Followers

Jan 7, 2011

ഹെലികോപ്റ്റർ അറസ്റ്റിൽ


അങ്ങനെ രണ്ടുപതിറ്റാണ്ടിലേറെയായി തുടരുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരമായി....സംഭവത്തിലെ ഒന്നാം പ്രതിയും വിദേശിയുമായ Bell-407 എന്ന ഹെലികോപ്റ്ററിനെയാണ് രഹസ്യ കമാൻഡോകൾ കസ്റ്റഡിയിലെടുത്തത്...ഇതാദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു വിദേശിയെ ഇന്ത്യയിൽ കസ്റ്റഡിയിലെടുക്കുന്നത്..പണ്ട് ഒറ്റരാത്രി കൊണ്ട് 25000ലധികം പേരെ വരെ കൊന്ന  ഒരു കമ്പനിയുടെ എംഡി, വീട്ടിപോയിട്ട്  ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് അമേരിക്കയ്ക്ക് പോയതാണ്..പിന്നെ കണ്ടിട്ടില്ല...ഇരുപത്തഞ്ച് കൊല്ലം നമ്മൾ കാത്തിരുന്നു....ന്നിട്ടും പുള്ളി വന്നില്ല..അയാളത് മറന്ന് പോയെന്നാ തോന്നുന്നേ....അല്ലേ വന്നേനേ...ശിക്ഷ സ്വീകരിക്കാൻ..വിമാനമിറങ്ങി നേരെ ഡിജിയുടെ ഓഫീസിൽ ചെന്ന് രണ്ടു കൈയ്യും നീട്ടി  എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞേനെ...ലത് പോട്ടെന്നു വക്കാം...

നമ്മുടെ കേസിലേക്ക് മടങ്ങിവരാം..കസ്റ്റഡിയിലെടുത്ത ഹെലികോപ്റ്ററിനെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഏഡ് കുട്ടമ്പിള്ള പ്രസ്മീറ്റിൽ അറിയിച്ചു..ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഇരുപത് കൊല്ലത്തിലേറെയായി പ്രസ്തുത ഹെലികോപ്റ്റർ എൻഡോസൾഫാൻ എന്ന ഇൻസെപ്റ്റിസൈഡ് തളിച്ചു വരികയായിരുന്നു
(ദ്രിക് സാക്ഷികളുണ്ട്..) .....ഹെക്ടറുകളോളം പരന്നു കിടക്കുന്ന കാഷ്യൂനട്ട് തോട്ടത്തിന്റെ മുകളിലായിരുന്നു ടിയാന്റെ വിഹാരരംഗം...പലപ്പോഴായി മാറി മാറി ഭരിച്ച രാഷ്ട്രീയപ്പാർട്ടികൾ എല്ലാവരും ഭയങ്കരമായി എതിർത്തിട്ടും ഈ കോപ്റ്റർ നിർദാക്ഷണ്യം തളിപ്പ് തുടർന്നുകൊണ്ടേയിരുന്നു...

താൻ ഇതിൽ നിരപരാധിയാണെന്നും തന്റെ മകനേപ്പോലെ കണ്ടിരുന്ന ഹെലികോപ്റ്റർ ഇപ്പരുപാടി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും... ഇനി എനിക്കിങ്ങനെ ഒരു മകനില്ലെന്നും, അവനെ ജയിലിലടയ്ക്കണമെന്നും തോട്ടം ഉടമ പ്രഭാകരപ്രഭു ഞങ്ങളോട് പറഞ്ഞു...എന്തായാലും കാട്ടുമുത്തപ്പന്റെ ക്രിപ കൊണ്ട് ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

പഴയ സോമാലിയയല്ല.... ഇത് പുതിയ കാസർകോഡ്
അതിനിടെ വർഷങ്ങളായി മൂളിയാറിലെ ഗ്രാമവാസികൾക്ക് ‘അഞ്ജാത‘ കാരണത്താൽ  ചില ‘നിസ്സാ‍രമായ’ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതായി കേന്ദ്ര സീനിയർ ആരോഗ്യ ശാസ്ത്രഞ്യൻ രാംകുമാർ അറിയിച്ചു..ആരും പേടിക്കേണ്ടെന്നും, പണ്ട് ആ ഗ്രാമം നിന്നിരുന്നിടത്ത് ഒരു ദിവ്യപ്രതിഷ്ഠ ഉണ്ടായിരുന്നെന്നും അത് നശിച്ചതിന്റെ  ദോഷങ്ങളാണ് ഈ കാണുന്നതെന്നും അദ്ദേഹം തന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു..അതുകൊണ്ട് സർക്കാർ ചിലവിൽ ഒരു വൻ ദോഷനിവാരിണീ ഹോമം നടത്താം എന്നും അദ്ദേഹം പറഞ്ഞു..എല്ലാവരും ദൈവവിശ്വാസം വിടാതെ പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു...

ഓരോ മലയാളിയും വായിച്ചിരിക്കേണ്ട NIT എഞ്ചിനീയറിങ്ങ് സ്റ്റുഡൻസിന്റെ പഠന റിപ്പോർട്ട്  പ്രകാരം ഇത്രയൊക്കെയായിട്ടും ഇലക്ഷൻ പ്രമാണിച്ച് ഏതോ ഒരെമ്മല്ലേ മാത്രം അതുവഴി പോയിട്ടുണ്ടത്രേ..പിന്നെ അത് എഴുതിയ കാലം വരെ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയത്തൊഴിലാളിയോ ഏതേലും സിവിൽ സർവീസ് സിംഹങ്ങളോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അഞ്ച് കൊല്ലം പ്ലാച്ചിമടയിലെ പാവങ്ങൾ നിന്നനില്പിൽ സമരം നടത്തിയിട്ടാണ് കൊക്കക്കോള ഫാക്ടറി പൂട്ടിയത്....

അതിലേറെയായില്ലേ ഈ സമരം....നിവേദനം കൊടുത്തും കേസ് പറഞ്ഞും കാലം കഴിയുമ്പോൾ   നഷ്ടപ്പെടാൻ ജഡ്ജിക്കോ മന്ത്രിക്കോ ഒന്നുമില്ല... അടുത്ത തലമുറയിലെ കുട്ടികളുടെ ജീനിലും ഈ വിഷം നിറയും...നിക്കിൾഡോൺ കാർട്ടൂണിലെ പോലെ അനേകം വിചിത്ര ജീവികൾ ഇനിയും അവിടെ ജനിക്കും..കാസർകോഡ് പാകിസ്ഥാനിലോ പഞ്ചാബിലോ ഒന്നുമല്ലല്ലോ..ഒരു മെറ്റൽക്കഷ്ണമെടുത്ത് അവന്റെയൊക്കെ ഹെലികോപ്റ്ററിലേക്കെറിയാൻ എങ്കിലും ചങ്കൂറ്റമുള്ള ഒരാളുപോലും അവിടെയില്ലെന്നതാണ് ഏറെ കഷ്ടം.........ഇവിടുത്തെ നക്സലുകളോക്കെ മരിച്ചുപോയോ...അതോ  ഇനി ആ പണിക്കും അന്യസംസ്ഥാനങ്ങളായ അന്ദ്രയേയും ബിഹാറിനേയും ഒക്കെ ആശ്രയിക്കേണ്ട ഗതികേടായോ കേരളത്തിന്..........ചുമ്മാ 
“  Endosulphan victim  “ എന്ന് ഗൂഗിൾ ഇമേജിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ....ആ പേജ് മുഴുവൻ കാണണമെങ്കിൽ ഹ്രിദയത്തിന്റെ സ്ഥാനത്ത് വല്ല മൈൽക്കുറ്റിയോ മരക്കുറ്റിയോ ഒക്കെ വേണം.

കണ്മുന്നിൽ നടക്കുന്ന നരഹത്യയ്ക്ക് തെളിവും തേടി വർഷങ്ങൾ തിരിച്ചും മറിച്ചും പഠനം നടത്തുന്നതിന്റെ ആ യുക്തിരാഹിത്യമാണ് മനസ്സിലാകാത്തത്....ഇനി ചെയ്യാനുള്ളത് ആ മനുഷ്യജീവികളൂടെ ശിഷ്ടകാലം സുഖമായി  കഴിയാനുള്ള പണം നൽകുക എന്നതാണ് ...കോടികളൊന്നും വേണ്ട..സാർ..    ഏതാനും ലക്ഷങ്ങൾ മതി...അത് കൈയ്യിട്ടുവാരാതെ ചാനലിൽ ലൈവായി കാണിച്ച് ട്രെഷറിയിൽ നിന്നെടുത്ത് അന്ന് തന്നെ വീതിച്ച്  ആ പാവങ്ങളുടെ പേരിൽകൂട്ടിയാൽ അത്രേം ആയി..നടന്നാ നടന്നു....ഒരു സെക്കൻഡ് കണ്ണ് തെറ്റിയാൽ കൊലയോടെ വിഴുങ്ങുന്ന പാരമ്പര്യമുള്ള ബ്യൂറോക്രാറ്റുകളെ കൊണ്ട്  ആ പണി ചെയ്യിക്കാൻ ഇത്രയെങ്കിലും വേണം....പണം മാത്രമേ ഇനിയൊരു പ്രതിവിധിയുള്ളൂ....പ്രഖ്യാപിച്ചത് 1 ബില്യൺ നഷ്ടപരിഹാരമാണത്രേ...നടന്നതു തന്നെ....ഏറെ വർഷങ്ങളായിട്ടും വൈപ്പിനിലേക്ക് വെറും 10കിമി വാട്ടർലൈൻ വലിക്കാൻ കഴിയാത്തവരാണ് ഇനി 100 കോടി നഷ്ടപരിഹാരിക്കാൻ പോകുന്നത്...

ഇനിയും ഈ ഗവണ്മെന്റ് എന്തിന്, ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് മാത്രം അഞ്ജാതം....ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന് എടുക്കാനുള്ള തീരുമാനമേയൂള്ളൂ.. പിന്നേയും ഒരു ഷിപ്മെന്റ് കാഷ്യൂനട്ടാണോ ഒരു കുഞ്ഞിന്റെ ജീവനാണോ വലുത് എന്ന് ദശാബ്ദങ്ങളായിട്ടും തീരുമാനിക്കാൻ കഴിയാത്ത നപുംസകങ്ങൾ ഭരിക്കുന്ന ഈ മഹാരാജ്യത്ത് വരേണ്ടത് പഴയ ആ വിപ്ലവം തന്നെയാണ്..ഈ ......... കളെയെല്ലാം ഉന്മൂലനാശനം ചെയ്ത് അധികാരത്തിന്റെ ഇടനാഴികളിൽ  ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി  ആ ഹെലികോപ്റ്ററൂം കത്തിച്ച് ധർമ്മസംസ്ഥാപനാർത്ഥായ ആരെങ്കിലും വരേണ്ടിയിരിക്കുന്നു...

ഈ ഖൽക്കിയൊക്കെ ഇനിയെന്നാണാവോ അവതരിക്കുക..?.....
Related Posts Plugin for WordPress, Blogger...