Followers

Nov 18, 2010

അക്കരെക്കാഴ്ചകൾ


തേക്കിന്മൂട്ടിൽ കുടുംബം
മലയാളം കോമഡി സീരിയലുകൾക്ക് അത്ര പരിചിതമല്ലാത്ത സിറ്റുവേഷനൽ കോമഡിലൈനിൽ എടുത്ത, പൂർണ്ണമായും യു.എസിൽ ചിത്രീകരിച്ച സീരിയലാണ് ‘ അക്കരെക്കാഴ്ചകൾ ‘.പഴയ സ്റ്റാർവേൾഡിലെ  ഫ്രൻഡ്സ്, സബ്രീന ദ ടീനേജ് ബിച്ച് , മിസ്റ്റർ.ബീൻ തുടങ്ങിയവയുടെ ഗണത്തിൽ പെടുത്താവുന്ന ഒരപാര ഐറ്റം!!!..

സാധാരണ നമ്മുടെ കോമഡി സീരിയലുകളിലെ പോലെ പത്തമ്പത് അണ്യൂഷൽ ക്യാരക്ടേഴ്സും അതിലൊരു കോമഡി പറയുന്ന ഹാജിയാരും പിന്നെ കാണ്ഡം കാണ്ഡമായിക്കിടക്കുന്ന അൺസഹിക്കബിൾ നർമ്മഡയലോഗുകളും ഒന്നും ഇതിലില്ല..തികച്ചും സ്വഭാവികമായ നർമ്മം അമേരിക്കൻ ബേസ്ഡ് കുംടുംബങ്ങളിലെ ഓരോ സംഭവവികാസങ്ങളുമായി ഇഴചേർത്താണ് വീക്കെൻഡിൽ കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്..ഏതാനും അമേരിക്കൻ നേറ്റീവ്സും ഇതിൽ ചെറിയ റോളുകൾ ചെയ്യുന്നുണ്ട്..അപാരമായ കാസ്റ്റിങ്ങും അതിനെ വെല്ലുന്ന സ്ക്രിപ്റ്റിങ്ങുമാണ് ഇതിന്റെ പ്രത്യേകത..ഗസ്റ്റ് റോൾ ആർട്ടിസ്റ്റുകൾ ഉൾപെടെ എല്ലാ അഭിനേതാക്കളും ഞെരിപ്പായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്...

2008 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്..ജോർജ്ജ് തേക്കുമ്മൂട്ടിൽ എന്ന അയ്മനത്തുകാരൻ കോട്ടയം അച്ചായന്റെ കുംടുംബമാണിതിലെ കഥാകേന്ദ്രം....വലിയകല്ലുങ്കൽ ജോസുകുട്ടിയാണ് ജോർജ്ജിനെ അവതരിപ്പിക്കുന്നത്..അച്ചായന്റെ ഭാര്യ നേഴ്സായ റിൻസി ( സജിനി )യാണ്.അവരുടെ രണ്ടു കുട്ടികളാണ് മാറ്റ് എന്ന മത്തായിക്കുഞ്ഞും (ലിറ്റോ ജോസഫ് ) ചക്കിമോളും (പ്രിയാ ജോസഫ് ) ..ഒരു സാദാ നാട്ടിൻപുറത്തുകാരനായ ജോർജ്ജിന് പറ്റുന്ന അബദ്ധങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്..

ഒരോഫീസിൽ ചെറിയൊരു ജോലിയുണ്ട് ജോർജ്ജിന്.എങ്ങനെയെങ്കിലും കുറെ കാശുണ്ടാക്കി തിരികെ നാട്ടിലെത്തി മീനച്ചിലാറിന്റെ തീരത്ത് ഒരു വീടും പണിഞ്ഞ് ഒരു കൈയ്യിൽ ഒരു കുടം കള്ളും മറ്റേക്കൈയ്യിൽ ഒരു പ്ലേറ്റ് ചെമ്മീനച്ചാറും പിടിച്ചുകൊണ്ട് സന്ധ്യയ്ക്ക് ആ ആറ്റുതീരത്തിരുന്ന് ഒരു ഗ്ലാസടിക്കുക ഇത്തിരി തൊട്ടുനക്കുക..അങ്ങനെയൊരു സമാധാനപരമായ ജീവിതമാണ് ജോർജ്ജിന്റെ ജീവിതാഭിലാഷം..എന്നാൽ അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾക്കാകട്ടേ ഇന്ത്യയിൽ പോകാൻ തന്നെ മടിയാണ്..

മൂന്നാമത്തെ എപ്പിസോഡിലാണ് കേരളത്തിൽ നിന്നും രണ്ടു മലയാളി നേഴ്സുമാരായ ബേബിക്കുട്ടനും ( സഞ്ജീവ് നായർ ) മഹേഷും ( ഹരിദേവ് ) ജോലി കിട്ടി അമേരിക്കയിലേക്ക് വരുന്നത്..പെങ്ങളായ ബ്ലെസിയുടെ കല്യാണം നല്ലരീതിയിൽ നടത്തണം.പട്ടിണി കിടന്നും കാശ് സമ്പാദിക്കണം.നാട്ടിലൊരു വീടു പണിയണം ഇതൊക്കെയാണ് ബേബിക്കുട്ടന്റെ ആഗ്രഹങ്ങൾ..എന്നാൽ മഹിയാകട്ടേ എങ്ങനെയെങ്കിലും ഒരു പെണ്ണിനെ വളച്ചെടുക്കണം എന്നതാണ് ജീവിതലക്ഷ്യമായി കൊണ്ടു നടക്കുന്നത്...

( പിന്നിൽ നിന്നും ) ബേബിക്കുട്ടൻ,ക്രിഷ്,മഹി,ബൈജു.
 ലിങ്കോൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് തുടങ്ങുന്ന മഹിയും ബേബിക്കുട്ടനും  ജോർജ്ജിന്റെ സുഹ്രിത്തും അമേരിക്കൻ മലയാളി അസോ. പ്രസിഡന്റുമായ ചാക്കോച്ചന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു..കൂടെ ക്രിഷ് (ജയൻ ജോസഫ് ) എന്നറിയപ്പെടുന്ന ഐടിക്കാരൻ ക്രിഷ്ണൻകുട്ടിയുമുണ്ട്..മാത്രമല്ല സണ്ണിസിംങ്ങ് (അമർപ്രീത് നന്ദ ) എന്ന ഒരു സർദാർജിയും അവർക്കൊപ്പം ആ വീട്ടിൽ താമസിക്കുന്നുണ്ട്...കഥയുടെ പകുതിയാകുമ്പോഴേക്കും റിസഷൻ മൂലം ഐടി ഫീൽഡ് തകർന്നതോടെ ക്രിഷിന്റെ  പണി തെറിക്കുന്നു..

ആ വീട്ടിലേക്ക് ബൈജു ( ജിയോ തോമസ്  ) എന്ന ക്രിഷിന്റെ ജോലി തെറിച്ച സഹപ്രവർത്തകനായ ത്രിശൂർക്കാരൻ കൂടി ചേക്കേറുന്നു...ക്രിഷ് ഒരു റൊമാന്റിക് നായകൻ കൂടിയാണ്.അത്യാവശ്യം പെണ്ണുങ്ങളെ വളയ്ക്കാൻ വിദഗ്ദൻ എന്ന് സ്വയം വിശ്വസിക്കുന്നവൻ..ഇതിൽ ബൈജു മാത്രമാണ് വിവാഹിതൻ..സാമ്പത്തികമാന്ധ്യം മൂലം ഭാര്യയെ നാട്ടിലേക്കയച്ചിട്ടാണ് ആള് ക്രിഷ്ണൻകുട്ടിയുടെ വീട്ടിൽ വരുന്നത്...

എന്നാൽ അവസാനമാകുമ്പോഴേക്കും ബേബിക്കുട്ടൻ അമേരിക്കൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ബ്രിട്ട്നി എന്ന മദാമ്മയുമായി പ്രണയത്തിലാകുന്നു..താനും ബ്രിട്ട്നിയുമായി എൻഗേജ്മെന്റ് തീരുമാനിച്ചതായി ബേബിക്കുട്ടൻ കൂട്ടുകാരെ അറിയിക്കുന്നു.. വായും പൊളിച്ച് അമ്പരന്ന് നിൽക്കുന്ന സുഹ്രിത്തുക്കളേയും ഉപേക്ഷിച്ച്  ടാറ്റാ പറഞ്ഞ് മദാമ്മയോടൊപ്പം ബേബിക്കുട്ടൻ നടന്നുപോകുന്നു.

പല പല സൈഡ് ബിസിനസ്സുകൾ ചെയ്ത് എട്ട് നിലയിൽ പൊട്ടിയ ജോർജ്ജേട്ടൻ അവസാനം ഒരു ഇൻഷുറൻസ് ഏജെൻസി എടുക്കുന്നു..അതു തട്ടിമുട്ടി വല്യ കൊഴപ്പമില്ലാതെ പോകുന്നു..ജോലിത്തിരക്കിനിടയിൽ ഇൻഷുറൻസിൽ ഒരു അസിസ്റ്റന്റായി ഗ്രിഗറി ജോണിനെ (ജേക്കബ് ഗ്രിഗറി) യെ ജോർജ്ജ് നിയമിക്കുന്നു..സംസാരിക്കുമ്പോൾ വിക്ക് വരും എന്നതാണ് ഗ്രിഗറിയുടെ കുഴപ്പം.. എന്നാലും ആൾക്ക് സ്പാനിഷ് ഒക്കെയറിയാം...ഗിരിഗിരി എന്നാണ് ജോർജ്ജേട്ടൻ ഗ്രിഗറിയെ വിളിക്കുന്നത്..ഫുഡ് & വീഡിയോ ഗെയിമാണ് ഗ്രിഗറിയുടെ വീക്ക്നെസ്സ്..ജോർജ്ജിന്റെ പള്ളിയിലെ അച്ചനും ഒരു കിടിലൻ ക്യാരക്ടറാണ്..ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന നല്ല ഹ്യൂമർസെൻസുള്ള ഒരച്ചനാണ് ആള്..


അപ്പച്ചൻ
പത്തൊമ്പതാമത്തെ എപ്പിസോഡിലാണ് നാട്ടിൽ പോയ റിൻസിയും പിള്ളേരും വിസിറ്റിംങ്ങ് വീസയിൽ ജോർജ്ജിന്റെ അപ്പച്ചനേം കൂട്ടിയാണ് മടങ്ങി വരുന്നത്..ജോർജ്ജിനെ വെല്ലുന്ന പ്രകടനമാണ് അപ്പച്ചൻ (പൌലോസ് പാലട്ടി ) കാഴ്ച വയ്ക്കുന്നത്..അപ്പച്ചന്റെ വരവോടെ അവരുടെ ജീവിതത്തിൽ പുതിയപുതിയ ഹ്യൂമറസ് സംഭവവികാസങ്ങൾ ഉണ്ടാകുന്നു..

അപ്പച്ചനും ഗ്രിഗറിയും തമ്മിലുള്ള ഈഗോ ക്ലാഷുകൊണ്ട് ഹർട്ട് ആയ ഗ്രിഗറി തേക്കിന്മൂട്ടിൽ ഇൻഷുറൻസ് കോ. യിൽ നിന്നും രാജി വച്ച് ബ്ലിംപി സാൻഡ്വിച്ചിൽ ചേരുന്നു..ഗ്രിഗറിയുടെ ഒഴിവിലേക്ക് ക്യാൻഡി എന്ന മദാമ്മയെ ജോർജ്ജ് അപ്പോയ്ന്റ് ചെയ്യുന്നു..സുന്ദരിയായ ക്യാൻഡിയുടെ വരവോടെ പുതിയ പ്രശ്നങ്ങൾ ആ വീട്ടിൽ തലപൊക്കുന്നു..അവസാനം ബിസിനെസ്സ് നഷ്ടത്തിലായി.വൈകാതെ ജോലി കളഞ്ഞ് ഗ്രിഗറി  ജോർജ്ജേട്ടന്റെ അസിസ്റ്റന്റായി തിരികെ വരുന്നു.

ഗിരിഗിരി
ജോർജ്ജിന്റെ പത്ത് പന്ത്രണ്ട് കൊല്ലം പഴക്കമുള്ള നിറം മങ്ങിയ പഴഞ്ചൻ ടോയോട്ട കൊറോളയും ഇതിലൊരു കഥാപാത്രമാണ്...പലവട്ടം പണി കിട്ടിയിട്ടും സ്വതസിദ്ധമായ പിശുക്ക് കാരണം കൊറോളയെ കളയാൻ ജോർജ്ജ് തയ്യാറാകുന്നില്ല...അവസാന എപ്പിസോഡിൽ കാറിനേപ്പറ്റിയുള്ള കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ തന്റെ പ്രിയപ്പെട്ട കാർ ഉപേക്ഷിച്ച് ജോർജ്ജ്  ഒരു പുത്തൻ മെഴ്സിഡീസ്ബെൻസ് എസ്-ക്ലാസ് തന്നെ വാങ്ങിക്കുന്നു..

ആകെ അൻപത് എപ്പിസോഡുകളിലായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..അമേരിക്കൻ മലയാളികളായ എബി വർഗ്ഗീസും അജയൻ വേണുഗോപാലനുമാണ് ഇതിന്റെ സംവിധായകർ.സ്ക്രിപ്റ്റ് എഴുതുന്നതും അജയൻ തന്നെ..ഇതിലഭിനയിക്കുന്ന ജോർജ്ജിന്റെ മക്കളായി അഭിനയിക്കുന്ന മാറ്റും ചക്കിയും യഥാർത്ത സഹോദരീസഹോദരന്മാരാണ്. ഇതിലെ എല്ലാ നടീനടന്മാരും ക്രൂവും പ്രതിഫലമില്ലാതെയാണ് വർക്ക് ചെയ്തത്..ന്യൂ ജേഴ്സിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..ഉയർന്ന റേറ്റിംഗ് കണക്കിലെടുത്ത് കൈരളി ഇപ്പോൾ വീണ്ടും ഇത് പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്..ടൂബിലും ലക്ഷക്കണക്കിന് ഹിറ്റാണിതിന്റെ വീഡിയോയ്ക്ക്..

ഇതിൽ ജോർജ്ജിന്റെ വീടായി കാണിക്കുന്നത്  സംവിധായകൻ എബി വർഗ്ഗീസിന്റെ ഏങ്കൽവൂഡ്സിലുള്ള സ്വന്തം വീടാണ്..ക്രിഷും ടീമും താമസിക്കുന്ന വീടാകട്ടെ അജയൻ വേണുഗോപാലന്റെ വീടും..

ഈ ഒരു സീസൺ സീരിയൽ കഴിഞ്ഞതോടെ യുഎസും കാനഡയും മുഴുവൻ ഓടിനടന്ന്  ഇതിന്റെ സ്റ്റേജ്  ഷോകളും ഇവർ നടത്തുന്നുണ്ട്..അക്കരെക്കാഴ്ചകൾ ടൂബ് ചാനൽ ദിവിടെക്കാണാം..
അതിനുശേഷം അക്കരെക്കാഴ്ചകൾ ഒരു സിനിമയാക്കാനുള്ള പുറപ്പാടിലാണ് ഈ ടീം..
ലിതാണ് ആ മൂവിയുടെ സൈറ്റ് ......
Related Posts Plugin for WordPress, Blogger...