Followers

Jun 26, 2011

ബ്രേക്ക് പോയ CARS 2

 Cars II Released Worldwide On June 24

ജൂൺ 24ന് കാർസ്-2 റിലീസ്..Toy Story-III എന്ന ഗംഭീരസിനിമയ്ക്ക് ശേഷം ഇറങ്ങാൻ പോകുന്ന പിക്സറിന്റെ അനിമേഷൻ ചിത്രം..തീർച്ചയായും കങ്ങ്ഫൂ പാണ്ട പോലുള്ള ആഷ് പുഷ് അടിപ്പടങ്ങളിൽ നിന്ന് വ്യത്യസ്തമായ  ചിത്രമായിരിക്കണമല്ലോ ...കാർസ് എന്ന തകർപ്പൻ സിനിമയ്ക്ക് ശേഷം അതിന്റെ തുടർച്ചയായി  അതേ ക്രൂവിന്റെ ഒരു സിനിമ ഇറങ്ങുമ്പോൾ പ്രകടമാകുന്ന അസാന്നിധ്യം പിക്സറിന്റെ നട്ടെല്ലായിരുന്ന തിരക്കഥാക്യത്ത് ജോ റാൻഫ്ട് ആണ്...2005ൽ കാലിഫോർണിയയിൽ വച്ചുണ്ടായ ഒരു റോഡ് ആക്സിഡന്റിൽ‌പ്പെട്ടാണദ്ദേഹം മരിച്ചത്..

അത് കൊണ്ട് തന്നെ ട്രെയ്ലർ കണ്ടപ്പോൾ വാനോളം പ്രതീക്ഷ ഉയർന്നെങ്കിലും കാർസ് ഒന്നിൽ കൂടുതൽ ഒന്നും തന്നെ കാർസ് 2വിൽ പ്രതീക്ഷിച്ചില്ല...എന്നാൽ ഒരു നാലാംകിട അനിമേഷൻ ചിത്രത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഉള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്..
സാധാരണ ഗതിയിൽ എത്ര തരം താഴ്ന്നാലും ഒരു എസ്റ്റാബ്ലിഷ്ഡ് പ്രൊഡക്ഷൻ ഹൌസിന്റെ അനിമേറ്റഡ് ചിത്രം കാണികളെ നിരാശരാക്കാറില്ല..ചിരിയ്ക്കാനും ആസ്വദിക്കാനും ഉള്ള വകകൾ അതിൽ ധാരാളമുണ്ടാകും.... റിയോ, പാണ്ട, ബോൾട്ട്, എന്നിവ ഒക്കെ അതിന് ഉദാഹരണങ്ങളാണ്..മിനിമം ഗ്യാരണ്ടി എന്നൊന്ന് ഉണ്ട്..കാർസ് 2 പരാജയപ്പെടുന്നതും ഇവിടെയാണ്.

ദന്തഗോപുരത്തിൽ മാത്രം വസിച്ച് ശീലിച്ച ലൈറ്റ്നിങ്ങ് മക്വീൻ എന്ന സെലിബ്രിറ്റി റേസ്കാർ സാഹചര്യവശാൽ റേഡിയേറ്റർ സ്പ്രിൺഗ്സ് എന്ന അബാൻഡൻഡ് ഠൌൺഷിപ്പിൽ എത്തിപ്പെടുകയും അവിടെ നിന്നും സാധാരണക്കാരായ കാറുകളുടെ ലോകത്തേയ്ക്ക് ഇറങ്ങി വരികയും യഥാർത്ത സൌഹ്യദത്തിന്റേയും പ്രണയത്തിന്റേയും ഒക്കെ രുചിയറിയുകയും ചെയ്യുന്നു..


അവസാനം പൊളപ്പനൊരു ക്ലൈമാക്സിൽ " There is a whole lot more in Racing than Just winning.." എന്ന സന്ദേശവും നൽകി റേഡിയേറ്റർ സ്പ്രിങ്ങിനെ അതിന്റെ സമ്പൽ സമ്യദ്ധമയ ഭൂതകാലത്തേയ്ക്ക് തിരികെക്കൊണ്ടുവരുന്നിടത്ത് ചിത്രം അവസാനിക്കുന്നു..

കാർസ് 2വിൽ വരുമ്പോൾ ഇന്ന് റേഡിയേറ്റർ സ്പ്രിങ്ങ് റൂട്ട് 66 ഹൈവേയിലെ ഒരു തിരക്കേറിയ ട്രാവലേഴ്സ് സ്റ്റോപ്പാണ്..ഹോം ഓഫ് മക്വീൻ എന്നറിയപ്പെടുന്നു..പഴയ  ഹഡ്സെൺ ഹോർണെറ്റ് എന്ന ഡോക് കാലയാനികയ്ക്കുള്ളിൽ മറഞ്ഞു..എന്നാൽ രണ്ടാം ഭാഗത്തിലെ നായകൻ മേറ്റർ എന്ന തുരുമ്പിച്ച ടോ ട്രക്കാണ്..മക്വീന്റെ ഉറ്റചങ്ങാതി..അങ്ങനെയിരിക്കെ ജപ്പാനിൽ വച്ച് നടക്കുന്ന വേൾഡ് ഗ്രാൻപ്രിയിൽ പങ്കെടുക്കാൻ മക്വിന് ക്ഷണം കിട്ടുന്നു..

ലൈറ്റ്നിങ്ങിനെ പരാജയപ്പെടുത്തും എന്ന് വീമ്പിളക്കുന്ന ഇറ്റാലിയൻ ഫോർമുല-1 ഫ്രാൻസെസ്കോ എന്ന റേസ് കാറാണ് മുഖ്യ എതിരാളി.കാമുകിയായ സാലി എന്ന പോർഷെയുടെ ആവശ്യപ്രകാരം ഇത്തവണ മക്വീൻ മേറ്ററിനെയും ജപ്പാൻ യാത്രയിൽ കൂടെ കൂട്ടുന്നു..എന്നാൽ മേറ്റർ ‘ടു ഹരിഹർ നഗറി‘ലെ അപ്പുക്കുട്ടനെപ്പോലെ തീർത്തും ചില മണ്ടൻ പരിപാടികൾ കാണിക്കുകയും അതിനെത്തുടർന്ന് റേസിൽ എഫ്-1 കാർ ജയിക്കുകയും മക്വീൻ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നു..ദേഷ്യം വന്ന മക്വീൻ മേറ്ററിനെ ചീത്തവിളിക്കുന്നു..ദുഖിതനായ മേറ്റർ ഇറങ്ങിപ്പോകുന്നു..

ഇതേ സമയം ബ്രിട്ടീഷ് ഇന്റലിജെൻസിലെ ഏജന്റ് അതായത് സാക്ഷാൽ ജെയിംസ് ബോണ്ടായ ആസ്റ്റർമാർട്ടിൻ ജപ്പാനിൽ വരുന്നു..പിന്നെ നടക്കുന്നത് കോർപറേറ്റ് കളികളാണ്..ഓയിൽ കമ്പനികൾ തമ്മിലുള്ള ബിസിനെസ് കളികളിൽ നടക്കുന്ന ക്രിമിനൽ ആക്ടിവിറ്റീസ് അന്വേഷിക്കുന്ന ബോണ്ട് കാർ മേറ്ററിനെ ഒരു അമേരിക്കൻ സ്പൈ ഏജന്റായി തെറ്റിദ്ധരിച്ച് കൂടെക്കൂട്ടുന്നു..

പിന്നവരെല്ലാം കൂടി അന്വേഷണത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് പോകുന്നു..ഇറ്റലി , യുകെ, ഫ്രാൻസ് മൊത്തം കറങ്ങിനടന്ന് അന്വേഷണം..ബിസിനെസ് മാനേജ്മെന്റ് പഠിച്ച എനിക്ക് പോലും മനസ്സിലായില്ല ഈ കോർപറേറ്റ് കഥയുടെ രത്നച്ചുരുക്കം.,.പിന്നാ‍ അഞ്ചിലും ആറിലും പഠിക്കുന്ന ഊപ്പപ്പിള്ളാർക്ക്...ഇടയ്ക്ക് ചുമ്മാ ഒന്ന് പരിസരവീക്ഷണം നടത്തിയപ്പോൾ .3ഡിക്കണ്ണാടിയും വച്ച് ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് കുറേ പിള്ളേര് സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു..ഒരിയ്ക്കൽ പോലും ഒരു കൂട്ടച്ചിരി തിയറ്ററിൽ നിന്ന് ഉയർന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

ക്ലൈമാക്സിൽ യുകെയിൽ വച്ച് നടക്കുന്ന റേസിൽ വച്ച് മേറ്റർ ഹെർ മജെസ്റ്റിയെയും ഒരു  ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷിക്കുന്നു...എസ്.എൻ സ്വാമിയുടെ തിരക്കഥ പോലെ അവസാനം അതിബയങ്കര ട്വിസ്റ്റ്..വില്ലൻ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു പാവം..മുൻ നിരയിലിരുന്ന് സിനിമ കാണുന്ന ഒരാളെ സിനിമയിലെ കൊലപാതകത്തിന് പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നത് പോലെ വില്ലനെ നിയമപാലകർ ബന്തവസ്സിലാക്കുന്നു.....

സംപ്രീതയായ ക്യൂൻ എലിസെബെത്ത് എന്ന ബെന്റ്ലി കാർ മേറ്റർക്ക് സർ സ്ഥാനം കൊടുത്ത് ആദരിക്കുന്നു...അങ്ങനെ അവർ തിരികെ റേഡിയേറ്റർ സ്പ്രിങ്ങിൽ മടങ്ങിയെത്തുന്നു..അത്രയൊക്കെ ഉള്ളൂ കഥ..കൊറേ ചേസും വെടിവയ്പ്പും ഏതാണ്ട് ഒരു പിയേഴ്സ് ബ്രോസ്നെന്റെ ബോണ്ട് പടം കാണുന്നത് പോലെ...

എടുത്ത് പറയാനുള്ള ഒരു പ്രത്യേകത അനിമേഷനാണ്..നല്ലരീതിയിൽ അധ്വാനം ചിലവാക്കിയാണ് യൂറോപ്പിനെയും മറ്റും ഇതിൽ വരച്ച് ചേർത്തിരിക്കുന്നത്..ഓരോ കുഞ്ഞ് ഡീറ്റെത്സിൽ പോലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്..ചുരുക്കത്തിൽ ഗ്രാഫിക്സ് ഉന്നതനിലവാരം പുലർത്തി..എന്നാൽ മറ്റു ഘടകങ്ങൾ പരാജയപ്പെട്ടതിനാൽ അത് വെള്ളത്തിൽ വരച്ച വരയായിപ്പോയി......

മറ്റ് അനിമേഷൻ ചിത്രങ്ങളെ അപേക്ഷിച്ച് പിക്സറിന്റെ ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥവും തിരക്കഥയുടെ സുക്ഷ്മതകൊണ്ട് അത്യന്തം ഹ്യദയസ്പർശിയായവയുമാണ്...ഈ ഒരൊറ്റചിത്രം ആ ഗുഡ് വിൽ മുഴുവൻ തകർക്കും എന്നതിൽ സംശയമില്ല..

എന്തിനാണീ ചിത്രം 3ഡി ആക്കിയതെന്നും മനസ്സിലായില്ല..3ഡിയിൽ ആസ്വദിക്കാൻ പറ്റിയ സീനുകൾ അധികമൊന്നുമില്ല ഇതിൽ..ഈ അടുത്തിറങ്ങിയ കങ്ഫൂ പാണ്ട-2 3ഡിയിൽ കാണാൻ രസമുണ്ടായിരുന്നു..അതിലെ യുദ്ധരംഗങ്ങൾക്ക് മിഴിവേകാൻ 3ഡിക്ക് കഴിഞ്ഞു...എന്നാൽ കാർസ് 3ഡി തീർത്തും അനാവശ്യമായിപ്പോയി..

2006ൽ ഇറങ്ങിയ കാർസിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും ഒന്ന് കാണണം..കാരണം അതാണ്... സിനിമ....
.....
Related Posts Plugin for WordPress, Blogger...