിന്റെ  മതിലുചാടി ദേഹമാസകം ബ്ലാങ്കറ്റിട്ട് പൊതിഞ്ഞ ഒരാൾ ഓടിരക്ഷപെടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു..ആരാണത്..?
എന്റെ സ്വിസ് ഗാർഡ്സിലെ പ്രധാന വെടിക്കാരനായ ആൻഡ്രൂസ് ഉടനെതന്നെ തന്റെ പമ്പ് ആക്ഷൻ ഷോട്ട് ഗണ്ണെടുത്ത് ആ രൂപത്തിനുനേരെ നിറയൊഴിച്ചു..

  ഠീഷ്യൂ ...ഠീഷ്യൂ ...ഠീഷ്യൂ... ,ഠീഷ്യൂ ,..................
..     “ അയ്യോ......” എന്നൊരലർച്ച..ആ രൂപം ആൽക്കൂട്ടത്തിനിടയിൽ മറഞ്ഞു...

..ഗാർഡുകൾ എന്നെ പൊതിഞ്ഞുകൊണ്ട് ഗ്രീൻ റൂമിലേക്ക് കൊണ്ടു പോയി..പിന്നിൽത്തന്നെ വെടികൊണ്ടുകാണും എന്ന് ആൻഡ്രൂസ് എന്നോട് പറഞ്ഞു..ഉടനേ തന്നെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസും വന്നു..പ്ലൂട്ടോയിൽ  ജോലിചെയ്യുന്ന ചേട്ടൻ വരെ പ്ലാനറ്റ് ഫോണിൽ വിളിച്ചു കാര്യം തിരക്കി..

ആരാണ് എന്നെ വധിക്കാൻ ശ്രമിച്ചത്....ആർക്കാണ് ഇത്രയും കാലം നീണ്ട പക എന്നോട്...ഞാൻ കേരളത്തിൽ വരുന്നതു തന്നെ വർഷങ്ങൾക്കു ശേഷമാണ്...ഞാൻ ആകെ ആശയക്കുഴപ്പത്തിലായി...

സാർ, കിടപ്പിലായ ബ്ലോഗ് കുലപതിയെ കാണാൻ പോകേണ്ട സമയമായി...വൈകുന്നേരം തന്നെയെത്തണം..ഡയാന എന്നെ ഓർമ്മിപ്പിച്ചു.

അപ്പോഴേക്കും സമ്മേളനം കഴിഞ്ഞ്  ഒരു റാലി സൈക്കിളിൽ തലയിൽ ചുവന്നതോർത്തൊക്കെയിട്ട്
വിശാലമനസ്കനെത്തി..ബെന്റ്ലിയേലൊക്കെ കേറി മടുത്തു..ഇനിയൊരല്പം സൈക്കിൾ യാത്രയാവാം എന്നു ഞാൻ തീരുമാനിച്ചു..ഒരു നൊസ്റ്റാൾജിയ....ഞാൻ ക്യാരിയറിലിരുന്നു പ്രായമേറെയായെങ്കിലും ശക്തിമാനായ വിശാലേട്ടൻ കോട്ടയത്തുനിന്നും പാലാ വരെ ആഞ്ഞുചവിട്ടി.എസ്കോർട്ടുമായി ഞങ്ങളൂടെ പിന്നാലെ ഹമ്മറിൽ എന്റെ സെക്യൂരിറ്റിക്കാർ പിന്തുടർന്നു...വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ ബ്ലോഗിന്റെ തറവാട്ടിലെത്തി..

പഴയകാലപ്രതാപം വിളിച്ചോതുന്ന ക്ഷയിച്ച ഒരു തറവാട്.മുറ്റത്ത് കരിയിലകൾ നിറഞ്ഞുകിടക്കുന്ന ഒരു മിനി ഭാർഗ്ഗവീനിലയം...മുറ്റത്ത് കാര്യസ്ഥനായ കുഞ്ചിത്ത്ആന്റണി നിൽക്കുന്നു..ഒഴിഞ്ഞ ഒരു ചാരുകസേര പൂമുഖത്ത് കിടക്കുന്നു..സൈഡിലുള്ള തൊഴുത്തിൽ കുട്ടിശങ്കരൻ എന്നെഴുതിയ ബോർഡ് കഴുത്തിലിട്ട ഒരു പശുവിനെ കെട്ടിയിട്ട് കാടിവെള്ളം കൊടുക്കുന്നതും കണ്ടു..

“ ആറാമ്പ്രാൻ ഇല്ലേ അകത്ത് ? “  ...ഞാൻ ചോദിച്ചു.

ഒരു ദീർഖനിശ്വാസത്തോടെ കാര്യസ്ഥൻ പറഞ്ഞു..

തമ്പ്രാൻ കിടപ്പിലായിട്ട് വർഷങ്ങൾ കഴിഞ്ഞു..ഒരു കാലത്ത് കൊമ്പനാനകളൂടെ തുമ്പിക്കൈയ്യിൽക്കിടന്ന് അമ്മാനമാടിയ ആളല്ലേ..ഇപ്പോൾ ഒരാനയേ ഉള്ളു..അതാവട്ടെ പട്ടിണികിടന്ന് മെലിയുകയും ചെയ്തു..അതാ ആ തൊഴുത്തിൽ കെട്ടിയിരിക്കുന്ന കുട്ടിശങ്കരൻ.....

“അപ്പോ അതാണ് സംഗതി..... അല്ലെങ്കിലും ആരേലും പശുവിനു കുട്ടിശങ്കരൻ എന്നു പേരിടുമോ.
..ഞാനാലോചിച്ചു.

വരൂ..കാര്യസ്ഥൻ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു...

അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു..ബുലോകത്തിന്റെ എഴുത്തച്ഛൻ...മേശയിൽ കഷായക്കുപ്പികൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.മുറിയാകെ മരുന്നിന്റെ ഗന്ധം തങ്ങി നിൽക്കുന്നു..
അല്പം മാറി പൊടിപീടിച്ചു കിടക്കുന്ന ഒരു പെന്റിയം 3 കമ്പ്യൂട്ടർ..

“ എന്നെ മനസ്സിലായോ..മുത്തശ്ശാ...ഞാൻ പോണിത്തരങ്ങളിൽ നിന്നാ....ഫ്രാൻസിൽ നിന്നും ഇന്ന് എത്തിയതേയുള്ളൂ...“ സുഖമാണോ..?.... ഞാൻ ഉറക്കെ ചോദിച്ചു..

ഏ....ആ.......സ്സുഖം തന്നെ....തന്നെ.( ചുമയ്ക്കുന്നു )..

“ തമ്പ്രാ,  ബ്ലോഗ്മേറ്റ്  സമ്മേളനം നാളേ സമാപിക്കുകയാണ്..വല്യ വല്യ ആൾക്കാരൊക്കെ പങ്കെടുക്കുന്നുണ്ട്...അവിടുന്ന് വന്നാൽ നന്നായിരുന്നു.കൊണ്ടുപോകാൻ എന്റെ കാഡില്ലാക്കിന്റെ ലിമ്മോസീൻ അയക്കാം...ഒന്നു കിടന്നുതന്നാ മതി “ ..

( വീണ്ടും ചുമച്ചുകൊണ്ട് )“ എനിക്കു വയ്യ..ഞാൻ വരില്ല...ഞാൻ തറവാടീയാ...ഹും..

“ ആയിക്കോട്ടെ ഇനി എത്ര നാളത്തേക്കാനാ...എന്തായാലും വരണം ..ഞാൻ രാവിലെ വണ്ടിയയക്കും..നല്ല ചിമിട്ടൻ നീഗ്രോകളാണ് കൊണ്ടുപോകാൻ വരുന്നത്..എതിർത്താൽ അവർ പൊക്കിയെടുത്തോണ്ട് പോകും ...” എന്നാ ഞാൻ പോട്ടെ ..ഇതാ 500 രൂപയൊണ്ട് മരുന്നൊക്കെ മേടിച്ച് കഴിക്ക്..“
ഞങ്ങൾ പുറത്തേക്കിറങ്ങി...

Date :   2060 February 5.

ആതിര ബാറീനുമുന്നിൽ നിന്ന് തുടങ്ങിയ സമാപന റാലി മൈതാനത്ത് അവസാനിച്ചു.തിരുനക്കര മൈതാനം ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു...

വേദിയിൽ   യൂണിവേഴ്സൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ശശിമോൻ ,
കോഴിപ്പാറ എയർവേയ്സ് ചെയർമാൻ സി.സിനുകുകാർ, മറ്റു പ്രമുഖ ബ്ലോഗർമാർ , അങ്ങനെ ഉന്നതർ പലരും ഇരിക്കുന്നു...ഒരു സ്വർണ്ണസിംഹാസനം വേദിയിൽ ഒഴിഞ്ഞു കിടപ്പുണ്ട്...
അതേ ബ്ലോഗിന്റെ കുലപതിക്കുവേണ്ടി ഒഴിച്ചിട്ട സിംഹാസനം...അധികം വൈകാതെ കട്ടിലോടെ പൊക്കിയെടുത്ത നിലയിൽ അദ്ദേഹത്തെ സ്റ്റേജിലേക്ക് നീഗ്രോകൾ കൊണ്ടുവന്നു...

നാട്ടുകാർ ആകാംക്ഷയോടെ ഉറ്റുനോക്കി..പ്രിയപ്പെട്ടവരേ...നമ്മുടെ സ്വന്തം എഴുത്തഛനെ ഇതാ സിംഹാസനത്തിൽ അവരോധിക്കാൻ പോകുന്നു..എല്ലാവരും ഹർഷാരവം മുഴക്കി..

ഇറ്റാലിയൻ പുലിത്തോലിൽ  തീർത്ത  കിരീടം ജസ്റ്റിസ് അദ്ദേഹത്തെ അണിയിച്ചു..
ഇനി ഈ സിംഹാസനത്തിൽ അങ്ങിരുന്നാലും..

“...ഇല്ലാ..ഞാനിരിക്കില്ല ...“തമ്പ്രാൻ പറഞ്ഞു..

“ കുഴപ്പമില്ല ..അങ്ങേയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണീത്..ഇരുന്നോളൂ...”

എന്തുവന്നാലും ഞാനിരിക്കില്ല.....അവസാനം എല്ലാവരും കൂടെ ബലമായി നിർബ്ബന്ധിച്ച് അദ്ദേഹത്തെ ആ സിംഹാസനത്തിലേക്ക് പിടിച്ചിരുത്തി..

“ അയ്യോ......” എന്നൊരലർച്ച...വീണ്ടും...എല്ലാവരും ഞെട്ടി..

This Is the same sound of the guy who got hit  from my gunshot yesterday... സ്വിസ് ഗാർഡ് ആൻഡ്രൂസ് പറഞ്ഞു..

എല്ലാവർക്കും കാര്യം മനസ്സിലായി..അപ്പോൾ ഇന്നലെ കുന്തമെറിഞ്ഞ് എന്നെ വധിക്കാൻ ശ്രമിച്ചത്..ഇദ്ദേഹമായിരുന്നല്ലേ...പെട്ടെന്നുതന്നെ കേരളാ മോഡേൺ സൂപ്പർപോലീസ് വന്ന് തമ്പ്രാനെ ബന്ധവസ്സിലാക്കി....അവനെ  ഞങ്ങൾക്കു വിട്ടു തരൂ‍.......ജനങ്ങൾ അലറിവിളിച്ചു..

“ അറസ്റ്റ് ഹിം..” ജസ്റ്റിസ് ഓർഡറിട്ടു..

“ ഒരു നിമിഷം നിൽക്കണേ
“..എല്ലാവരും തിരിഞ്ഞു സദസ്സിലേക്കുനോക്കി .. .തമ്പ്രാന്റെ കാര്യസ്ഥൻ കുഞ്ചിത്ആന്റണിയാണ്..കൈയ്യിൽ കുറേ പുസ്തകങ്ങളും വീഡിയോ കാസറ്റുകളും...

അദ്ദേഹം പറഞ്ഞു.....തമ്പ്രാന് ഒരു പ്രത്യേകമായ അസുഖമുണ്ട്....
ഇംഗ്ലീഷിൽ ഇതിന്  
ഡ്യുവല്പേഴ്സെണാലിറ്റി ഡിസോഡർ കം മെഡിറ്ററേനിയൻ റിപ്ലിക്ക “എന്നു പറയും..രോഗത്തിന്റെ പേരു കേട്ടതോടെ ജനങ്ങൾ  ഒന്നടങ്ങി....സദസ്സിലിരുന്ന ചില 
സ്ത്രീബ്ലോഗേഴ്സ് പേടിച്ച് മോഹാലാസ്യപ്പെട്ടു വീണു..

ഈ ബുക്ക് വായിച്ച് ഈ കാസറ്റും കണ്ടാൽ എല്ലാർക്കും മനസ്സിലാകും..അദ്ദേഹം വലിയ ഒരു  ബുക്ക് ജഡ്ജിന്റെ കൈയ്യിൽക്കൊടുത്തു...“ ബ്ലൂടൂത്ത് ഫോർ ജാവ  “
[ ശരിക്കും നല്ല ഐടി പുസ്തകമാണ്..മാന്യവായനക്കാർ ഓരോ കോപ്പി വച്ച് വാങ്ങണം .കൊന്നാൽ‌ പാപം തിന്നാൽ തീരുമെന്നാണല്ലോ.] കൂടെ അന്യന്റെ വീഡിയോ കാസറ്റും...

 അത് വായിച്ചതോടെ ജഡ്ജിക്ക് കാര്യം മനസ്സിലായി...മാത്രമല്ല അദ്ദേഹം നേരത്തേതന്നെ
“ അന്യൻ ” രണ്ടുവട്ടം കാസറ്റിട്ട് കണ്ടിട്ടുമുണ്ടായിരുന്നു...

“ റിലീസ് ഹിം..“   ജഡ്ജ് ഉത്തരവിട്ടു..പോലീസുകാർ തമ്പ്രാനെ മോചിപ്പിച്ചു...

തുടർന്ന് അദ്ദേഹം സദസ്സിനെ നോക്കിപ്പറഞ്ഞു..ഈ മഹാനായ ബ്ലോഗർ ഒരു സാധാരണ ബ്ലോഗറല്ല..ബ്ലോഗർമാരിൽ വച്ചും ഏറ്റവും വലിയവനായ  “ ഗസറ്റഡ് ബ്ലോഗറാണിത് .”
അതെ ഒരു ഗസറ്റഡ് ബ്ലോഗർ..

ഇതുകേട്ടതോടെ തന്റെ തലയിൽ നിന്നും ഒരു കിളി പറന്നുപോയതുപോലെ തമ്പ്രാന് തോന്നി..

അപ്പോൾ സദസ്സിലിരുന്ന ഒരു ഗൈനക്കോളജിസ്റ്റ് വേദിയിലേക്കു കയറിവന്ന് ഹ്രിദയമിടിപ്പുകുഴൽ
നെഞ്ചിൽ വച്ച് തമ്പ്രാനെ പരിശോധിച്ചു.എന്നിട്ട് തിരിഞ്ഞുനിന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു..തമ്പ്രാന് സൂക്കേട് എല്ലാം ഭേദമായി..തളർച്ചയും മാറി ഇപ്പോൾ ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്..നിങ്ങൾക്കിതാ പഴയ ആ ആറാം തമ്പുരാനെ തിരികെക്കിട്ടിയിരിക്കുന്നു..

സന്തോഷം കൊണ്ട് ജനങ്ങൾ ന്രിത്തം ചവിട്ടി.തമ്പ്രാനാകട്ടേ ആ‍നന്ദാശ്രുപൊഴിച്ചുകൊണ്ട് സിംഹാസനത്തിലേക്ക് അമർന്നിരുന്നു..ബുള്ളറ്റ് വൂണ്ടിന്റെ വേദന അദ്ദേഹം ശ്രദ്ധിച്ചതേയില്ല....
ബൂലോകത്ത് വീണ്ടും വസന്തം കടന്നുവന്നു...

                                                                           

                                                                 ദേണ്ട്  [The End ]
Related Posts Plugin for WordPress, Blogger...