Followers

Feb 28, 2011

എന്റെ കോട്ടയം സ്വപ്നങ്ങൾ - 1


[ ഫ്ലാഷ് ബായ്ക്ക്.:........ പണ്ട് ഞാൻ ഡെൽഹിൽ ( ഡെല്ലീന്നു വച്ചാ ഇന്നത്തെ ഡൽഹിയല്ല..ഹൈടെക്കും ബ്ലൂചിപ്പും കൊണ്ട് കളിക്കുന്ന അനുഭവങ്ങളുടെ ഡെൽഹി ) രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം...അന്ന് ഞാൻ മാത്സ് ട്യൂഷന് പൊക്കോണ്ടിരുന്നത് കുറുമാന്റെയടുത്തായിരുന്നു..അക്കൊല്ലമാണ് ആദ്യമായി ഞാൻ കണക്കിന് തോറ്റത് എന്ന്
ഒരു ഗസറ്റഡ് ബ്ലോഗറിൽ
ഞാൻ പറഞ്ഞിരുന്നല്ലോ..

അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോട്ടയത്ത് പോവുക എന്നത്...അതിനായി ഞാൻ പല പ്ലാനുകളും തയ്യാറാക്കിയിരുന്നു....പക്ഷേ പ്ലസ്ടൂ കഴിഞ്ഞപ്പോഴാണ് ആദ്യാ‍യി കോട്ടയത്ത് പോകാൻ സാധിച്ചത്...ഞാനത് ഒരിയ്ക്കൽ ഗുരുവിനോട് പറയുകയുണ്ടായി.....

പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പറഞ്ഞ അതേ കഥ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി ഗുരുവിന്റെ ബ്ലോഗിൽ പോസ്റ്റിയിരിക്കുന്നത് ഞാൻ കണ്ടത്...ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചുതീരേണ്ട പാപമായതിനാൽ ഞാനന്ന് എതിർക്കാൻ പോയില്ല..എങ്കിലും എന്റെ യാത്രയുടെ യഥാർഥ കഥ ഞാൻ ഓർത്തെടുത്ത് പോസ്റ്റുന്നു....]

“ ...വലം കൈ സുന്ദരിയായ ഒരു നസ്രാണിപ്പെണ്ണിന്റെ ചുമലിലൂടെ ഇട്ട്‌ അവളേയും ചേര്‍ത്തു പിടിച്ച്‌, ഇടം കയ്യിലുള്ള കല്യാണി ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട്‌ മണ്ണ് വീണു കിടക്കുന്ന നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു...

..ട്രണീം, ട്രണീം....ട്രണീം ...ട്രെണീം...അലാം അടിച്ചതാണ്..

ഞാൻ ചാടിയെണീറ്റു..സമയം എട്ടുമണി..അപ്പോൾ ഇന്നും പതിവ് സ്വപ്നം തന്നെ..വിഷമത്തോടെ ഞാൻ കട്ടിലിൽത്തന്നെ കിടന്നു...

“...എണ്ണീക്കെടാ.... മണി എട്ടായിട്ടും ഈ സൺബാത്ത് നിർത്താറായില്ലേ..ആദ്യം പഠിക്ക്...പിന്നെ കോട്ടയത്തൊക്കെ പോകാം..“ .എന്ന് പറഞ്ഞുകൊണ്ടമ്മ വന്നു...

മനസ്സില്ലാ മനസ്സോടെ ഞാൻ സ്കൂളിൽ പോകാൻ തയ്യാറായി...അമ്മയ്ക്കറിയില്ലല്ലോ ... പുല്ല് തിന്നായാലും ശരി... കോട്ടയത്ത് ജീവിക്കുക എന്ന ആഗ്രഹം എന്റെയുള്ളിൽ പടർന്ന് പന്തലിച്ച കാര്യം..

ഒരുവിധം റെഡിയായി ഇഡ്ഡലീം ബിസ്കറ്റും തിന്ന് ഞാൻ സ്കൂളിലെത്തി...ക്ലാസിലിരിക്കുമ്പോഴും എങ്ങനെയെങ്കിലും കോട്ടയത്ത് എത്തിപ്പെടണം എന്ന ചിന്ത എന്റെ മനസ്സു മുഴുവൻ നിറഞ്ഞുനിന്നു....

എന്റെ ചേട്ടന്റെ കൂട്ടുകാനും, ഞങ്ങളുടെ കുടുംബസുഹ്യത്തുമായ ബെർളി എന്ന ഒരു കോട്ടയംകാരൻ , എന്റെ ചെല്ലും ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍ വന്നതു പോലെ തന്നെ തിരിച്ച്‌ കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട കത്ത് അച്ഛൻ നിഷ്കരുണം ചുരുട്ടിക്കൂട്ടിക്കളഞ്ഞു..

അങ്ങനെ കോട്ടയം യാത്രകളെപ്പറ്റിയുള്ള ഐഡിയകൾ പലതും മനസ്സിൽ വന്നു..കായംകുളം ബസ്റ്റാന്റിൽ ചെന്ന് ആരും കാണാതെ നീങ്ങി നിരങ്ങി ബസിനുള്ളിൽക്കയറി ഒളിച്ചിരിക്കുക...എന്നിട്ട് ഏതെങ്കിലും പാത്രക്കച്ചവടക്കാരുടെ മുട്ടൻ ലഗേജിൽക്കയറി ഒളിച്ച് കോട്ടയത്തിറങ്ങുക തുടങ്ങിയ ആശയങ്ങൾ പലതും മിന്നിമറഞ്ഞു...എങ്കിലും ഒന്നും നടപ്പായില്ല..

അവസാനം ആ ദിവസം വന്നെത്തി..പരീക്ഷ കഴിഞ്ഞു......ധൈര്യം സംഭരിച്ച് ഞാൻ മാർക്ക് ലിസ്റ്റുമായി അച്ഛന്റെയടുക്കലെത്തി...ബുക്ക് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്...മൂന്നാല് സില്ലി ചോദ്യങ്ങൾ അച്ഛൻ എന്നോട് ചോദിച്ചു...അതിനെല്ലാം ഞാൻ മറുപടിയും പറഞ്ഞു...വിശ്വസിക്കാൻ സാധിച്ചില്ല ...മൂന്ന് മണിക്കൂറുകൾക്ക് ശേഷം അച്ഛൻ പറഞ്ഞു..ശരി നീ കോട്ടയത്ത് പൊക്കോ...

പിന്നെ എന്തായാലും പോകുവല്ലേ....കോട്ടയം മാത്രമാക്കണ്ട...പത്തനംതിട്ടേം ഇടുക്കീം കൂടെ ഒന്ന് കണ്ടേര്....പക്ഷേ മാക്സിമം മൂന്ന് മാസം കൊണ്ട് യാത്ര തീർക്കണം....യാത്ര മാൾടിപ്പിൾ കണ്ട്രി ആയിക്കോട്ടെ..എന്ന് ചില കണ്ടീഷൻസ് ഒക്കെ...സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാർക്ക്ലിസ്റ്റും ചേർത്ത് പിടിച്ച് ഞാനെന്റെ മുറി ലക്ഷ്യമാക്കി നടന്നു...

ഈ ആഴ്ച തന്നെ പോകണം..കേരളത്തിലൊക്കെ യാത്ര ചെയ്യേണ്ടതല്ലേ..എങ്ങനെയാണ് മുണ്ടുടുക്കുന്നതെന്ന് അയൽക്കാരനായ ഒരു മലയാളിയുടെ അടുത്ത് പോയി ദക്ഷിണ വയ്ക്കാതെ ട്രെയിനിംഗ് നടത്തി..അവസാനം മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട് മുറുക്കി ശരിയാക്കി...

എന്റെ കാശുകുടുക്ക പൊട്ടിച്ച് ആകെയുണ്ടായിരുന്ന നീക്കിയിരുപ്പായ ചില്ലറകൾ എല്ലാം തൂത്തുവാരി അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ കൊണ്ടുക്കൊടുത്തു..കാഷ്യർ ചില്ലറ മുഴുവൻ എണ്ണിത്തീർത്തിട്ട്
അഞ്ഞൂറിന്റെ അഞ്ച് പച്ചനോട്ടുകൾ എന്റെ കൈയ്യിൽത്തന്നു..

ഗാന്ധിജിയുടെ പടമുള്ള ആ നോട്ടുകളാണ്‌ എന്റെ കോട്ടയം ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാൽ ഞാനവ സൂക്ഷിച്ച് പേഴ്സിൽ വച്ചു...

തുടർന്നുള്ള ദിനങ്ങൾ വളരെപ്പെട്ടെന്ന് ഓടിപ്പോയി..രാത്രിയിൽ കോട്ടയത്തിന്റെം മീനച്ചിലാറിന്റെം മാപ്പ് എടുത്ത് നിലത്ത് വിരിച്ച് അതിൽ വലിയ പ്ലാനിങ്ങൂകൾ ഞാൻ നടത്തി..ഒരു പരിചയവുമില്ലാത്ത സ്ഥലമല്ലേ..ഡിസംബർ അഞ്ചാം തീയതി രാവിലെ പത്ത് മണിക്കാണ് ബസ്..

തലേന്ന് വൈകിട്ട് ഞാൻ ബാസാറിൽ പോയി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിച്ചു..അടുത്ത കൂട്ടുകാർക്കായി വീട്ടിൽ ഒരു ചെറിയ പാർട്ടിയും അറേഞ്ച് ചെയ്തു...

ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു....കണ്ടു......ഒരുപാടു നേരം സംസാരിച്ചിരുന്നു.... എങ്ങനേലും കടം വാങ്ങിയ കാശ് തിരിച്ചുതരും എന്ന് ബ്ലേഡ് പിള്ളച്ചേട്ടന് ഉറപ്പ് കൊടുത്തു....അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ “ടാ നീ കോട്ടയത്ത് പോയി മുങ്ങില്ലല്ലോ..” എന്ന പുള്ളിയുടെ ആത്മഗതം കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ നടന്നകന്നു..

വീട്ടിലെത്തിയപ്പോഴേക്കും ടെറസ്സിൽ പാർട്ടി കൊഴുക്കുന്നുണ്ടായിരുന്നു...ആരും കാണാതെ വാങ്ങിയ രണ്ട് കുപ്പി ഓ.പി.ആർ രഹസ്യമായി ബാഗിൽ ഒളിപ്പിച്ചു വച്ചു..കൂടെ പത്ത് പായ്ക്കറ്റ് മാൾബറോ ലൈറ്റ്സും..കോട്ടയം നല്ല തണുപ്പുള്ള സ്ഥലമല്ലേ കൈയ്യിലാണെങ്കിൽ ആകെ കുറച്ച് രൂപയേ ഉള്ളൂ...വല്ല കടത്തിണ്ണയിലും കിടന്നുറങ്ങുമ്പോൾ ഓപിആർ തന്നെ തുണ..പാർട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോയി..

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കമായി...രാവിലെ തന്നെ ടാക്സി വന്നു...താമസിയാതെ ഞാൻ ഒരുങ്ങി ബാഗുമെടുത്ത് എല്ലാവരോടും യാത്ര പറഞ്ഞ് ടാക്സിയിൽക്കയറി......നേരെ കായംകുളം ബസ്റ്റാന്റിലേക്ക്..കുംഭഭരണി ദിവസം രാത്രി ചെട്ടികുളങ്ങരയിൽ ചെന്ന പോലെ........ബസ്റ്റാന്റിൽ നിറയെ പലതരം യാത്രക്കാർ...കണ്ടാലറിയാം അവരിൽ പലരും കോട്ടയം സ്വദേശികളാണ്...ഞാൻ പോകുന്നതുപോലെ ഒരു വിസിറ്റിനല്ല അവർ പോകുന്നത് എന്ന് ചുരുക്കം..ഭാഗ്യവാന്മാർ...

ഒരു പരിചയമില്ലായിരുന്നെങ്കിലും ഡ്രൈവറെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ്, ബാഗുമെടുത്ത് ഞാൻ പുറത്തിറങ്ങി.ഇനിയും അരമണിക്കൂർ കൂടിയുണ്ട് ബസ് വരാൻ..എയർലൈനുകളായ ഗൾഫ്, ഫ്രാൻസ്, എമറെറ്റ്സ്, കിങ്ങ്ഫിഷർ, അറേബ്യ, എയർ ഇന്ത്യ എന്നിവയിലൊക്കെ പലവട്ടം കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ബസിൽ കയറാൻ പോകുന്നത്..... അതിന്റെ ഒരു ടെൻഷൻ ഇല്ലാതില്ല...


ബാഗ് ലഗേജിലയയ്ക്കാം ബോഡിങ്ങ്പാസും വാങ്ങിയിരിക്കാം എന്ന് കണക്കുകൂട്ടി ഞാൻ എൻക്വയറിയിൽ ചെന്ന് ചോദിച്ചു..സാർ ചെക്കിൻ കൌണ്ടർ എവിടെയാണ് ...

"..ഇവിടെ ചെക്കിങ്ങും മാങ്ങാത്തൊലിയുമൊന്നുമില്ല..." എന്ന് അയാൾ ഒരു ദേഷ്യത്തോടെ മറുപടി പറഞ്ഞു എന്നിട്ട് വീണ്ടും തന്റെ ഉറക്കം തുടർന്നു.....

ഒരു ചമ്മലോടെ ഞാൻ സീറ്റിൽതിരികെ വന്നിരുന്നു....ഇനി അബദ്ധം പറ്റരുത്...അപ്പോൾ ബസിൽ ടിക്കറ്റ് നേരത്തെ എടുക്കണ്ട കാര്യമില്ല...ബോഡിങ്ങ് പാസുമില്ല..

അപ്പോഴേക്കും അനൌൺസ്മെന്റ് എത്തി...."..തിരുവല്ലാ വഴി കോട്ടയത്തേക്ക് പോകുന്ന കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് പാർക്ക് ചെയ്യുന്നു.."....ഇത് കേട്ടതും ചുറ്റും നിന്നവർ ചിതറിയോടി...

ഞാൻ അടുത്ത് നിന്നിരുന്ന ഒരാളോട് ചോദിച്ചു.. "...ചേട്ടാ ഈ കോട്ടയം ബസ് ഏത് ഗേറ്റിലാണെന്നാ പറഞ്ഞേ..?.."

അയാൾ ഒരു പുശ്ചത്തോടെ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു.. “ മോനേ ഇവിടങ്ങളിൽ ബസ്റ്റാന്റിന് സാധാരണ ആരും ഗേറ്റ് വയ്ക്കാറില്ല...കോട്ടയം ബസ് ദോ അവിടെയാണുള്ളത്...“

അയാൾ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് ഞാൻ ഓടി..എക്കണോമി ക്ലാസ് എടുത്താമതി....കൈയ്യിൽ പൈസ കുറവല്ലേ......ഞാൻ ഓടിച്ചെന്ന്..... അതാ ബസിന്റെ വാതിൽക്കൽ കൌണ്ടമണിയെപ്പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഭയങ്കരനായ കണ്ടക്ടർ...അപ്പോൾ പെണ്ണൂങ്ങളൊന്നുമില്ല ബസ് ക്രൂവിൽ..

പക്ഷേ അയാൾ വെൽക്കം പറയുന്നില്ല....ഞാൻ അണച്ചു കൊണ്ട് അയാളോട് പറഞ്ഞു...
“..ഒരു കോട്ടയം വണ് വേ, എക്കോണമി ക്ലാസ്, വിൻഡോ സീറ്റ് വേണം.” ...അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..“..എക്കോണമി ഒക്കെ മോശമാ മോനേ..ദോ ആ ഫ്രണ്ടിൽ സീറ്റൊഴിവുണ്ട്...“

വിമാനത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ബസെന്ന് കയറിയപ്പോഴേ എനിക്ക് മനസ്സിലായി...കോക്പിറ്റിനടുത്തുതന്നെ എനിക്ക് സീറ്റ് കിട്ടി...ക്യാപ്റ്റന്റെ വേഷം കാക്കിഷർട്ടും കൂളിങ്ങ്ഗ്ലാസുമാണ്...കോ-പൈലറ്റിനെ അവിടെയെങ്ങും കണ്ടില്ല...എനിക്ക് ചെറിയ പേടി തോന്നി..

ഇയാൾക്കിത് ഒറ്റയ്ക്ക് ഓടിക്കാനാകുമോ..?..


അല്പനേരത്തിനകം എന്റെ തൊട്ടടുത്ത് ഒരു മാന്യൻ വന്നിരുന്നു..കണ്ടാലറിയാം വലിയ ബിസിനെസ്സുകാരനാണെന്ന്..പുള്ളീടെ വകയായി ബസിനു മുകളിൽ ഒരു കെട്ട് പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉണ്ട്....അല്ലാതെ എന്നേപ്പോലെ മുണ്ടിനു മുകളിൽ ബെൽറ്റിട്ട് അഡ്ജെസ്റ്റ് ചെയ്തിരിക്കുന്ന ടീമല്ല....അയാൾ എന്നോട് പേര് ചോദിച്ചു..ഞങ്ങൾ പരിചയപ്പെട്ടു...

അപ്പോഴേക്കും “ കപ്പലണ്ടിയും ഫ്രൂട്ടിയും കൊണ്ട് ഒരാൾ അവിടേക്ക് വന്നു....എനിക്ക് സന്തോഷമായി അപ്പോൾ ഫുഡ് സെർവ് ചെയ്യുമിവർ  ...കൊള്ളാം..ഞാൻ രണ്ട് പായ്ക്കറ്റ് കപ്പലണ്ടിയും ഒരു ഫ്രൂട്ടിയും വാങ്ങി....എന്റെ അടുത്തിരുന്നയാൾ ഒരു  ബോട്ടിൽ വെള്ളവും വാങ്ങി.. ..

താങ്ക്യൂ പറഞ്ഞ എന്നോടവൻ തിരിച്ചു പറഞ്ഞു...” മൊത്തം ഇരുപത്തഞ്ച് രൂപയായി..ഞാനൊന്ന് ഞെട്ടി..ഹോ അപ്പോ ഇത് ചില ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൾ പോലാണോ ..ഭയങ്കര കഴുത്തറപ്പ്...ഞാൻ ഒന്നും മിണ്ടാതെ പണം നൽകി...

അയൽക്കാരൻ എന്താ ചെയ്യുന്നതെന്ന് ഒളികണ്ണിട്ട് നോക്കി...നമുക്കിതൊന്നും അറിയാൻ പാടില്ലെന്ന് ആരുമറിയരുത്...അയാൾ ചെയ്ത പോലെ ഒക്കെ ഞാനും ചെയ്തു...

അല്പസമയത്തിനകം ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ടാകി...ജെറ്റ് എഞ്ചിന്റെ ഇരമ്പലിനു പകരം കരിങ്കല്ലിട്ട് പാട്ടയിൽ തല്ലുന്ന കർണ്ണാനന്ദകരമായ ശബ്ദത്തോടെ ബസ് നീങ്ങി...കുറച്ച് കഴിഞ്ഞപ്പോൾ  കണ്ടക്ടർ വന്നു...ഒരു കോട്ടയം ടിക്കറ്റ് ഞാൻ എടുത്തു...പതിയെ ഞാൻ മയങ്ങി...

ഞാനുണർന്നപ്പോഴേക്കും വണ്ടി തിരുവല്ലയെത്തിയിരുന്നു...അപ്പോഴെനിക്ക് വേറൊരു ഐഡിയ തോന്നി കോട്ടയത്തിറങ്ങണ്ട ...ഞാൻ ഉടനെ കണ്ടക്ടറെ വിളിച്ചു..എന്നിട്ട് പറഞ്ഞു..

” ഞാൻ ചങ്ങനാശ്ശേരിയിൽ ഇറങ്ങിക്കൊള്ളാം..”

“...പക്ഷേ താങ്കൾക്ക് കോട്ടയം വരെ ടിക്കറ്റുണ്ടല്ലോ..”കണ്ടക്ടർ പറഞ്ഞു..

“അല്ല എനിക്ക് ചങ്ങനാശ്ശേരി ഒക്കെ ഒന്ന് കണ്ടാ കൊള്ളാമെന്നുണ്ട് അതുകൊണ്ടാ..”

“..അപ്പോ നീയെങ്ങനെ കോട്ടയത്തിന്ന് പോകും..”....അയാൾ ചോദിച്ചു..

“...അത് ഞാൻ ബസിനോ ട്രെയിനിനോ പോകാം..”

“..ആ നിന്റിഷ്ടം....ഓക്കെ “..അയാൾ പ്രതിവചിച്ചു..

“ താങ്ക്യൂ..“....

ഞാൻ ഇറങ്ങാൻ തയ്യാറായി..... മുണ്ട് ഒന്നുകൂടി ബെൽറ്റിട്ട് മുറുക്കി..മുടി ഒന്ന് ചീകി വച്ചു...എന്നിട്ട് സീറ്റിൽ വിശാലമായിട്ടിരുന്നു....തിരുവല്ല ആലൂക്കാസും ക്ലബ് സെവനും ഒക്കെ കഴിഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു...

ഹ്യദയം വല്ലാതെ മിടിച്ചു..ഇനിയെങ്ങാനും ബസിന് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് കറങ്ങിത്തിരിഞ്ഞ് തിരികെ കായംകുളത്തെത്തുമ്മോ എന്ന് വരെ ഞാൻ ഭയന്നു...അല്പസമയത്തിനകം ചങ്ങനാശ്ശേരിയെത്തി.....വിൻഡോയിലൂടെ ഞാൻ കെട്ടിടങ്ങളും ഒക്കെ നോക്കിക്കണ്ടു..

ബസ് നിന്നതും ഞാൻ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...ആദ്യമായി ചങ്ങനാശ്ശേരിയുടെ മണ്ണിൽ കാലു കുത്തി...ചുറ്റും നിറയെ വലിയ കെട്ടിടങ്ങൾ..ആളുകൾ ചറപറാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു...ഒരുവിധം ഞാൻ ബസ്റ്റാന്റിന് പുറത്തേക്കുള്ള വഴി കണ്ട് പിടിച്ചു...

എനിക്കാണേ അന്ന് മലയാളം ശരിക്ക് അറിയത്തുമില്ല..പഴയ ഒരു കൂട്ടുകാരനായ
ചേർക്കോണം സ്വാമികളുടെ ആശ്രമത്തിന്റെ അഡ്രസ് കൈയ്യിലുണ്ട്...പണ്ട് ഡെല്ലിയിൽ വച്ച് എത്ര തവണ പുള്ളീടെ കൂടെ ബാറിൽ പൊയിട്ടുണ്ട്...

തത്കാലം ആളെ തപ്പിപ്പിടിച്ച് അവിടെ കൂടാം..പിന്നെ ചങ്ങനാശ്ശേരി അതിരൂപതയും മാർത്തോമാ കോളേജും ഒക്കെ സ്വാമിയുടെ കൂടെ നടന്ന് കാണാം..എന്തിന് പരിചയമില്ലാത്ത സ്ഥലത്ത് നട്ടുച്ചയ്ക്ക് ഊണിന്റെ സമയത്ത് ചുമ്മാ കിടന്ന് കറങ്ങണം..

ഞാൻ റോഡിലേക്കിറങ്ങി നടന്നു...അഡ്രസ് മൂന്നാല് പേരോട് ചോദിച്ചെങ്കിലും അവരുടെ മലയാളം എനിക്കും എന്റെ ഇംഗ്ലീഷ് അവർക്കും മനസ്സിലായില്ല..അവസാന ശ്രമമെന്ന നിലയിൽ അടുത്തുകണ്ട ഒരു  മീൻകാരിയോട് അഡ്രസ് ചോദിച്ചു..ചേർക്കോണം ആശ്രമം എന്ന് കേട്ടപ്പോഴേക്കും അവരുടെ മുഖം വികസിച്ചു...

ചാളമേരി എന്നറിയപ്പെടുന്ന അവർ സ്വാമിയുടെ സ്ഥിരം ഭക്തയാണത്രേ..അവർ വഴി പറഞ്ഞുതന്നു...റെയിൽ വേ സ്റ്റേഷനിൽ ചെല്ലുക ..അവിടുന്ന് രാജധാനി എക്സ്പ്രസിൽക്കയറി നേരെ ചേർക്കോണത്തേക്ക് ടിക്കറ്റെടുക്കുക....ആശ്രമത്തിന്റെ മുന്നിൽത്തന്നെ ഒരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങാം....

ആ മീൻകാരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നേരെ റെയിൽ വേ സ്റ്റേഷനിലേക്ക് നടന്നു..വഴിയിൽ മുറുക്കിത്തുപ്പലുകളും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും പ്ലാസ്റ്റിക് കവറുകളും   കിടന്നിരുന്നു..വെസ്റ്റേൺ യൂറോപ്പ് പോലല്ല ചങ്ങനാശ്ശേരി.....വ്യത്യസ്ഥമായ അനുഭവം...അല്പസമയത്തിനകം ട്രെയിൻ സ്റ്റേഷനെത്തി....

ലണ്ടനിലെ ട്യൂബിലും ഒക്കെ പലതവണ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ട്രെയിനിൽ കയറുന്നത്..ഞാൻ ടിക്കറ്റെടുക്കുന്ന എ.ടി.എം പോലെയുള്ള സാധനം അവിടെയെല്ലാം തപ്പിയെങ്കിലും കണ്ടില്ല..അവസാനം ടിക്കറ്റെടുത്തു തരുന്നത് ഒരു ഇരുമ്പ് കൂട്ടിലിരിക്കുന്ന ‍ആളാണെന്ന് മനസ്സിലായി...അയാളുടെ കൈയ്യിൽ നിന്ന് ഒരു ചേർക്കോണം ടിക്കറ്റെടുത്തു...

അല്പസമയത്തിനകം ട്രെയിൻ വന്നു....ഒരു സീറ്റു കിട്ടി...ട്രെയിൻ നീങ്ങിത്തുടങ്ങി...ഏറെ നാളായി കൊതിച്ചിരുന്ന ചങ്ങനാശ്ശേരിയുടെ വിരിമാറിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ആഹ്ലാദം തോന്നി....സ്റ്റോപ്പുകൾ ഓരോന്നായി കഴിഞ്ഞു പൊക്കോണ്ടിരുന്നു..


(തുടരും)..


.....

21 comments:

 1. “....ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണു
  ഗുരുർദേവോ മഹേശ്വര
  ഗുരു സാക്ഷാത് പരബ്രഹ്മ:
  തസ്മൈ ശ്രീ ഗുരവേ നമ...”

  അതായത് ഗുരുവാണെങ്കിലും കുറുമഗുരു എന്നെ കൊല്ലാതിരുന്നാൽ മതിയായിരുന്നു..എനിക്കേറ്റവും ഇഷ്ടപെട്ട നോവലിനെ, ഒരു കൾട്ട് ക്ലാസിക്കിനെ തന്നെ കൈവച്ചല്ലോടാ രാകേഷേ എന്ന് കരക്കാർ ചോദിക്കാതിരുന്നാൽ കൊള്ളാം...

  ReplyDelete
 2. കുറച്ചു നാളുകള്‍ക്കു ശേഷം ഇവിടെത്തി..പുതിയ പോസ്റ്റില്‍ ചിരിക്കാന്‍ കുറെ വകുപ്പുകള്‍ ഉണ്ടല്ലോ..നന്ദി.

  ReplyDelete
 3. ഇപ്പൊ വെള്ളം അടിച്ചത് കൊണ്ട് ഒന്നും മനസ്സിലാവുന്നില്ല നാളെ പുലര്‍ച്ചയ്ക്ക് പച്ചക്ക് വന്നിട്ട് വായിച്ചു അഭിപ്രായം പറയാം

  ReplyDelete
 4. പോണിക്കുട്ടാ...
  യാത്ര തുടരട്ടെ...
  ഞാനും ഒരു യാത്രക്കുള്ള ഒരുക്കത്തിലാ...
  പോയി വന്നിട്ട് കാണാം.

  ReplyDelete
 5. കല്ല്യാണി ബീറ്,കെട്ടിപ്പിടിക്കുവാനൊരു ത്രേസ്യ കൊച്ച്,...!

  കുറുമാനിട്ട് കുമ്മിയടിച്ച്, ചേർക്കോണം സ്വാമികളുടെ പൂർവ്വാശ്രമത്തിലെ ശിഷ്യകളേ യൊക്കെ കൂട്ടി ഈ സ്വപ്നങ്ങളുടെ എല്ലാ ഖാണ്ഡങ്ങളും പൂത്തുവിരിയുവാൻ കാത്തിരിക്കുന്നു ...

  എം.ടി വരെ രണ്ടാമ്മൂഴ്ത്തിലൂടെ ഇതിഹാസത്തെ യെടുത്ത് അമ്മാനമാടിയിട്ടുണ്ട്..
  എന്നിട്ടാണ് സാക്ഷാൽ വല്ലഭനായ കുറുമാൻജി...

  ഗുരുത്വമുണ്ടെങ്കിൽ ഏത് കുരുവും പൊട്ടിക്കാം കേട്ടൊ പോണികുട്ടാ

  ReplyDelete
 6. പോണീസേ ബാക്കി കാണുമോ?അല്ല കുറുമാ ഗുരു മിക്കവാറും പിടിച്ചു പോണിക്കുറുമ വെക്കുമെന്നാ തോന്നുന്നേ..ടച്ചിങ്ങ്സിന്..പിന്നെ ഈ മാര്‍ത്തോമ കോളേജ് ചങ്ങനാശേരിയില്‍ ആക്കിയാല്‍ സുട്ടിടുവേന്‍ ... എന്റെ സ്വന്തം കോളേജ് തിരുവല്ലയില്‍ ...ഇനി ഇതുപോലത്തെ ഫേറ്റല്‍ ഇററ്സ് അനുവദിക്കുന്നതല്ല...

  ReplyDelete
 7. @റിയാസേട്ടാ .. ഞാൻ വായിച്ചിരുന്നു ആ യാത്ര..പോയി വരിൻ..

  @മുകുന്ദേട്ടാ..എന്നെ നാണം കെടുത്തരുത്..ഒരു അഭിശപ്ത നിമിഷത്തിൽ ഞാൻ ബീറടിച്ചു പോയി..

  @ജുനൈത്: എഴുതി വന്നപ്പോൾ തെറ്റിയതാ..എൻ.എസ്സ്.എസ് കോളേജാ ഉദ്ദേശിച്ചത്..

  ReplyDelete
 8. ഒരു ടിക്കറ്റ് ഞാനും എടുത്തിട്ടുണ്ട് കൂടെ. വഴിയില്‍ വച്ച് ഇറങ്ങി പോവരുതേ...

  ReplyDelete
 9. ഇനിയിപ്പോ പണ്ട് കോട്ടയത്ത്‌ നിന്നും ഇറങ്ങുന്ന മംഗളവും മനോരമയും നോക്കി ചൊവ്വാഴ്ച കാത്തിരിക്കുന്നത് പോലെ ഇരിക്കണമല്ലോ? യാത്ര തുടരട്ടെ....കയ്യും തലയും പുറത്തിടരുത്..പുറകിലേക്ക് ഓടി പോകുന്ന കാടും മരവും പിടിക്കാന്‍ ശ്രമിക്കരുത്........

  ReplyDelete
 10. ആ കാലത്തൊക്കെ കോട്ടയത്ത് പോകാൻ വിസ വേണ്ടാതിരുന്നത് പോണീടെ ഭാഗ്യം.. ഇപ്പോ കമ്പ്ലീറ്റ് ഇമിഗ്രേഷൻ നിയന്ത്രണങ്ങളായില്ലേ.. ബൈ ദ് വേ, ഈ പോസ്റ്റ് വായിച്ചിട്ട് ശ്രീ കുറുമാൻ ആത്മഹത്യാ ശ്രമം നടത്തിയെന്ന് ബസ്സ് ന്യൂസ് കേട്ടു..

  ReplyDelete
 11. kollam.. bakkikkaayi kathirikkunnu... cherkkonam swamikal avide undakum? avar thammil kandu muttumo?

  ReplyDelete
 12. എന്റെ Ponykutta , നീ ഇനഗ്നെ ഖാണ്ഡം ഖാണ്ഡം ആയി പോസ്റ്റ്‌ ചെയ്യാതെ പറയാന്‍ ഉള്ളത് മുഴുവന്‍ ഒന്നിച്ചു അങ്ങ് പറ ... വായിക്കാന്‍ രസം ഉണ്ടായിരുന്നു .. ഞാന്‍ കുറെ ചിരിച്ചു .. ഞങ്ങള്‍ ഇതേ സംഭവം എഴുതാന്‍ ഇരുന്നാല്‍ കോമെടി പോയിട്ട് അതിന്‍റെ വാല് പോലും വരില്ല ..സമ്മതിച്ചിരിക്കുന്നു ...

  ReplyDelete
 13. നന്നായി എഴുതി
  ഒഴുക്കോടെ വായിച്ചു

  ആശംസകൾ!

  ReplyDelete
 14. പോണീസ്!
  കലക്കൻ തുടക്കം!

  (ഈ പോണി ടെയ്‌ൽ എന്നു വച്ചാ എന്തുവാ? വാലുമുളച്ച കഥ കൂടി എഴുതണേ!!)

  ReplyDelete
 15. അത് ശരി...അപ്പൊ കോട്ടയതെക്കാ അല്ലെ !

  ബാക്കി നോക്കട്ടെ..ഞങ്ങള്‍ കോട്ടയം കാരെ പറ്റി എന്നാ എഴുതാന പോകുന്നെ എന്ന് !

  ReplyDelete
 16. തകര്‍പ്പന്‍ ...
  ഏതായാലും കോട്ടയം വരെ വരുവല്ലേ..
  പാലായ്കും കൂടീ ഒന്നു വാടാ ഉവ്വേ..
  നല്ലൊന്നാന്തരം പന്നീ ഉലര്‍ത്തീതും , കപ്പ വേവിച്ചതും തരാം. പിന്നെ പനങ്കള്ളും..പോരേ..

  ReplyDelete
 17. മച്ചാനെ പൊളിച്ചടുക്കി ...ഇനി എഴുതുംബം നമ്മടെ കോഴിക്കോട് വന്ന കഥ കൂടി എഴുതണേ ........................

  ReplyDelete
 18. വായിച്ചു രസംകേറിയപ്പോഴേക്കും അവസാനിച്ചു.
  കാത്തിരിക്കാം അടുത്തഭാഗത്തിനായി.

  ReplyDelete
 19. കൊള്ളാം കേട്ടോ കോട്ടയം കിനാവുകള്‍

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...