Followers

Jan 3, 2011

ചില സൂപ്പർ 2010 അവാർഡുകൾ


പ്രിയപ്പെട്ട നാട്ടുഗാരേ....

വിവിധ മേഖലകളിൽ നമ്മുടെ നാട് മുന്നേറിയ ഒരു വർഷമാണല്ലോ ഈ കഴിഞ്ഞ 2010..അതിനാൽ നമ്മുടെ നാടിന്റെ ഉന്നമനത്തിനും ഉദ്ധാരണത്തിനും ഉദ്ധണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്തവരെ യഥാവിധി ആദരിക്കേണ്ടത് അത്യാവശ്യമാണ്...അതുകൊണ്ട് വിവിധ മേഘലകളിൽ നിന്നും സൂപ്പറായവരെ നമ്മൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്..ഇതിന്റെ മാനദണ്ഢം എന്താണെന്നു വച്ചാ അത് വഴിയേ കാണാം......വിവിധ രംഗങ്ങളും അതിനു താഴെ പ്രസ്തുത മേഖലകളിലെ സൂപ്പറുകളേയും തിരഞ്ഞെടുത്തിരിക്കുന്നു..ആ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു...

സൂപ്പർ
വിദ്യാർഥി 2010
2010ലെ സൂപ്പർ വിദ്യാർഥിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമാൻ ഡിമ്പിൾ കുമാറിനെയാണ്..   SSLC പരീക്ഷയിൽ ഏറ്റവുമധികം പരീക്ഷകൾ എഴുതിയതിനാണ് അദ്ദേഹത്തിനീ അവാർഡ് കിട്ടിയത്....കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചത് മറ്റേതോ കൊണാപ്പനാണെങ്കിലും ഡിമ്പിൾ കുമാറിന്റെയത്രയും പരീക്ഷകൾ എഴുതാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല....ഒരു പതിറ്റാണ്ടിലേറെയായി ഡിമ്പിൾ SSLC പരീക്ഷയെഴുതുന്നു...ഈ വട്ടവും ജയിച്ചിട്ടില്ലാത്തതിനാൽ ഈ റെക്കോർഡ് ഡിമ്പിൾ തന്നെ  2011ലും നിലനിർത്തും എന്ന് സ്ഥലം ഡി.ഈ.ഒ  പറഞ്ഞു.....
ഇത്രയും എക്സ്പീരിയൻസുള്ള വിദ്യാർഥിയെ തന്നെ അടുത്തകൊല്ലം ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏല്പിക്കണം എന്ന് വിദ്യാർഥിയൂണീയൻ നേതാവ് കുമ്പളംഹരി സർക്കാരിനോട് ആവശ്യപ്പെട്ടു..
പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ..

No:of Exams by Dimple kumar:

English - 26  തവണ
മലയാളം- 51 തവണ
സാമൂഹ്യപാഠം - പലതവണ
കണക്ക് - കണക്കാ

സൂപ്പർ പോലീസ് 2010
:
2010ൽ ഏറ്റവുമധികം കേസുകൾ പിടിച്ച ആളെന്ന നിലയിൽ ഈ പുരസ്കാരത്തിനർഹമായിരികുന്നത് ഏഡ് കുട്ടമ്പിള്ള പോലീസിനാണ്....ഒന്നും രണ്ടുമല്ല 1500 ഓളം  കേസുകളാണ് കുട്ടമ്പിള്ള ഈ വർഷം തെളിയിച്ചത്.... കൊലപാതകം, ബലാത്സംഗം, തീവ്രവാദം, ആറ്റംബോംബ് നിർമ്മാണം, സാറ്റലൈറ്റ് മോഷണം, കലാപം  തുടങ്ങിയ സ്ഥിരം സാദാ കേസുകളിൽ നിന്നും മാറി പ്രത്യേകമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായത്..കൊലപാതകവും മറ്റും വർഷങ്ങൾ കൊണ്ട്  ചില സുരേഷ്ഗോപിയേപ്പോലുള്ള പോലീസുകാർ അന്വേഷിക്കുമ്പോൾ വെറും ദിവസങ്ങൾക്കകമാണ് ഇദ്ദേഹം തന്റെ കേസുകൾ തെളിയിച്ചത്..ഈ അവാർഡ് പോലീസിന് കൂടുതൽ ഊർജ്ജം പകരുന്നതാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു..സ്റ്റാറ്റിക്സ് ദോ താഴെ...

Cases By H.Kuttan pillai:
തേങ്ങാ മോഷണം - 250
ആട്, കോഴി, താറാവ്, മരപ്പട്ടി, തീപ്പെട്ടി മോഷണം - 499
പെട്ടിക്കട കുത്തിത്തുറന്ന് 23രൂപയുടെ സാധനങ്ങൾ കവർന്ന കേസ് - 1
ഹെൽമറ്റ് പിടുത്തം - 501
മുച്ചീട്ടുകളി, 28കളി, റമ്മി കേസ് - 200
നാരങ്ങാമുട്ടായിക്കേസ് (പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് അഞ്ച് വയസ്സുള്ള കുട്ടിയുടെ പക്കൽ നിന്നും നാരങ്ങാ മുട്ടായി തട്ടിപ്പറിച്ച കേസ് )  - 1
കേരളത്തിലെ ലോ വേയ്സ്റ്റ് ജീൻസ് & ജട്ടിപിടുത്തം  - 367

സൂപ്പർ ആക്ടർ 2010
:
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് സൂപ്പർ ആക്ടർ 2010 അവാർഡ് നടൻ രാജാക്കാട് ചെല്ലപ്പക്ക് ലഭിച്ചിരിക്കുന്നത്...മിക്ക പടത്തിലും തന്റേതായ സാനിദ്ധ്യം ഉറപ്പാക്കാൻ ചെല്ലപ്പ ശ്രദ്ധിച്ചിരുന്നു..2011ൽ അദ്ദേഹത്തിന് 98 ഓളം ചിത്രങ്ങളാണ് ചെയ്യാനുള്ളത്...പോക്കിരിരാജയിൽ മമ്മൂട്ടിയെ ഇടിക്കാൻ വരുന്ന 50 ഗുണ്ടകളിൽ 7 മത് നിൽക്കുന്നത് ഇദ്ദേഹമാണ്..കാണ്ഡഹാറിൽ 1500 പട്ടാളക്കാർക്കിടയിൽ 37മത് നിൽക്കുന്നതും ഇദ്ദേഹമാണ്...പിന്നെ സുരേഷ്ഗോപി പടങ്ങളിലെ ലാത്തിച്ചാർജ്ജിൽ സ്ഥിരം അടികൊണ്ട്  ആദ്യം ഓടുന്ന സമരക്കാരിലൊരാൾ, രാഷ്ട്രീയ ജാഥകളിലെ സ്ഥിരം സാനിദ്ധ്യം, പോസ്റ്റുമാൻ,
“ സാർ..ചായ “ റോളുകൾ   ..അങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളിൽ തന്റെ കരുത്ത് തെളിയിച്ച നടനാണ് ശ്രീമാൻ ചെല്ലപ്പ...

മഹാഭാരതത്തിലെ കർണ്ണന്റെ പടയാളി, നെത്സൺമണ്ടേല, ഗാന്ധിജി, എബ്രഹാം ലിങ്കൺ തുടങ്ങിയവർ നയിക്കുന്ന ജാഥയിലെ ഒരു വേഷം തുടങ്ങിയവ തന്റെ ഡ്രീം റോളുകളാണെന്ന് അദ്ദേഹം സിനി ക്രൈമിനോട് പറഞ്ഞു..എന്നാണിനി സൂപ്പർതാരങ്ങൾ തന്റെയത്രയും വേഷം ചെയ്യുക എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു...

The number of movies in 2010 by Top actors:


രാജാക്കാട് ചെല്ലപ്പ - 67 സിനിമ
മമ്മൂട്ടി                   -  9 സിനിമ
ലാലേട്ടൻ              - 5 സിനിമ
സുരേഷ് ഗോപി      - 7 സിനിമ
ദിലീപ്                  -  5 സിനിമ
പ്രിഥ്വിരാജ്             - 7 സിനിമ
ജയറാം                  - 3 സിനിമ

സൂപ്പർ സോൾജ്യർ 2010:
കഴിഞ്ഞവർഷം ആർമിയിൽ ഏറ്റവും കൂടുതൽ വെടിവച്ച പട്ടാളക്കാരനായ പുരുഷുവേട്ടനെ സൂപ്പർ സോൾജ്യർ 2010 ആയി തിരഞ്ഞെടുത്ത വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു..അദ്ദേഹം ഇതുവരെ ഒരു കോഴിയേപ്പോലും കൊന്നിട്ടില്ലെങ്കിലും 2010 ആർമി ഉണ്ട സർവെ പ്രകാരം കഴിഞ്ഞ വർഷം യുദ്ധത്തിൽ അദ്ദേഹം ചിലവാക്കിയത് 31836 ഉണ്ടകളാണ്..അത് ആർക്കും കൊണ്ടില്ലെങ്കിലും ഇത്രയും വെടിവയ്ക്കുക എന്നത് ഒരു പട്ടാളക്കാരനെ സംബന്ധിച്ചടത്തോളം വളരെ അപൂർവതയാണ്..ഇതിനിടെ യുദ്ധത്തിനിടയിൽ അശ്രദ്ധമായി 28 തീവ്രവാദികളെ കൊന്ന ക്യാപ്റ്റൻ.കുൽക്കർണിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി..

അഹിംസയിലധിഷ്ഠിതമായ യുദ്ധമാണ് നമുക്ക് അഭികാമ്യം എന്ന് കോടതി നിരീക്ഷിച്ചു...മാത്രമല്ല യുദ്ധത്തിൽ ശത്രുവിനെ ചുമ്മാ കൊല്ലാൻ എല്ലാവർക്കും സാധിക്കുമെങ്കിലും ഇത്രയേറെ ജനനിബിഡമായ വാർഫ്രണ്ടിൽ  ക്രിത്യതയോടെ ഒരാളുടെ ദേഹത്തുപൊലും കൊള്ളാതെ വെടിവക്കാൻ കഴിഞ്ഞ പുരുഷു ഒരു സംഭവം തന്നെയാനെന്നും ജഡ്ജ് പ്രത്യേകം എടുത്തു പറഞ്ഞു..പുരുഷുവിനെ എല്ലാരും  മാത്ര്യകയാക്കാൻ ഈ അവാർഡ് ഒരു നിമിത്തമാകട്ടെയെന്നും അദ്ദേഹം വിധിയിലെഴുതി..

Bullet Firing statitics by Purushu
:
സാദാ തോക്ക്            - 12008 ഉണ്ടകൾ
ഇമ്മിണി വല്യ തോക്ക് - 11467 ഉണ്ടകൾ
എടത്തരം തോക്ക്      - 7683 ഉണ്ടകൾ
ഒറ്റവെടിത്തോക്ക്       - 678 ഉണ്ടകൾ


സൂപ്പർ ബ്ലോഗർ 2010:
2010ൽ ഏറ്റവുമധികം പോസ്റ്റുകൾ ഇട്ട 19 വയസ്സുള്ള ഫിലോസഫി വിദ്യാർഥിനി ശ്രീമതി.ലോലിതാ വർമ്മയെയാണ് മികച്ച ബ്ലോഗറായി തിരഞ്ഞെടുത്തിരിക്കുന്നത്..ദിവസം 5-10 ഹിറ്റുകൾ കിട്ടുന്നവയാണ് ലോലിതയുടെ പോസ്റ്റുകൾ..കഥ, കവിത, കോമഡി, പ്രണയം തുടങ്ങിയവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു....മാസം 300ഓളം പോസ്റ്റുകളാണ് ഇവർ ഇടാറുള്ളത്...ഈ വർഷം കൊണ്ട് തനിക്ക് 67ഓളം വിസിറ്റേഴ്സിനെ കിട്ടും എന്ന് തന്നെയാണ് ലോലിതയുടെ പ്രതീക്ഷ..ഫോളോവേഴ്സായി ആരെയും കാണാത്തത് മറ്റൊന്നും കൊണ്ടല്ലന്നും ഫോളൊവേഴ്സ് ഓപ്ഷൻ ഡിസേബിള് ചെയ്തിരിക്കുകയാണെന്നും  തന്റെ ഫോളോവേഴ്സ് ആകാൻ യോഗ്യതയുള്ള ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നുമാണ് ലോലിത പറഞ്ഞത്..

അതേസമയം ലോലിതയുടെ ഫോളോവറാകാനുള്ള ടെമ്പ്ടേഷൻ മൂലം അനേകം യുവാക്കൾ സമ്മർദ്ദത്തിലാണ്...അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ തനിക്കല്ലാതെ മറ്റാർക്കാണ് അതിനു യോഗ്യത എന്നും ലോലിത പറന്ന് ക്ഷമിക്കണം തുറന്നടിച്ചു..പ്രൊഫൈൽ പിക്ചറായി നമിതയുടെ പടം ഇട്ടിരിക്കുന്നത് ആണുങ്ങളെ ആകർഷിക്കാനാണ് എന്ന ആരോപണം ലോലിത നിഷേധിച്ചു..അതിനായിരുന്നെങ്കിൽ തനിക്ക് സ്വന്തം ചിത്രമിട്ടാൽ‌പ്പോരെ എന്നും ജി-ടോക്കിൽ അവർ വ്യക്തമാക്കി...
.
Some Hit Posts by Lolitha varma
:
കവിത:  മരുഭൂമിയിലെ പ്രണയം
            മഴയായ് മന്ദസ്മിതങ്ങൾ
            റോസാ പുഷ്പങ്ങൾ റോഡിലെങ്ങും
            ഡിസംബർ നീ അറിഞ്ഞില്ലേ
            വീണ്ടും മഴ, പ്രണയമഴ
            മഞ്ഞ് പെയ്യുന്നു, മൊബൈലടുത്തില്ല.
            ഹ്രിദയത്തിന്റെ തന്ത്രികളാൽ
            വേലുത്തമ്പി ദളവ ഗിറ്റാറുമായി പാടി..
            ആപ്പിളാണോ ഡെല്ലാണോ നല്ലത്..
            പ്രണയം തുളുമ്പും തിരമാലകളിലൂടെ
            ഒരു ചെറു പനിനീർപുഷ്പം
            പാറ്റൺ ടാങ്കിടിച്ചു മരിച്ചു...പാറ്റൺ ടാങ്കും മരിച്ചു..

കഥ:
അവനെ എനിക്കിഷ്ടമായിരുന്നു.അവന്റെ അന്തരാളങ്ങൾ തേടി ഞാനലഞ്ഞു.നീയെന്തേ എന്നെയറിഞ്ഞില്ല..മനസ്സ് വിങ്ങുന്നു...ഏകാന്തത ഒരു ഡബിൾബാരൽ ഗണ്ണുമായി എന്നെ വേട്ടയാടുന്നു..എന്റെ പ്രണയം ഒരു മഴയായ് പെയ്യുമ്പോൾ ഞാനോർത്തില്ല കുടയെടുത്തില്ലെന്ന്..
അവൻ കാലങ്ങളുടെ ബ്രിഹത്സ്ഫുരണങ്ങളിൽ ഓരിയിട്ടുമറഞ്ഞു..ഞാൻ വീണ്ടും എകയായി..എന്റെ പ്രണയം ആർദ്രമായി... (ടിങ്ങ് ടോങ്ങ്...കോളിങ്ങ് ബെല്ലടിക്കുന്നു ) “ അയ്യോ ചേട്ടൻ ജോലി കഴിഞ്ഞു വന്നു...“ ..( ബ്ലോഗ് ക്ലോസ് ചെയ്ത്...ഗൂഗിളിൽ പാചക സൈറ്റെടുത്തിടുന്നു..)

മിക്കപ്പോഴും മണിക്കൂറിൽ ഒരു പോസ്റ്റെന്ന ഫ്രീക്വൻസിയിലാണ് ലോലിത പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്..ഇത്തരം ആശയസമ്പുഷ്ടത അപ്പോഴും പരിപാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ഗും...ബ്ലോഗിൽ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയത് ഏതോ  മിനസ്സോട്ടക്കാരനാണെങ്കിലും ശ്രീമതി.ലോലിതയുടെ അത്രയും പോസ്റ്റുകൾ ഇടാനയാൾക്ക് സാധിച്ചിരുന്നില്ല...ലോകത്തങ്ങോളമിങ്ങോളമുള്ള വായനക്കാരേക്കാളധികം പോസ്റ്റുകൾ ഇറക്കിയ ബ്ലോഗർ എന്ന ഖ്യാതിയും ചേച്ചിക്കുതന്നെയാണ്..

ഇനിയും ഇതുപോലെ ധാരാളം പ്രതിഭകൾ ഉണ്ടെങ്കിലും കമ്മിറ്റിയുടെ ഫണ്ട് കുറവായതിനാൽ കൂടുതൽ പേരെ സമ്മാനിക്കുവാൻ സാധിക്കുന്നില്ല എന്നൊരു വിഷമം മ്യാത്രം..എന്ത് ചെയ്താലും നമ്പറാണ് മുഖ്യം എന്ന മഹത് വചനം എപ്പോഴും മനസ്സിലോർക്കുക...എഴുതി പോക്കറ്റിലിടുക..ഒരു കോടി കൊടുത്ത് ഒരു എസ്-ക്ലാസ് വാങ്ങുന്നവനേക്കാൾ കിടിലം അതേ രൂപയ്ക്ക് 40 മാരുതികാറുകൾ വാങ്ങുന്നവനാണ്..അതായത് എണ്ണത്തിലാണ് കാര്യം എന്ന സാരം..

..
Related Posts Plugin for WordPress, Blogger...