Followers

Nov 21, 2010

ഹൈദരാബാദി ദം ബിരിയാണി & സൈബീരിയൻ കോഴിക്കറി ( പാചകം )

ബ്രേക്ക്ഫാസ്റ്റ് ഫ്രാൻസിലും ലഞ്ച് ഹോങ്കോങ്ങിലും ഡിന്നർ സിംഗപ്പൂരിലും വീക്കെൻഡ് ദുബയിലുമായി  നടക്കുന്ന എനിക്ക് പലപ്പോഴും ധാരാളം  യൂറോപ്യൻ ,അമേരിക്കൻ, ഇന്ത്യൻ ക്യൂസിനുകൾ കഴിക്കേണ്ടി വരാറുണ്ട്..അതിൽ ചിലത് എന്റെ ഡിയർ&നിയർ വായക്കാർക്കായി പങ്കു വെയ്ക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.

ഇതൊരു അതിഭയങ്കരമായ പാചകക്കുറിപ്പായതിനാൽ വളരെയേറെ തയ്യാറെടുപ്പുകൾ പാചകം ചെയ്യുന്നതിനുമുൻപ് നമ്മൾ എടുക്കേണ്ടതായുണ്ട്..ഇപ്പോഴത്തെ പുതിയ ട്രെൻഡായ കാട്ടിലും മലയിലും ഹൈവേയുടേ സൈഡിലും കലുങ്കേൽ ചാരിനിന്നും ഒക്കെയുള്ള പാചകപരീക്ഷണങ്ങളെ പോലെയല്ല ഇത് കാരണം ഇതേ സാധാരണ  വെറും ബിരിയാണിയല്ല ഹൈദരാബാദി ബിരിയാണിയാണ്.. ഹൈദരാബാ‍ദി...അല്ലപിന്നെ....
 ഇതിന്റെ ..കൂടെ വിളമ്പുന്ന സൈഡ് ഡിഷാകട്ടേ സൈബീരിയൻ കോഴിക്കറിയും..അത് വഴിയേ പറയാം..

ആദ്യമായി ബിരിയാണി വയ്ക്കുന്നവർ ഒരാഴ്ച സമയമെടുത്ത് അതിനായി മനസ്സിനെ നന്നായി പാകമാക്കുക...ഒരുപക്ഷേ മന:സാക്ഷി നിങ്ങളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചേക്കാം..തളരരുത്..കൂട്ടുകാരും ബന്ധുക്കളും ഭ്രാന്തനെന്നു വിളിച്ചേക്കാം...തകരരുത്..പോലീസ് പിടിച്ചെന്നു വരാം...വാക്ക് വിത്ത് അബൈദയേയും ലക്ഷ്മി നായരേയും മനസ്സിൽ സങ്കല്പിച്ച് പിടിച്ചു നിൽക്കുക..


ആവശ്യമുള്ള സാധനങ്ങൾ
ബസ്മതി റൈസ് - ഒരു കിലോ
അകാലത്തിൽ അന്തരിച്ച കോഴി - ഒന്ന്
മൊബൈൽ ഫോൺ (ബാലൻസുള്ളത് ) - ഒന്ന്
അലിഭായ്, താണ്ഡവം, നാട്ടുരാജാവ് 3 ഇൻ വൺ ഡീവിഡി - ഒരെണ്ണം
മാൾബെറോ ലൈറ്റ്സ് - രണ്ടെണ്ണം മതിയാകും.
പാസ്പോർട്ട് - ഒരു കുപ്പി
തോട്ടിലെ വെള്ളത്തിൽ പരൽമീനിനെ പിടിക്കുന്ന തോർത്ത് - ഒന്ന്
കാവി മുണ്ട് - ഒന്ന്
ജലദോഷം വരുമ്പോൾ സ്റ്റീം കൊള്ളുന്ന ആ സാധനം - ഒന്ന്  മതി.

എല്ലാവരും എന്നേപ്പോലെ ഡ്രൈവിങ്ങിലും പാചകത്തിലും ഒരുപോലെ എക്സ്പേർട്ടായ അഭിനവ നളനാകണമെന്നില്ല..
അതുകൊണ്ട് നിങ്ങൾ ബിരിയാണി വയ്ക്കാൻ പോകുന്ന വിവരം അടുത്ത ബന്ധുക്കളേയും, കൂട്ടുകാരേയും അറിയിക്കുക...ലഞ്ചിന് വന്ന് കഴിച്ച് നിർവ്രിതിയടയാൻ അവരെ അഭിമാനത്തോടെ ക്ഷണിക്കുക..വല്ല പെണ്ണൂങ്ങളേം വീഴ്ത്താനുണ്ടെങ്കിൽ അവരെ ലഞ്ചിന് ക്ഷണിക്കുക..ഒരാളുടെ ഹ്രിദയത്തിലേക്കുള്ള ഷോർട്ട് കട്ടാണ് നല്ല ഭക്ഷണം എന്നല്ലേ  കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത്..

അതിനു ശേഷം മുകളിൽ സൂചിപ്പിച്ച ലിസ്റ്റിലെ തോർത്തെടുത്ത് തലയിൽ കെട്ടുക.കാവിമുണ്ട് ഉടുക്കുക...ഓർക്കുക ഒരു പചകക്കാരന് അത്യാവശ്യം വേണ്ട സാധനമാണ് തോർത്ത്...ഷർട്ട് നിർബന്ധമല്ല...അതിനുശേഷം ഒരു മാൾബെറോ എടുത്ത് കത്തിക്കുക..രണ്ടാമത്തേതെടുത്ത് ഇടതുചെവിയിൽ തിരുകുക..

അടുത്ത നടപടിയായി ഒരു വലിയ പാത്രത്തിൽ റൈസ് ഇട്ട് പുഴുങ്ങാൻ വയ്ക്കുക...എന്നിട്ട് നേരെത്തെ സൂചിപ്പിച്ച ഡിവിഡി എടുത്ത് ഇട്ടു കാണുക..താണ്ഡവത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ യൂണിവേഴ്സൽ സ്റ്റാർ ലാലേട്ടൻ, ഗസ്റ്റ് ഹൌസിലെത്തി ദുഷ്ടനായ സായ്കുമാറിനെ ബഡ്ഷീറ്റ് ഉടുത്ത നിലയിൽ ഒരു പെണ്ണിനോടൊപ്പം  പൊക്കുന്ന രംഗം വരുമ്പോൾ പോസ് ചെയ്ത് തിരികെ പാത്രത്തിനടുത്തെത്തുക..അപ്പോഴേയ്ക്കും റൈസ് പാകമായിരിക്കും...

അതിനു ശേഷം ഈ പുഴുങ്ങിയ അരിയെ ബിരിയാണിയായി കൺവെർട്ട് ചെയ്യുന്നതിന് അതിനൂതനമായ സങ്കേതമാണ് അപ്ലൈ ചെയ്യേണ്ടത്..നിങ്ങൾ ശാന്തത കൈവെടിയാതെ ഒരു കസേരയിൽ ഇരുന്ന് മനസ്സിരുത്തി ആലോചിക്കുക...എങ്ങിനെയാണ് ഒരു ബിരിയാണി ഉണ്ടാകുന്നത്..ഈ ചിന്തകൾക്ക് ഊർജ്ജം പകരാൻ നേരത്തേ പറഞ്ഞ പാസ്പോർട്ടിൽ നിന്നും ഓരോന്ന് വിട്ടുകൊണ്ട് വീണ്ടും ആലോചിക്കുക...ഈ വെള്ള റൈസ് എങ്ങനെ മഞ്ഞ നിറമാകുന്നു..ഹൈദരാബാദിൽ ഇപ്പോൾ സെന്റിനെന്താണ് വില...ഈ ഹൈദരാബാദി ദം ബിരിയാണി മലയാളികൾ ഉണ്ടാക്കിയാൽ പോലീസു പിടിക്കുമോ.. സനാധന ധർമ്മത്തിൽ ബിരിയാണിക്കുള്ള പങ്കെന്താണ്......തുടങ്ങിയ നിങ്ങളെ കുണ്ഠിതരാക്കുന്ന പ്രധാന പ്രശ്നങ്ങൾ മനസ്സിലിട്ട് ഉള്ളി വഴറ്റും പോലെ നന്നായി വഴറ്റുക...

കൂടുതൽ ചിന്തിക്കുംന്തോറും ഒരു പേടി ഹ്രിദയത്തിലേക്ക് പതിയെ കയറിവരുന്നതായി അനുഭവപ്പെടും...അപ്പോഴേക്കും മണി ഏകദേശം പന്ത്രണ്ടാകും..ഒരു മണിക്കൂറിനകം ഭക്ഷണത്തിന് ക്ഷണിച്ചവ (ർ) (ൻ) (ൾ) വരുമെന്നുള്ള നഗ്നസത്യം നമുക്ക് മനസ്സിലാകും.. .

ഹൈദരാബാദി ബിരിയാണി പോയിട്ട് ഒരു കട്ടൻകാപ്പി പോലും മര്യാദക്ക് ഉണ്ടാക്കാൻ അറിയാത്ത ഒരു മൈ..മൈക്കുണാഞ്ചനാണ് നിങ്ങൾ എന്ന സത്യം പതിയെ പതിയെ നിങ്ങൾ തിരിച്ചറിയും...
എന്നാൽ പതറരുത്..ആ പോയിന്റിൽ നേരെത്തെ പറഞ്ഞ ലിസ്റ്റിലെ  മൊബൈൽ ഫോൺ എടുക്കുക..ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഹോം ഡെലിവെറി ഹോട്ടലിലേക്ക് വിളിക്കുക..പെട്ടെന്ന്  ഒരു അഞ്ച് പേർക്കുള്ള  ബിരിയാണി ഓർഡർ ചെയ്യുക..

പോസ് ചെയ്ത സിനിമ തുടർന്നും കാണുക..ആദ്യം അടിക്കുന്ന ബെൽ ഹോട്ടലുകാരന്റേതാണ്..ഓടി പോയി വാതിൽ തുറന്ന് ബിരിയാണി വാങ്ങി പായ്ക്കറ്റുകൾ പൊട്ടിച്ച്  ചൂടാറാതെ പാത്രത്തിലിട്ട് ഗ്യാസിൽ വയ്ക്കുക.അടയ്ക്കുക... പ്രത്യേകം ശ്രദ്ധിക്കുക.. ഗ്യാസ് കത്തിക്കരുത്..തെളിവുകളായ പായ്കറ്റുകൾ ബാത്ത്രൂമിൽ കയറി ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വയ്ക്കുക..എന്നിട്ട് ജലദോഷ ആവിയന്ത്രം അടുക്കളയിലിട്ട് ഓണാക്കുക..കുറച്ച് പുക നിങ്ങളൂടെ ദേഹത്തും അടിപ്പിക്കുക..അടുക്കള  ആകെ ഒരു പുകമയമായി ഒരു പാചകാന്തരീക്ഷം ഉണ്ടായി എന്ന് തോന്നുമ്പോൾ നിർത്തുക..കുറച്ച് കറി പൌഡറുകൾ അവിടെവിടെയായി അല്പം വിതറുക..
..അടുത്ത കോളിംഗ് ബെല്ലിനായി കാത്തിരിക്കുക..ആ സമയം ബാക്കി സിനിമാ കാണാം..

അടുത്ത ബെൽ നിങ്ങളൂടെ അതിഥിയാണ് ...ബെൽ കേൾക്കുമ്പോൾ ഓടിച്ചെന്ന് ഗ്യാസ് കത്തികുക..ഡോറ് തുറക്കുക..സ്റ്റീമിൽ വിയർത്തു കുളിച്ചു നിൽക്കുന്ന നിങ്ങളെക്കണ്ട് അത്ഭുതത്തോടെ അവർ നിൽക്കും..

ഒരു മിനിറ്റേ...ഒന്ന് ഇളക്കിക്കോട്ടേ...അങ്ങോട്ടിരുന്നാട്ടേ.. എന്ന് പറഞ്ഞ് കൊണ്ട് നിങ്ങൾ ഓടിച്ചെന്ന് അടുപ്പിലിരിക്കുന്ന പാത്രത്തിൽ തവിയിട്ട് ചുമ്മാ രണ്ടിളക്കിളക്കുക..ഈ സെറ്റപ്പെല്ലാം കാണുമ്പോൾ നിങ്ങൾ അതിഭയങ്കര പാചകത്തിലാണെന്നും നിങ്ങളൊരു ഗംഭീര സംഭവമാണെന്നും വന്നവൻ  ധരിച്ചുകൊള്ളും...പിന്നെ പേടിക്കണ്ട..പെട്ടെന്നുണ്ടാക്കിയതാ കേട്ടോ..  എന്ന് വിനയപൂർവം   പറഞ്ഞുകൊണ്ട് അതിഥികൾക്ക് വിളമ്പിക്കൊടുക്കുക...അതിനൊപ്പം പ്രണയം, പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ യഥാവിധി നൈസായി അവതരിപ്പിച്ച് നേടിയെടുക്കാനും സാധിക്കും..

അടുത്തതായി നിങ്ങൾക്കായി ഞാൻ അവതരിപ്പിക്കുന്നത് ഒരു സൈബീരിയൻ കോഴിക്കറിയാണ്.


ആവശ്യമുള്ള സാധനങ്ങൾ:
സൈബീരിയയ്ക്കുള്ള ടു&ഫ്രോ എയർടിക്കറ്റ് - ഒരാൾക്ക്.
പഴയ ശത്രുക്കളുടെ ഫോൺ നമ്പറുകൾ - ഒരു 8-10 എണ്ണം.
എൻഡോസൾഫാൻ - ഒരു വലിയ കന്നാസ് നിറയെ.
നാനാ, ഫയർ , മുത്ത് , മുത്ത്ച്ചിപ്പി - ആവശ്യത്തിന് (ബോറഡിക്കുമ്പോൾ പ്ലൈയിനിൽ വച്ച് വായിക്കാൻ ).
ചെക്ക് ഉള്ളി - ഒരു പൌണ്ട്.
ചറപറ കുത്തരി - ഒരു ചാക്ക്
സൈബീരിയൻ ചിക്കൻ മസാല - ഒരു പാക്കറ്റ്

ആദ്യമായി ഇതിനു  നമക്കാവശ്യം ഒരു സൈബീരിയൻ കോഴിയെയാണ്..മ്രിഗസ്നേഹികൾക്കുള്ള ഒരു സ്പെഷ്യൽ കോഴിക്കറിയാണ് സൈബീരിയൻ കോഴിക്കറി..ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇതിൽ കോഴിയുടെ പരിപൂർണ്ണ സമ്മതത്തോടെയാണ് കറി ഉണ്ടാക്കുന്നത് എന്നതാണ്.. മേനകഅമ്മച്ചി വരെ സമ്മതിച്ച കറിയാ ഇത്..സോ പ്യൂർ വെജുകൾക്കും ഇത് തിന്നാം..

ആദ്യമായി സൈബീരിയൻ കാടുകളിൽ പോയി ഒരു മുഴുത്ത പൂവൻ കോഴിയെ നോക്കി വേട്ടയാടിപ്പിടിക്കുക..കൊല്ലരുത്..പൂർണ്ണമായും സ്നേഹത്തിലും അഹിംസയിലും പരസ്പരബഹുമാനത്തിലും അധിഷ്ടിതമായ ഒരു കറിയാണിത്..ഈ പിടിച്ച കോഴിയെ നിങ്ങൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുക..ആദ്യ പടിയായി കോഴിയും നിങ്ങളും തമ്മിൽ ഒരു പരസ്പര സ്നേഹബന്ധം വളർത്തിയെടുക്കുക..കോഴിക്കാവശ്യമുള്ള ഭക്ഷണം, വസ്ത്രം, കിടപ്പാടം എല്ലാം നൽകുക..അതോടെ കോഴി നിങ്ങളോട് കൂടുതൽ വിധേയനാകും..പക്ഷേ അപ്പോഴും ചിക്കൻ കറിയുടെ കാര്യം മാത്രം മിണ്ടിപ്പോകരുത്..പതിയെപ്പതിയെ കോഴിയോട് ഒരു മാനസിക അടുപ്പം വളർത്തിയെടുക്കാൻ മാത്രം തത്ക്കാലം ശ്രദ്ധിക്കുക..ജസ്റ്റ് ഫ്രൺലിയാകുക..

അതിനു ശേഷം നിങ്ങൾ തന്ത്രപൂർവ്വം കോഴിയെ മാനസികമായി തളർത്തുക..ഏറ്റവും പുതിയ മലയാള  സിനിമകൾ കാണിക്കുക.. കേരളോത്സവം മിഷൻ 2009, പോക്കിരിരാജ തുടങ്ങിയ  സിനിമകൾ മിനിമം ഒരു പത്ത് തവണയെങ്കിലും കാണിക്കുക.. ഓട്ടോഗ്രാഫ്, മാനസപുത്രി, പാരിജാതം, പവിത്ര ജയിലിലാണ്, മറ്റൊരുവൾ തുടങ്ങിയ ജനപ്രിയ സീരിയലുകൾ മുടങ്ങാതെ കാണിക്കുക..ഏതാണ്ട് ഒരാഴ്ചയ്ക്കകം കോഴിക്ക് ജീവിത വിരക്തി തോന്നിത്തുടങ്ങും.

അധികം വൈകാതെ തന്നെ ഒരു ദിവസം കോഴി മരിക്കാൻ സന്നദ്ധനായി വിഷാദത്തോടെ നിങ്ങളെ സമീപിക്കും..ആ അവസരം പാഴാക്കാതെ നിങ്ങൾക്ക് അതിയായ ദു:ഖം ഉണ്ടെന്ന് ഭാവിച്ച്
നേരെത്തെ വാങ്ങി വച്ച  സൈബീരിയൻ ചിക്കൻ മസാല ഇട്ട് വെള്ളം തിളപ്പിക്കുക..
പണ്ട് എൽ.കെജിയിൽ വച്ച്  പെൻസിൽ ചോദിച്ചിട്ട് തരാതിരുന്നവൻ, രണ്ടാം ക്ലാസിൽ വച്ച് നിങ്ങളൂടെ ലഞ്ച് ബോക്സിൽ മണ്ണ് വാരിയിട്ടവൻ, എട്ടാം ക്ലാസിൽ വച്ച് നിങ്ങളുടെ പ്രണയിനിയെ ലൈനിട്ടവൻ, കോളേജിൽ വച്ച് റാഗ് ചെയ്ത സീനിയർ, പ്രമോഷൻ തടഞ്ഞ ബോസ്, തുടങ്ങിയ നിങ്ങളുടെ എല്ലാ ശാശ്വത ശത്രുക്കളേയും ഫോണിൽ വിളിച്ച് ഭക്ഷണത്തിനു ക്ഷണിക്കുക..

പിന്നീട് ചെക്കോസ്ലോവാക്യയിൽ നിന്നും വാങ്ങിയ ഉള്ളി ഓരോന്നായി മുറിക്കുക..അപ്പോൾ കണ്ണിൽ നിന്നും കുടുകുടാന്ന് വെള്ളം വരും..
ഇത് കാണുന്ന കോഴി കരുതും നമ്മൾ വേർപാടിന്റെ ദുഖം കൊണ്ട് കരയുകയാണെന്ന്..അതിനു ശേഷം ആ കണ്ണീരോടെ തന്നെ എൻഡോസൾഫാൻ മിശ്രിതം  1:87 പ്രപ്പോർഷനിൽ കലക്കി
ചറപറാ കുത്തരിയിൽ തളിച്ച് തിന്നാൻ കൊടുക്കുക..മണ്ടനായ പാവം കോഴി അത് തിന്ന് ചാവും..ഈ കാഴ്ച കണ്ട് കോഴിയെ പറ്റിച്ച സന്തോഷത്തിൽ നിങ്ങൾക്ക് ചിരി വരുന്നെങ്കിൽ ഉടനേതന്നെ ബാത്ത്രൂമിൽക്കയറി കുറ്റിയിട്ട് ഉറക്കെ ഉറക്കെ പൊട്ടിചിരിക്കുക...നിങ്ങളുടെ ആഹ്ലാദം ഒരിക്കലും ആ കോഴി കാണാൻ പാടില്ല..കാരണം അത് ജനീവാ കരാറിനെതിരാണ്..

അതിനുശേഷം പ്രസ്തുത കോഴിയെ കഷ്ണം കഷ്ണമാക്കി നുറുക്കി മസാലയിൽ പൊതിഞ്ഞ് വേവിക്കുക..ലിസ്റ്റിലുള്ള അതിഥികൾ അപ്പോഴേക്കും എത്തിയിട്ടുണ്ടാകും..യഥാക്രമം അവരെ കോഴിക്കറി കൊടുത്ത് സത്കരിക്കുക...എൻഡോസൾഫാൻ എന്നത് ഇന്ത്യൻ പീനൽകോഡ് പ്രകാരം ഹോളിവാട്ടറിന് സമമായതിനാൽ നിങ്ങൾക്കെതിരേ തെളിവുകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല..അതുകൊണ്ട് അതിഥികൾക്ക് എന്തേലും പറ്റിയാലും പേടിക്കേണ്ട.കേസെടുക്കാൻ
വകുപ്പില്ല..

ഇത് കഴിഞ്ഞിട്ട് ആദ്യത്തെ ബിരിയാണി ലിസ്റ്റിൽ ബാക്കി വന്ന ഒരു മാൾബെറൊ ഇടതു ചെവിയിൽ നിന്നും എടുത്ത് കത്തിച്ച് വലിച്ച് ഒന്ന്  റിലാക്സ്ഡ് ആകുക..ഒരു മൂഡിനു വേണ്ടി വേണേ ആ പാസ്പോർട്ടിൽ നിന്നും ബാക്കിയും അടിക്കാം അല്ലേൽ റഷ്യൻ നാഷനൽ ആന്തവും പാടാം...

The Chef  Gusteau's Famous  Motto  " Anyone Can Cook!" .......


..

27 comments:

  1. പറയുമ്പോൾ എല്ലാം പറയണമല്ലോ..ഇന്നലെ നമ്മടെ കൺകണ്ട ദൈവമായ അച്ചായന്റെ ബ്ലോഗിലെ കമന്റേറ്റേഴ്സെല്ലാം ഒരേ കടേന്നാണെന്ന് തോന്നുന്നു ചായ കുടിച്ചത്..ഒരേപോലെ ഫോമിലായിരുന്നു..എല്ലാവരും ഉന്മേഷിതന്മാരായിരുന്നു..മിക്കതും കിടിലൻ കമൻസ്..അച്ചായന്റെ 5,8,9 ചോദ്യങ്ങളാകട്ടേ അത്ര ഗുമ്മില്ലായിരുന്നു...എന്നാലും ബാക്കി കിടിലം..

    ReplyDelete
  2. വയറു നിറഞ്ഞു...പോണി എത്ര പേരെ സൈസാക്കി,,
    സായ കുമാറിനെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞു നിര്‍ത്തുന്ന ഭാഗം...എന്നാ കറക്ടാ മച്ചാ..പരുവം വേവ്..

    ReplyDelete
  3. ഹോ...സമ്മതിച്ചു..നളപാചകം!!
    ഇത് വേവിക്കാന്‍ ഒരൊന്നൊന്നര മണിക്കൂര്‍ എടുത്തു കാണും...

    ReplyDelete
  4. ചുമ്മാ നോക്കാം ബിരിയാണി കിട്ടിയാലോ!!!

    ReplyDelete
  5. നേരാ...ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ..


    തകര്‍ത്തു മാഷെ.

    ReplyDelete
  6. ബിരിയാണിക്ക് നല്ല ദാമ്മുണ്ട് കേട്ടോ

    എൻഡോസൾഫാൻ മിശ്രിതം ചേര്‍ത്ത സൈബീരിയന്‍ വെജിറ്റേറിയന്‍ കോഴിക്കറി ഉഗ്ഗ്രനായി.

    ReplyDelete
  7. ബിരിയാണിക്ക് നല്ലസ്വാദ്.
    കോഴി കുറച്ച് കഴിഞ്ഞ് മതി

    ReplyDelete
  8. ഒരു ഇന്റർനാഷണൽ കുക്കിങ്ങ് ആയല്ലോ..
    പിന്നെ ചില അക്ഷരപിശാച്ചുകളെ നേരിടാൻ കുറച്ചുകൂടി എഡിറ്റിങ്ങ് നടത്തണം കേട്ടൊ

    ReplyDelete
  9. ഓഹോ അപ്പോള്‍ ഇങ്ങനെയാണ് ഹൈദ്രാബാദി ബിരിയാണി ഉണ്ടാക്കുന്നതല്ലേ. പക്ഷെ കോഴി കറി ഇത്തിരി കടുപ്പം തന്നെ.
    മസാല ഒരല്പം കൂടിയോ എന്നൊരു സംശയം. എന്തായാലും ഫ്രീ ആയിട്ടു കിട്ടുന്നതല്ലേ... കുറച്ചു പൊതിഞ്ഞു എടുക്കാം. അല്ല പിന്നെ ...

    ReplyDelete
  10. "കേരളോത്സവം മിഷൻ 2009, പോക്കിരിരാജ തുടങ്ങിയ സിനിമകൾ മിനിമം ഒരു പത്ത് തവണയെങ്കിലും കാണിക്കുക.. ഓട്ടോഗ്രാഫ്, മാനസപുത്രി, പാരിജാതം, പവിത്ര ജയിലിലാണ്, മറ്റൊരുവൾ തുടങ്ങിയ ജനപ്രിയ സീരിയലുകൾ മുടങ്ങാതെ കാണിക്കുക..ഏതാണ്ട് ഒരാഴ്ചയ്ക്കകം കോഴിക്ക് ജീവിത വിരക്തി തോന്നിത്തുടങ്ങും."



    ഒരു ദിവസം കൊണ്ട് തന്നെ കോഴിക്ക് ജീവിത വിരക്തി വരണമെന്നുള്ളവര്‍ വാമനപുരം ബസ്‌ റൂട്ട് ഒറ്റ തവണ കാണിച്ചു കൊടുത്താല്‍ മതിയാകും...!

    ReplyDelete
  11. പൊന്നു ബെസ്റ്റേ..വാമനപുരംബസ് റൂട്ടിന് ന്താ കൊഴപ്പം..അതിൽ പ്രണയമില്ലേ, തമാശയില്ലേ, ഇടിയില്ലേ,ലാലേട്ടനില്ലേ..അത് എംജിആറിന്റെ ആരാധകരെ ഉദ്ദേശിച്ചെടുത്ത പടമാണ്...അവർക്കെല്ലാം ഇഷ്ടമായി..
    ..ഇപ്പോഴും സമയമുണ്ട് മമ്മൂട്ടി എന്ന ബൂർഷ്വായെ ഉപേക്ഷിച്ച് യഥാർത്ത ജനാധിപത്യം വിടരുന്ന വിപ്ലവാധിഷ്ഠിതമായ ലാലേട്ടൻ ഫാൻസ് അസോസിയേഷനിൽ ചേരൂ..ജീവിതം സുന്ദരസുരഭിലമാക്കൂ...

    ബിലാത്തിസാർ ഇടയ്ക്കൊരു വൈ കേറി വന്നു അത് മാറ്റി..താങ്ക്സ്...വേറെ തെറ്റൊന്നും കാണുന്നില്ല..അഞലിചേച്ചി ഓൾഡ് ലിപിയാണ് എന്റെ ഫോണ്ട്..

    മൈ ഡീയർ ഗൈസ് കമന്റിന് നന്ദി..

    ReplyDelete
  12. വൈകീട്ട് എന്താ പരിപാടി...?

    ReplyDelete
  13. @Pony Boy

    കൊട്ടാരം വിട്ടു ചേരിയിലെക്കോ? ഇല്ലേ.. ഞാന്‍ ഇല്ലേ.....!

    ReplyDelete
  14. നാല് വെള്ളികാശു കിട്ടുമെന്ന് കരുതി കള്ളിന്റെയും പെണ്ണിന്റെയും തൂക്കട പരസ്യത്തില്‍ അഭിനയിക്കാന്‍ ഒന്നും ഞങ്ങളുടെ സ്റ്റാര്‍ നെ കിട്ടില്ല...!
    അതിനൊക്കെ നീ ലാലിനെ തന്നെ പോയി കാണണം ദിനേശാ...!
    ഈ വയസ്സാന്‍ കാലത്തും തന്റെ മകളുടെ മകളുടെ മകളുടെ മകളാകാന്‍ പ്രായമായ കൊച്ചു പെണ്കൊടികല്കൊപ്പം വിയര്‍ത്തു, കിതച്ചു അഭിനയിക്കുന്ന ലാലിനെ അപ്പൂപ്പന്‍ വേഷങ്ങളിലേക്ക് തളചിടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു... (ആനയും കുഴിയാനയും തമ്മില്‍ പേരില്‍ അല്ലാതെ വല്ല ചേര്‍ച്ചയും ഉണ്ടോ...?)
    എങ്കിലേ മലയാള സിനിമ രക്ഷപെടൂ..
    പ്രിയ പോണി നിങ്ങള്ക് സമയം വളരെ വൈകി പോയി... ഇവിടെ ഒഴിഞ്ഞ സീറ്റുകള്‍ ഒന്നും തന്നെയില്ല...! പുതുതായി ആരെയും ഇപ്പോള്‍ എടുക്കുന്നില്ല...!
    പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിക്ക് ആളുകള്‍ ക്യു നില്‍ക്കുന്നത് പോലെ ആളുകള്‍ പുറത്ത് കാത്തു നില്കുന്നുണ്ടെന്നു ഞങ്ങള്കറിയാം... റിയലി സോറി...
    രണ്ടു വര്ഷം കഴിഞ്ഞിട്ട്.., അന്തരിച്ചു പോയ അംഗങ്ങള്‍ക് പകരം ആളെ റിക്രൂട് ചെയ്യുമ്പോള്‍ വേണമെങ്കില്‍ പരിഗണിക്കാം...!
    അല്ല പിന്നെ... " സവാള കീറി... കീറി......"

    ReplyDelete
  15. കല്യാണിന്റേം ഉത്തയത്തിന്റേം മറ്റും പരസ്യങ്ങളിൽ മമ്മൂട്ടി അഭിനയിച്ചത് ഒരു പൈസ പോലും പ്രതിഫലം പ്രതീക്ഷിച്ചല്ല എന്ന കാര്യംവും ഞാൻ മറന്നുപോയി...

    കടന്നു ചെല്ലൂ കടന്നു ചെല്ലൂ...മമ്മൂട്ടി ഫാൻസിന്റെ മെമ്പർഷിപ്പിനുവേണ്ടിയുള്ള ക്യൂ ബിവറേജിനേം തോൽപ്പിക്കും.. എന്താ തിരക്ക്..
    ബിവറേജിലൊക്കെ ആദ്യം കുപ്പി വാങ്ങും പിന്നെയാണടി...എന്നാൽ ഇവിടെയങ്ങനല്ല അടി ആദ്യം കിട്ടും..അതും കരണത്ത്..അടി മേടിച്ച ആരാധകർ പഞ്ചപുശ്ചമടക്കി കവിളും തടവി നിൽക്കും...

    അല്ലയോ ബെസ്റ്റേ..ഞങ്ങൾ ലാൽ ആരാധകർക്ക് വലിപ്പചെറുപ്പമില്ല..കോട്ടയം കുഞ്ഞച്ചനും,ജോണീവാക്കറൂം, കിംഗും കണ്ട് കൈയ്യടിച്ചിട്ടുണ്ട്..പോക്കിരിരാജ പോലെയുള്ള നാലാം കിട കൂത്തുകൾക്ക് കയറി കൂവുകയും ചെയ്യും..പക്ഷേ ആ കഥാപാത്രങ്ങൾക്കപ്പുറത്ത് ആ നടൻ നിങ്ങൾക്കന്യനാണ്..

    എന്നാൽ ഞങ്ങൾക്ക് കഥാപാത്രങ്ങൾക്കുപരിയായി കിട്ടിയ ഏട്ടനാണ് ലാലേട്ടൻ..അല്ലാതെ പുറത്തു വച്ചു കാണുമ്പോൾ കരണത്തടിക്കുകയും ആരാധകരെ ചീത്തവിളികുകയും ചെയ്യുന്ന ഒരസഹിഷ്ണനെ താങ്ങേണ്ട ഗതികേട് ഞങ്ങൾക്കില്ല..അടിമത്തവും ആരാധനയും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമുണ്ടന്നു മനസ്സിലാക്കുക..

    ഒന്നു കൂടി കേരളത്തിലെ ഏറ്റവും ജനസമ്മതനായ വ്യക്തി ലാലാണ്.ഇന്ത്യയിലെ ടോപ്പ് മീഡിയ സർവേയണ്.ഒരു 100 പടമെങ്കിലും കാണും ലാലേട്ടനെ ഓർക്കാൻ പക്ഷേ മമ്മൂട്ടിക്കാകട്ടേ ഹ്രിദയസ്പർശിയായ ചിത്രങ്ങൾ വിരലിലെണ്ണാവുന്നതു മാത്രവും..
    അല്ലേ..ഒന്ന് എണ്ണി നോക്ക്

    ReplyDelete
  16. പ്രിയ രാകേഷ്
    നന്നായിരിക്കുന്നു. ഇനിയും എഴുതുക .ആശംസകള്‍


    സജീവ്‌

    ReplyDelete
  17. @PoNy:

    കാക്കയ്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. "ബിരിയാണീന്റപ്പം രസം" :)
    സംഗതി നന്നായി രസിപ്പിച്ചു


    ['ശാശ്വത ശത്രു' ഇത് നമ്മുടെ ഗിരിഗിരിച്ചേട്ടനെ കൊപ്പിയതല്ലേന്നൊരു സംശയം]

    ReplyDelete
  20. @ബെസ്റ്റ്:
    അളിയാ മമ്മൂട്ടിയെ ഞങ്ങൾക്കിഷ്ടമാ..കാരണം നരസിംഹത്തിൽ വച്ച് ലാലേട്ടന്റെ അച്ഛനെ ജാമ്യത്തിലെടുത്തത് മമ്മൂട്ടിയല്ലേ..അതോണ്ട്..

    @യദു:
    പണ്ട് ഇല്ലിനോയിസിൽ പഠിച്ചോണ്ടിരുന്നപ്പോൾ രണ്ടാം ക്ലാസിൽ വച്ച് ഞാനെഴുതിയ ‘മൻഹാട്ടൺ മണികൾ‘ എന്ന കവിത ഫുള്ളായി അക്കരെക്കാഴ്ചക്കാർ കോപ്പിയടിച്ചത് പ്രശനമല്ല..
    ഇപ്പോ ഒരു വാക്ക് ഞാനെടുത്തപ്പോൾ അത് തെറ്റായി..നമ്മളില്ലേ..ഞാൻ പോവയാണ്..ന്നാലും സോദരാ കുന്നോളം കമന്റുകൾ മനസ്സിലുണ്ട്..

    ഞാനില്ലാതെയായാൽ നിങ്ങളൊക്കെ എവിടുന്ന് പാചകം പഠിക്കും എന്നെനിക്കൊന്നറിയണം..

    ReplyDelete
  21. ബിരിയാണി വെക്കുമ്പോള്‍, രണ്ടു ടീസ്പൂണ്‍ 'Bull Worker' കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാക്കാം!

    ReplyDelete
  22. @പോണി കുട്ടാ....

    മാന്യമായി ജീവിക്കുന്നവരെ അകത്താക്കാന്‍ മാത്രമേ ലാലിനെ കൊണ്ട് കഴിയൂ...!
    തന്റെ തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് ശത്രുവിന്റെ കക്ഷിയെ ജാമ്യത്തില്‍ എടുക്കാന്‍ ഞങ്ങടെ മമ്മുക്ക അല്ലാതെ വേറെ ആരെയെങ്കിലും നിങ്ങള്ക് കിട്ടുമോ?

    അപേക്ഷ: പൂവിട്ടു പൂജിക്കേണ്ട....... ഉപദ്രവിക്കാതിരുന്നാല്‍ മതി...!

    ReplyDelete
  23. സഹോദരന്മാര്‍ രണ്ടു പേരും കോടി കെട്ടിയ ഫാന്‍സ്‌ ആണെന്ന് പുടി കിട്ടി!

    സഹോദരന്മാരെ..ഇവര്‍ രണ്ടുപേരും അഭിനയിക്കാന്‍ അറിയുന്നവര്‍ തന്നെ എന്ന് ഒരു പാട് കാട്ടി തന്നിട്ടുള്ളവര്‍ തന്നെ..മലയാളിയുടെ സ്വന്തം അഹങ്ഗാരം ഒക്കെ തന്നെ..എല്ലാം സമ്മതിച്ചു..രണ്ടു പേര്‍ക്കും ഇപോ പ്രായമായി...ഇനീം പ്രായത്തിനു ഒപ്പിച്ചുള്ള കുപ്പായം ഇടണം എന്ന് അവരെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ ഉള്‍പെടെയുള്ള ആളുകള്‍ ആഗ്രഹിക്കുന്നെകില്‍ അതൊരു തെറ്റാണോ..
    ഇവരുടെ ഒക്കെ നായികമാര്‍ക്ക് കു ബോബന്റെ അമ്മയും അമ്മായിയും ആയി അഭിനയിക്കമെങ്കില്‍ ഇവര്‍ക്ക് എന്തുകൊണ്ട് അച്ഛനും അമ്മാവനും ആകാന്‍ പാടില്ല?

    പഴയ കിരീടതിന്റെം വീര ഗാധയുടെം മേനി നടിക്കാതെ അര്‍ത്ഥവത്തായ ഭ്രമരവും, ഭൂതകണ്ണാടിയും ഒക്കെ വരുമ്പോള്‍ ഇവരുടെ താര പരിവേഷം കുറയുകയല്ല കൂടുകയേ ഉള്ളു എന്ന് ഇവര്‍ എന്ന് മനസിലാക്കും ?

    ഇനി നിങ്ങള്ക്ക് പറ്റിയ രണ്ടു തട്ടകങ്ങള്‍ കൂടി ഞാന്‍ പറഞ്ഞു തരാം ട്ടോ..വെബ്‌ ദുനിയായും ദാട്ട്സ് മലയാളോം..അവിടല്യോ ഫാന്‍സുകാര് തമ്മില്‍ അടി...ഇനി നിങ്ങള്‍ ( വ്യാറെ പ്യാരുകളില്‍ ) അവിടേം ഉണ്ടെങ്കില്‍ ഈ പറഞ്ഞത് തിരിചെടുതിരിക്കുന്നു..

    ReplyDelete
  24. പോണ്യേയ്, ഇങ്ങള് പോവല്ലിം ഞമ്മളന്നെ കുറ്റമ്പര്‍ഞ്ഞതെല്ല, ഞമ്മള്‍ക്ക് അറീല്ല്യെര്ന്നിം അങ്ങന്‍ത്തെ ഒര് കാര്യണ്ടായത്. ഇപ്പളല്ലേ പുടികിട്ട്യത് അന്‍റെ കവ്‌തേണ് ഓര് കൊപ്പ്യട്ച്ചെത്‌ന്ന്. ഇജ്ജ്‌ പോവെല്ലേ, പോയാപ്പിന്നെ ഇജ്ജ്‌ പര്‍ഞ്ഞപോലെ ഞമ്മള് എബട്ന്ന് പഡിക്കും ഇദോക്കെ.

    ReplyDelete
  25. @ Villageman:

    താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.

    പക്ഷെ, ആദ്യം വാള്‍ എടുത്ത് പോണി ആണ്. എന്നാലും ഞാന്‍ നിര്‍ത്തി.
    മൗനം വിദ്വാനു ഭൂഷണം...!


    @Pony:
    അച്ചായന്‍ കാലം ചെയ്തു പോയെന്നു തോന്നുന്നു. ആ വിടവ് തീര്‍ക്കാന്‍ പോണി എല്ലാ ദിവസമോ അല്ലെങ്കില്‍ ഒന്നിടവിട്ടോ പോസ്റ്റ്‌ ഇടണമെന്ന് കല്പിക്കുന്നു.

    ReplyDelete
  26. chirichu chirichu mansuhyante oppadu poyaliyaa.... kidu

    ReplyDelete
  27. നന്നായി ഇഷ്ടപ്പെട്ടൂ.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...