The best engineering movie ever made. |
രാവിലെ തന്നെ കുളിച്ചൊരുങ്ങി ചുണ്ടത്തൊരു തെറുപ്പു ബീഡിയുമായി കിറ്റെക്സ്ലുങ്കി മടക്കിയുടുത്ത് ഗോപി മുറ്റത്തേക്കിറങ്ങി.. ക്ലാ...ക്ലാ...ക്ലി..ക്ലി ഗോപിക്കുട്ടൻ തിരിഞ്ഞു നോക്കി..മുറ്റത്തൊരു മൈന...വീണ്ടും ക്ലാ...ക്ലാ...ക്ലി..ക്ലി ..മൈന തിരിഞ്ഞു നോക്കി. മുറ്റത്തൊരു മയി....ൻ .[ഒരു എസ്.എം.എസാണ്..ഫിൽ ഇൻ ദ ബ്ലാങ്ക്സ് വിത്ത് സ്യൂട്ടബിൾസ്].
ഗോപി അങ്ങനെയായിരുന്നു..ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കടുത്ത ആരാധകൻ. ടെക്സസിൽ ടാക്സിയോടിക്കുന്ന വല്യച്ഛൻ കഴിഞ്ഞകൊല്ലം അവധിക്കു നാട്ടിൽ വന്നപ്പോൾ കൊണ്ടുവന്ന
“ദ ഗുഡ്,ദ ബാഡ് & ദ അഗ്ലി“ യുടെ കാസറ്റ് കണ്ടതുമുതലാണ് അവനീ ആരാധന മൂത്തത്...പിന്നെ എന്തു പറഞ്ഞാലും അതെല്ലാം ഡയലോഗുകളായി പരിണമിക്കും....ആണുങ്ങളായാൽ എപ്പോഴും ചുണ്ടത്ത് സിഗാർ
കത്തിക്കൊണ്ടിരിക്കണം...പെണ്ണൂങ്ങളെ നോക്കുമ്പോൾ ഒരു തരം നിർവികാരമായ പുഞ്ജം മുഖത്തേക്ക് കയറിവരണം...
തുടങ്ങിയ ഒരു യഥാർത്ത മെയിൽ ഷോവനിസ്റ്റിനു വേണ്ട എല്ലാ യോഗ്യതകളും മനസ്സിൽ അക്കമിട്ടുനെരത്തി അതിനുമോളിൽ ഒരുലോഡ് സീമന്റിട്ടുറപ്പിച്ച നാട്ടിലെ ഏക പുരുഷസിങ്കമാകുന്നു ഗോപി ഏലിയാസ് ഗോപിക്കുട്ടൻ.
തമ്പുരാൻ കർത്താവിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരേപ്പോലെ സദാസമയവും ഗോപിക്കുട്ടന്റെ അപ്പുറവും ഇപ്പുറവും നടന്നിരുന്ന ആത്മാർഥ ഗഡികളായിരുന്നു സ്കഡ് ഷിജു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളീക്കുന്ന ചുമ്മാ ഷിജുമോൻ.. ( സീനിയർ റിപ്പോർട്ടർ ‘രാഷ്ട്രീയ കല്ലോലിനി ‘ അന്തിപ്പത്രം ) ...പിന്നെ പ്രീഡിഗ്രി രണ്ടാമതും തോറ്റ ക്ഷീണത്തിൽ
വിശ്രമിക്കുന്ന കോഴിപ്പറമ്പിൽ ജോർജ്ജുകുട്ടിയും....
പതിവുപോലെ വീക്കെൻഡിൽ കുടുക്കാമ്പാറ ഷാപ്പിലെ 77 ഡിഗ്രി കിഴക്കോട്ടു ചാഞ്ഞ ബഞ്ചിലിരുന്നു മൂവരും കൂടി സിലോൺപേസ്റ്റ് കലക്കാത്ത ശുദ്ധമായ കേരളാ ദേശീയപാനീയം ഡൌൺലോഡ് ചെയ്യുകയായിരുന്നു..വിത്ത് മത്തിക്കറി..
അളീയാ..നമ്മളെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.....ഗോപി പറഞ്ഞുതുടങ്ങി.....
കുറെ ജോലിയെടുത്ത് കുടുംബവും പ്രാരാബ്ധവുമൊക്കെയായി അവസാനം വയസ്സുചെന്ന് ചാവാനോ..നോ എനിക്കതിന് വയ്യ....സൌകര്യമില്ല.....ഈ സാമ്പ്രദായിക രീതികൾ എല്ലാം ഞാൻ പൊളിച്ചടുക്കും..എന്റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും....അതല്ലേ ആണത്തം“
ഗ്ലാസ് കാലിയാക്കി അവൻ മേശപ്പുറത്തേക്ക് മ്രിദുലമായി വച്ചു.. ” ഠിൽ ! ! ! ! ! ! ” ...ഗ്ലാസു പൊട്ടി..
ഷാപ്പ് മാനേജർ തോമാച്ചേട്ടൻ പറ്റിൽ 10രൂപ കൂടെയെഴുതിച്ചേർത്തു...
നാളത്തെ പത്രത്തിലിടാൻ ‘ വിദേശം ‘ എന്ന കോളം എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ഷിജുമോൻ മുഖമുയർത്തി അവനെയൊന്നു നോക്കി..
“ ഒബാമയുടെ കാമുകി പിടിയിൽ “ എന്ന പ്രധാന വാർത്തയായിരുന്നു അവൻ എഴുതിക്കൊണ്ടിരുന്നത്..” ഒന്നാമത്തെ കാര്യം ഒബാമ ജന്മത്ത് ഈ പത്രം വായിക്കാൻ പോകുന്നില്ല..പിന്നെ ഇതൊക്കെ വായിക്കുന്ന നാട്ടിലെ ഊളകളാകട്ടെ ഒബാമയെ ടിവിയിലെ കണ്ടിട്ടുള്ളൂ..അപ്പോ അവരു വഴിയും ഇത് പുള്ളിയറിയില്ല...പിന്നെ റിസ്കില്ലല്ലോ..എന്തു വേണേലും കാച്ചാമല്ലോ...വായിക്കുന്നവർക്ക് ഒരു രോമാഞ്ചം കിട്ടുകയും ചെയ്യും.....
പേന അടച്ചുവച്ച് തന്റെ മഹത്തായ താടി തടവിക്കൊണ്ട് ഷിജു പറഞ്ഞു..
ശരിയാ അളിയാ..ഓരോ ദിവസം കഴിയുന്തോറും പത്രത്തിന്റെ സർക്കുലേഷൻ കുറയുകയാണ്...എന്തെങ്കിലും റൂട്ടുമാറ്റിപ്പിടിക്കണം...
അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഫ്രഷ് മുളകുകറിയുമായി ജോർജ്ജുകുട്ടിയും വന്നു..ഗോപി തന്റെ ഷർട്ടിന്റെ ഇടയിൽ നിന്നും ഒരു പുത്തൻ ‘ക്രൈം’ എടുത്തു..അതിന്റെ 36മത്തെ പേജിലെ പരസ്യം അവരെ കാണിച്ചു..
‘ 500 രൂപ മാത്രം...തപസ്സു ചെയ്യൂ ..ദൈവത്തെ പ്രത്യക്ഷപ്പെടുത്തൂ...ആഗ്രഹങ്ങൾ നിറവേറ്റൂ ”
ഒരാഴ്ച ട്രൈനിംഗ് കോഴ്സ്, കടവുൾ മുനിസാമികൾ , മാട്ടുപ്പെട്ടി പി.ഒ.. തമിഴ്നാട്....
എടാ...നമുക്കൊന്നു ട്രൈ ചെയ്താലോ..ചുളുവിൽ ആഗ്രഹങ്ങൾ സാധിക്കും...അടുത്ത ദിവസം തന്നെയവർ മൂവരും തമിഴ്നാട്ടിലേക്ക് വണ്ടികയറി...ട്രൈനിംഗ് വിജയകരമായി പൂർത്തിയാക്കി.
അവിടെത്തന്നെ തപസ്സ് ചെയ്യാനുള്ള എല്ലാ സൌകര്യങ്ങളൂം ഉണ്ടായിരുന്നു.... Y വടിയും രുദ്രാക്ഷമാലയും പിടിയുള്ള മൊന്തയും എല്ലാം...
തപസ്സു തുടങ്ങി.കോമ്പർമൈസില്ലാത്ത അധികഠിനമായ തപസ്സ്..പത്മാസനം ,വജ്രാസനം,കുക്കുടാസനം തുടങ്ങിയ എല്ലാ പോസ്റ്ററുകളിലും നിന്നും കിടന്നും ഇരുന്നുമെല്ലാമവർ തപസ്സു ചെയ്തു...
അതിന്റെ അലകൾ അങ്ങ് ദേവലോകത്തുമെത്തി...ദേവന്മാർ ഇരിക്കുന്ന കസേരകൾ ചൂടായിത്തുടങ്ങി..അതങ്ങനെയാണ് പണ്ടുമുതലേ ഭൂമിയും ദേവലോകത്തെ 33 കോടി കസേരകളും വൈ-ഫൈ വഴി ഇന്റർകണക്ട് ചെയ്തിട്ടുണ്ട്...ഭൂമിയിൽ ആരെങ്കിലും കഠിനമായി തപസനുഷ്ഠിച്ചാൽ തപശക്തിയാൽ ആ സ്വർണ്ണ കസേരകൾ ചൂടായിത്തുടങ്ങും...അവസാനം ഗതികെട്ട് ഏതു ദേവനെയാണോ പ്രാർഥിക്കുന്നത് കറസ്പോണ്ടിംങ്ങ് ദേവൻ പ്രത്യക്ഷപ്പെട്ട് വരം നൽകി പ്രശ്നം ഡോൾബിയാക്കും....മണ്ഡലകാലത്തൊക്കെ പൊതുവേ ദേവലോകത്ത് എല്ലാരും ചാക്ക് വിരിച്ച് തറയിലാണിരുപ്പ്...അന്നൊക്കെ എന്നും പൂജകളും ഹോമങ്ങളും യാഗങ്ങളുമല്ലേ...
അങ്ങനെ ഇരിപ്പുറയ്ക്കാത്ത ദേവന്മാർ പതിവുപോലെ സങ്കടം ബോധിപ്പിക്കാൻ ത്രിമൂർത്തികളുടെ അടുത്തെത്തി..ആദ്യം ബ്രഹ്മാവിനെയാണ് കണ്ടത്...പക്ഷേ സരസ്വതിദേവി അത് സമ്മതിച്ചില്ല...
നിങ്ങളു പോയി വേറെ വല്ല ആളിനേം നോക്കെടാ പിള്ളാരേ..ഇങ്ങേർക്ക് വയസ്സായി..ഇനി ഈ പ്രായത്തിലാ വരം കൊടുക്കാൻ പോകുന്നത്..അതൊക്കെ പണ്ട്..ഒന്ന് പോടാപ്പാ...എന്ന് പറഞ്ഞു..
നിരാശരായ ദേവന്മാർ നേരെ കൈലാസത്തിലെത്തി...കിടുകിടാ വിറയ്ക്കുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് കോപ്പീലൂവാക്കിന്റെ ഒരു ഗ്ലാസ് കാപ്പി ഊതിക്കുടിക്കുന്ന മഹാദേവനെയവർ കണ്ടു..
കാശിനാഥാ രക്ഷിക്കണേ ....ഞങ്ങളേ രക്ഷിക്കാനിനി അവിടുന്നേയുള്ളൂ ഭഗവാനേ...അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണൂ..
സോറി... ഇപ്പോൾ കൈലാസത്തിൽ ഫ്ലോറീങ്ങ് നടക്കുകയാണ്..ഐസുപോലെത്തെ തറയിൽ ചവിട്ടി ചവിട്ടി കാലിനൊക്കെ പ്രശ്നം.. ഉമ പറഞ്ഞു ഇവിടെല്ലാം മാർബിളീടണമെന്ന്...
രാജസ്ഥാനിലെ മാർബിൾ ക്വോറി ഉടമസ്ഥനായ മി.ഗുണുറാം എന്റെ വലിയ ഭക്തനാണ്..പുള്ളി രണ്ടുലോഡ് രാജസ്ഥാൻ മാർബിൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്..ഫ്ലോറിങ്ങ് പണിക്കാർ ഇപ്പോഴെത്തും..ഞാൻ അതൊക്കെയായി നല്ല ബിസിയാണ്..നിങ്ങള് പോയി ആ വിഷ്ണുവിനോട് പറയൂ...അവൻ ചെയ്തുതരും..ഞാൻ വിളിച്ചുപറഞ്ഞേക്കാം...
ടെമ്പറ് തെറ്റിയ ദേവന്മാർ പറന്ന്പറന്ന് അവസാനം വൈകുണ്ഠത്തിലെത്തി....മറ്റു സ്ഥലങ്ങളെപ്പോലെയല്ലായിരുന്നു വൈകുണ്ഠം..നല്ല പ്രോസ്പറസ്സായിരുന്നു...ലക്ഷ്മീദേവിയുടെ പ്രസൻസു കൊണ്ട് ഭയങ്കര ഐശ്വര്യമായിരുന്നു അവിടെല്ലാം...
ദേവന്മാർ ചെല്ലുമ്പോൾ നാരദനുമായി റമ്മി കളിക്കുകയായിരുന്നു ഭഗവാൻ ... ” മയിൽപ്പീലി ”യുടെ സിഡി മ്യൂസിക്ക്പ്ലെയറീൽ ഇട്ടിരുന്നു..അവരെ കണ്ടതോടെ കളി സ്കൂട്ടു ചെയ്ത്..ഭഗവാൻ എഴുന്നേറ്റു...
പ്രഭോ..കേരളത്തിലെ മൂന്നു ചെറുപ്പക്കാർ അതിഭയങ്കര തപസ്സിലാണ്..അങ്ങ് പ്രത്യക്ഷമായി അവർക്ക് വരം കൊടുത്ത് ആ തപസ്സവസാൻപ്പിക്കണം..
സോറി..എനിക്ക് നാളെ ലയൺസിന്റെ ആനുവൽ ഡേയിൽ പങ്കെടുക്കണം..അതു കഴിഞ്ഞ് മാപ്രാണം കരയോഗത്തിന്റെ ചെറിയൊരു മീറ്റിങ്ങുമുണ്ട്..ആകെ ബിസിയാ..നിങ്ങൾ പോയിട്ട് അടുത്താഴ്ച വാ..
അപ്പോഴേക്കും പാലാഴിയിൽ നിന്നുമെടുത്ത ഫ്രഷ് മിൽക്ക് കൊണ്ടുണ്ടാക്കിയ ചായയുമായി ലക്ഷ്മീദേവി എത്തി...
ദേവന്മാർ ദേവിയുടെ കാൽക്കൽ വീണു..
“ ചേച്ചീ..ചേച്ചീ...... ഒന്നു പറ പ്ലീസ്...ഞങ്ങളെ രക്ഷിക്കാൻ...“..
ദേ മനുഷ്യാ..നിങ്ങളിങ്ങനെ ഒരുപണിയും ചെയ്യാതെ ഇവിടെ കുത്തിയിരുന്നു ചീട്ടുകളിക്കുന്ന സമയത്തിന് ഈ പാവങ്ങളുടെ കാര്യം ഒന്ന് നോക്കരുതോ....പോയി വരം കൊടുത്തിട്ടു വാ..
....ഉം...പോ ചെല്ല്...
സംഗതി പ്രശ്നമാണന്നു മനസ്സിലാക്കിയ ഭഗവാൻ പതുക്കെ എണീറ്റു...ഇപ്പോൾത്തന്നെ അവരെക്കണ്ട് വരം കൊടുക്കാമെന്ന് ദേവന്മാർക്ക് വാക്കുകൊടുത്തു...ചൈനയിൽ പാമ്പു ഭക്ഷ്യമേള നടക്കുന്നതിനാൽ ഗരുഡൻ ലീവിലായിരുന്നു..വേറെ വാഹനം..ങാ..പുഷ്പകവിമാനം പോർച്ചിൽ കിടപ്പുണ്ട്..
പണ്ട് ത്രേതായുഗത്തിൽ രാവണനിൽ നിന്നും സിസി പിടിച്ച പുഷ്പക വിമാനം പിന്നീട് ഉപയോഗിച്ചിട്ടില്ലായിരുന്നു...ഓയിലും ബാറ്ററിയും മാറ്റി ഒന്നു സ്റ്റാർട്ട് ചെയ്തു എരപ്പിച്ചു നിർത്താൻ അദ്ദേഹം ഡ്രൈവറോട് പറഞ്ഞിട്ട് കുളിക്കാനായി തോർത്തുമെടുത്ത് പാൽക്കടലിലേക്ക് പോയി..
പുത്തൻ മഞ്ഞ ഷോളുമിട്ട്...ഒരുങ്ങി സുന്ദരനായി..ചാർജ്ജു ചെയ്യാനായി കുത്തിയിട്ടിരുന്ന സൂര്യതേജ്ജസായ സുദർശന ചക്രവുമെടൂത്ത്..അദ്ദേഹം വിമാനത്തിൽക്കയറിയിരുന്നു...ചെറിയ മിസ്സിംഗോടെ വിമാനം മാട്ടുപ്പെട്ടി ലക്ഷ്യമാക്കി പറന്നുതുടങ്ങി...
അവസാനം മാട്ടുപ്പെട്ടിയിലെ അഗാധമായ ഗുഹകളിൽ നിന്നും ഒറ്റക്കാലിൽ നിന്നു തപസ്സുചെയ്യുന്ന മൂന്നുപേരുടേയും മുന്നിലേക്ക് ഭഗവാൻ പ്രത്യക്ഷപ്പെട്ടു...
വത്സന്മാരേ കണ്ണു തുറക്കൂ..ഞാൻ സമ്പ്രീതനായിരിക്കുന്നു..നിങ്ങൾക്ക് എന്താണ് വേണ്ടത് പറയൂ...
കണ്ണുകൾ തുറന്ന മൂവരും ആ കാഴ്ചകണ്ട് ഞെട്ടി..അതാ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷനായിരിക്കുന്നു...സീരിയലിലും ബാലെയിലും ഒക്കെക്കണ്ട അതേ വേഷം തന്നെ...ഇനിയെന്തോ വേണം..
അടിയന്മാരെ അനുഗ്രഹിക്കേണമേ തമ്പുരാനേ..മൂന്നുപേരും കോറസ്സായി പറഞ്ഞു...
ആദ്യമായി ജോർജ്ജുകുട്ടിയുടെ നേരെ തിരിഞ്ഞുകൊണ്ട് ഭഗവാൻ ചോദിച്ചു..എന്താണ് നിന്റെ ആഗ്രഹം.പറയൂ...
ഒരു കള്ളച്ചിരിയോടെ..നാണത്തോടെ ജോർജ്ജുകുട്ടി ദൈവത്തിന്റെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു...
ഭഗവാൻ അവനെയൊന്നു നോക്കി...എന്നിട്ടുപറഞ്ഞു നിന്റെ നില്പ് കണ്ടപ്പോഴേ തോന്നി നീയിതു ചോദിക്കുമെന്ന്...
ശരി വരമല്ലേ.. അങ്ങനെതന്നെ നടക്കട്ടെ...തഥാസ്തു..ഭഗവാൻ കൈയ്യുയർത്തി അനുഗ്രഹിച്ചു..
ഠിങ്ങ്...പെട്ടെന്നതാ ആകാശത്തുനിന്നും രണ്ട് പാണ്ടിലോറി നിറയെ ഹോളിവുഡ് സിനിമാനടിമാർ
“ ഹായ് ജ്ജോർജ്ജുകുട്ടീ .. ലെറ്റ്സ് എൻജോജ് മാൻ “ എന്നു പറഞ്ഞുകൊണ്ട് അവിടെ പ്രത്യക്ഷപ്പെട്ടു...
ജോർജ്ജുകുട്ടിയേയും നടിമാരേയും എല്ലാം വലിയ ഒരു കടമുറിയിലാക്കി ദൈവം ഷട്ടറിട്ടു പുറത്തുനിന്നും പൂട്ടി..ഞാൻ ഒരു കൊല്ലം കഴിഞ്ഞ് വരുമ്പോൾ തുറന്നുവിടാം..അതുവരെ അർമ്മാദ്ദിക്കൂ...
അതിനുശേഷം ഷിജുമോനോട് ദൈവം ചോദിച്ചു.. ടാ..എന്തു വേണം..പറ
അവന് ചിന്തിക്കാൻ ഒന്നുമില്ലായിരുന്നു..ദൈവമേ എനിക്കൊന്നു സുഖിക്കണം... എല്ലാവിധ ലോകത്തെ മദ്യങ്ങളും വേണം എനിക്ക്...ഇതര വിഷയങ്ങളിൽ എനിക്ക് താത്പര്യമില്ല...മതിയാകുന്നിടം വരെ അടിച്ച് മരിക്കണം...അത്രേയുള്ളൂ...
ഭഗവാൻ കൈയ്യുയർത്തി....ഉടനേതന്നെ ഒരു കൊല്ലത്തേക്കുള്ള വിവിധയിനം മദ്യങ്ങളും ഭക്ഷണങ്ങളൂം കൊണ്ട് ഷിജുവിന്റെ കടമുറി നിറഞ്ഞു...
അളീയാ അടുത്തകൊല്ലം കാണാം എന്നു ഗോപിയോട് പറഞ്ഞ്കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഷിജു മുറിയിലേക്ക് കയറി..ദൈവം ഉടൻ തന്നെ ആ മുറിയും പൂട്ടി ഷട്ടറിട്ടു..
അടുത്തതായി ഗോപിയോട് ദൈവം ചോദിച്ചു...വത്സാ നിനക്കെന്താണ് വേണ്ടത്...
ഗോപി ഒന്നാലോചിച്ചു എന്നിട്ട് പറഞ്ഞു..എനിക്ക് സിഗാർ വലിയിലാണ് താത്പര്യം..ഒരു കാര്യം ചെയ്യ് ലോകത്തുള്ള എല്ലാത്തരം വിലകൂടിയ സിഗരറ്റുകളും, ചുരുട്ടുകളും വേണം..എനിക്ക്
ക്ലിന്റീസ്റ്റ്വുഡ്ഡിനേപ്പോലെ ആശ തീരുവോളം വലിക്കണം...എന്ന് പറഞ്ഞു....
അപ്പോഴേക്കും ലോകത്തുള്ള എല്ലാത്തരം ചുരുട്ടുകളും സിഗരറ്റുകളും ആ വലിയ ഹാളിൽ പ്രത്യക്ഷപ്പെട്ടു.... ദിനേശ് ബീഡി മുതൽ ഹാഫ്-എ-കൊറോണവരെ ...
ശരി ഞാൻ ഇനി ഒരു കൊല്ലം കഴിഞ്ഞുവരാം മകനേ എന്ന് പറഞ്ഞുകൊണ്ട് ഗോപിയെ അകത്താക്കി ആമത്താഴിട്ട് ആ ഹാളീന്റേം ഷട്ടർ പൂട്ടി..എന്നിട്ട് ദേവലോകത്തേക്ക് തിരികെപ്പോയി...
ഒരു വർഷത്തിനു ശേഷം.....
ഭഗവാൻ മടങ്ങിവന്നു...ആദ്യത്തെ കടമുറി തുറന്നു....നടിമാരുടെ തുണി അലക്കുന്ന ജോർജ്ജുകുട്ടിയെയാണ് കണ്ടത്..
ഓ എന്റെ തപുരാനേ ഒന്നും പറയണ്ട..ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു...പിന്നെ ഇവളൂമാരെല്ലാം എന്നേക്കൊണ്ട് ഓരോ ജോലി ചെയ്യിക്കാൻ തുടങ്ങി..എന്നാലും മൊത്തത്തിൽ കുഴപ്പമില്ല..തരക്കേടില്ലാതെ എഞ്ചോയ് ചെയ്തു..
ഭഗവാൻ ഒന്നു വിരൽ ഞൊടിച്ചു..നടിമാർ അപ്രത്യക്ഷമായി..
അതിനുശേഷം ഭഗവാൻ അടുത്ത ഹാൾ തുറന്നു..അടിച്ച് വാളുവെച്ച് കിടക്കുന്ന ഷിജുമോനെയാണ് ദൈവം കണ്ടത്..ദൈവത്തെക്കണ്ടയുടനേ തന്നെ തന്നെ അവൻ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു..ഒരു ജന്മത്തേക്കുള്ള ക്വോട്ട ഞാനടിച്ചു തീർത്തു എന്ന് പറഞ്ഞു..
ദൈവം പുഞ്ചിരിയോടെ അവനെ അനുഗ്രഹിച്ചു കൊണ്ട് പാലാഴിയിൽ നിന്നും ഉണ്ടാക്കിയ ഒരു ഗ്ലാസ് മോര് കൊടുത്തു..
അവസാനമായി ഗോപിക്കുട്ടനെ പൂട്ടിയിട്ടിരുന്ന കടയുടെ ഷട്ടർ തുറന്നു..അകത്തെല്ലാം ഇരുട്ട്..ഭഗവാൻ ലൈറ്റിട്ടുനോക്കി...അതാ മുറിയുടെ ഒരു മൂലയ്ക്ക് ഗോപിക്കുട്ടനിരിക്കുന്നു...
ടാ ഗോപ്യേ...നീയെന്താ ഇരുട്ടത്തിരിക്കുന്നത്..എല്ലാം ഹാപ്പിയാണല്ലോ..ആഗ്രഹങ്ങളോക്കെ തീർന്നല്ലോ അല്ലേ...?
പ്ഫ.... ഇറങ്ങിപോടോ അവിടുന്നു..
എന്റെ കൈയ്യെത്തും ദൂരത്ത് നിന്നും മാറി നിന്നോണം...ഗോപി ചാടിയെണീറ്റ് അലറി...
എന്തുപറ്റി..? നീ ആവശ്യപ്പെട്ട എല്ലാത്തരം സിഗരറ്റുകളും ഞാൻ തന്നില്ലായിരുന്നോ..പിന്നെന്താ പ്രോബ്ലം...?..ദൈവം ചോദിച്ചു..എല്ലാം ഫസ്റ്റ് ക്വാളിറ്റിയായിരുന്നല്ലോ...
“എടോ..താനെല്ലാം തന്നു ശരി..പക്ഷേ എന്നെ ഇതിനാത്തിട്ടു പൂട്ടി പോകുന്നതിനു മുൻപ് ഒരു തീപ്പെട്ടിക്കൊള്ളിയെങ്കിലും തന്നിരുന്നോ എനിക്ക്..
പിന്നെ എന്തോന്നെടുത്തുവച്ച് ഞാൻ സിഗരറ്റ് കത്തിക്കും..“
..ഒരു സെക്കന്റ് ..........ദൈവം അപ്രത്യക്ഷനായി.
.