Followers

Oct 31, 2011

വേഗതയുടെ ട്രാക്ക് ഉണർന്നപ്പോൾ ....

  
   
വേഗതയുടെ ഗെയിമാണിത്...വേഗതയുടെ, ഏകാഗ്രതയുടെ, നിയമങ്ങളുടെ , എഞ്ചിനീയറീങ്ങ് മികവിന്റെ , സെലിബ്രിറ്റികളുടേയും ഒക്കെ.......എന്തു നല്ല കാര്യങ്ങളും ഏറ്റവും അവസാനം കിട്ടുന്ന രാജ്യങ്ങളിലൊന്നാണല്ലോ ഇന്ത്യ...വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ  ആദ്യ
ഫോർമുല വൺ റേസ് ഇന്ത്യയിൽ യാഥാർഥ്യമായി ..യൂറോപ്യൻസിന്റെ  അഹങ്കാരമായിരുന്ന വിനോദം അങ്ങിനെ ഇന്ത്യൻ മണ്ണിലും ചുവടുറപ്പിക്കുന്നു..ഒക്ടോബർ 30ന് നടന്ന മത്സരത്തിൽ, ഉത്തർപ്രദേശിലെ ബുദ്ധ് റേസ് സർക്യൂട്ടിൽ വച്ച്...

റേസ് ഡ്രൈവർമാരിൽ വച്ച് ഇന്ത്യക്കാർക്ക് കൂടുതൽ സുപരിചിതൻ ഒരുപക്ഷേ മൈക്കേൽ ഷൂമാർക്കർ ആകാം...ആ പേര് ഒരു ബ്രാൻഡ് നെയിമാണീന്ന്...ടീം ഫെറാറിയുടെ പഴയ പ്രസ്റ്റീജ് ഡ്രൈവർ..

പിന്നെ പൊതുവേ എല്ലാവരും ഓർക്കുന്നത് ആദ്യത്തെ ഇന്ത്യൻ ഡ്രൈവർ നരായിൻ കാർത്തികേയൻ...ഇന്ത്യൻ മാധ്യമങ്ങൾ പൊക്കിത്തലയിൽ വയ്ക്കുകയും അവസാനം  അവർതന്നെ വലിച്ച് താഴെയിടുകയും ചെയ്ത കാർത്തികേയൻ പക്ഷേ നിസ്സാരനല്ലായിരുന്നു....ജോർദാൻ ടോയോട്ടക്ക് വേണ്ടി കളത്തിലിറങ്ങിയ കാർത്തികേയന് സ്വഭാവികമായും  സാങ്കേതികതയിലും മറ്റും ഏറെപിന്നിലായതിനാലും എന്നും അവസാന സ്ഥാനക്കാരനായി നിൽക്കേണ്ടി വന്നു ..HRT യുടെ ഡ്രൈവറാണിന്ന് കാർത്തി...

ഇന്ത്യൻ    ഗ്രാൻഡ് പ്രിയിൽ  ഇത്തവണ കാർത്തികേയന് 17ആം സ്ഥാനം കൊണ്ട് ത്യപ്തനാകേണ്ടി വന്നു..അതും 57 ലാപ്പുകൾ ഡ്രൈവ് ചെയ്തുകൊണ്ട്....


  
Buddh circuit , Noida, UP
ഈ ചേരപ്പാമ്പിനെപ്പോലെ വളഞ്ഞ്പുളഞ്ഞ് കിടക്കുന്ന 5.14കിമി ദൈർഖ്യമുള്ള സർക്യൂട്ടിലെ 16 വളവുകൾ താണ്ടി 60 ലാപ്പിൽ ഏതാണ്ട് 308 കിമി ഓളം വലം ചുറ്റിയപ്പോഴാണ് ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ  റേസ് പൂർത്തിയായത്.

പഴയ രാജാവ് ഷൂമാക്കർ ആകട്ടെ ഇത്തവണ അഞ്ചാം സ്ഥാനത്താണ് എത്തിയത്...വന്യമായ വേഗതയായിരുന്നു റിട്ടയർ ചെയ്ത് വീണ്ടും തിരികെവന്ന ഷൂമാക്കറുടെ വിജയത്തിന്റെ കാതൽ..സ്വജീവനെ പോലും ത്യണവത്ഗണിച്ചുകൊണ്ട് തരം കിട്ടുമ്പോൾ ആക്രമണം നടത്തിയായിരുന്നു അദ്ദേഹം റേസുകൾ ജയിച്ചുകൊണ്ടിരുന്നത്...

2006ലെ സീസണിന്റെ അവസാനം  ഒരു സുപ്രഭാതത്തിൽ കത്തിനിൽക്കുന്ന താരപരിവേഷത്തിൽ നിന്ന് തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചു ഷൂമാക്കർ..ഈ കൊച്ചനിതെന്നാ പറ്റി എന്ന്  ജർമ്മനിയിലെ പല അമ്മൂമ്മമാരും പരസ്പരം ചോദിച്ചു...എങ്കിലും വേഗതയോടുള്ള അഭിനിവേശം നിലക്കാത്ത അദ്ദേഹം സ്പോട്ട്സ് ബൈക്കുകളുടെ റേസിലും കൈവച്ചു ഡ്യൂക്കാറ്റിയിൽ...അതിന്റെ മോളീന്ന് ഉരുണ്ട് വീണ് കഴുത്തുളുക്കുകയും ഒക്കെ ചെയ്തിരുന്നു പിന്നീട്...

  

അപ്പോഴും ഫെറാറിയുടെ ഉപദേശകനായി ജോലി തുടർന്ന ഷൂമാക്കറീന് യദ്യച്ഛ്യാ വീണ്ടും  ആ സ്റ്റിയറിങ്ങ് വീൽ പിടിക്കേണ്ടി വന്നു...ഹംഗറിയിൽ വച്ച് നടന്ന റേസിന്റെ യോഗ്യതാ റൌണ്ടിൽ വച്ച് ഉണ്ടായ അപകടത്തിൽ സസ്പെൻഷന് ഇടയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ഫിലിപ്പി മസായ്ക്ക്  പകരം ഡ്രൈവറായി ഫെറാറിക്ക് ഷൂമാക്കറേ ഉണ്ടായിരുന്നുള്ളൂ ...ഫെറാറിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു..ഷൂമാക്കർ തിരിച്ചുവരുന്നു....തിരിച്ചു വരവിൽ ഷൂമാക്കർ പക്ഷേ നിരാശപ്പെടുത്തിയില്ല....തന്റെ റേസിങ്ങ് ഹാബിറ്റ്സ് പതിയെ തിരിച്ചുപിടിക്കുകയായിരുന്നു ...

ഒരു സീസണിൽ പലപ്പോഴായി നടത്തുന്ന റേസുകളുടെ ആകെത്തുക പോയിന്റിൽ കൂട്ടിയാണ് അക്കൊല്ലത്തെ വിജയിയെ കണ്ടെത്തുന്നത്....പ്രീവിയസ് പോയിന്റുകളുടെ കനം അനുസരിച്ചാണ് കാറുകളുടെ  ഗ്രിഡ് പൊസിഷനുകൾ നിശ്ചയിക്കുന്നത്....

  
 ഇപ്പഴത്തെ ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റേൽ ആണ് പോൾ പൊസിഷനിൽ ഉണ്ടായിരുന്നത്... ടീം റെഡ്ബുൾ...അവൻ തനിക്കൊണം കാണിച്ചു...റേസ് തുടങ്ങിയതും  നിലം തൊടാതങ്ങ് പോയി....ഒരു മണിക്കൂർ 30 മിനിറ്റ് 35 സെക്കന്റ് കൊണ്ട് 60 ലാപ്പ് ഫിനിഷ് ചെയ്ത് വിജയത്തിലെത്തി....തൊട്ടടുത്ത സ്ഥാനക്കാരനാകാൻ പറ്റിയത് ഏഴ് സെക്കന്റ് താമസിച്ച് ലാപ്പ് പൂർത്തിയാക്കിയ മെർസിഡീസ്-മക്ലേന്റെ ജിൻസൺ ബട്ടണായിരുന്നു..മൂന്നാം സ്ഥാനത്ത് ഫെർണാണ്ടോ അലൻസോയും....

അവസാന ലാപ്പിലെ അപകടം നിറഞ്ഞ മരണപ്പാച്ചിൽ തന്നെയാണ് സെബാസ്റ്റ്യൻ ഇത്തവണയും കാഴ്ച്ചവെച്ചത്....സ്വയവും മറ്റു പലർക്കും അപകടം വരുത്തിവക്കുന്ന, വച്ചിട്ടുള്ള  അതേ വേഗത...

അപകടങ്ങളുടെ കളിത്തോഴനായ ഫെറാറിയുടെ സൂപ്പർ ഡ്രൈവർ ഫിലിപ്പി മസായ്ക്ക് ഇത്തവണയും നിരാശനാകേണ്ടി വന്നില്ല..ഹാമിൽട്ടന്റെ കാറുമായുണ്ടായ ക്രാഷിൽ പെട്ട് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു...

എങ്കിലും പൊതുവിൽ ആവേശജനകമായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ഫോർമുല വൺ റേസ്...ആരെയും നിരാശപ്പെടുത്തിയില്ല ..

  
ഇനിയൊരല്പം എക്സ്ട്രീം എഞ്ചിനീയറിങ്ങിലേക്ക് കടന്നാൽ FIA (Fédération Internationale de l'Automobile)  ചില പൊതുവായ നിയമങ്ങൾ വെച്ചിട്ടുണ്ട് ഫോർമുല വൺ കാറുകൾക്കായി...18000RPMൽ അധികം വേഗത പാടില്ല എഞ്ചിന് എന്നതാണ് ഒന്ന് അതും 2400സിസിയിൽ താഴെ ക്യൂബിക് കപ്പാസിറ്റിയെ പാടുള്ളൂ.....


ഒരൊറ്റ റേസിനു വേണ്ടിയാണ് ഓരോ എഞ്ചിനുകളും നിർമ്മിക്കുന്നത്..അതായത് മണിക്കൂറുകൾ ആയുസ്സുള്ള മാക്സിമം പെർഫോമെൻസ് തരുന്ന എഞ്ചിനുകൾ....80000 ഓളം പാർട്ടുകൾ കൂട്ടിയോജിപ്പിച്ചാണ് ഒരു കാർ നിരത്തിലിറക്കുന്നത്..അതിൽ 99.9% ക്യത്യത വന്നാൽ പോലും 80 ഘടകങ്ങൾ തെറ്റായിട്ടായിരിക്കും ഫിറ്റ് ചെയ്തിരിക്കുന്നത്..അത് കൊണ്ട് 100% ക്യത്യതയാണ് ഇതിൽ ആവശ്യം..

പിറ്റ്സ് സ്റ്റോപ്പ് ക്രൂവിന്റെയും എഞ്ചിനീയർമാരുടെയും മികവാണ് മൂന്നോ നാലോ സെക്കന്റുകൾ കൊണ്ട് ടയർ മാറി റീഫ്യൂവൽ ചെയ്ത് ലേനിലേക്കിറക്കിവിടുന്ന ആ വേഗതയാണ് ഒരു റേസ് ഡ്രൈവറുടെ വിജയത്തിന്റെ ഒരു വലിയ ഭാഗം.എങ്കിലും 2010 മുതൽ പിസ്റ്റ് സ്റ്റോപ്പിലെ റീഫ്യൂവലിങ്ങ് നിർത്തലാക്കിയിട്ടുണ്ട്....ഓരോ ദിവസവും ഓരോ നിയമാണിവന്മാർക്ക്...

F1 കാറുകളുടെ ആക്സിലറേഷൻ ആവറേജ്
0-60mph in 2.5 sec.
0-100mph in  4 sec.
0-200mph in 10 sec.
ബുഗാട്ടി, എൻസോ ഫെറാറി പോലുള്ള ബ്രഹ്മാണ്ഡ ബ്രാൻഡ് കസ്റ്റം മെയിഡ് കാറുകൾ മാത്രമേ വേഗതയുടെ കാര്യത്തിൽ ഫോർമുല കാറുകൾക്ക് എതിരാളിയായി ലോകത്ത് ഉള്ളൂ...അതും വേഗതയുടെ കാര്യത്തിൽ കൺസിസ്റ്റന്റായ തെളിവുകളും ഒന്നുമില്ലതാനും...ഈ ഹൈ എൻഡ് സ്പോർട്ട്സ് കാറുകളുടെ 1000ബ്രിട്ടീഷ് ഹോഴ്സ് പവർ എഞ്ചിനുകൾ ഒക്കെ എങ്ങനെ പെരുമാറും എന്ന് ആർക്കറിയാം...

ഇതൊക്കെയാണെങ്കിലും  ഇന്ത്യൻ മീഡിയ പ്രാധാന്യം കൊടുത്തത് റേസിനേക്കാളുപരി സച്ചിൻ തെണ്ടുൽക്കറുടെ സാന്നിദ്ധ്യത്തിനായിരുന്നു എന്ന് തോന്നുന്നു.യൂടൂബിൽ തപ്പിയിട്ടും കാര്യമായ ഒരു അനലൈസ് ഒന്നും കണ്ട് കിട്ടിയില്ല....എങ്കിലും റേസ് വീഡിയോ ഉടൻ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു...അത് കാണാം..



.....

Aug 15, 2011

കാർട്ടൂണുകൾ


പടക്കങ്ങൾ എന്നുമെന്റെ ഒരു വീക്ക്നെസ്സായിരുന്നു എന്ന് ഒരു സലിംകുമാർ കഥാപാത്രം പറയുന്നത് പോലെ തന്നെയാണ് എനിക്ക്  കാർട്ടൂണുകളും....അവയിൽ ഏറ്റവുമിഷ്ടപ്പെട്ട ചില കാർട്ടൂണുകൾ ഉണ്ട്...എത്ര തവണകണ്ടാലും മതിയാകാത്ത കഥാപാത്രങ്ങൾ...പണ്ട് രാജഭരണകാലത്ത്  പൂപ്പൽ പിടിച്ച കാർട്ടൂൺ കാസറ്റുകൾ കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കായി ഒരു ചാനലേ ഉണ്ടായിരുന്നുള്ളൂ.. Cartoon Network....രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെ കാർട്ടൂണുകളും..അതിനു ശേഷം TNT എന്ന ബ്ലായ്ക്ക്&വൈറ്റ് സിനിമകൾ കാണിക്കുന്ന ചാനലുമായിരുന്നു ഇത്...പിന്നീടവർ അത് 24 മണിക്കൂർ കാർട്ടൂണുകളാക്കി അപ്ഡേറ്റ് ചെയ്തു.

ഇന്ന് പോഗോ, നിക്കിളോഡിയൊൺ, ഡിസ്നി, അനിമാക്സ്, ഫോക്സ് കിഡ്, എബിസി തുടങ്ങി കുട്ടി ചാനലുകളുടെ പ്രളയമാണ്...ഞാൻ സ്ഥിരമായി കാണുന്നതും മനസ്സിൽ പതിഞ്ഞ് പോയതുമായ  ചില കാർട്ടൂണുകളുണ്ട്.. മെറി മെലോഡീസിന്റെ റിങ്ങ് ടോൺ മൊബൈലിൽ കേൾക്കുമ്പോൾ ഇന്നും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യാറുണ്ട്,..ഒരു നഷ്ടമാണോ എന്ന് തിരിച്ചറിയാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ..

1.Woody Woodpecker Show.
പേര് പോലെ തന്നെ ഒരു മരംകൊത്തിയാണ് നായകൻ..അഥവാ വില്ലനും....ക്രേസിയായി നടക്കുന്ന വൂഡി തന്റെ  ക്വിക്ക് റിയാക്ടിങ്ങ് സ്വഭാവം കൊണ്ട് ശത്രുക്കളെ ഒതുക്കുന്ന ലൈൻ തന്നെയാണ് ഇതിന്റെ കഥാതന്തു....സംഭാഷണത്തെക്കാളേറെ ആക്ഷൻ ബേസ്ഡ് സാധനമായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് ഇഷ്ടമാകും..

വൂഡി എന്ന കഥാപാത്രത്തിന്റെ ട്രേഡ്മാർക്കിലൊന്ന് “ ഹ ഹ ഹ ഹ" എന്ന       പ്രത്യേക ടോണിലുള്ള ചിരിയാണ്.1940ൽ ആൻഡി പാണ്ട എന്ന കാർട്ടൂണിലൂടെയാണ് വൂഡി എന്ന കഥാപാത്രം വെള്ളിത്തിരയിലെത്തുന്നത്.പാണ്ട കുടുംബത്തെ ശല്യപ്പെടുത്തുന്ന ഒരു ചൊറിയനായി അവതരിച്ച വൂഡി സ്മാർട്ട്നെസ്സ് കൊണ്ട് വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി.വൈകാതെ ABC ചാനലിലൂടെ അരമണികൂർ കാർട്ടൂണായി വുഡി വുഡ്പെക്കർ ഷോ അരങ്ങേറി...

2. Looney Tunes.

ഏറ്റവും പോപ്പുലറായ കാർട്ടൂൺ  ടോം&ജെറി കഴിഞ്ഞാൽ പിന്നെ തൊട്ടടുത്ത സ്ഥാനത്ത് വരുന്നത് ലൂ‍ണി ടൂൺ തന്നെ..കഥാഗതിയിലും നർമ്മത്തിലും പലപ്പോഴും തോമസ് പൂച്ചയെയും ജെറാൾഡ് എലിയെയും കടത്തിവെട്ടുന്ന ഒരുപിടി  കഥാപാത്രങ്ങളും ഇതിലുണ്ട്...ആദ്യം മനസ്സിൽ വരുന്നത് എങ്ങനെ വീണാലും നാല് കാലിൽ വന്നുനിൽക്കുന്ന Bugs Bunny എന്ന ക്രേസി മുയൽ തന്നെ...Ehh , wats up Doc?... Of course you know..This means War...ഇവയാണ്  ബണ്ണീയുടെ പ്രശസ്ത ഡയലോഗുകൾ..

പിന്നെ മുകളിൽ കൂടി പോകുന്ന അടി ഏണീ വച്ചു കയറി മേടിക്കുന്ന 
Daffy Duck.

Porky Pig - സുന്ദരനായ മാന്യനായ ഒരു പന്നിക്കുട്ടി.

Silvester  - കഷ്ടകാലം പിടിച്ച ഒരു കറമ്പൻ പൂച്ച,

Tweety   - ഒരു മഞ്ഞ കാനറി പക്ഷീ, ഇതിനെ പിടിച്ചു തിന്നുക എന്നതാണ് സിൽവെസ്റ്ററിന്റെ 
ജീവിതാഭിലാഷം.

Granny - സിൽ വസ്റ്ററിന്റെം ട്വീറ്റിയുടെയും പിന്നെ ബോക്സർ പട്ടിയെയും വളർത്തുന്ന പാവം അമ്മച്ചി...ഇപ്പോൾ വീട്ടിൽ അമ്മച്ചി മാത്രമേയുള്ളൂ..

Yosemite Sam - ഇന്നെവിടെ പ്രശ്നമുണ്ടാക്കാം എന്ന് അന്വേഷിച്ച് നടക്കുന്ന ഒരു ഷോർട്ട് ടെമ്പേർഡ് കൌബോയ്..

Speedy Gonzales - മെക്സിക്കൻ സ്വദേശിയായ കുട്ടി എലി, മിന്നൽ പോലത്തെ സ്പീഡാണ്,,

Elmer Fudd - മുതലാളിത്തത്തിന്റെ പ്രതീകം...കൊച്ചുമുതലാളിയായിട്ടാണ് മിക്ക കഥകളിലും.

Tasmanian Beast - എപ്പഴും കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന ആക്രാന്തക്കാരനായ ഒരു പാവം 
ഭീകരസത്വം...തുടങ്ങി 20 ഓളം വ്യത്യസ്ഥത പുലർത്തുന്ന കഥാപാത്രങ്ങളുടെ കോമ്പിനേഷനുകളിൽ വിരിയുന്ന കഥയാണ് ലൂണി ടൂൺസ്..ഇതിൽ സിൽവസ്റ്ററിന്റെ കഥ വേറെ കാർട്ടൂണായും ഉണ്ട്..
ലൂണി ടൂണിനെ പിൻപറ്റി ബേബി ലൂണി ടൂൺസ് എന്ന കാർട്ടൂൺ കൂടി വാർണർ ബ്രോസ് ഉണ്ടാക്കിയിട്ടുണ്ട്..ഇതേ കഥാപാത്രങ്ങൾ  കുട്ടികളായ അവസ്ഥയിൽ ഉള്ള കഥയാണത്.അത് ഒട്ടും അക്രമാസക്തമല്ല...തീരെ പൊടിപ്പുള്ളാർക്ക് വേണ്ടിയുള്ളതാണ്,..

3.The Road Runner Show.
മരുഭൂമിയിൽ താമസിക്കുന്ന റോഡ് റണ്ണർ എന്ന അതിവേഗം ബഹുദൂരം സ്പീഡിൽ ഓടുന്ന പക്ഷിയെയും അതിനെ പിടിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച കൊയോട്ട എന്ന ചെന്നായയുടേയും കരളലിയിപ്പിക്കുന്ന കദനകഥയാണ് റോഡ് റണ്ണർ ഷോ..ചില കാർട്ടൂണുകളിൽ ലൂണി ടൂണീലെ കഥാപാത്രങ്ങൾ അപൂർവമായി കടന്ന് വരാറൂണ്ടെന്നുള്ളത് ഒഴിച്ചാൽ പ്രധാനമായും ഇതിൽ ഇവർ രണ്ട് പേരും മാത്രമാണ് ഉള്ളത്.

നിലം തൊടാതെ പാഞ്ഞ് പോകുന്ന റോഡ്റണ്ണറിനെ പിടിക്കാൻ അന്താരാഷ്ട്ര രീതിയിൽ കെണിവയ്ക്കുകയും അത് അതിശക്തമായി വച്ച കൊയോട്ടക്ക് തിരിച്ചടിക്കുകയും ചെയ്യുന്നതാണ് പ്രധാന കഥാഗതി.

4.The Popeye Show .
 ഇതൊരു ത്രികോണ പ്രണയകഥയാണ്..പോപ്പോയ് എന്ന നാവികൻ നായകനും ബ്രൂട്ടസ് അഥവാ ബ്ലൂട്ടോ എന്ന തടിയൻ വില്ലനായും ഉള്ള കഥ...ഒലിവ് ഓയൽ എന്ന പെൻസില് പോലത്തെ പെണ്ണിന്റെ പുറകെ നടക്കുകയാണ് ഇവർ രണ്ട് പേരും..പരസ്പരം വയ്ക്കുന്ന പാരകളും അതിനെ തുടർന്നുണ്ടാകുന്ന നർമ്മ രംഗങ്ങളുമാണീ സീരീസിന്റെ കാതൽ.

പ്രധാന കഥാപാത്രങ്ങളായ ഇവരെ കൂടാതെ വിമ്പി  എന്ന ബർഗർ തീറ്റക്കാരൻ, പോപ്പോയുടെ 4 അനന്തരവന്മാർ സ്വീപി എന്ന അനന്തരവൾ കുഞ്ഞ്  എന്നിവരും ഉണ്ട്.ഒലിവ് മിക്കപ്പോഴും പോപ്പോയോട് സ്നേഹം ഭാവിക്കുന്നുണ്ടെങ്കിലും നിയതമായി അവൾ ആരെ പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്നില്ല..പലപ്പോഴും ചഞ്ചലചിത്തയായ ഒരു വിവരംകെട്ട പെണ്ണായാണിവൾ ഇതിൽ കാണപ്പെടുന്നത്...കഥാഗതി എപ്പോഴും മാറ്റുന്നത് പോപ്പോയുടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള സ്പിനിച്ച് പാട്ടയാണ്..

മിക്കപ്പോഴും ബ്ലൂട്ടോയുടെ ചതിയിൽ പെട്ട് പോപ്പോയ് കുടുങ്ങിപ്പോവുകയും..രക്ഷയില്ലാതെ വരുന്ന സന്ദർഭത്തിൽ പോപ്പോയ് ഇതെടുത്ത് തിന്നുകയും തുടർന്ന് അതിമാനുഷിക ശക്തി കിട്ടുകയും വില്ലന്മാർ അടി കൊണ്ട് പടമാവുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്...ബ്ലൂട്ടോ അടിസ്ഥാനപരമായി ഒരു മണ്ടനായതിനാൽ മിക്കപ്പോഴും പെണ്ണ് വളഞ്ഞ് വരുന്ന സന്ദർഭത്തിൽ ആക്രാന്തം മൂത്ത് കയറിപിടിക്കാനും മറ്റും ശ്രമിക്കുകയും അതോടെ ഒലിവ് കയറി നിലവിളിക്കുകയും സിറ്റുവേഷൻ കൊളമാവുകയുമാണ് പൊതുവെ ചെയ്യുന്നത്..
5.Heidi, Girl of Alps.
സ്വിസ്റ്റർലന്റിലെ ആൽപ്സിന്റെ  താഴ്വരയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് വയസ്സുകാരിയാണ് ഹെയ്ദി...ഇത് 52 എപ്പിസോഡുകളുള്ള ഒരു സമ്പൂർണ്ണ കഥയാണ്..കാർട്ടൂൺ നെറ്റ് വർക്കിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഇതിലെ  അച്ഛനും അമ്മയും മരിച്ചു പോയ ഹെയ്ദിയെ വളർത്തുന്നത് അവളുടെ അപ്പൂപ്പനാണ്.പുള്ളിയാകട്ടെ മലഞ്ചെരുവിലുള്ള  ഒരു  വീട്ടിൽ ഏകാന്തവാസത്തിലാണ്.കൂട്ടിന് ഒരു സെയ്ന്റ്.ബർണാഡ് നായയും ..

അവൾക്ക് കളിക്കൂട്ടുകാരനായി കിട്ടിയത് പീറ്റർ എന്ന ആട്ടിടയൻ കുട്ടിയും..അധികം വൈകാതെ ഹെയ്ദി ഗ്രാമനിവാസികൾക്ക് പ്രിയപ്പെട്ടവളായിത്തീരുന്നു..അവിടുന്നങ്ങോട്ട് നാടകീയമായ സംഭവവികാസങ്ങളോടെ നീങ്ങുന്ന കഥയിൽ ഹെയ്ദി അവളുടെ ആന്റി വഴി ഒരു കോടീശ്വരന്റെ മകളും വികലാംഗയുമായ  ക്ലാരയുടെ കളിക്കൂട്ടുകാരിയായി  ജർമ്മനിയിലെത്തുന്നു...എന്നാൽ ഗ്രാമീണയായ അവൾക്ക് പട്ടണത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട് പോകാൻ ആകുന്നില്ല...

ഹോം സിക്നെസ്സ് കൊണ്ടവൾ തളരുന്ന സന്ദർഭത്തിൽ ഡോക്ടറുടെ ഉപദേശകപ്രകാരം അവളെ തിരിച്ച് സ്വിസ്വിലെത്തിക്കാൻ തീരുമാനമാകുന്നു..എന്നാൽ ഹെയ്ദിയിൽ നിന്നും ആ മനോഹര ഗ്രാമത്തെപ്പറ്റി കേട്ടറീഞ്ഞ ക്ലാരയും കൂടെ പോകാൻ നിർബന്ധം പിടിക്കുന്നു..അങ്ങനെ ക്ലാരയും അവളുടെ ബട്ലറും മറ്റുമായി ഗ്രാമത്തിലെത്തുകയും അവിടുത്തെ ചികിത്സ കൊണ്ട് ക്ലാരയുടെ അസുഖം ഭേദമാവുകയും  ചെയ്യുന്നു...പീറ്ററും ഹെയ്ദിയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു..

മനോഹരമായ പ്രക്യതിഭംഗിയും അതിനോട് ചേർത്ത് വയ്ക്കാൻ നിഷ്കളങ്കമായ ഒരു കഥയും പറയുന്ന ഹെയ്ദി അല്പം കൂടി ഡ്രമാറ്റിക് ആയതിനാൽ കുറച്ച് കൂടി മുതിർന്ന കുട്ടികൾക്കാവും ഇഷ്ടപെടുക.

6.Mr.Bean Animated.
Mr.Bean എന്ന ലെജൻഡിന്റെ അനിമേറ്റഡ് രൂപം....മറ്റുള്ളവയെ അപേക്ഷിച്ച് വളരെ പുതിയ കാർട്ടൂണാണിത്..എന്നാൽ ഒർജ്ജിനൽ ബീൻ സീരീസിനെ കടത്തിവെട്ടുന്ന രംഗങ്ങളാൽ സമ്പുഷ്ടം...ഇതിൽ ബീനിന്റെ ലാൻഡ് ലോർഡായി എത്തുന്ന ഭീകരിയായ അമ്മച്ചിയും അമ്മച്ചി വളർത്തുന്ന പൂച്ചയുമാണിതിലെ  പ്രധാന ആഡഡ് കഥാപാത്രങ്ങൾ.ബാക്കിയെല്ലാം സീരിയൽ ബീനിലെ കഥാപാത്രങ്ങൾ തന്നെ...
കാർട്ടൂണായതിനാൽ അല്പം അതിഭാവുകത്വം നിറഞ്ഞ കഥാരീതിയാണിതിൽ അവലംബിച്ചിരിക്കുന്നത്..എങ്കിലും തീർത്തും വ്യത്യസ്ഥമായ ആസ്വാദ്യകരമായ ഒരനുഭവമാണ്..

7.Courage The Cowardly Dog.
 താരതമ്യേന കറുത്ത നർമ്മം ഉപയോഗിച്ചിരിക്കുന്ന കാർട്ടൂണാണിത്..ഒറ്റപ്പെട്ട ഒരു വീട്ടിൽ താമസിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും അമ്മൂമയുടെ പെറ്റായ കറേജ് എന്ന പട്ടിയുമാണിതിലെ പ്രധാന കഥാപാത്രങ്ങൾ..അപ്പൂപ്പന് കറേജിനെ കണ്ണെടുത്താൽ കണ്ടുകൂട...എന്നാൽ അമ്മൂമ്മയെ ഭയന്ന് എല്ലാം അടക്കിപ്പിടിച്ചിരികുകയാണ് ടിയാൻ..

പേര് കറേജ് എന്നാണെങ്കിലും ഒരിലയനങ്ങിയാൽ അവിടെ വീണ് ചാകുന്ന ധൈര്യത്തിനുടമയാണ് കറേജ്.എങ്കിലും പലതരം വിചിത്രമായ പ്രശ്നങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ധൈര്യം സംഭരിച്ച് അവരെ രക്ഷിക്കുന്നതും കറേജ് തന്നെയാണ്...അന്യഗ്രഹജീവികൾ വരെ ഇതിൽ ഇവരുടെ ശത്രുക്കളായി എത്തുന്നുണ്ടിതിൽ.

8.Harvey Toons Show.
 വകയിൽ ടോം&ജെറിയുടെ അളിയന്മാരായിട്ട് വരുന്ന ഹെർമൻ പൂച്ചയുടെയും കാറ്റ്നിപ്പ് എന്ന എലിയും പിന്നെ ക്യാസ്പർ എന്ന ഭൂതവും ഒക്കെച്ചേരുന്ന ലൂണിടൂൺ വകഭേദം എന്ന് വേണമെങ്കിൽ പറയാം..മികച്ച നിലവാരം പുലർത്തുന്ന ഹാർവി ടൂൺ 1950കളിൽ തുടങ്ങിയ കാർട്ടൂണാണ്..


9.Oggy and The Cockroaches.
പൊട്ടിച്ചിരിയുടെ നോൺസ്റ്റോപ്പ് ഷോയാണ് ഊഗി & ദ കോക്രോച്ചസ് ..ഓഗി എന്ന മാന്യനും സൽ സ്വഭാവിയുമായ പൂച്ചയാണിതിലെ നായകൻ...ഊഗിയുടെ വീട്ടിൽ താമസിക്കുന്ന മൂന്ന് പാറ്റകളാണിതിലെ വില്ലന്മാർ...കട്ട് തിന്ന് എല്ലിന്റിടയിൽ കയറിയ ഇവർ മൂന്നു പേരും ഊഗിയെ ശല്യപ്പെടുത്തുന്നതോടെയാണ് മിക്കപ്പോഴും പ്രശ്നങ്ങൾ ആരംഭിക്കുന്നത്..വെറും 7 കഥാപാത്രങ്ങളെ ഇതിലുള്ളൂ..

ജായ്ക്ക് എന്ന ഓഗിയുടെ കസിൻ പൂച്ച, ബോബ് എന്ന അയൽക്കാരൻ പട്ടി, മോണിക്ക എന്ന ഓഗിയുടെ സഹോദരി....നിക്കിളോഡിയോണിലാണ് ഈ സീരീസ് വരാറുള്ളത്..ഒരിയ്ക്കൽ കണ്ട് തുടങ്ങിയാൽ അഡിക്ഷനാകും എന്നതിൽ സംശയമില്ല...

11.The Pink Panther show.
ഇല്ലോജിക്കൽ നർമ്മത്തിന്റെ ആശാനാണ് പിങ്ക് പാന്തർ.പ്രധാനമായും ഇതിൽ പിങ്ക് പാന്തറിനെ പിന്തുടരുന്ന ഒരു ഡിറ്റക്ടീവും ഉണ്ടാകും..പിന്നെ ഒരു പട്ടി,  ഒരു ഉറുമ്പും ഉറുമ്പ്തീനിയും ആണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ....എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഫിസിക്സിന്റെ നിയമങ്ങൾക്ക് എതിരായിട്ടാണെങ്കിലും പിങ്ക് പാന്തറിന് ഒരു പോറല് പോലും പറ്റാറില്ല...അതീവ ബുദ്ധിമാനായ ഡിറ്റക്ടീവ് മിക്കപ്പോഴും അടിപ്പെട്ട് കിടക്കുന്നതും കാണാം...ഒരു നിയതമായ കഥയ്ക്കപ്പുറം സിറ്റുവേഷൻ കോമഡിക്കാന് പിങ്ക്പാന്തർ പ്രാധാന്യം നൽകുന്നത്.

ഡെക്സ്റ്റേഴ്സ് ലാബ്, പവർപഫ് ഗേൾസ്, മിക്കി മൌസ്, ഡോണാൾഡ് ഡക്ക് , പ്ലൂട്ടോ പട്ടി, ജോണി ബ്രാവോ എന്ന പൂവാലൻ, പോക്കി മോൺസ് , ജോണി ക്വസ്റ്റ്, സ്വാറ്റ് ക്യാറ്റ്സ്, ബാറ്റ് മാൻ, സ്പൈഡർ മാൻ, ബെൻ-10, സിംസൺസ്, പവർ റേഞ്ചേഴ്സ് തുടങ്ങിയ ഒരുപിടി കാർട്ടൂണുകൾ കാണാറുണ്ടെങ്കിലും അവയൊന്നും തന്നെ ഇതിനൊപ്പം എടുത്ത് വയ്ക്കാൻ തക്ക ആസ്വാദ്യകരമായി തോന്നിയിട്ടില്ല..ഡൊണാൾഡ് ഡക്ക് ഒകെ ഭേദമാണ് എങ്കിലും ഭയങ്കര സംഭവം ഒന്നുമല്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്..പിന്നെ റിച്ചി റിച്ച് , സ്കൂബി ഡൂ, ഫ്ലിന്റ് സ്ടോൺസ് എന്നിവയിലെ ചില എപ്പിസോഡുകളും ചുമ്മാ കാണാൻ കൊള്ളാം..

എന്നാൽ ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥ തന്നെയാണ് പുതിയകാലത്തെ കാർട്ടൂണുകൾക്കും സംഭവിച്ചിരിക്കുന്നത്...ടോം&ജെറിയുടെ ക്ലാസിക് എപ്പിസോഡുകൾ ഫ്രെഡ് ക്വംബി എന്ന പ്രൊഡ്യൂസറുടേതാണ്..ഇതിയാനാണ് നമ്മളിന്ന് ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ടൊമിനെയും ജെറിയെയും ഉണ്ടാക്കിയത്...പിന്നെ വരുന്നത് ചക്ക് ജോൺസ് ...മൂപ്പരാകട്ടെ ടോം&ജെറിയിൽ ആവറേജ് ആണെങ്കിലും മറ്റ് കാർട്ടൂണുകൾ ഭയങ്കരമായി നിർമ്മിച്ചുകളഞ്ഞു..

ഇന്ന് ചാനലുകളിൽ വരുന്ന നർമ്മം ക്യത്യമമായി സ്യഷ്ടിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന ചില കാർട്ടൂണുകൾ ഉണ്ട്..ടോം&ജെറിയുടെ പേര് കളയാനായി പുതിയകാലത്തിന്റെ വരപ്പിസ്റ്റുകളും തിരക്കഥാക്യത്തുക്കളും സ്യഷ്ടിച്ചെടുത്ത ടോം&ജെറി ടെയ്ല്സും  ടോം&ജെറി കിഡ്സും ഒക്കെ കണ്ടാൽ പിന്നെ ജീവിതത്തിൽ കാർട്ടൂണുകളെ വെറുക്കാൻ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യണ്ട.

.....

Jun 26, 2011

ബ്രേക്ക് പോയ CARS 2

 Cars II Released Worldwide On June 24

ജൂൺ 24ന് കാർസ്-2 റിലീസ്..Toy Story-III എന്ന ഗംഭീരസിനിമയ്ക്ക് ശേഷം ഇറങ്ങാൻ പോകുന്ന പിക്സറിന്റെ അനിമേഷൻ ചിത്രം..തീർച്ചയായും കങ്ങ്ഫൂ പാണ്ട പോലുള്ള ആഷ് പുഷ് അടിപ്പടങ്ങളിൽ നിന്ന് വ്യത്യസ്തമായ  ചിത്രമായിരിക്കണമല്ലോ ...കാർസ് എന്ന തകർപ്പൻ സിനിമയ്ക്ക് ശേഷം അതിന്റെ തുടർച്ചയായി  അതേ ക്രൂവിന്റെ ഒരു സിനിമ ഇറങ്ങുമ്പോൾ പ്രകടമാകുന്ന അസാന്നിധ്യം പിക്സറിന്റെ നട്ടെല്ലായിരുന്ന തിരക്കഥാക്യത്ത് ജോ റാൻഫ്ട് ആണ്...2005ൽ കാലിഫോർണിയയിൽ വച്ചുണ്ടായ ഒരു റോഡ് ആക്സിഡന്റിൽ‌പ്പെട്ടാണദ്ദേഹം മരിച്ചത്..

അത് കൊണ്ട് തന്നെ ട്രെയ്ലർ കണ്ടപ്പോൾ വാനോളം പ്രതീക്ഷ ഉയർന്നെങ്കിലും കാർസ് ഒന്നിൽ കൂടുതൽ ഒന്നും തന്നെ കാർസ് 2വിൽ പ്രതീക്ഷിച്ചില്ല...എന്നാൽ ഒരു നാലാംകിട അനിമേഷൻ ചിത്രത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഉള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്..
സാധാരണ ഗതിയിൽ എത്ര തരം താഴ്ന്നാലും ഒരു എസ്റ്റാബ്ലിഷ്ഡ് പ്രൊഡക്ഷൻ ഹൌസിന്റെ അനിമേറ്റഡ് ചിത്രം കാണികളെ നിരാശരാക്കാറില്ല..ചിരിയ്ക്കാനും ആസ്വദിക്കാനും ഉള്ള വകകൾ അതിൽ ധാരാളമുണ്ടാകും.... റിയോ, പാണ്ട, ബോൾട്ട്, എന്നിവ ഒക്കെ അതിന് ഉദാഹരണങ്ങളാണ്..മിനിമം ഗ്യാരണ്ടി എന്നൊന്ന് ഉണ്ട്..കാർസ് 2 പരാജയപ്പെടുന്നതും ഇവിടെയാണ്.

ദന്തഗോപുരത്തിൽ മാത്രം വസിച്ച് ശീലിച്ച ലൈറ്റ്നിങ്ങ് മക്വീൻ എന്ന സെലിബ്രിറ്റി റേസ്കാർ സാഹചര്യവശാൽ റേഡിയേറ്റർ സ്പ്രിൺഗ്സ് എന്ന അബാൻഡൻഡ് ഠൌൺഷിപ്പിൽ എത്തിപ്പെടുകയും അവിടെ നിന്നും സാധാരണക്കാരായ കാറുകളുടെ ലോകത്തേയ്ക്ക് ഇറങ്ങി വരികയും യഥാർത്ത സൌഹ്യദത്തിന്റേയും പ്രണയത്തിന്റേയും ഒക്കെ രുചിയറിയുകയും ചെയ്യുന്നു..


അവസാനം പൊളപ്പനൊരു ക്ലൈമാക്സിൽ " There is a whole lot more in Racing than Just winning.." എന്ന സന്ദേശവും നൽകി റേഡിയേറ്റർ സ്പ്രിങ്ങിനെ അതിന്റെ സമ്പൽ സമ്യദ്ധമയ ഭൂതകാലത്തേയ്ക്ക് തിരികെക്കൊണ്ടുവരുന്നിടത്ത് ചിത്രം അവസാനിക്കുന്നു..

കാർസ് 2വിൽ വരുമ്പോൾ ഇന്ന് റേഡിയേറ്റർ സ്പ്രിങ്ങ് റൂട്ട് 66 ഹൈവേയിലെ ഒരു തിരക്കേറിയ ട്രാവലേഴ്സ് സ്റ്റോപ്പാണ്..ഹോം ഓഫ് മക്വീൻ എന്നറിയപ്പെടുന്നു..പഴയ  ഹഡ്സെൺ ഹോർണെറ്റ് എന്ന ഡോക് കാലയാനികയ്ക്കുള്ളിൽ മറഞ്ഞു..എന്നാൽ രണ്ടാം ഭാഗത്തിലെ നായകൻ മേറ്റർ എന്ന തുരുമ്പിച്ച ടോ ട്രക്കാണ്..മക്വീന്റെ ഉറ്റചങ്ങാതി..അങ്ങനെയിരിക്കെ ജപ്പാനിൽ വച്ച് നടക്കുന്ന വേൾഡ് ഗ്രാൻപ്രിയിൽ പങ്കെടുക്കാൻ മക്വിന് ക്ഷണം കിട്ടുന്നു..

ലൈറ്റ്നിങ്ങിനെ പരാജയപ്പെടുത്തും എന്ന് വീമ്പിളക്കുന്ന ഇറ്റാലിയൻ ഫോർമുല-1 ഫ്രാൻസെസ്കോ എന്ന റേസ് കാറാണ് മുഖ്യ എതിരാളി.കാമുകിയായ സാലി എന്ന പോർഷെയുടെ ആവശ്യപ്രകാരം ഇത്തവണ മക്വീൻ മേറ്ററിനെയും ജപ്പാൻ യാത്രയിൽ കൂടെ കൂട്ടുന്നു..എന്നാൽ മേറ്റർ ‘ടു ഹരിഹർ നഗറി‘ലെ അപ്പുക്കുട്ടനെപ്പോലെ തീർത്തും ചില മണ്ടൻ പരിപാടികൾ കാണിക്കുകയും അതിനെത്തുടർന്ന് റേസിൽ എഫ്-1 കാർ ജയിക്കുകയും മക്വീൻ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നു..ദേഷ്യം വന്ന മക്വീൻ മേറ്ററിനെ ചീത്തവിളിക്കുന്നു..ദുഖിതനായ മേറ്റർ ഇറങ്ങിപ്പോകുന്നു..

ഇതേ സമയം ബ്രിട്ടീഷ് ഇന്റലിജെൻസിലെ ഏജന്റ് അതായത് സാക്ഷാൽ ജെയിംസ് ബോണ്ടായ ആസ്റ്റർമാർട്ടിൻ ജപ്പാനിൽ വരുന്നു..പിന്നെ നടക്കുന്നത് കോർപറേറ്റ് കളികളാണ്..ഓയിൽ കമ്പനികൾ തമ്മിലുള്ള ബിസിനെസ് കളികളിൽ നടക്കുന്ന ക്രിമിനൽ ആക്ടിവിറ്റീസ് അന്വേഷിക്കുന്ന ബോണ്ട് കാർ മേറ്ററിനെ ഒരു അമേരിക്കൻ സ്പൈ ഏജന്റായി തെറ്റിദ്ധരിച്ച് കൂടെക്കൂട്ടുന്നു..

പിന്നവരെല്ലാം കൂടി അന്വേഷണത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് പോകുന്നു..ഇറ്റലി , യുകെ, ഫ്രാൻസ് മൊത്തം കറങ്ങിനടന്ന് അന്വേഷണം..ബിസിനെസ് മാനേജ്മെന്റ് പഠിച്ച എനിക്ക് പോലും മനസ്സിലായില്ല ഈ കോർപറേറ്റ് കഥയുടെ രത്നച്ചുരുക്കം.,.പിന്നാ‍ അഞ്ചിലും ആറിലും പഠിക്കുന്ന ഊപ്പപ്പിള്ളാർക്ക്...ഇടയ്ക്ക് ചുമ്മാ ഒന്ന് പരിസരവീക്ഷണം നടത്തിയപ്പോൾ .3ഡിക്കണ്ണാടിയും വച്ച് ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് കുറേ പിള്ളേര് സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു..ഒരിയ്ക്കൽ പോലും ഒരു കൂട്ടച്ചിരി തിയറ്ററിൽ നിന്ന് ഉയർന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

ക്ലൈമാക്സിൽ യുകെയിൽ വച്ച് നടക്കുന്ന റേസിൽ വച്ച് മേറ്റർ ഹെർ മജെസ്റ്റിയെയും ഒരു  ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷിക്കുന്നു...എസ്.എൻ സ്വാമിയുടെ തിരക്കഥ പോലെ അവസാനം അതിബയങ്കര ട്വിസ്റ്റ്..വില്ലൻ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു പാവം..മുൻ നിരയിലിരുന്ന് സിനിമ കാണുന്ന ഒരാളെ സിനിമയിലെ കൊലപാതകത്തിന് പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത് പോലെ വില്ലനെ നിയമപാലകർ ബന്തവസ്സിലാക്കുന്നു.....

സംപ്രീതയായ ക്യൂൻ എലിസെബെത്ത് എന്ന ബെന്റ്ലി കാർ മേറ്റർക്ക് സർ സ്ഥാനം കൊടുത്ത് ആദരിക്കുന്നു...അങ്ങനെ അവർ തിരികെ റേഡിയേറ്റർ സ്പ്രിങ്ങിൽ മടങ്ങിയെത്തുന്നു..അത്രയൊക്കെ ഉള്ളൂ കഥ..കൊറേ ചേസും വെടിവയ്പ്പും ഏതാണ്ട് ഒരു പിയേഴ്സ് ബ്രോസ്നെന്റെ ബോണ്ട് പടം കാണുന്നത് പോലെ...

എടുത്ത് പറയാനുള്ള ഒരു പ്രത്യേകത അനിമേഷനാണ്..നല്ലരീതിയിൽ അധ്വാനം ചിലവാക്കിയാണ് യൂറോപ്പിനെയും മറ്റും ഇതിൽ വരച്ച് ചേർത്തിരിക്കുന്നത്..ഓരോ കുഞ്ഞ് ഡീറ്റെത്സിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്..ചുരുക്കത്തിൽ ഗ്രാഫിക്സ് ഉന്നതനിലവാരം പുലർത്തി..എന്നാൽ മറ്റു ഘടകങ്ങൾ പരാജയപ്പെട്ടതിനാൽ അത് വെള്ളത്തിൽ വരച്ച വരയായിപ്പോയി......

മറ്റ് അനിമേഷൻ ചിത്രങ്ങളെ അപേക്ഷിച്ച് പിക്സറിന്റെ ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥവും തിരക്കഥയുടെ സുക്ഷ്മതകൊണ്ട് അത്യന്തം ഹ്യദയസ്പർശിയായവയുമാണ്...ഈ ഒരൊറ്റചിത്രം ആ ഗുഡ് വിൽ മുഴുവൻ തകർക്കും എന്നതിൽ സംശയമില്ല..

എന്തിനാണീ ചിത്രം 3ഡി ആക്കിയതെന്നും മനസ്സിലായില്ല..3ഡിയിൽ ആസ്വദിക്കാൻ പറ്റിയ സീനുകൾ അധികമൊന്നുമില്ല ഇതിൽ..ഈ അടുത്തിറങ്ങിയ കങ്ഫൂ പാണ്ട-2 3ഡിയിൽ കാണാൻ രസമുണ്ടായിരുന്നു..അതിലെ യുദ്ധരംഗങ്ങൾക്ക് മിഴിവേകാൻ 3ഡിക്ക് കഴിഞ്ഞു...എന്നാൽ കാർസ് 3ഡി തീർത്തും അനാവശ്യമായിപ്പോയി..

2006ൽ ഇറങ്ങിയ കാർസിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും ഒന്ന് കാണണം..കാരണം അതാണ്... സിനിമ....




.....

Jun 19, 2011

ഒരു ദേശത്തിന്റെ കഥ ( 1971 )


എന്നോ എപ്പോഴോ നഷ്ടപെട്ടതാണ് വായനാശീലം...സ്കൂളിങ്ങ്  കാലത്ത്  കോട്ടയം പുഷ്പനാഥ് മുതൽ ആർതർ കോനേൻ ഡോയൽ വരെയും   കഥാസരിത് സാഗരവും  നോഡിയും മിത്സ്&ബൂൺ പൈങ്കിളികളും പിന്നെ ഒരുപിടി ക്ലാസിക്കുകളും വായിച്ചു മറവിയിൽ തള്ളിയിരുന്നു..

പിന്നീട് നാളേറെ കഴിഞ്ഞ് ഈയടുത്താണ്  ഈ ലെജൻഡായ മലയാളം നോവൽ കാണുന്നതും അത്  വായിക്കുന്നതും.. ഇത്ര നാളായിട്ടും ഇത്രയും പ്രശസ്തമായ ഒരു ക്യതി വായിക്കാൻ കഴിയാതെ വന്നതിൽ അസാരം മന:സ്ഥാപം തോന്നുകയും ചെയ്തു..

കാർപെറ്റ് ബോംബിങ്ങ് കഴിഞ്ഞ് കാടിളക്കി വന്ന റാപ്റ്റർ വിമാനം പതിയെ ലാൻഡ് ചെയ്തു നിശ്ചലമാകുന്നത്  പോലെയുള്ള ഒരനുഭവം...അതായിരുന്നു ഇപ്പോൾ “ഒരു ദേശത്തിന്റെ കഥ”യെന്ന ബ്രഹ്മാണ്ഡ നോവൽ പലപ്പോഴായി ഒരു മാസം കൊണ്ട് വായിച്ചു തീർന്നപ്പോൾ തോന്നിയത്...1980-ലെ ഞ്ജാനപീഠത്തിനർഹമായ ക്യതിയാണിത്.

എസ്.കെ പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളാല്ലാതെ അദ്ദേഹത്തിന്റെ ഒരു നോവൽ വായിക്കുന്നത് ആദ്യമായാണ്. ഒരസാമാന്യ പ്രതിഭ തന്നെ...അതിമാനുഷികമായ രചനാശൈലിയുടെ പിൻബലത്തിൽ ഒരു ദേശത്തിനെ മുഴുവനായി വാക്കുകളിലൂടെ വരച്ച് വയ്ക്കുക..

കഥ മൊത്തം ഫ്ലാഷ് ബായ്ക്കാണ്..യൌവനത്തിൽ അതിരാണിപ്പാടം എന്ന  തന്റെ നാട് വിട്ട് പോകേണ്ടിവന്ന ശ്രീധരൻ വർഷങ്ങൾക്ക് ശേഷം തിരികെവരുമ്പോൾ ഓർത്തെടുക്കുന്ന കഥയാണ് ആ ദേശത്തിന്റെ കഥ..

ജി.റ്റി.എ വീഡിയോ ഗെയിം പോലെ ഇതിലില്ലാത്തതൊന്നും ഇല്ല എന്ന് തന്നെ പറയാം..ബന്ധങ്ങൾ, കുടുംബം, അന്നത്തെ കേരളത്തിന്റെ സാംസ്കാരിക, സാമൂഹ്യ സ്ഥിതി, പ്രണയം, വിരഹം, നർമ്മം, കവിത, കഥ അങ്ങനെ അങ്ങനെ ഒരു മനുഷ്യായുസ്സിൽ നമ്മൾ കടന്ന് പോകുന്ന എണ്ണിയാലൊടൂങ്ങാത്ത എല്ലാ ജീവിതസാഹചര്യങ്ങളേയും അതീവ ചാതുര്യത്തോടെ ഒരു കുടക്കീഴിൽ വിളക്കിച്ചേർത്തിരിക്കുന്നു...അതിലുപരി ഇത് എസ്.കെ പൊറ്റക്കാടിന്റെ ആത്മകഥാംശവും കൂടി ചേർന്നതാണ്..

എണ്ണത്തിൽ ഒരുപിടി വരുന്ന  കഥാപാത്രങ്ങൾ, എന്നാൽ അവരിൽ ഒരാളെപ്പോലും നമ്മൾ മറക്കില്ല പിന്നീട്..അത്രയ്ക്കും ആഴത്തിൽ പതിഞ്ഞ് പോകുന്നു ഓരോത്തരും.....

പന്ത്രണ്ട് ലൈറ്റുള്ള മോട്ടോർക്കാറിന് ഉടമയായ ഉഗ്രപ്രതാപിയും, പഴയ നൂറ് ഉറുപികയുടെ നോട്ട് കത്തിച്ച് സിഗരറ്റ് വലിച്ചയാളും അവസാനം കാൽക്കാശിന് ഗതിയില്ലാതെ റാക്ക് കുടിച്ച് കുടിച്ച് നശിച്ച് വഴിയാധാരമായി മരിച്ച കുഞ്ഞിക്കേളുമേലാൻ,  ബട്ലർ കോരൻ, ആധാരം ആണ്ടി, ഫിറ്റർ കുഞ്ഞാപ്പു, കൂനൻ വേലു, ശ്രീധരന്റെ ബാല്യകാല സുഹ്യത്തായ അപ്പു, അപ്പുവിന്റെ സഹോദരി അരയ്ക്കുകീഴെ തളർന്ന് പോയ സുന്ദരിയായ നാരായണി,നാട്ടിലെ സെറ്റപ്പായ വെള്ളരിക്കാകല്യാണി, എന്തിനേറെ ഒരു സീനിൽ മാത്രം വരുന്ന തെരുവോര ഗായകനായ തമിഴ് നാടോടിയെയും അയാൾ പാടുന്ന ആ തമിഴ് പാട്ടിനെയും പോലും നമുക്ക് മറക്കാനാകില്ല..

“ ആറ്റെയും കാറ്റെയും നമ്പലാം അന്ത ചേല കെട്ടിയ മാതരെ നമ്പലാ “
സംഗതി പക്കാ സ്ത്രീവിരുദ്ധവും അഖിലലോക ഫെമിനിസ്റ്റ് തത്വങ്ങൾക്ക് എതിരുമാണ്...

തീർച്ചയായും കഥയിലെ ചില ഭാഗങ്ങൾ കണ്ണ് നനയിക്കും...ചിലയിടത്ത് നമ്മൾ പരിസരം മറന്ന് പൊട്ടിച്ചിരിയ്ക്കും...ഹ്യദയസ്പർശിയായ ചില സുഹ്യത്ത് ബന്ധങ്ങളെ കാണാൻ കഴിയും, ജനനങ്ങളും മരണങ്ങളും  കാണാൻ കഴിയും.

ഈ നോവലിന്റെ ഹ്യദയം തന്നെ ക്യഷ്ണൻ മാസ്റ്ററുടെ കുടുംബമാണ്.അതിരാണിപ്പാടത്തേക്ക് പുതിയതായി താമസിക്കാൻ വന്ന ക്യഷ്ണൻമാസ്റ്റർ എന്ന പട്ടണത്തിലെ യൂറോപ്യൻ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാപണ്ഡിതനായ അധ്യാപകനിലൂടെയാണ് കഥ തുടങ്ങുന്നത്...........

പലതരത്തിലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, നാഗരീകതയുടെ തീണ്ടലുകൾ ഏറ്റ് വാങ്ങാൻ  തുടങ്ങിയ, ഗ്രാമീണത നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  അതിരാണിപ്പാടം എന്ന ഗ്രാമം...പുനർവിവാഹിതനായി അവിടെയെത്തുന്ന ചേനക്കോത്ത് ക്യഷ്ണൻ മാസ്റ്റർ എന്ന നല്ല മനുഷ്യന്റെ ഇളയമകനായാണ് ശ്രീധരൻ ജനിച്ചത്..അതിരാണിപ്പാടത്തുകാരൻ അല്ലാഞ്ഞിട്ടും സ്വഭാവശുദ്ധി കൊണ്ടും യോഗ്യത കൊണ്ടും കുറഞ്ഞകാലം കൊണ്ട് ആ ഗ്രാമത്തിലെ ഒരു പ്രമുഖനായ മാന്യവ്യക്തിയായിത്തീർന്നു ക്യഷ്ണൻമാസ്റ്റർ.

എന്നാൽ മാസ്റ്ററുടെ മക്കളിൽ പരമസാധുവായിരുന്നു ശ്രീധരൻ.പഠനത്തിൽ അന്നത്തെ കാലത്ത് തരക്കേടീല്ലാത്ത പ്രകടനം കാഴ്ചവച്ച്കൊണ്ട് അവസാനം ഇന്റർമീഡിയേറ്റ് പരീക്ഷ പാസാകുന്നു..എന്ന് പറഞ്ഞാൽ ഒരു ഭയങ്കര ഡിഗ്രി കിട്ടുന്നതിനു തുല്യമാണ് അന്ന് പത്ത് പാസാകുക എന്ന പറയുന്നത്.അതിൽക്കൂടുതൽ പഠിച്ച് ഏതെങ്കിലും ആർട്ട്സ് ഡിഗ്രി വല്ലതും എടുത്താൽ പിന്നെ ആള് മയിസ്രേട്ടായെന്ന് കൂട്ടാം..അതായിരുന്നു ആ കാലം....

മാസ്റ്ററൂടെ പ്രതീക്ഷകൾക്കൊത്ത് വളർന്ന് വന്നത് ഇളയമകൻ ശ്രീധരൻ മാത്രമായിരുന്നു..എന്നാൽ മരിച്ച്പോയ ആദ്യ ഭാര്യയിലെ മകനായ കുഞ്ഞാപ്പു ഒരസാമാന്യനായ തെറിച്ച വിത്തായിരുന്നു..ക്യഷ്ണൻ മാസ്റ്റർ മകനെ പിടിച്ച് കെട്ടി എഴുത്തുപഠനത്തിന് ചേർത്തെങ്കിലും മൂപ്പർക്ക് താത്പര്യം ചൂണ്ടയിടൽ, മാവേലേറ്, ഞണ്ട്പിടുത്തം തുടങ്ങിയ എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റികളിലായിരുന്നു..അവസാനം ആശാനെയും തല്ലി കളരിക്ക് പുറത്തായതോടെ കുഞ്ഞാപ്പുവിന്റെ സംഭവബഹുലമായ വിദ്യാഭ്യാസജീവിതത്തിന് ഫുൾസ്റ്റോപ്പ് വീണൂ.

രണ്ടാമത്തെ മകനായ ഗോപാലനാകട്ടെ താരതമ്യേന ശാന്തനും ബുദ്ധിമാനും ആയിരുന്നു.എങ്കിലും എന്തോ  മൂപ്പർ ഹൈസ്കൂൾ കൊണ്ട് വിദ്യാഭ്യാസം നിർത്തി.അച്ഛൻ എത്ര നിർബന്ധിച്ചിട്ടും പിന്നീട് പുസ്തകം തൊട്ടില്ല..അത് കൊണ്ട് മാസ്റ്റർ അവനെ മരക്കണക്ക് പഠിക്കാനായി ഒരു മില്ലിൽ അയയ്ക്കുന്നു...ആദ്യ ഭാര്യയിലെ അവസാന സന്തതിയായ രാഘവൻ എന്ന കുട്ടി എന്തോ രോഗബാധിതനായി കിടപ്പിലാണ് താനും..അവൻ പിന്നീട് മരിക്കുകയും ചെയ്യുന്നു.

ഈ സിറ്റുവേഷനിലേക്കാണ് ശ്രീധരൻ ജനിച്ചു വീഴുന്നത്..എങ്കിലും കുടുംബസ്നേഹിയായ ക്യഷ്ണന്മാസ്റ്റർ തന്റെ കുടുംബത്തെ യാതൊരു കുറവുമില്ലാതെ പരിപാലിച്ചുപോന്നു..ശ്രീധരൻ തന്റെ ബാല്യം അമ്മവീടായ ഇലഞ്ഞിപൊയ്കയിലും അതിരാണിപ്പാടത്തുമായി ചിലവഴിക്കുന്നു..ഇലഞ്ഞിപ്പൊയ്കയിലെ നാട്ടുകാരനായ പ്രായത്തിൽ അല്പം മൂത്ത അപ്പുവായിരുന്നു അവന്റെ മെയിൻ കമ്പനി.

അക്കാലത്ത് ഉണ്ടായ മാപ്പിളലഹളയിൽ പെട്ട് നാട് വീടും ഉപേക്ഷിച്ച് വന്ന നൂറ്കണക്കിന്  അഭയാർഥി കുടുംബങ്ങൾ വന്ന് കുടിയേറിയിരുന്ന ആ ഗ്രാമത്തിലേക്കാണ് ഒരിയ്ക്കൽ ശ്രീധരൻ   അവധിക്കാലത്ത് കടന്ന് ചെല്ലുന്നത്.ഇലഞ്ഞിപൊയ്കയിലെ തറവാട്ടിലെ പറമ്പിൽ കഴിയാവുന്നിടത്തോളം കുടുംബങ്ങൾക്ക് അവർ അഭയം നൽകിയിരുന്നു.

സ്ത്രീകളും കുട്ടികളും വ്യദ്ധന്മാരും ആണുങ്ങളും അടങ്ങുന്ന ഒരു വലിയ സമൂഹം എന്നെങ്കിലും ലഹളശമിച്ച് താന്താങ്ങളുടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാം എന്ന പ്രതീക്ഷയോടെ കഴിഞ്ഞുകൂടുന്നു..അവരിൽ ചിലർ അവിടെക്കിടന്ന് മരിച്ചു,ചിലർ ജനിച്ചു അങ്ങനെ മാസങ്ങൾ കടന്നുപോയി..

പിന്നീട് ബ്രട്ടീഷ് പട്ടാളം വരികയും, കൊന്നും ചത്തും കാലാന്തരേ ലഹള ശമിക്കുകയും ആ അഭയാർഥി കുടുംബങ്ങൾ അവിടം വിട്ട് സ്വദേശത്തേക്ക് മടങ്ങി പോവുകയും ചെയ്തു..അതിനകം തന്നെ അതിൽ പലരുമായും ശ്രീധരനും അമ്മവീട്ടുകാർക്കും വൈകാരികമായ അടുപ്പം ഉണ്ടാവുകയും അവരുടെ വിടവാങ്ങൽ ഇരുകൂട്ടർക്കും സ്വജനങ്ങളെ പിരിയും പോലെ അത്യന്തം ദു:ഖകരമായിത്തീരുകയും ചെയ്തു.

അവിടെനിന്നും ശ്രീധരന് ലഭിച്ച സ്നേഹനിധിയായ  ഒരു കൂട്ടുകാരനാണ് കിഴക്കൻ മലയിലെ  ഒരു കാട്ടുഗ്രാമത്തിൽ നിന്നും വന്ന ചന്തുക്കുഞ്ഞൻ.പിന്നീടൊരവസരത്തിൽ ശ്രീധരനെ കാണാൻ അവൻ അതിരാണിപ്പാടത്തേയ്ക്ക് ഒരു സമ്മാനവുമായി വരികയും ചെയ്യുന്നുണ്ട്..

ക്യഷ്ണൻ മാസ്റ്റർക്ക് സന്തോഷവും അഭിമാനവും നൽകിക്കൊണ്ട് ശ്രീധരൻ നല്ല മാർക്കോടെ പത്ത് പാസായി. തുടർന്നും മകൻ പഠിക്കണം എന്ന് നിർബന്ധമുള്ള മാസ്റ്റർ മകനെ  പ്രീഡിഗ്രിക്കായി കോളേജിൽ ചേർത്തു..അന്ന് +2 ഇല്ലായിരുന്നല്ലോ..

ശ്രീധരന്റെ വിനോധോപാധികളായിരുന്നത് കവിതയും വായനയും ആയിരുന്നു. ഒരു മഹാകവിയായി, ആശയങ്ങളെയും പ്രചോദനങ്ങളേയും മനനം ചെയ്ത് അതിശക്തമായ കവിതകൾ സ്യഷ്ടിക്കുന്ന ഒരു യുവകവിയായി ശ്രീധരൻ സ്വയം അവരോധിച്ചു.പലകവിതകൾ പല വാരികകൾക്ക് അയച്ചുകൊടുത്തെങ്കിലും അവയിൽ പലതും റബർപന്ത് പോലെ തിരികെവരികയും ചിലത് ഇരുട്ടിലേയ്ക്ക് വെടിവച്ചത് പോലെയായിത്തീരുകയും ചെയ്തു.എങ്കിലും ആ യുവകവി അവിടം കൊണ്ടൊന്നും തളർന്നില്ല..അവസാനം രാജാ കോളേജ് മാഗസിൻ കനിയുകയും ഏതാനും കവിതകൾ മാഗസിബിലൂടെ വെളിച്ചം കാണൂകയും ശ്രീധരൻ ഒരു പ്രഖ്യാപിത യുവകവിയായി മാറുകയും ചെയ്തു.അതിനോടൊപ്പം പ്രായാനുസ്യതമായ പല പ്രണയഫാന്റസികളിലും പെട്ട് പോകുന്നു ശ്രീധരൻ..

യൌവനത്തിന്റെ പടിവാതിലിൽ നിൽക്കുന്നത് കൊണ്ട് തന്നെ യൌവനസഹജമായ ചാപല്യങ്ങൾ അവൻ കാണിച്ചുതുടങ്ങുന്നു ശ്രീധരൻ.സപ്പർസർക്കീട്ട് സംഘം എന്ന നാട്ടിൻപുറത്തെ എട്ട്പത്ത് യുവാക്കളുടെ സംഘടനയിൽ അംഗമാകുന്നു ശ്രീധരൻ.

സംഘത്തിന്റെ അജൻഡ വീക്കിലി ഓരോ പോക്രിത്തരങ്ങൾ ഒപ്പിക്കുക എന്നതാണ്.തടിച്ചികുങ്കിയമ്മ എന്ന സ്ത്രീയുടെ വീട്ടിൽ ഒത്ത് ചേരുകയും ( ടി സംഘടനയുടെ ഹെഡാപ്പീസ് ) കുശാലായ അത്താഴത്തിനു ശേഷം പ്ലാൻ ചെയ്തപ്രകാരം ഓരോ പോക്രിത്തരങ്ങൾ ഒപ്പിക്കുകയും ചെയ്യും.വിരോധമുള്ളവർക്ക് നല്ല പണി നൽകുകയും അല്ലാത്തപക്ഷം താരതമ്യേന നിരുപദ്രവമായ ചെറിയ ചെറിയ പണികൾ നാട്ടുകാർക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ് മോഡസ് ഓപ്പറാണ്ടി..

ട്രെയിനി എന്ന നിലയിലാണ്  ശ്രീധരൻ ഇവിടെ ജോയിൻ ചെയ്തത്.മൈനർ ആയത് കൊണ്ട് ആക്ഷനിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അനുവാദം ഇല്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും അക്കൊല്ലത്തെ പരീക്ഷയിൽ പരാജയപ്പെടുന്നു ശ്രീധരൻ.അതോടെ മാനസികമായി തളർന്നെങ്കിലും ട്യൂഷൻ ഒക്കെ വച്ച് വീണ്ടും കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് അവൻ പഠിക്കുന്നു..എങ്കിലും രണ്ടാമത്തെ ചാൻസിൽ ജ്വരം വന്ന് കിടപ്പിലായത് മൂലം പരീക്ഷമുടങ്ങുന്നു..പിന്നീട് ശ്രീധരൻ മൂന്നാം ചാൻസിന് തയ്യാറെടുക്കുന്ന ദീർഘമായ കാലഘട്ടത്തിൽ വായനയും അല്പം പ്രണയവും കവിതയും ഒക്കെയായി കഥ നീങ്ങുന്നു..

ഇതിനിടയിൽ ജേഷ്ഠ്യനായ ഗോപാലൻ അങ്ങ് ദൂരെ ഒരു കൂപ്പിൽ പണിക്ക് പോവുകയും പിന്നീട് രോഗബാധിതനായി തിരികെ വീട്ടിലെത്തുകയും ചെയ്തു..മറ്റൊരു ചേട്ടനായ കുഞ്ഞാപ്പു പെയിന്റെർ മുതൽ പട്ടാളം വരെ പലപല പ്രൊഫഷനുകൾ സ്വീകരിക്കുകയും അവസാനം നാട് വിട്ട് തമിഴ്നാട്ടിൽ പോവുകയും അവിടുത്തുകാരി ഒരു സ്ത്രീയെവിവാഹം കഴിച്ച് അവിടെ കൂടുകയും ചെയ്യുകയുണ്ടായി..

ഒടുവിലൊരുനാൾ അച്ഛനും രോഗബാധിതനായ ജേഷ്ഠ്യനും ശ്രീധരനെ വിട്ട് പോകുന്നു..അവരുടെ മരണത്തോടെ ജീവിതത്തിൽ ശ്രീധരനും അമ്മയും ഒറ്റയ്ക്കാകുന്നു..ശ്രീധരന് സ്വത്തുക്കൾ എല്ലാം നഷ്ടമാകുന്നു.. മുറിഞ്ഞിടത്ത് വച്ച് വിദ്യാഭ്യാസത്തിനു അർദ്ദോക്തി കൊടുത്തുകൊണ്ട് അമ്മയെയും കൊണ്ട് ശ്രീധരൻ അതിരാണിപ്പാടം വിടുന്നു.അമ്മയെ ഇലഞ്ഞിപൊയ്കയിൽ ആക്കിയിട്ട് യുവാവായ ശ്രീധരൻ വിശാലമായ പുറം ലോകത്തേയ്ക്ക് തനിയെ ഇറങ്ങുകയാണ്..ഡെല്ലി , യുപി അങ്ങനെ ഇന്ത്യയിലെ വിവിധസ്ഥലങ്ങൾ, വിവിധ അനുഭവങ്ങൾ....

അവസാനം ചില രഞ്ജിത് ചിത്രങ്ങളിലേപ്പോലെ ക്ലൈമാക്സോടടുക്കുമ്പോൾ കഥ നേരെ പോകുന്നത് യൂറോപ്പിലേക്കാണ്., ആല്പ്സിന്റെ താഴ്വരകളിലേക്ക്,.പിന്നെ ആഫ്രിക്ക, അങ്ങനെ ലോകസഞ്ചാരം..എസ്.കെയുടെ യാത്രാവിവരണങ്ങളുടെ ഛായ കണ്ടെത്താൻ കഴിയുന്ന ഭാഗങ്ങളാണ് പിന്നീട് വരുന്നത്..അതിരാണിപ്പാടത്ത് നിന്നിരുന്നെങ്കിൽ അവസാനം ഏതോ ഓഫീസിൽ ഒരു ഗുമസ്തനായോ മറ്റോ തീരേണ്ട  ശ്രീധരൻ ഇന്ത്യയിലേക്ക് മടങ്ങിവരികയും പിന്നീട് ഇന്ത്യയിലെ തന്നെ ഒരു പരമോന്നത അധികാരപീഠത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു.യഥാകാലം ഫ്രഞ്ച്മാഹിയിൽ നിന്നും ഒരു മലയാളിപ്പെൺകുട്ടിയെ അറേഞ്ചഡ് വിവാഹം കഴിക്കുകയും ചെയ്യുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം അതിരാണിപ്പാടത്തേയ്ക്ക് മടങ്ങിവരുന്നു..ഗതകാലത്തിന്റെ ഓർമ്മക്കുറിപ്പായി ശ്രീധരനെ അറിയുന്ന ശ്രീധരനറിയുന്ന ഒരാൾ മാത്രം അവിടെ ജീവിച്ചിരിക്കുന്നു..തന്റെ അസ്തിത്വം എന്താണെന്ന് അപ്പോഴും ആ കാഴ്ച മങ്ങിയ വ്യദ്ധന് മുന്നിൽ ശ്രീധരൻ വെളിപ്പെടുത്തുന്നില്ല..പഴയ കുട്ടിയായ ശ്രീധരനായിത്തന്നെ അവിടെ നിൽക്കുന്നു..

ആ വ്യദ്ധനിൽ നിന്ന് തനിക്ക് ശേഷമുള്ള അതിരാണിപ്പാടത്തിന്റെ പുതിയ കഥ ശ്രീധരൻ അറിയുന്നു.
അവസാനമായി ആ ഓർമ്മകളിൽ നിന്ന് യാത്ര ചോദിച്ച് മടങ്ങുന്നു..

ഈ കഥയ്ക്ക് ഒരു ഉപോത്ബലമായി മാത്രമാണ് ശ്രീധരൻ എന്ന നായകൻ ഈ കഥയിൽ നിൽക്കുന്നത്.ഇത് ഏതോ ഒരു  ചേനക്കോത്ത് ശ്രീധരന്റെ കഥയല്ല..മറിച്ച് ശ്രീധരൻ നമ്മോട് പറയുന്ന ഒരു ദേശത്തിന്റെ ചരിത്രമാണ്...

ജീവിതം വിചിത്രമായൊരു തെരുവുവീഥിയാണ്.ഒത്ത്ചേരലുകളേക്കാൾ ഒഴിഞ്ഞുകൊടുക്കലുക്കളുടേയും അകന്നുമാറലുകളുടേയും തെറ്റിപ്പിരിയലുകളുടേയും തിക്കും തിരക്കുമാണ് ആ തെരുവിൽ നടക്കുന്നത്.

ബുക്കിലെ അവസാന വാചകത്തിൽ പറയും പോലെ ..നാളെയൊരു കാലത്ത് ജനിച്ചുവളർന്ന മണ്ണിൽ വച്ച്  റോക്ക്&റോൾ ട്യൂണിൽ വരുന്ന ഏതോ ഒരു   ഊറാമ്പുലിക്കുപ്പായക്കാരൻ പയ്യൻ കൊക്കോക്കോളയും കുടിച്ച് കൊണ്ട് നമ്മളോട് ചോദിക്കാം..ഹു ഈസ് ദിസ് ഗൈ?..ഇവനാരെടാ...?

അപ്പോൾ പറയാനുള്ള ഉത്തരം ശ്രീധരനെപ്പോലെ ഇപ്പോഴെ മനസ്സിൽ ഒരുക്കിവച്ചേക്കണം..

“അതിരാണിപ്പാടത്തെ പുതിയതലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചുകടന്നത് പൊറുക്കൂ, പഴയ കൌതുക വസ്തുക്കൾ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാൻ.“




.....

May 29, 2011

മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )


 പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ  സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).

2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)

3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)

4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )

5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )

6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )

7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ്  ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).

8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).

9.Janakan ( പൂർണ്ണമായും ഒരു വീട്ടിലെ ഡ്രോയിങ്ങ് റൂമിലെടുത്ത ‍ആദ്യചിത്രം..
ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേറെയും സവിശേഷതകൾ കണ്ടെത്താം....)

10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )

11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )

12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )

13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ 
 ആ സ്നേഹം പോയിക്കിട്ടി )

14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )

15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )

16.  9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )

17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )

18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )

19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )

20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )

21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )

22.Oru Naal Varum ( ആറിയ പഴങ്കഞ്ഞി കൊണ്ട് പുട്ടുണ്ടാക്കൽ..... )

23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )

24.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും  ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. )

25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു...  )

2011-ലെ സമാനമായ ക്ലാസിക്കുകൾ:

26. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട്   നമ്മള് ചിരിച്ച് ചിരിച്ച്.... )

27. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി  )

28. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി  പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)

29.Christian Brothers: ( വയ്യ...ഇനി വയ്യ... )

30.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )

അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.

1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )

2.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം...  )

3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )

4.Apoorvaragam  ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)

5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )

6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).

പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:


1. Best Actor  ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..)

2.അൻവർ ( എനിക്കിഷ്ടപ്പെട്ടു...അമൽ നീരദ് ഓരോ സിനിമ കഴിയുന്തോറും പെർഫെക്ടാവുകയാണ്...ഷോട്ട്സിലെ ഫ്രെഷ്നെസ്സ്...കഥാപാത്രത്തിന്റെ മാനറിസങ്ങൾ ക്യത്യമായി പകർത്തുന്നു.. )

3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )

4.പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌  ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )

5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )

6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ  ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ..എങ്കിലും പത്മകുമാറിന്റെ വർഗ്ഗവും വാസ്തവവും അതായിരുന്നു പടങ്ങൾ..  )

7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )

8.മലർവാടി ആർട്ട്സ്‌ ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )

9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ  സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം..  )

10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്.....എങ്കിലും ഭയങ്കര അഡിക്ഷൻ...ഈ പടം ഇടയ്ക്കിടയ്ക്ക് റീപ്ലേ ചെയ്തു ഞാൻ കാണും...   )


2011ലെ നല്ല സിനിമകൾ

11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും  അറിയാതെ പോയെനെ.. )

12. Makeup Man  ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )

13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ  സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )

14.മാണിക്യക്കല്ല് ( ഏതോ ചില പഴയ  മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)

*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി,  തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)


.....

May 22, 2011

ഹിപ്പോപൊട്ടാമസ് വേട്ടക്കാരൻ


( ഒന്നര വയസ്സിൽ താഴെയുള്ള കൊച്ചുകുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള  ചില കുട്ടിക്കഥകളാണിത്..ആഗ്യങ്ങളും രംഗവിസ്താരവും ഒക്കെയായി മനോഹരമായി പറഞ്ഞ് കൊടുത്താൽ ആകർഷകമാകും..കുട്ടികൾക്ക് നവ്യാനുഭൂതി കൈവരുകയും ചെയ്യും. )

1.ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരൻ.
ഒരു ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരന്റെ ആകുലതകൾ.... അത് സാധാരണക്കാർക്കും സമതലങ്ങളിലെ മെഡീറ്ററേനിയൻ നിവാസികൾക്കും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്...കാരണം നിങ്ങൾ വേട്ടയാടിയത്  രണ്ട് വയസ്സുള്ള മുയൽക്കുഞ്ഞുങ്ങളേയും  തൂവാനത്തുമ്പികളേയുമാണ്..അവയിൽ നിന്നും വ്യത്യസ്ഥനായിരുന്നു അയാൾ.

കാരണം അയാൾ ആകെ വേട്ടയാടിയിട്ടുള്ളത് ഹിപ്പോപ്പൊട്ടാമസുകളെ മാത്രമായിരുന്നു.

അയാൾ ഹിപ്പോപ്പൊട്ടാമസുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു..ഹിപ്പോപ്പൊട്ടാമസില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതിരിക്കാൻ അയാൾ അശക്തനായിരുന്നു.
പൂവുകളൂം പൂമ്പാറ്റകളും മ്യൂട്ടന്റുകളായ മനുഷ്യരുമില്ലാത്ത ലോകമാണ് ഹിപ്പോപ്പൊട്ടാമസുകൾക്ക് യോഗ്യം എന്നയാൾ ഉറച്ച് വിശ്വസിച്ചു..

എന്നെങ്കിലും ഹിപ്പോപ്പൊട്ടാമസുകൾ ലോകം കീഴടക്കുന്ന കാലം വരും എന്നയാൾക്ക് ഉറപ്പായിരുന്നു..വൈവിധ്യമാർന്ന ഹിപ്പോപ്പൊട്ടാമസുകളെക്കൊണ്ട് ഈ ലോകം നിറയുമ്പോൾ, ന്യൂയോർക്കിൽ  ക്യൂൻസിലെ തിരക്കേറിയ തെരുവോരങ്ങളീൽ ഹിപ്പോപ്പൊട്ടാമസുകൾക്കിടയിലൂടെ ഊളിയിട്ട് നടക്കുന്നതോർത്തയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

ആവേശം കൊണ്ടയാൾ ചാടിയെണ്ണീറ്റോടാൻ നോക്കി....ഇല്ല....കഴിയുന്നില്ല..കാഴ്ചമങ്ങുന്നു..വിയർപ്പിന് രക്തത്തിന്റെ നിറം..അപ്പോഴേക്കും അയാൾ തിരിച്ചറിഞ്ഞു..താൻ ഒരു ഹിപ്പോപ്പൊട്ടാമസായിരുന്നെന്ന്..ചില്ലിട്ട കൂട്ടിലെ ചെളിവെള്ളത്തിൽ അയാൾ വീണ്ടും കഴുത്തറ്റം മുങ്ങിക്കിടന്ന് ദിവാസ്വപ്നങ്ങൾ നെയ്തു...

2.കാപ്പി.
ബ്രഹ്മദത്തനും സുഭദ്രയും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു..ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ സുഭദ്ര ഒരു കപ്പ് കാപ്പി ബ്രഹ്മദത്തന് കൊടുത്തു.ബ്രഹ്മദത്തൻ കാപ്പി കുടിച്ചുകൊണ്ടേയിരുന്നു...സുഭദ്ര കാപ്പി ഒഴിച്ചുകൊണ്ടേയിരുന്നു..അവസാനം കാപ്പി തീർന്നു !!

സുഭദ്രയ്ക്ക് വിഷമം തോന്നി..അത്രയും കാപ്പി കൊടുക്കേണ്ടിയിരുന്നില്ല..ബ്രഹ്മദത്തനും മനസ്സിന് വല്ലാത്ത സങ്കടം തോന്നി..അത്രയും കാപ്പി കുടീക്കേണ്ടിയിരുന്നില്ല..ഘനീഭവിച്ച മനസ്സുമായി ബ്രഹ്മദത്തൻ തന്റെ തുണിസഞ്ചിയും എടുത്തുകൊണ്ട് നിലാവിന്റെ വെളുത്ത നാട പോലെയുള്ള നാട്ടുവഴിയിലൂടെ കവല ലക്ഷ്യമാക്കി നടന്നു..മാമംഗലം തറവാടിന്റെ പൂമുഖത്തെ പെൻഡുലം ക്ലോക്കിൽ മണി പന്ത്രണ്ടടിച്ചു..

സുഭദ്ര കാപ്പിപ്പാട്ട തുറന്ന് നോക്കി.കൊയ്ത്ത് കഴിഞ്ഞ മുണ്ടകൻപാടം പോലെ ശാന്തം.. കാലി....
അവളുടെ ദുഖം ഇരട്ടിച്ചു..ഇനി ഈ വീട്ടിൽ കാപ്പിപ്പൊടിയില്ല...സംസാര ദു:ഖത്തിന്റെ മൂലകാരണം കാപ്പിപ്പൊടിയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ടവൾ കട്ടിലിലേക്ക് മറിഞ്ഞുവീണു..തേങ്ങലുകൾ അടങ്ങി..

സാവധാനം എഴുന്നേറ്റിരുന്നു തന്റെ കരിംകൂവളമിഴികൾ തുടച്ചുകൊണ്ടവൾ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു........പക്ഷേ പുഹ...
...അത് വന്നില്ല !!!!!..

3.നൊസ്റ്റാൾജിയ.
സമയം വെളുപ്പിന് 2:30...വിജനത ചൂഴ്ന്ന് നിൽക്കുന്ന കുറ്റാകൂരിരുട്ട്..പോഗോയിൽ ബേബി ലൂണിടൂൺസ് കണ്ട് കൊണ്ടിരുന്ന ലുട്ടാപ്പിയെ  പെഡോഫൈലുകൾ  കടന്നു പിടിചു..അന്ന് ഡെല്ലിയിൽ മഴപെയ്തു...കാലം പരിപ്പുവടയുമായി മഗഡാസ്കറിലെത്തി എന്നിട്ടും പ്രിയേ നീ മാത്രം പല്ല് തേച്ചില്ല...

അങ്ങ് ദൂരെ വിപ്ലവം പൊഴിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നുംഒരു ചെറു ഖടികാരം അവളോട് പറഞ്ഞു..ഇനിയും നീ വരില്ലേ....ഇലകൾ പൊഴിയുന്ന ശിശിരം മൂർച്ചിച്ചെങ്കിലും മാനസ തന്റെ വെയ്പുപല്ലുകൾ ആ മഹാസമുദ്രത്തിലേക്ക് വലിചെറിഞ്ഞു. അലകലൊഴിഞ്ഞ ആമ്പലുമായവൾ സുമേഷിന്റെ ബൈക്കിൽ കയറി.

ടൈറ്റാനിക്കും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സിഡ്നിയിലെ ഒരു ചുവന്ന തെരുവിൽ വച്ച് കൂട്ടിയിടിച്ചു..അനേകം ബാലികമാർ താലപ്പൊലികളുമായി വാഷിങ്ങടണിലേക്ക് നീങ്ങി. ഒബാമ ഗുരുവായൂരിൽ ശയനപ്രദിക്ഷണം നടത്തി..

18 ആമത്തെ വട്ടം തലയിൽ ഇരുമുടിക്കെട്ടും തോളിലൊരു തെങ്ങിൻ തയ്യുമായി ഏകനായി കരിമല  കയറുന്ന ആ വ്യദ്ധനോട് സഹയാത്രികനായ അയ്യപ്പൻ തിരക്കി..

“ ഉൻ പേർ എന്ന സ്വാമി..?.. “

അയാൾ മ്യദുവായി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു....“ലാദൻ.....ബിൻ ലാദൻ...”
സന്നിധാനത്ത് അപ്പോഴും ശരണം വിളികൾ ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്നു....

4.പഞ്ചാബ്.
ഓപിയം ചേർത്ത പൂമ്പാറ്റത്തീയൽ കഴിച്ച് കൊണ്ടിരിക്കുന്ന ബേബിസിറ്റർ അപ്സരസുകൾ ചിലപ്പോൾ വിക്യതിക്കുട്ടികളെ ദൈവം കാണാതെ പിടിച്ച് സ്വർഗ്ഗത്തിന്റെ ഓട്ടയിലൂടെ താഴേക്ക് വലിച്ചെറിയും...

According to the Principle of Uncertainty അപ്സരസ്സുകൾ എന്ത് ചെയ്യും എപ്പോൾ ചെയ്യും എന്ന് നമുക്ക് ചുമ്മാ അങ്ങ്  ഊഹിക്കാം എന്നല്ലാതെ ഉറപ്പിക്കാൻ സാധിക്കില്ല..അതിനെ പലപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ റാഡിക്കൽ പ്രതീകങ്ങളായി വൈകുണ്ഡനിവാസികൾ തെറ്റിദ്ധരിക്കാറൂണ്ട്..

സമ്മർ വെക്കേഷന് അപ്സരസ്സുകൾ ഭൂമിയിൽ വന്ന്  മനുഷ്യസ്ത്രീകളായി ജനിക്കുന്ന സ്ഥലമാണത്രേ പഞ്ചാബ്..

മിന്നിത്തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള ഇടകലർന്ന സ്വർണ്ണമുടിയിഴകളുള്ള ഗോതമ്പിന്റെ നിറമുള്ള ആ പഞ്ചാബിപ്പെൺകുട്ടിയായിരുന്നു മേഘ...അവൾ അപ്സരസ്സാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...കാരണം അപ്സരസ്സുകളെ എനിക്ക് മുൻപരിചയമില്ല...

എങ്കിലും ഞാനയച്ച 14 കത്തുകൾ ചുരുട്ടിക്കൂട്ടി ട്രാഷ്ബാഗിലെറിഞ്ഞ വഞ്ചകീ..അത് ചുവന്ന മഷിയല്ലായിരുന്നു..കോളേജിൽ പഠിച്ചപ്പോൾ ചെയ്ത പോലെ ഏതെങ്കിലും പന്നിയെലിയെ തല്ലിക്കൊന്ന് അതിന്റെ രക്തം കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളല്ലായിരുന്നു അവ..
അവയിലോരോരോ വാക്കിലും പ്ലാസ്മയിൽ മുങ്ങിക്കിടന്ന് എന്റെ സിരകളിലൂടെ ഒഴുകി  മരിച്ച ചുവന്ന രക്താണൂക്കളായിരുന്നു...എന്റെ ഹ്യദയരക്തം...

ഇന്ദുചൂഡന്റെ വരികൾ കണ്ട്  നിങ്ങൾക്കും ചോദിക്കാം...എന്ത് കൊണ്ട് അവന്റെ കവിതകൾ ഇലകളെയും കിനാവുകളേയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളേയും കുറിച്ച് സംസാരിക്കുന്നില്ല..?.........
വരൂ കാണൂ....ഈ തെരുവുകളിലെ രക്തം കാണൂ..

5.മദ്രാസ്.

രശ്മി തന്റെ എൻഫീൽഡ് മോട്ടോർബൈക്കുമായി കറങ്ങാനിറങ്ങി..കൊള്ളസംഘത്തെ അമർച്ച ചെയ്ത് പുലർച്ചയോടെ വീട്ടിലെത്തിയ സുധീഷ് മേനോൻ ഐ.പി.എസ് തലയണയിൽ മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു..

കാണാതായ കാഡ്ബറീസും തപ്പി ദ്യഷ്ടധ്യുംനനൻ  വനാന്തരങ്ങളിലലഞ്ഞു...അർജുനന്റെ വാട്ടർബോട്ടിൽ ഭീമൻ തട്ടിപ്പറിച്ചു..ദുര്യോധനൻ വിഭീഷണന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടു..

ഹരിശ്ചന്ദ്രൻ പോക്കറ്റടിക്കേസിൽ വീണ്ടും ജയിലിലായി..ശിബി ചക്രവർത്തി പ്രാവിറച്ചിയും നാടൻ വാറ്റും കൂട്ടി കേമമായി ഊണ് കഴിച്ചു..ചൈനാഠൌണിനെ  IMDB TOP 250ൽ  ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട്  4 പേർ ഒപ്പിട്ട ഭീമഹർജ്ജി ചൈനാക്കാർ കൊറിയൻ പ്രസിഡന്റിനയച്ചു..

കംസനും പാഞ്ചാലിയും  അന്നും  അവാർഡ്പടത്തിന്റെ മാറ്റിനിക്ക് കയറി..പൂതനയുടെ ലിപ്സ്റ്റിക്ക് തീർന്നു..റിയോ ഡീ ജെനീറോയിൽ അരാജകത്വം അഴിഞ്ഞാടി.അത് കണ്ട് സഹിക്കാനാവാതെ ഭീഷ്മപിതാമഹൻ ക്യഷ്ണനെ നോക്കി അലറി...

“വിടടാ വണ്ടി മദ്രാസിലോട്ട്...എന്റെ പുള്ളാരും കാണട്ടടാ... മദ്രാസ്....”


6.പാല്പായസം.
മദ്യമില്ലാത്ത ബാറുകൾ തേടി ഞാനലഞ്ഞു..സിനിമയില്ലാത്ത തിയറ്ററുകൾ തേടി ഞാനലഞ്ഞു..
ആളില്ലാലെവൽ ക്രോസിൽ ധ്യാനനിമഗ്നായിരുന്നു..തീവണ്ടിപ്പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ബിസ്ലറി കുപ്പികൾ വെളുക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു..ഒരു നാൾ ഞാനും ചേട്ടനെ പോലെ വലുതാകും..

അന്ന് ആദ്യമായി അവളെന്റെ കരണത്തടിച്ചു...സന്തോഷം തോന്നി....മനസ്സ് നിറഞ്ഞു..ഒരു കിണ്ണം പാല്പായസം കുടിച്ച സംത്യപ്തി...പ്രണയം മരിച്ചല്ലോ...അതിലും വലുതൊന്നുമല്ലല്ലോ അവളുടെ ഹസ്തതാണ്ഡനം..ക്യഷ്ണനിൽ ലയിച്ച മീരയെപ്പോലെ ചോക്ലേറ്റ് കട്ടകൾ ആ കാപ്പിയിൽ അലിഞ്ഞുചേർന്ന് കൊണ്ടേയിരുന്നു..പൊടിപോലുമില്ല കണ്ട് പിടിക്കാൻ..
കഥകളുടെ സാഗരം അവസാനിക്കുന്നില്ല....

     “      വഴിയോരസത്രത്തിലപരാഹ്ന വേളയിൽ
            ഒരുമിച്ചു കൂടി പിരിഞ്ഞു പോകും വരെ
            പറയുക പറയുക കഥകൾ നിരന്തരം
            കഥ പ റഞ്ഞങ്ങനെ കഥകളായ് കാലത്തിൽ
            അലിയുക അതിലൊരു കഥയില്ലയെങ്കിലും
            കഥകളെക്കാൾ ഭാർമില്ല ഭൂമിക്കുമെന്നറിയുക
            ആഴമില്ലൊരു സമുദ്രത്തിനും...          ”

ആരും പോകരുത് എല്ലാവർക്കും ചായയുണ്ട്..ചായ കുടിക്കാത്തവർക്ക് കാപ്പിയും ഇത് രണ്ടും വേണ്ടാത്തവർക്ക് വൈറ്റമിൻ സി കുത്തി നിറച്ച പൈനാപ്പിൾ ടാങ്ങും.

ജീവിതമാകുന്ന യാത്രയിലെ ഒരു തിരക്കേറിയ ഹബ്ബാണ് ഓരോ റെസ്റ്റോറന്റും..ജീവിതത്തിലെ അടുത്ത സീനാകുന്ന കണക്ഷൻ ഫ്ലൈറ്റിന് കാത്തിരിക്കുന്ന യാത്രക്കാരനാണ് നിങ്ങൾ...

നിങ്ങൾ കുടിച്ച അതേ ഗ്ലാസിൽ ഒരായിരം പേർ കാപ്പി കുടിച്ചിരിക്കാം..അവയുടെ അരികുകളിൽ വിലകൂടിയ ലിപ്സ്റ്റിക്കുകളും അധ്വാനിച്ചവന്റെ വിയർപ്പുതുള്ളികളും സിഗരറ്റ് കറകളും അലിഞ്ഞുചേർന്നിരിക്കാം.

ഒരായിരം കഥകൾ പറയാനുണ്ടാകും ആ ഫോർക്കുകൾക്കും സ്പൂണുകൾക്കും..പ്രണയവും നൈരാശ്യവും വിജയവും വിരഹവും ചതിയും വഞ്ചനയും കൊലപാതകവും എല്ലാമെല്ലാം
അവർ കേട്ടിരിക്കുന്നു..ഒടുവിലൊരുനാൾ റീസൈക്ക്ലിങ്ങ് പ്ലാന്റുകളിൽ ഉരുകിലൊലിച്ച് മറ്റെന്തൊക്കെയോ ആയി മാറുന്നു...

ഒരു പക്ഷേ ഈ കഥകളിലെ കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലായിരിക്കാം.പക്ഷേ നിങ്ങൾക്കുറപ്പ് പറയാനാകില്ല..എന്നെങ്കിലുമൊരിയ്ക്കൽ ഇവരാ റെസ്റ്റോറന്റിൽ വന്നിരിയ്ക്കാം.ഒരു കപ്പ് കാപ്പി കുടിച്ചിരിയ്ക്കാം.പിരിഞ്ഞു പോയിരിക്കാം...

അന്ന് ഭാരതയുദ്ധത്തിൽ  അക്ഷൌഹിണിപ്പടയ്ക്കെതിരെ അർജ്ജുനനെയ്ത ഒരമ്പിന്റെ റീസൈക്കിൾഡ് ഫോമാകാം നിങ്ങളുടെ കാറിന്റെ ഫസി ലോജിക്ക് താക്കോൽ..


.....

Mar 27, 2011

ഉത്തരാധുനിക പ്രധാന വാർത്തകൾ - AD 2170.




FBI Warning : 
ഓ... സുമ്മാ ഒരു വാണിങ്ങ്...




നമസ്കാരം... കാർട്ടൂൺ നെറ്റ് വർക്ക് വാർത്തകളിലേക്ക് സ്വാഗതം.....

വാർത്തകൾ വായിക്കുന്നത് പോപ്പോയ് ദ സെയ്ലർ മാൻ.......

പ്രധാന വാർത്തകൾ....

നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപ്   തകർന്ന് പോയ  റോസ്പെരിയാർ ഡാമിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...തമിഴ്നാട്ടിൽ നിന്നുള്ള എ.എസ്.ഐ അഴകേശന്റെ നേത്രിത്വത്തിലുള്ള വൻസംഘമാണ് അന്വേഷണം നടത്തി ഈ കണ്ടുപിടുത്തം നടത്തിയത്....യഥാർത്ഥത്തിൽ അങ്ങനെയൊരു ഡാം ഇല്ലായിരുന്നുവെന്നും, അത് കേരളീയ ജനത വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സങ്കല്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്..ഓണം, വിഷു തുടങ്ങിയ കേരളാ മിത്തുകൾ പോലെ  വളരെ നല്ല ഒരു കഥയാണ്  ഡാമിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

999 വർഷം ഗ്യാരണ്ടിയുള്ള ഉരുക്കുപോലെത്തെ ഒരു ഡാം പൊളിയുക..കുറെപ്പേര് മുങ്ങിച്ചാവുക....എന്താ കഥ.....കേരളാ പീപ്പിളിന്റെ ഭാവനാശക്തിയെ താൻ റൊമ്പ അഭിനന്ദിക്കുന്നു എന്ന് തമിഴ്നാട് വെള്ളവകുപ്പ് മന്ത്രി ചിന്നസാമി പത്രക്കുറിപ്പിൽ അറിയിച്ചു..ഇനിയും ഇത്തരം ഭാവനാസമ്പുഷ്ടമായ മിത്തുകൾ കേൾക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു...

അതിനിടെ  ഇന്നലെ രാത്രി പമ്പ റൺവേയിൽ നിന്നും പറന്നുയർന്ന ബോയിങ്ങ് 75757 വിമാനം അടിയന്തിരമായി തിരിച്ചിറക്കി.....സാങ്കേതിക  തകരാറാണ് കാരണമെന്ന് കരുതുന്നു...യാത്രക്കാരെ കരിമലയിലുള്ള  സപ്തനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കാൻ തീരുമാനമായി....ശബരിമല എയർപോർട്ടിൽ കൂടുതൽ വികസനം നടത്താത്തത് ഭരണപക്ഷത്തിന്റെ അഴിമതി കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു..

ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പോപ്പുലേറ്റഡ് മെട്രോ സിറ്റിയായ സബരിമലയിൽ യാത്രാക്ലേശം രൂക്ഷമാണെന്ന് പരാതിയുണ്ട്....അതുകൊണ്ട് നിലയ്ക്കൽ എയർസ്ട്രിപ്പ് വരെയെങ്കിലും കൂടുതൽ വിമാനങ്ങൾ അനുവദിക്കണം എന്ന് അവർ ആ‍വശ്യപ്പെട്ടു.....ഇത്തവണ ആര് രാജി വയ്ക്കണം എന്ന് മാത്രം അവർ പറഞ്ഞില്ല..

എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് മകരജ്യോതി കത്തിക്കാനുള്ള സൂപ്പർ മോഡേൺ ലേസർലൈറ്റുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു..ആ കേസ് ആദ്യം തീരട്ടെ എന്നിട്ട് നമുക്ക് റൺവേ നന്നാക്കാം എന്നദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകളിലേക്ക്...

സൂറിക്ക്: സ്വിസ് ബാങ്ക് പൊളിഞ്ഞു.. സ്വസ്റ്റർലന്റിലെ AIG ബാങ്കിന്റെ  പ്രധാന ഗോഡൌൺ കെട്ടിടമാണ് പൊളിഞ്ഞത്..താങ്ങാവുന്നതിൽ കൂടുതൽ ഭാരം കയറ്റിയ ലോക്കറുകളാണ് ഈ കെട്ടിടത്തിൽ ഉള്ളതെന്ന് അധിക്യതർ അറിയിച്ചു...ഇന്ത്യൻ രാഷ്ട്രീയക്കാരുടെ എക്കൌണ്ടുകളാണ്
കൂടുതലും ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അവർ പിന്നീടറിയിച്ചു..

ഇതിനിടയിൽ  ഒരു ഷിപ്മെന്റ് കള്ളപ്പണവുമായി വിശാഖപട്ടണത്തുനിന്നും സ്വിസ്റ്റർലന്റിലേക്ക് പുറപ്പെട്ട ഒരു ചരക്കുകപ്പൽ പാതിവഴിയിൽ മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്...അമിതഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം...

സ്വിസ് ബാങ്കുകളിൽ  ഇനിയും ഇന്ത്യാക്കാർ ഇങ്ങനെ പണം കൊണ്ട് നിറച്ചുകൊണ്ടിരുന്നാൽ ഇവിടെ മഞ്ഞിനേക്കാളധികം മണിയായിരിക്കും എന്ന് സ്വിസ് സഹകരണബാങ്ക് ക്ലിപ്തം പ്രസിഡന്റ് പമേല സ്പിൽബർഗ്ഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു..

അജ്മൽ കസബിന്റെ തൊണ്ണൂറാം ചരമവാർഷികം വൻപിച്ച ആഘോഷപരിപാടികളോടെ കൊണ്ടാടി...
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എൺപതാം വയസ്സിലായിരുന്നു അദ്ദേഹം നാടുനീങ്ങിയത്..പണ്ട് ചില തെറ്റിദ്ധാരണകളുടെ പേരിൽ കുറച്ചുനാൾ ജയിലിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അജ്മൽ..ആദ്യം വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് വിധി വന്നെങ്കിലും  പിന്നീട് അഞ്ച് കൊല്ലങ്ങൾക്ക് ശേഷം വീഡിയോ ക്ലിപ്പിങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ..

അന്ന് അദ്ദേഹം രചിച്ച “ ഒരു വെടിയും ഒൻപത് പേരും  ” എന്ന ഞ്ജാനപീഠം കിട്ടിയ ആത്മകഥയിൽ തന്നെ പ്രതിയാക്കിയ സംഭവം വ്യക്തമായി പറയുന്നുണ്ട്..പകലന്തിയോളം പാടത്ത് പണിയെടുത്ത് ക്ഷീണിതനായി വീട്ടിലേക്ക് പോകാനായി ട്രെയിൻ സ്റ്റേഷനിൽ എത്തിയ അദ്ദേഹം താഴെ കിടക്കുന്ന ഒരു തോക്ക് കണ്ട് കൌതുകത്തോടെ അത് എടുത്ത് നോക്കുകയും അപ്പോൾ ഏതോ ഒരു കശ്മലൻ അത് ഫോട്ടം പിടിക്കുകയും, അത് കണ്ട് തെറ്റിദ്ധരിച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയുമയിരുന്നു എന്നദ്ദേഹം അതിൽ പറയുന്നു..

അവസാനം സത്യം തിരിച്ചറിഞ്ഞ നീതിദേവത അദ്ദേഹത്തെ വെറുതെവിട്ടു...കോമ്പൻസേഷനായി സർക്കാർ തന്നെ അദ്ദേഹത്തിന് ആന്റൈ-ടെററിസ്റ്റ് വിങ്ങ് തലവൾ നായി ജോലി കൊടുക്കുകയായിരുന്നു..തുടർന്ന് പത്മശ്രീ, പത്മഭൂഷൺ, ഓസ്കാർ, മികച്ച ബാലതാരം, സന്തോഷ് ട്രോഫി, ഖേൽരത്ന, അർജുനാ അവാർഡ് തുടങ്ങിയ അനേകം ബഹുമതികഅദ്ദേഹത്തിന് കിട്ടുകയുണ്ടായി..

ട്വീറ്റി
ഇനിയും കൂടുതൽ ചെറുപ്പക്കാർ ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി  ചാനലിനോട് പറഞ്ഞു...

ഐസ്ക്രീം കേസ് പുനരന്വേഷണത്തിന്  ഉത്തരവായി.
....
150 വർഷങ്ങൾക്കിടെ ഇത് 77ആം തവണയാണ് ഈ കേസ് പുനരന്വേഷിക്കുന്നത്...115 അംഗ പ്രത്യേക അന്വേഷണകമ്മീഷനാണ് കേസന്വേഷിക്കുന്നത്...

ഇന്നലെ രാത്രി ഒൻപത് മണിക്ക് പോഗോ ചാനലാണ് വിവാദമായ ഒളിക്യാമറാ വീഡിയോ സംപ്രേക്ഷണം ചെയ്തത്..മിസ്റ്റർ.ബീൻ എന്ന ഒന്നാം പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഐസ്ക്രീമാണ് കാർട്ടൂൺ നെറ്റ്വർക്ക്കാരായ ടോമും ജെറിയും അടിച്ചുമാറ്റി  വാണിഭം നടത്തിയത്..

 പിങ്ക്പാന്തറിനും ഇതിൽ പങ്കുണ്ടെന്ന് പോഗോ അറിയിച്ചു..ടോമും ജറിയും ഐസ്ക്രീമും കൊണ്ട് പമ്മിപ്പമ്മി പോകുന്നത് കണ്ടെന്ന് ആദ്യം മൊഴി തന്ന ട്വീറ്റി പിന്നീട് മൊഴി മാറ്റിപ്പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്....ഇതോടെ ഐസ്ക്രീം വിപണിയാകെ തണുപ്പ് മാറി ചൂട് പിടിച്ചിരിക്കുകയാണ്..

കേസിനെപ്പറ്റി വിശദമായി പഠിക്കാനായി കേരളത്തിൽ നിന്ന് 115 അംഗ സംഘം ഉടനേ തന്നേ ലോസ്ഏഞ്ചലസിലേക്ക് തിരിക്കും..ടോം&ജെറിയുടെ ഷൂട്ടിങ്ങ് സൈറ്റുകൾ സന്ദർശിച്ച് തെളിവെടുക്കാനും  അമേരിക്കയിലെ ഐസ്ക്രീം ഫാക്ടറികൾ നിരീക്ഷിക്കാനും  അവർക്ക് പദ്ധതിയുണ്ട്...

ഈ സംഭവത്തെത്തുടർന്ന് തെളിയാത്ത പല പഴയ കേസുകളും അന്വേഷിക്കണം എന്ന് പൊതുജനാഭിപ്രായം ശക്തമാവുകയാണ്..കീചകനെ കൊന്നത് ഭീമനോ. അതോ അർജ്ജുനനോ.?
കംസനെ വധിച്ചത് ശ്രീരാമനോ സ്പൈഡർമാനോ തുടങ്ങിയ അനേകം ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ട്.

കായിക വാർത്തകൾ :   ( ഡുങ്ക ഡുങ്ക ...ഡുങ്ക....ഡുങ്ക..ഡു....... - മ്യൂസിക്ക്  )

 
നിക്വാരഗ്വേയും ഉറുഗ്വേയും ഫിഫ വേൾഡ്കപ്പ് 2170 സോക്കർ ഫൈനലിൽ.....
  
ഇന്നലെ ജർമ്മനിയിൽ നടന്ന സെമിഫൈനൽ  മത്സരത്തിൽ   ഇന്ത്യൻ താരങ്ങൾ വർദ്ധിത ആവേശത്തോടെ മുൻനിരയിയിരുന്ന് കളികണ്ടു....അടുത്തതവണ കൂടുതൾ ശക്തിയോടെ ഫിഫ യോഗ്യത റൌണ്ടിൽ വിജയിക്കും എന്ന് കേന്ദ്ര ഫുഡ്ബോൾ വികസനമന്ത്രി ഗുൽബന്തർസിംഗ് പറഞ്ഞു....

സാബുമോൻ  പ്ലൂട്ടോ കപ്പ് ക്രിക്കറ്റ് ടീമിൽ
.....തന്റെ മുത്തശ്ശന്റെ പാത പിന്തുടർന്നാണ് മലയാളി താരമായ സാബുമോൻ ക്രിക്കറ്റിലെത്തിയത്..മുതുമുത്തശ്ശിയുടെ കൂടോത്രവും ചാത്തൻസേവയും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു..യഥാർത്തത്തിൽ താനെറിയുന്ന പന്തിൽ വിക്കറ്റ് തട്ടി താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി...

തന്റെ കൈയ്യിൽ ചാത്തന്മാരെ ആവാഹിച്ച ഒരു രഹസ്യ തേങ്ങയുണ്ടെന്നും അത് എറിഞ്ഞ് പൊട്ടിച്ചാൽ സെലക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവന്റേം തല പൊട്ടിത്തെറിക്കുമെന്നും അത് പേടിച്ചാണവർ തന്നെ തിരഞ്ഞെടുത്തതെന്നും,
മാത്രമല്ല ഇടയ്ക്കിടെ ഗ്രൌണ്ടിൽ വച്ച് തനിക്ക് ബാധകയറുന്നത് ചാത്തൻസ്വാമിയുടെ അനുഗ്രഹമാണെന്നും ഇക്കാര്യത്തിൽ മുത്തശ്ശിയുടെ പാരമ്പര്യമാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർ സിംഗന്മാരാണെന്നും, പണ്ട് മുത്തശ്ശന്റെ കവിളിൽ തലോടിയ  സ്നേഹനിധിയായ ഒരു സിംഗിന്റെ ഓർമ്മയ്ക്കായിട്ടാണ് താനവരുമായി കൂടുതൽ ഇടപഴകുന്നതെന്നദ്ദേഹം പറഞ്ഞു....കൂടുതൽ ശക്തിയോടെ താൻ തിരിച്ചു വരും..ആരാധികമാർ കാത്തിരിക്കുക..എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു..

ഇപ്പോൾ കിട്ടിയ വാർത്ത:
......ഫ്ലാഷ് ന്യൂസ്..

 
അടുത്തമാസം നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായി
UCF ( Universal Commentators Federation ) പ്രകടനപത്രിക പുറത്തിറക്കി...

ഇത് പ്രകാരം വൻപിച്ച ക്ഷേമപ്രവർത്തനങ്ങൾക്കാണ് പാർട്ടി ഊന്നൽ കൊടുത്തിരിക്കുന്നത്. . ഭൂമിയിലും അന്യഗ്രഹവാസികൾക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതികളാണിത്തവണ   UCF ആവിഷ്കരിച്ചിരിക്കുന്നത്...പ്രധാന വാഗ്ദാനങ്ങൾ ഇവയൊക്കെയാണ്..

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മനുഷ്യർക്ക് കിലോഗ്രാമിന് ഒരു കേരളാ ഡോളറിനും അന്യഗ്രഹജീവികൾക്ക് രണ്ട് കേരളാഡോളറിനും പ്രതിമാസം 25 കിലോഗ്രാം റോക്കറ്റ് ഫ്യൂവൽ.

2 .ബി.പി.എൽ‍. ( ബിലോ പ്രാപഞ്ചിക ലെവൽ)   കുടുംബങ്ങളിലെ അന്യഗ്രഹജീവികൾക്ക്  വിവാഹത്തിന് ധനസഹായം. ( പാവം അന്യഗ്രഹജീവികൾ).

3. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന പ്ലൂട്ടോ നിവാസികൾക്ക് പ്രതിമാസം    
    ആശ്വസിപ്പിക്കൽ ഫോൺകോളുകൾ .

4. പത്താംക്ലാസിലെത്തുന്ന എല്ലാ മാഴ്സ് ഗ്രഹനിവാസികൾക്കും സൗജന്യമായി റോക്കറ്റ്‍, ഓരോ അന്യഗ്രഹ ജീവിക്കും ഫ്ലയിങ്ങ് സോസർ വാങ്ങുന്നതിന്  പലിശ രഹിത വായ്പ ( റോക്കറ്റ് യാത്രികര്‍ ഹെല്‍മെറ്റ് വയ്‍ക്കേണ്ടി വരുമോ ? ),

5..അന്യഗ്രഹജീവികൾക്കും മലയാളികൾക്കും പ്രപഞ്ചതുല്യത (എന്തരോ എന്തോ !).

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.സി.എഫ് അധികാരത്തിൽ വരുമെന്നും അതോടെ   
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ   വിപ്ലവവീര്യം പൊഴിഞ്ഞുതുടങ്ങുമെന്നും യു.സി.എഫ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു...

എനിക്ക് ഉറക്കം വരുന്നു..അത് കൊണ്ട് ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ അവസാനിപ്പിക്കുന്നു.. നന്ദി ..നമസ്കാരം....എണ്ണീറ്റു പോയിനെടെ...



.....

    Mar 17, 2011

    എന്റെ കോട്ടയം സ്വപ്നങ്ങൾ - 3.

    ബസിറങ്ങി ഞങ്ങൾ ഒരു നാൽക്കവലയിൽ വിശ്രമിച്ചു...അപ്പോഴേക്കും രാജപ്പൻ എവിടെയോ പോയി....തിരികെ വന്നത് ഒരു പാണ്ടിലോറിയുടെ ഡ്രൈവറുമായായിരുന്നു...ആ വണ്ടി കോട്ടയത്തിനാണ്...കാശൊന്നും കൊടുക്കുകയും വേണ്ട...ഫ്രീയാണ്..

    ഞാൻ രാജപ്പനും ബാലക്യഷ്ണക്കൈമൾക്കും ഹസ്തദാനം നൽകി..
    ദിവാകരനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു...ഏതാനും മിനിറ്റുകൾക്കകം പാണ്ടിലോറി എന്നേയും വഹിച്ചുകൊണ്ട് കോട്ടയത്തേക്ക് യാത്രയായി....ദിവാകരന് ടാറ്റാ കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..

    സന്ധ്യയോടേ വണ്ടി കോട്ടയത്തെത്തി...ലോറി ഓടിക്കുന്ന തമിഴൻ എന്നോട് പറഞ്ഞു..

    ” അണ്ണൈ ഇത് താൻ കോട്ടയം സിറ്റി.....ഉങ്കളുക്ക് ഇങ്കെനിന്നും ഓട്ടോ കിടയ്ക്കും..”

    ഞാൻ ആ പാണ്ടിക്ക് നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി...കോട്ടയം നഗരത്തിലാണെങ്കിൽ യാതൊരു ലക്ഷ്യവുമില്ല..

    ഇന്ന് രാത്രി ഏതെങ്കിലും ഹോട്ടലിൽ തങ്ങാം...ഞാൻ മുന്നിൽ കണ്ട പല ഹോട്ടലുകളിലും കയറി റേറ്റന്വേഷിച്ചു...ചങ്ങനാശ്ശേരി പോലല്ല...എല്ലാം ബ്ലേഡ് റേറ്റാണ്....കൈയ്യിലാണെങ്കിൽ കാര്യമായി പൈസ ബാലൻസുമില്ല..

    അപ്പോഴാണ് ഒരു പോസ്സ്റ്റർ എന്റെ കണ്ണിൽ‌പ്പെട്ടത്...കോട്ടയം അഭിലാഷിലെ ഒരു സിനിമാ പോസ്റ്റർ ആയിരുന്നു അത്...

    വെറും 25 രൂപയ്ക്ക് സെക്കൻഡ് ഷോയ്ക്കും തേഡ് ഷോയ്ക്കും കയറിയാൽ പിന്നെ അവിടിരുന്നു ഉറങ്ങാം....ഹോട്ടലിൽ പോകാതെയും കഴിക്കാം...അങ്ങനെ ഞാൻ പടത്തിന് കയറി..എന്നാൽ ഉറക്കം നടന്നില്ല...അന്നവിടെ ഓടിയിരുന്നത്  “  നീലത്തടാകത്തിലെ നിഴൽ‌പ്പക്ഷികൾ “   എന്ന മെഗാഹിറ്റ് ക്ലാസിക് സിനിമയായിരുന്നു....

    പൊതുവേ കലാതത്പരനായ ഞാൻ ആ സിനിമയിൽ ലയിച്ചു പോയി..തേഡ് ഷോ കഴിഞ്ഞപ്പോഴേക്കും പുലർച്ചെ നാലുമണിയായിരുന്നു..( അന്നൊക്കെ തേഡ് ഷോ ഉണ്ടായിരുന്നു,)

    അവിടുരുന്നു തന്നെ ഞാൻ ഉറങ്ങി ( അന്നൊക്കെ തിയറ്ററിലിരുന്ന് ഉറങ്ങാമായിരുന്നു ).  ...ഉണർന്നപ്പോൾ സമയം എട്ട് മണി..ഞാൻ പതിയെ എഴുന്നേറ്റു...തിയറ്റർ ബാത്ത്രൂമിൽ നിന്ന് ഫ്രഷായി പുറത്തേക്കിറങ്ങി.

    അവസാനം കൂടുതൽ റിസ്കെടുക്കാതെ പാലായ്ക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു..ഞാൻ അടുത്തുള്ള സർക്കാർ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ ചെന്ന് വഴി ചോദിച്ചു...അവിടെ റിസപ്ഷനിസ്റ്റ് പുതിയ ആളായതിനാൽ അയാൾക്ക് വഴി പിടിയില്ലായിരുന്നു..

    ചിന്താകുലനായ ഞാൻ റോഡിലേക്കിറങ്ങി.....അപ്പോഴാണ്  റോഡരുകിൽ ചുമ്മാ കൈലിയുമുടുത്ത്  കലുങ്കിലിരുന്ന നല്ലവനായ ഒരു ചേട്ടൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടത്... സുഗുണൻ..പേര് പോലെതന്നെ നല്ലമനുഷ്യൻ...ടൂറിസ്റ്റ് ഗൈഡാണത്രേ.എന്റെ വിഷമം അറിഞ്ഞപ്പോൾ പൈസയൊന്നും വാങ്ങാതെ പുള്ളി സഹായിക്കാമെന്നേറ്റു......തത്കാലം കുമരകത്ത് നിന്നും പാലയ്ക്ക് ഒരു ബോട്ടുണ്ട്...അതിൽ പോയാൽ പെട്ടെന്നെത്തും..അദ്ദേഹം എന്നേയും കൂട്ടി ഒരു ബോട്ട് ഏജൻസിയിലേക്ക് പോയി...

    കുമരകം - പാലാ -കുമരകം ടിക്കറ്റ് എടുത്തുതന്നു....ബില്ല് വന്നപ്പോൾ ഞാൻ ഞെട്ടി..എത്ര എണ്ണിയിട്ടും നൂറ് രൂപ കുറവുണ്ട്..ഇനിയെന്ത് ചെയ്യും...ഉള്ള കാശ് മൊത്തം ഞാൻ നുള്ളിപ്പെറുക്കി സുഗുണേട്ടന് കൊടുത്തു...നല്ലവനായ അദ്ദേഹം നൂറ് രൂപ സ്വന്തം പോക്കറ്റീന്നിട്ടു കൊടുത്തു..എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു...ഈശ്വരാ ഒരന്യനാട്ടിൽ ഇത്രയും നല്ല മനുഷ്യരോ...

    എന്നെ ഡോക്കിലാക്കിയിട്ട് അദ്ദേഹം യാത്രപറഞ്ഞ് പോയി...കാപ്പി കുടിക്കാനായി അഞ്ച് രൂപയും പുള്ളിയെനിക്ക് തന്നു.....അടുത്ത്കണ്ട കോയിൻ ഫോണിൽ നിന്നും ഞാൻ ബെർളിച്ചായനെ വിളിച്ചു..നടന്ന സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു...ഞാൻ ഇപ്പോൾ ബോട്ടിൽ കയറാൻ പോവാണെന്നും വരുമ്പോൾ കടുവയുടെ കിഡ്നിക്കറിയും ചോറും തയ്യാറാക്കി വക്കണമെന്നും പറഞ്ഞു...അച്ചായൻ മറുപടി പറയുന്നതിനു മുൻപ് ഫോൺ കട്ടായി..


    ...അല്പസമയത്തിനകം ബോട്ട് വന്നു......ഞാൻ പോക്കറ്റിൽ തപ്പി നോക്കി...ഏതാനും ചില്ലറകളേ ഉള്ളൂ..................ഇനി പാലാ എത്തുന്നത് വരെ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്ത് എനിക്ക് വിഷമമായി...അങ്ങനെ ഞാൻ ബോട്ടിൽക്കയറി...

    ലുബൈക് - ഹെൽസിങ്കി, മംഗലാപുരം- ദുബായ്, യുകെ - മയാമി,  എന്നിങ്ങനെ പല റൂട്ടുകളിലുമുള്ള പടുകൂറ്റൻ കപ്പലുകളിൽ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു ബോട്ടിൽ കയറുന്നത്..ബാഗ് ഒരരുകിൽ വച്ചിട്ട് ഞാൻ സീറ്റിലിരുന്നു..നിശ്ശബ്ദമായി ബോട്ട് നീങ്ങിത്തുടങ്ങി....അല്പസമയത്തിനകം ബോട്ടിലെ കിളി വന്ന് ടിക്കറ്റ് ചോദിച്ചു...

    ഞാൻ ടിക്കറ്റ് കൊടുത്തിട്ട് പറഞ്ഞു... “ എന്തോ ബ്ലേഡ് റേറ്റാ ഇത്...യൂറോപ്പിലൊന്നും ഇത്രയും യാത്രാച്ചിലവില്ല..“

    കിളി പറഞ്ഞു...:“ എന്ത് ചിലവ്.....?  ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും? ...


    ഇത്തരം സർവീസ് ബോട്ടിൽ സഞ്ചരിക്കാം...അല്ലെങ്കിൽ രണ്ട് മൂന്ന് പേർക്ക് മാത്രമായി ഹൌസ്ബോട്ടുമെടുക്കാം...ആട്ടെ ഈ ബോട്ടിനു 30 രൂപയല്ലെയുള്ളൂ..ഹൌസ്ബോട്ടിന് 1500 ഉറുപികയാകും...

    ദൈവമേ, എന്തൊരു കൊല ചതി!.... 30 രൂപയ്ക്ക് പാലായ്ക്ക് ബോട്ടുണ്ടെന്ന്...!..എടാ സുഗുണാ....നീ എനിക്കിട്ട് പണിതന്നല്ലോയെന്ന് മാത്രം മനസ്സിൽ ആലോചിച്ചു....പാലായ്ക്ക് ചെന്നിട്ട് കോടീശ്വരനായ ബെർളിമുതലാളിയുടെ മഹീന്ദ്രജീപ്പിൽ വന്നവനെ പൊക്കണം എന്ന് ഡയറിയിൽ എഴുതിയിട്ടു....

    വിശപ്പ് സഹിക്കാൻ വയ്യാതെ കിളിയുടെ ചോറ്റ്പാത്രത്തിൽ ഉണ്ടായിരുന്ന ഉപ്പ്മാവും പഴവും മേടിച്ച് തിന്നു...ഒരു നീണ്ട മയക്കത്തിലേക്ക് ഞാൻ വീണു..

    പാലാ..പാലാ എന്നുള്ള അനൌൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്...
    പുറത്ത് മഞ്ഞ് കെട്ടിക്കിടക്കുന്നു..ഈശ്വരാ ഈ മഞ്ഞിനിടയിൽ ഞാനെങ്ങനെ അച്ചായനെ കണ്ടുപിടിക്കും...ഞാനല്പനേരം ബോട്ട്ജെട്ടിയിൽ കാത്തുനിന്നു..എന്നിട്ടും ആരെയും കണ്ടില്ല..വരുന്നത് വരട്ടെ ആരോടേലും ചോദിക്കാം എന്ന് കരുതി ഞാൻ ഇരുമുടിക്കെട്ടും തോളിലിട്ട് പുറത്തേക്കിറങ്ങി നടന്നു...ബെർളിച്ചായനെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളൂ...ഇനി പുള്ളി വൈറ്റ് ഹൌസിലോ മറ്റോ പോയോ...അങ്ങനിരിക്കുമ്പോൾ ഒബാമ വിളിച്ചു.. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞ് അമേരിക്കയിലോ ഒക്കെ പോകുന്ന ആളാ...

    തറവാടിന്റെ അഡ്രസ് കൈയ്യിലുണ്ട്..എന്തായാലും അങ്ങോട്ട് പോകാം...ഞാൻ ഓട്ടോക്കാരനോട് അഡ്രസ് പറഞ്ഞു കൊടുത്തു...ആ ഓട്ടോ എന്നേയുംവഹിച്ചുകൊണ്ട് ടൌണിൽ നിന്ന് ഉള്ളിലേക്കാണ് പോയത് 100 ഏക്കർ റബറുതോട്ടത്തിന്റെ ഒത്തനടുക്കായി പണിതിട്ട ഒരു മുട്ടൻ ബംഗ്ലാവ്..


    ഞാൻ പൂമുഖത്തേക്ക് കയറി..പൂമുഖത്ത്  ഒരു കടുവാത്തോൽ വിരിച്ചിട്ടിരിക്കുന്നു...ഞാൻ ബെല്ലടിച്ചു..അല്പസമയത്തിനകം ഒരു വ്യദ്ധൻ പുറത്തേക്ക് വന്നു..കാര്യസ്ഥനാകണം..കഴുത്തിൽ ഒരു 25 പവന്റെ വടംപിരി മാല...

    “ ആരാ കുട്ട്യേ....മനസ്സിലായില്യാ...”അയാൾ ചോദിച്ചു...

    “...ഹോ...തറവാടികൾ തന്നെ..... ആ സംസാരം കേട്ടാലറിയില്ലേ...”

    ഞാൻ ബെർളിമുതലാളിയുടെ കൂട്ടുകാരന്റെ അനിയൻ..അങ്ങ് ദൂരെ കായംകുളത്ത് നിന്നും വന്നതാ..ഞാൻ വരുമെന്ന് വിളിച്ച് പറഞ്ഞായിരുന്നു...

    “ഉം..അയാൾ ഒന്ന് മൂളിയിട്ട് വരിക..എന്ന് പറഞ്ഞ് കൊണ്ട് എന്നെ വിളിച്ചോണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി..

    വീട് പറഞ്ഞ് കേട്ടതിലും ഗംഭീരം തന്നെ....മൈസൂർ പാലസ് പോലല്യോ...വീടിന്റെ പിന്നിൽ ചെന്ന് നിന്നയാൾ ഉറക്കെ വിളിച്ചു...

    “ ..എടാ ബെർളിയേ.....യേ ....യേ..യേ...    “    റബർതോട്ടങ്ങളിൽ പ്രതിധ്വനികൾ മുഴങ്ങി..

    അപ്പോഴതാ ദൂരെ നിന്നും ഒരാൾ ഓടി വരുന്നു....ഒറ്റത്തോർത്ത് മാത്രമുടുത്ത് കൊണ്ട് ഒരാൾ..കൈയ്യിൽ റബർടാപ്പ് ചെയ്യുന്ന കത്തി..അയാൾ ഓടിവന്ന് വ്യദ്ധന്റെ അടുത്ത് കൈകെട്ടി നിന്നു...

    “ടാ ..ദേ നിന്നെ കാണാൻ വന്നതാ...” എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി...

    എന്തൊക്കെയോ ദുരൂഹതകൾ...അപ്പോൾ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുള്ള സുന്ദരനായ ബെർളിയെവിടെ  ബയോളജി ലാബിലെ അസ്ഥികൂടം പോലിരിക്കുന്ന ഈ മനുഷ്യൻ എവിടെ..?

    പാലായില്‍ കണ്ണെത്താത്ത ദൂരത്തോളം റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ മുതലക്കുഞ്ഞുങ്ങള്‍...അപ്പോ അതൊക്കെയെവിടെ.....

    “ വരൂ...”

    ഞാൻ ആശ്ചര്യപരതന്ത്രനായി അച്ചായന് പിന്നാലെ നടന്നു...ഞങ്ങൾ ചെന്നു നിന്നത് ആ തോട്ടത്തിന്റെ ഏതാണ്ട് നടുക്കുള്ള ഒരു ഷീറ്റടിക്കുന്ന കെട്ടിടത്തിലായിരുന്നു...അതിനുള്ളിലേക്ക് ഞാൻ കയറി...ഒട്ടും വ്യത്തിയില്ലാത്ത ഒരു മുറി.....ഒരു ഭാഗത്ത് ധാരാളം മാസികകൾ അടുക്കിവച്ചിരിക്കുന്നു...മുത്ത്ച്ചിപ്പി മുതൽ  യാഹൂ മറ്റേ ഗ്രൂപ്പ് പ്രിന്റൌട്ടുകൾ വരെ...ക്രൈം മുതൽ മഹിളാരത്നം വരെ....ചുവരിൽ നിറം മങ്ങിയ ഹേമമാലിനിയുടെ ഫോട്ടോ...

    മുറിയുടെ മൂലയ്ക്കായി ഒരു തുരുമ്പിച്ച പെന്റിയം 2 കമ്പ്യൂട്ടർ...അതിലാണ് കളി മൊത്തം....ഹോ അപ്പോൾ ഞാൻ വായിച്ചറിഞ്ഞ ആ അച്ചായൻ എവിടെ...കഥകളിൽ കേട്ട കോട്ടയം എവിടെ...


    “ എന്തൊക്കെയാണച്ചായാ ഇത്...ഏതോ കോടീശ്വരന്റെ വീട്ടിലെ റബറുവെട്ടുകാരനാണെന്നത് പോട്ടെ........ആപ്പോ ആ ഫോട്ടോയിൽ കാണുന്ന സുന്ദരനായ ആൾ ആരാണ്...“ ?...ഉം പറയൂ....


    “അ ത്...അത്...അത് കോഴിക്കോട്ടുള്ള ഒരു ഓട്ടോ ഡ്രൈവറാ..പേര് സാബു...സാബുവിനറിയില്ല താനിന്ന് ലോകപ്രശസ്തനാണെന്ന്..അക്ഷരാഭ്യാസമില്ലാത്ത സുന്ദരനായ സാബുവിന്റെ പലപ്പോഴായുള്ള ഫോട്ടോകളാണ് ഞാൻ ബ്ലോഗിലും മറ്റും ഇട്ടിരിക്കുന്നത്.....സൌന്ദര്യമില്ലാത്ത എന്നെ ആൾക്കാർ ഇഷ്ടപെടില്ല എന്ന് കരുതിയാണ് ഞാനങ്ങനെ ചെയ്തത്...

    എന്തായാലും നീയിത് ആരോടും പറയണ്ട..ഞാനൊന്ന് കുളിച്ചിട്ട് വരാം...നീ ആ ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചുകൊള്ളൂ...

    ഒരു പുഞ്ചിരിയോടെ തന്റെ പെന്റിയം 2 ഓണാക്കാനിട്ടിട്ട് അച്ചായൻ കുളിക്കാൻ പോയി....
    എന്തുചെയ്യണം എന്നറിയാതെ ഞാൻ ഇഷ്ടികകൾ അടുക്കിവച്ച് അതിനുമുകളിൽ ഒരു പലക വച്ചിരിക്കുന്ന ബഞ്ചിലേക്കിരുന്നു...

    കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കമ്പ്യൂട്ടർ ബൂട്ടായി...എന്തോ ചില കാര്യങ്ങൾ ഒക്കെ പോസ്റ്റ് ചെയ്തിട്ട് ഞാനും അചായനും പുറത്തിറങ്ങി...

    എങ്ങനേലും കോട്ടയത്ത് കഴിയണം എന്ന എന്റെ ആഗ്രഹം ഞാനദ്ദേഹത്തോട് പറഞ്ഞു..അദ്ദേഹത്തിന്റെ ഐഡിയപ്രകാരം പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാം എന്ന് തീരുമാനമെടുത്തു....നേരെ ഡിജിപിയുടെ ആപ്പീസിൽ  ചെന്ന് എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയണം ....ആദ്യം പോലീസ് പിടിച്ചു ജയിലിലിടും... പിന്നെ എന്തോ ഒരു ‘തൈലം‘ ഒക്കെ ചോദിക്കണം...അപ്പോളവരത് തരും..പിന്നെ നീയും കോട്ടയം നിവാസിയാകും...

    കാര്യം റബറ്വെട്ടുകാരനാണേലും അച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.ഒരു പാട് വായന ഒക്കെ ഉള്ള ആളല്ലേ നല്ല വിവരം കാണൂം....

    അടുത്തദിവസം തന്നെ അച്ചായൻ എന്നെ പോലീസ് സ്റ്റേഷനു മുന്നിൽ ഡ്രോപ്പ് ചെയ്തു..തന്റെ BMWവിൽ സോറി  BSA-SLR ലേഡി സൈക്കിളിൽ...അപ്പോൾ പറഞ്ഞപോലൊക്കെ ചെയ്യാൻ പറഞ്ഞിട്ട് അച്ചായൻ ടാറ്റാ പറഞ്ഞുകൊണ്ട് സൈക്കിൾ ചവിട്ടി....സൈക്കിൾ കണ്ണിൽ നിന്നു മായുന്നിടം വരെ ഞാൻ നോക്കി നിന്നു....

    എന്നിട്ട് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽക്കയറി തൈലം ചോദിച്ചു...യൂറോപ്പിലെ പോലീസുകാരെ എത്ര പേരെ കണ്ടിരിക്കുന്നു...സാർ എന്നല്ലാതെ ആരും വിളിക്കില്ല..

    കണക്ക് കൂട്ടലുകൾ ഒരല്പം തെറ്റി ...ഇത് യൂറോപ്പല്ലായിരുന്നു....തൈലം ചോദിച്ച് ചെന്ന അവരെന്നെ മൂന്നാല് ഭവന ഭേദനവും പോക്കറ്റടിയും ചാർജ്ജ് ചെയ്ത് അകത്തിട്ടു...അതോടെ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ...

    ടിവിയും എസിയും പ്രതീക്ഷിച്ചു ചെന്ന എന്നെ നിരാശമാക്കിയ ഒരു ജയിലായിരുന്നു അത്...എനിക്കെങ്ങനെയെങ്കിലും പുറത്തിറങ്ങിയാ മതിയെന്നായി...ഞാൻ സത്യം വിളിച്ചുപറഞ്ഞെങ്കിലും അത് കേൾക്കാൻ ആരുമുണ്ടായില്ല.....

    അവസാനം ഒരാഴ്ചത്തെ പോക്കറ്റടി ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി..അങ്ങനെ ജയിലിലാണെങ്കിലും കോട്ടയത്ത് ജീവിക്കുക എന്ന സ്വപ്നം എനിക്ക് സാധ്യമായി ....എന്റെ ട്രങ്ക് പെട്ടിയുമായി  ഞാൻ പുറത്തേക്കിറങ്ങി ...

    ‘ഷോഷങ്ക് റിഡംഷനിൽ‘ മോർഗൻ ഫ്രീമാൻ ജയിൽ മോചിതനാകുന്നത് പോലെ ഞാൻ ചുറ്റും നോക്കിക്കൊണ്ട് നടന്നു...

    എന്നെ സ്വീകരിക്കാൻ അച്ചായൻ വന്നിരുന്നു....പുതിയ ഹെർകുലീസ് റാലി സൈക്കിളിൽ...പുള്ളി ഒരു കത്തും എന്നെയേല്പിച്ചു...ഞാനത് തുറന്ന് നോക്കി...  ബ്ലേഡ് പിള്ളച്ചേട്ടൻ ആത്മഹത്യ ചെയ്തത്രേ...ഒരാഴ്ച അയാൾ കാത്തിരുന്നു എന്റെ കാശിനായി..പിന്നെ ഞാൻ മുങ്ങിയെന്ന് കരുതി... തരാനുള്ള കാശിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് നോക്കിയപ്പോൾ കണ്ട തുക കേട്ട് മനസ്സ് തകർന്നാണത്രേ അദ്ദേഹം പോയത്..

    ചിരിക്കണോ, അതോ, കരയണോ?..അതോ പൊട്ടിച്ചിരിക്കണോ....നിർന്നിമേഷനായി ഞാൻ സൈക്കിളിന്റെ ക്യാരിയറിൽ ഇരുന്നു...

    അച്ചായനെന്നെ ബസ്റ്റാന്റിൽ കൊണ്ടാക്കി....അച്ചായന്റെ യഥാർത്തസ്ഥിതി ആരെയും അറിയിക്കില്ല എന്ന് അൻപത് രൂപ മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിച്ചു. ഞാൻ ബസിൽക്കയറി...ഞാൻ സീറ്റിൽ ചാരിക്കിടന്നു..ചൂട് കാറ്റ് മുഖത്തേക്കടിച്ചപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി...കോട്ടയത്തെക്കാളും ഡെല്ലിയേക്കാളും വലുതാണ് കായംകുളം എന്ന തിരിച്ചറിവിൽ ഞാനെത്തി...

    വലതുവശത്തെ പാടങ്ങളൂടെ കരയ്ക്ക് വെള്ളപൂശിയ ഷാപ്പുകള്, ഇടതു വശത്താകട്ടെ‍, ബിവറേജിന്റേയും ബാറിന്റേയും കെട്ടിടങ്ങൾ...

     അപ്പോൾ മനസ്സ് വളരെ ശാന്തമായിരുന്നു...

    (തീർന്നുട്ടാ...ഇനി ഇപ്പണിക്കില്ല....ഒൺലി ചെറുകഥകൾ)...



    .....

    Mar 6, 2011

    എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2


    പക്ഷേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ഏതാന്ന് ഒരു പിടിയുമില്ല..അവസാനം ഞാൻ രണ്ടും കല്പിച്ച് അടുത്ത സീറ്റിലിരുന്ന ചേടത്തിയോട് ചോദിച്ചു...

    “....ഐ ചേർക്കോണം  എറങ്ങണം ട്രെയ്ൻ...ഡൌൺ ഡൌൺ...അമ്മച്ചി സഹായിക്കണം...”

    “....ഓക്കേ യു ഗെറ്റ് ഡൌൺ അറ്റ് നെക്സ്റ്റ് സ്റ്റോപ്പ്..ദാറ്റ്സ് ചേർക്കോണം...“...അവർ പുല്ല് പോലെ പറഞ്ഞുതന്നു...ചേടത്തി പുലിയായിരുന്നല്ലേ.”....അവർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ തയ്യാറായി..

    അധികം താമസിയാതെ സ്റ്റേഷനെത്തി..ഞാനെന്റെ ഇരുമുടിക്കെട്ടുമായി ഇറങ്ങി..കൂടെയിറങ്ങിയവർ പലവഴിക്കു പോയി...ഞാൻ സ്റ്റേഷൻ ആകെമൊത്തം ഒന്ന് വീക്ഷിച്ചു...മൊത്തം ഒരു ചേർക്കോണമയം...ജൂനിയർ ഓഷോ എന്നറിയപ്പെടുന്ന സ്വാമികളുടെ ബഹുമനാർഥമാണത്രേ ആ സ്റ്റേഷൻ നിർമ്മിച്ചത്..

    സ്വാമികൾ ചിരിച്ചു കൊണ്ട്  കൂപ്പുകൈയ്യുമായി നിൽക്കുന്ന കട്ടൌട്ടുകൾ അവിടെ പലയിടത്തായി കണ്ടു....

    അടുത്തതായി ഇരുമുടിക്കെട്ട് താഴെവച്ചിട്ട് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് ഞാൻ പോയി...ഇപ്പറഞ്ഞ ആശ്രമത്തിലെത്തണം...ഉം..അയാൾ ഒന്ന് അർഥഗർഭമായി മൂളി എനിക്കെന്തോ പന്തികേട് തോന്നി.....

    അയാൾ പറഞ്ഞത് പ്രകാരം ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൽ കയറി ഞാൻ ആശ്രമത്തിലേക്ക് പോയി...

    ആശ്രമത്തിന്റെ സെറ്റപ്പ് കണ്ട് എന്റെ കണ്ണ്തള്ളി..ഹോ ഗംഭീരം തന്നെ..ആശ്രമത്തിന്റെ മുറ്റത്ത് തന്നെ സ്വർണ്ണം പൂശിയ ഒരു വലിയ തേങ്ങയുടെ രൂപം പണിഞ്ഞു വച്ചിരിക്കുന്നു..

    അവിടുത്തെ പ്രധാന വഴിപാട് തേങ്ങാ ഉടയ്ക്കൽ തന്നെ....പ്രസാദമായി ചമ്മന്തിയും  കരിക്കിൻ വെള്ളവുമാണ് കിട്ടുന്നത്....കൌണ്ടറിൽ തിരക്കിയപ്പോഴാണറിഞ്ഞത്...സ്വാമികൾ ഏതാനും നാളായി ടൂറിലാണ്.... ആമസോണിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഒരു ഷിപ്മെന്റ് തേങ്ങയുമായി അവിടേക്ക് പോയിട്ട് കുറേ ദിവസമായി....വരാൻ വൈകും..

    അതോടെ ഞാൻ പദ്ധതി മാറ്റി..തത്കാലം ചങ്ങനാശ്ശേരിയിൽ എവിടേയെങ്കിലും ഹോട്ടലിൽ തങ്ങുക ..യാത്രാക്ഷീണവും മാറുമല്ലോ...

    ഞാൻ ഓട്ടോ ഡ്രൈവറോട് തിരക്കി...ഇവിടെ നല്ല ഹോട്ടലുകൾ വല്ലതുമുണ്ടെങ്കിൽ...അതായത് രണ്ട് നില,  കാറ് കയറ്റിയിടാനുള്ള സ്ഥലം, പൂജാമുറി,  പൂന്തോട്ടം...എസി...ഫ്രിഡ്ജ്,  മിക്സി, ടിവി....ഇതൊക്കെയുള്ള ഏതെങ്കിലും ഹോട്ടലുകൾ..?

    സാറിന്റെ ബഡ്ജെറ്റെങ്ങനാ ഫൈവ് സ്റ്റാർ മതിയോ..? ത്രീ സ്റ്റാർ മതിയോ..?

    “ ...ഒരു നൂറ്..നൂറ്റൻപത് രൂപ വരെയൊക്കെ പോകാം...“

    “എന്നാ കേറ്...“  അയാൾ മറുത്തൊന്നും പറയാതെ എന്നേയും കൊണ്ട്  പോയി...ചേർക്കോണത്ത് പൊതുവേ വീടുകളേക്കാളധികം ഹോട്ടലുകളാണ്...അവിടെയെങ്ങും റെയിഡുമില്ലത്രേ...പണ്ട് അവിടം റെയ്ഡ് ചെയ്യാൻ വന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്നൊരു പോലീസുകാരന്റെ തല പൊട്ടിത്തെറിച്ചതോടെ അവിടം റെയ്ഡ് നിരോധിത മേഖലയാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നത്രേ....എല്ലാം സ്വാമികളുടെ അനുഗ്രഹം...

    ആ ഓട്ടോ ചെന്ന് നിന്നത് ഇടൂങ്ങിയ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിലാണ്...
    “ശ്രീക്യഷ്ണവിലാസം ഫൈവ്സ്റ്റാർ ലോഡ്ജ്  ” ...

    അവിടുത്തെ ഏറ്റവും ചീപ്പായ മുറി ഞാനെടുത്തു....നല്ല വ്യത്തിയില്ലാത്ത ഒരിടുങ്ങിയ മുറി....കയറിയപാടെ ബാഗിലിരിക്കുന്ന ഓ.പ്പി.ആറിൽ നിന്നു ഒരു രണ്ടെണ്ണം വിട്ടു...വഴിയിൽ നിന്നും വാങ്ങിയ മോഡേൺ ബ്രഡ്ഡും ചേർത്ത് ഒരു പിടിപിടിച്ചു....കട്ടിലിലിലേക്ക് മറിഞ്ഞു വീണു...


    ഉണരുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി...ഇതിനിടയിൽ പല്ല് തേക്കാൻ പോലും ഞാൻ എണ്ണീറ്റില്ലല്ലോ...എന്തായാലും യാത്രയുടെ ക്ഷീണം മാറിക്കിട്ടി....

    കുളിച്ച് റെഡിയായി ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...കുറച്ച് നേരം ചങ്ങനാശ്ശേരി അതിരൂപതയുമൊക്കെ ചുറ്റിനടന്ന് കണ്ടു...ഭാഷയുടെ പ്രശ്നം  വച്ച് നോക്കിയാൽ ചങ്ങനാശ്ശേരിയിൽ നിൽക്കാൻ തോന്നിയില്ല...തത്കാലം ഇടുക്കിയിലേക്ക് കടന്നാലോ എന്നാലോചിച്ചു..എന്തായാലും ഒരു മൂഡ് വരാനായി ബാറിൽക്കയറി ഒരു നാരങ്ങാവെള്ളം കുടിക്കാൻ തീരുമാനിച്ചു..

    ഞാൻ സഞ്ചിയും തോളിൽത്തൂക്കി അടുത്തുകണ്ട ബാറിലോട്ട് കയറി....എന്നാൽ യൂറോപ്പിലെ ചില കണ്ട്രി ബാറുകളിലെ പോലെ അപ്പൂപ്പന്മാരും അമ്മൂമ്മമ്മാരും ഒന്നും അവിടെക്കണ്ടില്ല...ഞാൻ ഒറ്റയ്ക്ക് ഒരു ടേബിളിൽ പോയിരുന്നു...

    ”ഡേവിടേട്ടാ...കിങ്ങ്ഫിഷറുണ്ടോ..ചിൽഡ്...എന്നാൽ ഒരെണ്ണം പോരട്ടെ “എന്ന് പറഞ്ഞു...“

    എതിർവശത്ത് ടേബിളിൽ മൂന്ന്പേരിരുന്നു മദ്യപിക്കുന്നുണ്ട്....ബിയർ വരുമ്പോഴേക്കും ഞാൻ  ഒരു മാൾബെറോയ്ക്ക് തിരികൊളുത്തി.....അപ്പോഴേയ്ക്കും എതിർഭാഗത്തിരിക്കുന്ന മൂന്ന്പേർ എന്നെ ചിരിച്ചു കാണിച്ചു...ഒരു ഫോർമാലിറ്റിക്ക് ഞാനും ചിരിച്ചു...

    എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു,.... ദിവാകരൻ, രാജപ്പൻ, ബാലക്യഷ്ണക്കൈമൾ.

    അവരില്‍ ദിവാകരൻ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ തമിഴത്തിയും, അച്ഛന്‍ ഒരു മലയാളിയുമാണ്... മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ മലയാളീകളും, അച്ഛന്മാര്‍  ഗോവ, ഛത്തീസ്ഗഡ് എന്നിവീടങ്ങളിലുള്ളവരും...

    സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ച് വാങ്ങി അവർ  വലിച്ചു. ഞാൻ കരുതി  ഇവന്മാർ ഒരു സിഗരറ്റ് മൂന്നുപേർ ചേർന്ന് വലിക്കുമെന്നാണ്...എന്നാൽ യാതൊരു മയവുമില്ലാതെ അവർ ഒരു പായ്ക്കറ്റ് കാലിയാക്കി....ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല... ആദ്യമായാണ് ഞാന്‍ ഇത്തരം ആൾക്കാരെ കാണുന്നത്. അതും ചങ്ങനാശ്ശേരിയില്...


    ബിയറുകൾ ഡേവിഡേട്ടന്റെ കൈകളിലേറി മേശയിലേക്ക് വന്നുകൊണ്ടിരുന്നു.കാലിക്കുപ്പികൾ അതേ കൈകളിൽക്കയറി തിരികെ പോയിക്കൊണ്ടുമിരുന്നു....അവസാനം പുറംചട്ട മാത്രമുള്ള  ഒരു ഡയറിയുടെ ഉള്ളിൽ ബില്ല് വന്നു..ഞാൻ കരുതി യെവന്മാര് കൊടുക്കുമെന്ന്....എന്നാൽ അതുണ്ടായില്ല...

    ബില്ല് വരുന്നതിന് സെക്കന്റുകൾക്ക് മുന്നേ അവർ വാഷ്രൂമിലേക്ക് മുങ്ങി...നിവ്യത്തിയില്ലാതെ ഞാൻ ബില്ല് പേ ചെയ്തു...ഈശ്വരാ ...മുന്നാല് ദിവസത്തെ ഭക്ഷണത്തിന്റെ കാശാണല്ലോ പോയത്...ഞാനോർത്തു...

    അവസാനം എന്റെ യാത്രയുടെ ഉദ്ദേശം അവരെ ഞാൻ അറിയിച്ചു...ദിവാകരൻ മറ്റു രണ്ട് പേരോടും എന്തൊക്കെയോ മലയാളത്തിൽ പിറുപിറുക്കുന്നു...ഇനി എന്നെ അടിച്ചിട്ടിട്ട് രണ്ട് ഓപിആർ കുപ്പികളുമായി കടന്നുകളയാം എന്ന് വല്ലോമാണോ ഇവന്മാർ പറയുന്നത്..?..ഞാൻ ഇരുമുടിക്കെട്ട് ചേർത്ത് പിടിച്ചു....

    അവസാനം ദിവാകരൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
    ”..അളിയനെ ബോർഡർ കടത്തിത്തരുന്ന കാര്യം നുമ്മളേറ്റു..“..എനിക്ക് എന്തോ നല്ല സന്തോഷമായി...ഞങ്ങൾ ബിയറടി നിർത്തി എഴുന്നേറ്റു..

    ഞങ്ങൾ പുറത്തേക്കിറങ്ങി..ഞങ്ങൾ നടന്ന് നടന്ന് ചെറിയ ഒരു തെരുവിലെത്തി..ഞങ്ങളെ പുറത്ത് നിർത്തി അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ദിവാകരൻ കയറിപ്പോയി..തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

    പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..രാജപ്പനും ബാലക്യഷ്ണക്കൈമളും ക്യാരിയറിൽക്കയറി ഇരുന്നു...ഒരു വിധം ആ സൈക്കിൾ മുന്നോട്ട് നീങ്ങി...

    ചവിട്ടി ചവിട്ടി ഞങ്ങൾ കോട്ടയം ബോർഡറിലെത്തി..അപ്പോഴാണ് അത്കണ്ടത്...പാലത്തിൽ ചെക്കിങ്ങ്....ദിവാകരൻ ബ്രേക്ക് പിടിച്ചു..ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി...ചുറ്റും ഇരുട്ട് പരന്നുതുടങ്ങീയിരുന്നു..

    “..മൂന്ന് പേരിലധികം സൈക്കിളിൽ പോയാൽ പോലീസ് പിടിക്കും...സോ ഇനി ഒരു വഴിയേയൂള്ളൂ..കോട്ടയത്തേക്ക് കയറാൻ..”

    “എന്താണത്...?“

    “നീന്തലറിയാമോ..?“

    “ ദിവാകരാ ഞാൻ എക്സ്പെർട്ടാണ്..”

    അങ്ങനെ ഞങ്ങൾ ഒരു ഊടുവഴിയിലൂടെ സൈക്കിളോടിച്ച് മീനച്ചിലാറിന്റെ കരയിലെത്തി..

    ‍ദിവാകരൻ പറഞ്ഞ് തുടങ്ങി...പോപ്പി, ഇത് മീനച്ചിലാറിന്റെ ഒരു കൈത്തോടാണ്, ഇക്കരെ ചങ്ങനാശ്ശേരിയും, അക്കരെ കോട്ടയവും... ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം തുണിയലക്ക്, കുളി, കുളിസീൻ പിടുത്തം, ലോറി കഴുകൽ എന്നിവ നിരോധിച്ചിരിക്കുകയാണ്..

    “..തത്ക്കാലം ബാഗ് സൈക്കിളീലിരിക്കട്ടെ..നിങ്ങൾ നീന്തി അക്കരെചെന്നു എന്ന് ഉറപ്പായാൽ ഞങ്ങൾ സൈക്കിളിൽ കയറി പാലം വഴി..അപ്പുറം വരാം..“

    ബാഗ് ദിവാകരനെയുമേല്പിച്ച് ഞാൻ ഒരു തോർത്തുമുടുത്ത്..നേരെ ഓടിവന്ന് വെള്ളത്തിലോട്ടെടുത്ത് ചാടി..എല്ലാ വെള്ളിയാഴ്ചയും തെംസ് നന്ദി നീന്തിക്കടക്കുന്ന എനിക്ക് അതൊരു പ്രശ്നമായി തോന്നിയില്ല...

    “..പ്ധുക്കോ....“

    എന്നാൽ തെംസിന്റെ ആഴമില്ലാത്ത ആറ്റിൽ ഞാൻ നെഞ്ചുമിടിച്ചാണ് വീണത്...മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ചാടാൻ പറഞ്ഞ ദിവാകരനെ ഞാൻ മനസ്സിൽ ചീത്തവിളിച്ചു....വീണതിന്റെ ആഘാതത്തിൽ കൈകാലുകൾ കോച്ചി വലിച്ചു....ഇല്ല ..ഈ തോട് കടക്കാനാവില്ല...

    ഞാൻ തിരിച്ചു നടന്നു..ചുവടുറയ്ക്കുന്നില്ല...ഒരു വിധം തിരികെ ഇക്കരെയെത്തി..അവരെന്നെ പിടിച്ചുകയറ്റി...ബാലക്യഷ്ണക്കൈമൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് കൈയ്യിൽത്തന്നു...ഞാനത് വെള്ളം ചേർക്കാതെ മടമടാന്ന് കുടിച്ചു...അപ്പോൾ വേദനയ്ക്ക് ഒരാശ്വാസമായി....


    “..ഇനിയെന്താണ് പോപ്പി പരിപാടി..”

    “....എനിക്കറിയില്ല എങ്ങനെയെങ്കിലും കോട്ടയത്തെത്തണം..പക്ഷേ വണ്ടിക്കൂലിക്ക് കാശില്ല...”
    അവർ മൂവരും വീണ്ടും എന്തൊക്കെയോ സംസാരിച്ചു...

    എന്നിട്ട് ദിവാകരൻ എന്നോട് ചോദിച്ചു..” പോപ്പീ...ഹോട്ടലിൽത്തന്നെ ഈ രാത്രി തങ്ങണമെന്നുണ്ടോ..കോട്ടയത്തിന് നാളെ രാവിലെയെ ഇനി പോകാൻ പറ്റൂ...’

    “..ഇല്ല ..ദിവാകരാ..ഏതെങ്കിലും ബസ്റ്റാന്റിൽ വേണേലും ഞാൻ കിടന്നുറങ്ങാം...”

    അങ്ങനെ ഞങ്ങൾ വീണ്ടും ആ ലോഡ് സൈക്കിളിൽക്കയറി മുന്നോട്ട് നീങ്ങി...സൈക്കിൾ ചെന്ന് നിന്നത് ഒരൊറ്റപ്പെട്ട വീടിന്റെ മുന്നിലാണ്...ദിവാകരൻ കൈലിയും മടക്കിക്കുത്തി അകത്തേക്ക് കയറിപ്പോയി..അല്പനേരം കഴിഞ്ഞപ്പോൾ തിരികെവന്നു..

    “.... ഇതെന്റെ ഒരു പരിചയക്കാരിയുടെ വീടാ...പീരുമേട് വാസന്തി ..നമുക്കവടെ വീടിന്റെ തിണ്ണയിൽ കിടക്കാം...”ദിവാകരൻ പറഞ്ഞു..

    നോക്കൂ..ദിവാകരാ..എന്റെ കൈയ്യിൽ അധികം പണമില്ല..എത്ര രൂപ കൊടുക്കേണ്ടി വരും..?..ഞാൻ ചോദിച്ചു...

    “...ഹ ഹ ഹ ഹ ഹ രൂപയോ.....കൊള്ളാം ..ദിവാകരനും പോപ്പിയളിയനും ഒരു രാത്രി ഈ തിണ്ണേക്കെടന്നുറങ്ങുന്നതിനു പണം വാങ്ങിയാൽ പിന്നെയിവള് എത്രനാള് ഈ വീടും വെച്ചോണ്ടിരിക്കുമെന്ന് ഒന്ന് കാണണമല്ലോ..”ദിവാകരൻ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അട്ടഹസിച്ചു...

    അങ്ങനെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വീടിന്റെ തിണ്ണയിൽ കിടന്നുറക്കമായി..ബാലക്യഷ്ണക്കൈമളും  രാജപ്പനും കാലത്ത് വരാമെന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് യാത്രയായി....

    അതിരാവിലെതന്നെ രാജപ്പനും ബാലക്യഷ്ണക്കൈമളും വന്നു..ഞാനും ദിവാകരനും റെഡിയായി പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി...ഇന്നലത്തെ യാത്ര കാരണം സൈക്കീളിന്റെ എടപാട് തീർന്നിരിക്കുന്നു..അതിനാൽ ഞങ്ങൾ കാൽനടയായി ബസ്റ്റോപ്പിലെത്തി..

    അല്പസമയത്തിനകം ബസ് വന്നു.............അത്ഭുതം...!!!!!!!

    ആ ബസ് ഓടിച്ചിരുന്നത് ഒരു  മദ്ധ്യവയസ്കനായിരുന്നു...സാധാരണ യൂറോപ്പിലൊക്കെ ബസോടിക്കുന്നത് ഷ്ഷ്ഠിപൂർത്തി കഴിഞ്ഞ അമ്മൂമ്മമാരാണ്...

    ഹോ ഇനിയെന്തൊക്കെ കാണണം ഇവിടെ ..ഞാൻ മനസ്സിലോർത്തു കൊണ്ട് ബസ്സിലേക്ക് കയറി... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍...

     ( തുടരും...)



    .....
    Related Posts Plugin for WordPress, Blogger...