Followers

Feb 13, 2011

പൂ വാലന്റൈൻസ് ഡേ സ്പെഷ്യൽ

 മെമ്മറിക്ക് ഒരു എല്ല് കൂടുതലുള്ളതു കൊണ്ടാകാം ആദ്യപ്രണയം മുതൽ ഞാനോർക്കുന്നു...തുറന്ന് പറയാൻ പറ്റാത്ത ആദ്യപ്രണയം..പറഞ്ഞിരുന്നെങ്കിൽ എന്താകുമെന്ന് അറിയില്ല...കാരണം എന്റെ ആദ്യപ്രണയം തുടങ്ങിയത് എൽ.കെ.ജിയിലാണ്.

നമ്പ്ര 1
: അന്നപ്പൂർണ്ണ, LKG-B.


അമൂൽബട്ടറിന്റെ നിറവും പത്തെൺമ്പത് സെന്റീമീറ്റർ പൊക്കവും മിക്കിമൌസിന്റെ ചെരുപ്പുമിട്ട് അവൾ വരുന്നതും കാത്ത് ക്ലാസ് റൂമിന്റെ വാതിലിലേക്ക് നോക്കി ഒരു പിടിയൊടിഞ്ഞ എന്റെ കസേരയിൽ ഞാനിരിക്കുമായിരുന്നു.......ക്രോസ് ടോക്കുകൾക്കിടയിൽ അവളെക്കുറിച്ച് അനാവശ്യം പറഞ്ഞ മാത്യു എന്ന തടിയനെ വാരിയിട്ടിടിച്ചതും അതിന്റെ റിയാക്ഷനായി റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലുള്ള അവന്റെ കൈകൊണ്ട് മുഖത്ത് ഇടി കിട്ടിയതും, കണ്ണിനു ചുറ്റും കറുത്തവട്ടം ഉണ്ടായതും എല്ലാം ഞാനോർക്കുന്നുണ്ടെങ്കിലും അവൾ അറിയുന്നില്ലായിരുന്നു..

ഒരിയ്ക്കലും തുറന്നുപറയാൻ ആവാതെ ഞാൻ യു.കെ.ജി കാലം കഴിഞ്ഞു...അപ്പോഴേക്കും അവൾ അവിടെ നിന്നും പോയി..ആരോട് ചോദിക്കാൻ..ഒന്നാം ക്ലാസിലെ ഒഴിഞ്ഞ കസേരയും ടേബിളും നോക്കി ഞാൻ പ്രതിഞ്ജയെടുത്തു..ഇല്ല ..ഇനിയൊരു പ്രണയമില്ല...ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞു കൂടും ..പിന്നെ ആ ഭീഷ്മശപഥം തെറ്റാൻ രണ്ടാം ക്ലാസ് ആകേണ്ടി വന്നു.


നമ്പ്ര 2:  Miss.ശ്രീലക്ഷ്മി  II-A.

ആദ്യമായവൾ കാലെടുത്തുവച്ചത് സ്കൂളിലേക്ക് മാത്രമല്ല എന്റെ ഹ്യദയത്തിലേക്കു കൂടിയായിരുന്നു.
സ്മാർട്ട് &amp ക്യൂട്ട്;..അവൾക്ക് ഇരുനിറമായിരുന്നു..എങ്കിലും ഞാനവളെ ഇഷ്ടപെട്ടു..സംസാരിച്ചു അപ്പോഴും ഒരു ടോയിയോടുള്ള ഇഷ്ടത്തേക്കാളുപരിയായി ഒന്നുമില്ലായിരുന്നിരിക്കാം..എങ്കിലും മെറിഗോ റൌണ്ടിൽ കയറുമ്പോഴും ഉഞ്ഞാലാടുമ്പോഴും സ്ലൈഡറിൽക്കയറി മറിയുമ്പോഴും അവളുടെ തൊട്ടടുത്ത് നിൽക്കാൻ ഞാൻ ശ്രദ്ധിച്ചു..

ഒരു ദിവസം അടുത്ത കൂട്ടുകാരനാണ് ഞെട്ടിക്കുന്ന ആ വിവരം എന്നോട് പറഞ്ഞത്..അവൾക്ക്  കാലിൽ ചൊറിയാണത്രേ...പെട്ടെന്ന് എവിടെനിന്നോ ഒരു ബോയിങ്ങ് വിമാനം  വന്ന് എന്റെ പ്രണയത്തിന്റെ നൂറ്റിപ്പത്ത്നില കെട്ടിടം ഇടിച്ചുതകർത്തു...

അവനെങ്ങനെ അതറീഞ്ഞു എന്ന് ഞാൻ ചോദിച്ചില്ല.. സംഭവം സത്യമാണോയെന്ന് റിസ്കെടുത്ത് ഞങ്ങൾ സെർച്ച് ചെയ്യാൻ പോയി..താഴത്തെ സ്റ്റെപ്പിലിരുന്നുമൊക്കെ ഞങ്ങൾ അവസാനം കണ്ടെത്തി..

സംഭവം സത്യമാ.... സോക്സ് ഇറങ്ങീക്കിടന്ന അവളുടെ കാലിൽ നിറയെ കറുത്ത പാടുകൾ...അങ്ങേയറ്റം ബ്യൂട്ടി കോൺഷ്യസായ എനിക്കത് താങ്ങാനായില്ല...നിർമമനായി ഞാൻ ക്ലാസിലേക്ക് നടന്നു....അന്ന് ഒരു പ്രണയം അവിടെ കുഴഞ്ഞുവീണ് മരിച്ചു....അടുത്തകൊല്ലം ഞാൻ സ്കൂള്മാറി പോയി..

നമ്പ്ര 3: സന്ധ്യ    IV-A  


നാലാം ക്ലാസ്..അപരിചിതമായ പുതിയ സ്കൂൾ...എന്നാൽ ഇവിടെ ചരിത്രം ആകെമൊത്തം തിരിഞ്ഞു...നാളുകൾ കഴിഞ്ഞപ്പോൾ  ഒരു പെണ്ണിന് എന്നോട് ലപ്പ്... പ്രേമം എന്ന് പറഞ്ഞുകൂടാ..ഒരു തരം അഫക്ഷൻ....

ഈ പെണ്ണൂങ്ങളെ വീഴ്ത്താനാണ് പാട്..ബോംബെയിലെ അധോലോകമായ ധാരാവിയിലെ ചേരികൾ, സ്ലംസ്.... ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുന്ന പോലത്തെ ഒരു റിസ്കി പണിയാണത്..

എന്നാൽ ആണുങ്ങളെ വീഴ്ത്തുക എന്ന് പറയുന്നത് പൂ പറിക്കുന്നതു പോലെ ഈസിയായ കാര്യമാണല്ലോ..ഞാ വീണ് പോയി....അവൾ തീർത്തും ക്ലാസിലേക്കും വച്ച് സുന്ദരിയായിരുന്നു.

...സാംസ്കാരിക കേരളത്തിന് താങ്ങാനാവാത്ത ഒരു സംഭവം കൂടി അവൾ ചെയ്തു..സ്കൂൾ ഫെസ്റ്റിവെലിനിടയിലെ ഒരുക്കങ്ങൾക്കിടയിൽ  പെട്ടെന്ന് പ്രൊവോക്കേഷനൊന്നുമില്ലാതെ  ഒരു ഫ്രൺലി കിസ്സ്...അന്ന് ഇതൊന്നും തിരിച്ചറിയാനുള്ള  കപ്പാസിറ്റി എന്റെ ഹ്യദയത്തിനില്ലാതെപോയി..അല്ലേ  അപ്പൊ സഡൻ ബ്രേക്കിട്ടപോലെ അത് നിന്നു പോയേനെ...എങ്കിലും അവളെയും  അധികകാലം കാണാനായില്ല..

അഞ്ചിലേക്ക് കാലെടുത്തുകുത്തിയത് പുതിയ സ്കൂളിൽ... ആരേയും മൈന്റ് ചെയ്യാതെ പോയ ഡ്രൈ വർഷങ്ങൾ..ഇടയ്ക്കിടെ സന്ധ്യയെ ഓർത്തു...ഗ്രൂപ്പ് ഫോട്ടോ മറിച്ചു നോക്കി...

അങ്ങനെ ഏഴാം ക്ലാസിലെത്തി..... ഇത്തവണ എങ്ങനെയോ പൊളിറ്റിക്സിലേക്ക് ഇറങ്ങി...ആദ്യം വന്ന് വിളിച്ചത് കെ.എസ്.യൂ   അതുകൊണ്ട് അവർക്കൊപ്പം ചേർന്നു...അതിന്റെ ഫൂൾ ഫോം പോലും അറിയാൻ വയ്യാത്ത കാലം....കൊടികെട്ടിയ ഇലക്ഷൻ..അവസാനം ഒരു ലീഡറ്പണി കിട്ടുന്നു...
സമരങ്ങൾ നിറഞ്ഞ കാലം...ഭരിച്ച് ഭരിച്ച് മുടിപ്പിച്ചു അവസാനം എട്ടാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്നു..

നമ്പ്ര 4:  മിസ്.വേണി   VII-B
.

അവിടെ അവളുണ്ടായിരുന്നു..വെളുത്തുമെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടി...
കൊടുമ്പിരി കൊണ്ട വൺ-വേ പ്രണയം ...മനസ്സ് അപ്പോഴേക്കും ക്രൂക്കഡായി മാറിയിരുന്നു...കാഡ്ബറീസും കടലമുട്ടായിയും  നിരസിച്ച അവൾ യെസ് എന്നോ നോ എന്നോ പറയുന്നില്ല...അതുകൊണ്ട് മൌനം ഒരു യെസ് ആയി സങ്കല്പിച്ച് വീണ്ടും ആ കണ്ണുകളിൽ തന്നെ നോക്കിയിരിക്കാൻ തുടങ്ങി..

അവസാനം ഒരു സന്ധ്യയ്ക്ക് ട്യൂഷൻ കഴിഞ്ഞ് കോരിച്ചൊരിയുന്ന ഒരു മഴയത്ത് നനയാതിരിക്കാൻ കടത്തിണ്ണയിൽ കയറിനിന്നിരുന്ന എനിക്കവൾ കുടയിൽ നിർബന്ധിച്ച് ഒരു ലിഫ്ട് തന്നു..ബസ്റ്റോപ്പ് വരെ അവളൂടെ കൂടെ നടന്നു..അവളെ മുട്ടാതിരിക്കാൻ ഞാൻ ആവതും ശ്രമിച്ചു..ഞാൻ പണ്ടേ മാന്യനാണല്ലോ..സോ തത്ഫലമായി ഞങ്ങൾ രണ്ടുപേരും നനഞ്ഞുകുളിച്ചു...

അന്നവൾ ആദ്യമായി എന്നോട് മനസ്സുതുറന്ന് സംസാരിച്ചു...അവൾ എത്രമാത്രം മെച്വറാണെന്നറിഞ്ഞ ഞാൻ ഞെട്ടി..തണുത്തുവിറച്ചുകൊണ്ട് ഞാൻ ഒരിയ്ക്കൽക്കൂടി ചോദിച്ചു..?
എന്നെ ഇഷ്ടമാണോ എന്ന്..?

അപ്പോഴും അവൾ ചുമ്മാ ചിരിച്ചുകൊണ്ട് ആ ചോദ്യത്തെ അങ്ങ് കൊന്നു...പിന്നീടുള്ള നാളുകളിൽ അവളൂടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയിരിക്കാൻ വേണ്ടി മാത്രമായിരുന്നു ( Kinda Of  വായിനോട്ടം ).

ഒടുവിലൊരുനാൾ പത്താം ക്ലാസിന്റെ പൈങ്കിളി ഓട്ടോഗ്രാഫുകളും ഒപ്പിട്ട് ഞാൻ സ്കൂളിന്റെ പടിയിറങ്ങി...അവധിക്കാലത്ത് ആദ്യമായി ഞങ്ങൾ പോയത് മൈലുകൾ ദൂരെ ഹൈവേ സൈഡിലുള്ള ബാറിലേക്കാണ്...ജീവിതത്തിലെ ആദ്യ ബാർ സന്ദർശനം...പതിയെപതിയെ അവളെ മറന്നു..കാലം അവളെ മായ്ച്ച് കളഞ്ഞു...

നമ്പ്ര 5: മിസ്. പ്രിയ   Plus Two


രണ്ടാം കൊല്ലം ട്യൂഷൻ സെന്ററിൽ വച്ച് ഒരു നിമിഷം കൊണ്ട് ആദ്യാനുരാഗം സംഭവിച്ചു..വേറെ സ്കൂളിൽ പഠിക്കുന്ന പ്രിയ.....പതിവുപോലെ ലപ് അറ്റ് ഫസ്റ്റ് സൈറ്റ്..വീണ്ടും പഴയ റീലുകൾ ഓടിമറഞ്ഞു...അവസാനം ഒരു മെയ്മാസപ്പുലരിയിൽ അവൾ പറഞ്ഞു ...യെസ്  മൈ ബോയ് മി ടൂ.......

ദൂരെ പകൽ വെളിച്ചത്തിൽ ഇനിയും എരിഞ്ഞുതീരാത്ത ഒരു നക്ഷത്രം അവളെ നോക്കി റിപ്ലെ ചെയ്തു ( സിംബോളിക്കൽ ) ഐ ലവ് യൂ.....സക്സസ് പ്രണയം..

ബി.ടെക് ഫസ്റ്റിയർ തുടക്കം വരെ ആ വണ്ടി ഓടി..പിന്നെ ചില സ്റ്റാർട്ടിങ്ങ് ട്രബിൾ..അവസാനം ഒരു പോസ്റ്റിലിടിച്ച് എന്നെന്നേക്കുമായി ആ വണ്ടി കട്ടപ്പുറത്തായി...അവൾ തന്നെ അവസാനം പിൻവാങ്ങി...വീണ്ടും ഏകാന്തതയുടെ മടുപ്പിക്കുന്ന ദിനങ്ങൾ..റാഗിങ്ങും ഒടക്കും ഒക്കെക്കൂടി ആകെ നാശമായിത്തീർന്ന ആദ്യവർഷം കഴിഞ്ഞപ്പോൾ മനസ്സിൽ പ്രണയം പോയിട്ട് ഒരു സമാധാനം കൂടിയില്ലാത്ത സമയം..

സീനിയേഴ്സുമായി കോർത്ത് അത്യാവശ്യം  ഇടിയൊക്കെ മേടിച്ച് കൂട്ടി ഒന്ന് സെറ്റായപ്പോൾ പുതിയ ജൂനിയേഴ്സ് വരുന്നു..അവരിൽ കൊള്ളാവുന്ന ഒന്നിനെ നോക്കി അങ്ങ് സെലക്ട് ചെയ്തു..നമ്പ്ര 6:  മിസ്.മേഘ്ന .

ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയ പ്രണയം സീരിയസായത് വൈകിയാണറിഞ്ഞത്..അപ്പോഴേക്കും ഹോസ്റ്റൽ മുറി മുഴുവൻ അവളുടെ പേര് കൊണ്ട് നിറഞ്ഞു..എന്റെ രണ്ട് ചുവന്ന മാർക്കറുകൾ പേരെഴുതിത്തീർന്നു...ഇൻഫാക്ചുവേഷൻ എന്നൊക്കെ ചിലർ കളിയാക്കിയെങ്കിലും സംഗതി അസ്ഥിക്ക് പിടിച്ചു..എന്തൊക്കെ ചെയ്തിട്ടും അവൾ അടുക്കുന്നില്ല...നമ്രശിരസ്കയായി ഒരുതരം ഡിഫെൻസ്..

 അവസാനം രണ്ടും കല്പിച്ച് അവളുടെ വീട്ടിലേക്ക് വിളിച്ചു..ഫോൺ എടുത്തത് അവളുടെയമ്മ...ഒന്ന് പതറിയെങ്കിലും സംസാരിച്ചു..പെട്ടെന്ന് തന്നെ സംഗതിയുടെ റൂട്ട് അവടമ്മയ്ക്ക് പിടികിട്ടി..പോരാഞ്ഞിട്ട് അവൾ കോളേജിലെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നത്രേ..

അവസാനം  സത്യം പറഞ്ഞ്... സംസാരിച്ച് വളരെ ഡിപ്ലോമാറ്റിക്കായി ഞാൻ കീഴടങ്ങി..മറുവശത്തുനിന്നും സ്നേഹപൂർവ്വം  ഒരുപിടി ഉപദേശങ്ങളും കിട്ടി...മാസങ്ങൾ ഇഴഞ്ഞു നീങ്ങി..അവൾ എന്നോട് കാഷ്വലായി സംസാരിച്ചുതുടങ്ങി...അപ്പോഴും ഇഷ്ടത്തെപ്പറ്റി പറഞ്ഞാൽ അവൾ ഒഴിഞ്ഞുമാറും  ...

എന്നാൽ  പ്രതീക്ഷകളെ തകർത്തുകൊണ്ട് ഒരു നാൾ അവൾ ...ഫ്ലൂ എവേ വിത്ത് സംബഡി എത്സ്...ഒളിച്ചോട്ടം...അവടെ നാട്ടിലെ ഏതോ ഒരുത്തനുമായി..

ഒരു പെണ്ണിനു എത്ര വിദഗ്ദ്ധമായി തന്റെ മനസ്സ് ഒളിപ്പിച്ചുവയ്ക്കാമെന്ന് മനസ്സിലാക്കിയ നിമിഷം..

അനശ്വര പ്രണയം...അത് വൺ വേ ആണെങ്കിൽക്കൂടി ഞാൻ സ്വയം രക്തസാക്ഷിത്വം വരിച്ചു....അത്ര മാത്രം ലവ് ഞാനീ പദ്ധതിയിൽ ഇൻ വെസ്റ്റ് ചെയ്തിരുന്നു...സമയം ഏറെ എടുത്തു
ആ മുറിവുണങ്ങാൻ.....

പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല..എവിടെയാണെന്ന് തിരക്കിയിട്ടില്ല...പിന്നെയുള്ള വർഷങ്ങൾ തീർത്തു ബ്രഹ്മചാരിയായി ജീവിതം....ഓഷോയുടെ സ്പീച്ചുകൾ കേട്ട് ജീവിതത്തിന്റെ ആന്തോളനങ്ങളെപ്പറ്റി ചിന്തിക്കുന്നു..ഓരോ നിമിഷവും സ്പിരിച്വലായി ജീവിക്കുന്നു..

പിന്നീട് ധാരാളം പെൺകുട്ടികളുമായി ഇടപഴകിയെങ്കിലും എന്റെ ചുറ്റിനും നടന്ന് ചറപറാ  അമ്പെയ്യുന്ന ക്യൂപ്പിഡ് പയ്യൻ അകാലത്തിൽ അന്തരിച്ചതിനാൽ ദിവ്യപ്രണയമൊന്നും തളിർത്തില്ല..

അവസാനം  ജീവിതം ട്രാക്കിലായി തട്ടിമുട്ടി മുന്നോട്ട് പോകുമ്പോൾ ഒരു ടേണിങ്ങ് പോയിന്റിൽ വച്ച് വീണ്ടും ഞാൻ പഴയ വേണിയെ  കണ്ടുമുട്ടുന്നു...തികച്ചും യാദ്യച്ഛികമായി.....അപ്പോഴേക്കും വർഷങ്ങൾ ഏറെ കഴിഞ്ഞിരുന്നു...

ക്ലാസ്മേറ്റിൽ പറയുന്നപോലെ സ്കൂളിൽ പഠിച്ച പൊടിമീശക്കാരന്റെ  മീശ ട്രിമ്ം ചെയ്യാൻ പരുവത്തിലായി..പഴയ എട്ടാം ക്ലാസുകാരി ഒരു  ടീച്ചറായി...എം.ബീ.എക്ക് പഠിക്കുന്ന പഴയ പൊടിമീശക്കാരൻ അപ്പോഴും പക്ഷേ പ്രാക്ടിക്കലായിരുന്നില്ല...ഒരു ദിവസം പൊടുന്നനെ അവൾ ചോദിച്ചു...ആ പഴയ ഇഷ്ടം ഇപ്പോഴുമുണ്ടോ എന്ന്..

ഒരു നിമിഷം പോലും ആലോചിക്കാതെയവൻ പറഞ്ഞു..ഇഷ്ടമാണ് 100 വട്ടം.നാച്വറലി ബാക്കി  കഥയെല്ലാം ഒതുക്കിക്കളഞ്ഞു....പക്ഷേ അവൾ അതേപ്പറ്റി പിന്നൊന്നും പറഞ്ഞില്ല..
.ഒരു നല്ല സുഹ്യത്ബന്ധം ഞങ്ങൾക്കിടയിൽ വളർന്നു.....

മാനസികമായി ഏറെയടുത്തു...നഷ്ടപെട്ടതെല്ലാം ഒരു ദിവസം കൊണ്ട് തിരിച്ചുകിട്ടുകയാണ്..... ഒരു രാത്രിയിൽ അവൾ പറഞ്ഞു...

നീണ്ട ഒൻപത് വർഷങ്ങൾ... ഞാൻ വേറെയാരെയും ഇതുവരെ പ്രണയിച്ചിട്ടില്ല..നീയെന്നെ മറക്കില്ലെന്ന് കരുതി..ഇപ്പോൾ ഏറെ താമസിച്ചുപോയി..എങ്കിലും പറയാം...അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള മറുപടി..എനിക്ക് ഇഷ്ടമായിരുന്നു നിന്നെ ..ശരിക്കും...പക്ഷേ അന്നത് പറയാൻ എനിക്കായില്ല ....ഒരു പെണ്ണിന്റേതായ പരിമിതികൾ കൊണ്ട്..

ഇന്നെന്റെ വിവാഹം തീരുമാനിച്ചു..എനിക്ക് നിന്നെയറിയാം ശരിക്കും..

കഴുത്തിൽ കെട്ടുന്ന ടൈ പോലും സ്വന്തമായിട്ട് വാങ്ങിക്കാൻ പാങ്ങില്ലാത്ത പൊടിമീശക്കാരൻ ഇതെല്ലാം ചുമ്മാ കേട്ടോണ്ട് നിന്നതെയുള്ളൂ.....അവൾ പറഞ്ഞില്ലെങ്കിൽക്കൂടിയവൻ അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു..

ഒരിയ്ക്കൽ നഷ്ടപെട്ട പ്രണയം തിരിച്ചു വിളിക്കുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കാനാവാത്ത  അവൻ ഗുഡ് വിഷസ് നൽകിയവളെ യാത്രയാക്കി...

വഴിയിൽക്കിടന്നുകിട്ടിപോലും പത്ത് രൂപ സമ്പാദിക്കാൻ കഴിയാത്ത അവന് വേണമെങ്കിൽ അവളെ വിളിച്ചിറക്കാമായിരുന്നു..പക്ഷേ അത് ചെന്ന് നിൽക്കുക  എവിടെയെന്ന് അറിയില്ല..പട്ടിണി കിടന്ന് ശീലമില്ല..സിനിമയിലെ നായകനേപ്പോലെ സിറ്റുവേഷനുകളോട് പടപൊരുതി വിജയിക്കാൻ അറിയില്ല..

അങ്ങനെ അവൾക്കുവേണ്ടി ഞാനന്റെ പ്രണയം നിരസിച്ചു..I Did It For Her..സഹായിക്കാൻ ആരുമില്ലാത്ത ഒരു.. ജീവിതം ഞാൻ വേണ്ടെന്ന് വച്ചു..So I Did It For Myself..എനിക്കുവേണ്ടി ഞാനതു ചെയ്തു..(കടപ്പാട് : താളവട്ടം.)

അങ്ങനെ ജീവിതത്തിന്റെ തീച്ചൂളയിൽ ഉരുകിയൊലിച്ചാണ് ഓരോ കാമുകനും ഈ ലോകത്ത് ഉണ്ടാകുന്നത്..ആരും പൂവാലന്മാരായി ജനിക്കുന്നില്ല..സാഹചര്യമാണവരെ അങ്ങിനെയാക്കിത്തീർക്കുന്നത്.അന്ന്  ജീവിതത്തിന്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ടിട്ട് യാത്രതുടങ്ങിയതാണ്..ഇനിയും തീരാത്ത പ്രവാസം...

ഖബറോം കി സിന്ധഗി ജോ കഭി നഹി ഖഥം ഹോ ജാത്തി ഹേ......ശംഭോ മഹാദേവ..
.....
Related Posts Plugin for WordPress, Blogger...