Followers
Showing posts with label Ponyboy. Show all posts
Showing posts with label Ponyboy. Show all posts
May 22, 2011
ഹിപ്പോപൊട്ടാമസ് വേട്ടക്കാരൻ
( ഒന്നര വയസ്സിൽ താഴെയുള്ള കൊച്ചുകുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള ചില കുട്ടിക്കഥകളാണിത്..ആഗ്യങ്ങളും രംഗവിസ്താരവും ഒക്കെയായി മനോഹരമായി പറഞ്ഞ് കൊടുത്താൽ ആകർഷകമാകും..കുട്ടികൾക്ക് നവ്യാനുഭൂതി കൈവരുകയും ചെയ്യും. )
1.ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരൻ.
ഒരു ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരന്റെ ആകുലതകൾ.... അത് സാധാരണക്കാർക്കും സമതലങ്ങളിലെ മെഡീറ്ററേനിയൻ നിവാസികൾക്കും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്...കാരണം നിങ്ങൾ വേട്ടയാടിയത് രണ്ട് വയസ്സുള്ള മുയൽക്കുഞ്ഞുങ്ങളേയും തൂവാനത്തുമ്പികളേയുമാണ്..അവയിൽ നിന്നും വ്യത്യസ്ഥനായിരുന്നു അയാൾ.
കാരണം അയാൾ ആകെ വേട്ടയാടിയിട്ടുള്ളത് ഹിപ്പോപ്പൊട്ടാമസുകളെ മാത്രമായിരുന്നു.
അയാൾ ഹിപ്പോപ്പൊട്ടാമസുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു..ഹിപ്പോപ്പൊട്ടാമസില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതിരിക്കാൻ അയാൾ അശക്തനായിരുന്നു.
പൂവുകളൂം പൂമ്പാറ്റകളും മ്യൂട്ടന്റുകളായ മനുഷ്യരുമില്ലാത്ത ലോകമാണ് ഹിപ്പോപ്പൊട്ടാമസുകൾക്ക് യോഗ്യം എന്നയാൾ ഉറച്ച് വിശ്വസിച്ചു..
എന്നെങ്കിലും ഹിപ്പോപ്പൊട്ടാമസുകൾ ലോകം കീഴടക്കുന്ന കാലം വരും എന്നയാൾക്ക് ഉറപ്പായിരുന്നു..വൈവിധ്യമാർന്ന ഹിപ്പോപ്പൊട്ടാമസുകളെക്കൊണ്ട് ഈ ലോകം നിറയുമ്പോൾ, ന്യൂയോർക്കിൽ ക്യൂൻസിലെ തിരക്കേറിയ തെരുവോരങ്ങളീൽ ഹിപ്പോപ്പൊട്ടാമസുകൾക്കിടയിലൂടെ ഊളിയിട്ട് നടക്കുന്നതോർത്തയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു...
ആവേശം കൊണ്ടയാൾ ചാടിയെണ്ണീറ്റോടാൻ നോക്കി....ഇല്ല....കഴിയുന്നില്ല..കാഴ്ചമങ്ങുന്നു..വിയർപ്പിന് രക്തത്തിന്റെ നിറം..അപ്പോഴേക്കും അയാൾ തിരിച്ചറിഞ്ഞു..താൻ ഒരു ഹിപ്പോപ്പൊട്ടാമസായിരുന്നെന്ന്..ചില്ലിട്ട കൂട്ടിലെ ചെളിവെള്ളത്തിൽ അയാൾ വീണ്ടും കഴുത്തറ്റം മുങ്ങിക്കിടന്ന് ദിവാസ്വപ്നങ്ങൾ നെയ്തു...
2.കാപ്പി.
ബ്രഹ്മദത്തനും സുഭദ്രയും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു..ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ സുഭദ്ര ഒരു കപ്പ് കാപ്പി ബ്രഹ്മദത്തന് കൊടുത്തു.ബ്രഹ്മദത്തൻ കാപ്പി കുടിച്ചുകൊണ്ടേയിരുന്നു...സുഭദ്ര കാപ്പി ഒഴിച്ചുകൊണ്ടേയിരുന്നു..അവസാനം കാപ്പി തീർന്നു !!
സുഭദ്രയ്ക്ക് വിഷമം തോന്നി..അത്രയും കാപ്പി കൊടുക്കേണ്ടിയിരുന്നില്ല..ബ്രഹ്മദത്തനും മനസ്സിന് വല്ലാത്ത സങ്കടം തോന്നി..അത്രയും കാപ്പി കുടീക്കേണ്ടിയിരുന്നില്ല..ഘനീഭവിച്ച മനസ്സുമായി ബ്രഹ്മദത്തൻ തന്റെ തുണിസഞ്ചിയും എടുത്തുകൊണ്ട് നിലാവിന്റെ വെളുത്ത നാട പോലെയുള്ള നാട്ടുവഴിയിലൂടെ കവല ലക്ഷ്യമാക്കി നടന്നു..മാമംഗലം തറവാടിന്റെ പൂമുഖത്തെ പെൻഡുലം ക്ലോക്കിൽ മണി പന്ത്രണ്ടടിച്ചു..
സുഭദ്ര കാപ്പിപ്പാട്ട തുറന്ന് നോക്കി.കൊയ്ത്ത് കഴിഞ്ഞ മുണ്ടകൻപാടം പോലെ ശാന്തം.. കാലി....
അവളുടെ ദുഖം ഇരട്ടിച്ചു..ഇനി ഈ വീട്ടിൽ കാപ്പിപ്പൊടിയില്ല...സംസാര ദു:ഖത്തിന്റെ മൂലകാരണം കാപ്പിപ്പൊടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ടവൾ കട്ടിലിലേക്ക് മറിഞ്ഞുവീണു..തേങ്ങലുകൾ അടങ്ങി..
സാവധാനം എഴുന്നേറ്റിരുന്നു തന്റെ കരിംകൂവളമിഴികൾ തുടച്ചുകൊണ്ടവൾ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു........പക്ഷേ പുഹ...
...അത് വന്നില്ല !!!!!..
3.നൊസ്റ്റാൾജിയ.
സമയം വെളുപ്പിന് 2:30...വിജനത ചൂഴ്ന്ന് നിൽക്കുന്ന കുറ്റാകൂരിരുട്ട്..പോഗോയിൽ ബേബി ലൂണിടൂൺസ് കണ്ട് കൊണ്ടിരുന്ന ലുട്ടാപ്പിയെ പെഡോഫൈലുകൾ കടന്നു പിടിചു..അന്ന് ഡെല്ലിയിൽ മഴപെയ്തു...കാലം പരിപ്പുവടയുമായി മഗഡാസ്കറിലെത്തി എന്നിട്ടും പ്രിയേ നീ മാത്രം പല്ല് തേച്ചില്ല...
അങ്ങ് ദൂരെ വിപ്ലവം പൊഴിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നുംഒരു ചെറു ഖടികാരം അവളോട് പറഞ്ഞു..ഇനിയും നീ വരില്ലേ....ഇലകൾ പൊഴിയുന്ന ശിശിരം മൂർച്ചിച്ചെങ്കിലും മാനസ തന്റെ വെയ്പുപല്ലുകൾ ആ മഹാസമുദ്രത്തിലേക്ക് വലിചെറിഞ്ഞു. അലകലൊഴിഞ്ഞ ആമ്പലുമായവൾ സുമേഷിന്റെ ബൈക്കിൽ കയറി.
ടൈറ്റാനിക്കും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സിഡ്നിയിലെ ഒരു ചുവന്ന തെരുവിൽ വച്ച് കൂട്ടിയിടിച്ചു..അനേകം ബാലികമാർ താലപ്പൊലികളുമായി വാഷിങ്ങടണിലേക്ക് നീങ്ങി. ഒബാമ ഗുരുവായൂരിൽ ശയനപ്രദിക്ഷണം നടത്തി..
18 ആമത്തെ വട്ടം തലയിൽ ഇരുമുടിക്കെട്ടും തോളിലൊരു തെങ്ങിൻ തയ്യുമായി ഏകനായി കരിമല കയറുന്ന ആ വ്യദ്ധനോട് സഹയാത്രികനായ അയ്യപ്പൻ തിരക്കി..
“ ഉൻ പേർ എന്ന സ്വാമി..?.. “
അയാൾ മ്യദുവായി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു....“ലാദൻ.....ബിൻ ലാദൻ...”
സന്നിധാനത്ത് അപ്പോഴും ശരണം വിളികൾ ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്നു....
4.പഞ്ചാബ്.
ഓപിയം ചേർത്ത പൂമ്പാറ്റത്തീയൽ കഴിച്ച് കൊണ്ടിരിക്കുന്ന ബേബിസിറ്റർ അപ്സരസുകൾ ചിലപ്പോൾ വിക്യതിക്കുട്ടികളെ ദൈവം കാണാതെ പിടിച്ച് സ്വർഗ്ഗത്തിന്റെ ഓട്ടയിലൂടെ താഴേക്ക് വലിച്ചെറിയും...
According to the Principle of Uncertainty അപ്സരസ്സുകൾ എന്ത് ചെയ്യും എപ്പോൾ ചെയ്യും എന്ന് നമുക്ക് ചുമ്മാ അങ്ങ് ഊഹിക്കാം എന്നല്ലാതെ ഉറപ്പിക്കാൻ സാധിക്കില്ല..അതിനെ പലപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ റാഡിക്കൽ പ്രതീകങ്ങളായി വൈകുണ്ഡനിവാസികൾ തെറ്റിദ്ധരിക്കാറൂണ്ട്..
സമ്മർ വെക്കേഷന് അപ്സരസ്സുകൾ ഭൂമിയിൽ വന്ന് മനുഷ്യസ്ത്രീകളായി ജനിക്കുന്ന സ്ഥലമാണത്രേ പഞ്ചാബ്..
മിന്നിത്തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള ഇടകലർന്ന സ്വർണ്ണമുടിയിഴകളുള്ള ഗോതമ്പിന്റെ നിറമുള്ള ആ പഞ്ചാബിപ്പെൺകുട്ടിയായിരുന്നു മേഘ...അവൾ അപ്സരസ്സാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...കാരണം അപ്സരസ്സുകളെ എനിക്ക് മുൻപരിചയമില്ല...
എങ്കിലും ഞാനയച്ച 14 കത്തുകൾ ചുരുട്ടിക്കൂട്ടി ട്രാഷ്ബാഗിലെറിഞ്ഞ വഞ്ചകീ..അത് ചുവന്ന മഷിയല്ലായിരുന്നു..കോളേജിൽ പഠിച്ചപ്പോൾ ചെയ്ത പോലെ ഏതെങ്കിലും പന്നിയെലിയെ തല്ലിക്കൊന്ന് അതിന്റെ രക്തം കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളല്ലായിരുന്നു അവ..
അവയിലോരോരോ വാക്കിലും പ്ലാസ്മയിൽ മുങ്ങിക്കിടന്ന് എന്റെ സിരകളിലൂടെ ഒഴുകി മരിച്ച ചുവന്ന രക്താണൂക്കളായിരുന്നു...എന്റെ ഹ്യദയരക്തം...
ഇന്ദുചൂഡന്റെ വരികൾ കണ്ട് നിങ്ങൾക്കും ചോദിക്കാം...എന്ത് കൊണ്ട് അവന്റെ കവിതകൾ ഇലകളെയും കിനാവുകളേയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളേയും കുറിച്ച് സംസാരിക്കുന്നില്ല..?.........
വരൂ കാണൂ....ഈ തെരുവുകളിലെ രക്തം കാണൂ..
5.മദ്രാസ്.
രശ്മി തന്റെ എൻഫീൽഡ് മോട്ടോർബൈക്കുമായി കറങ്ങാനിറങ്ങി..കൊള്ളസംഘത്തെ അമർച്ച ചെയ്ത് പുലർച്ചയോടെ വീട്ടിലെത്തിയ സുധീഷ് മേനോൻ ഐ.പി.എസ് തലയണയിൽ മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു..
കാണാതായ കാഡ്ബറീസും തപ്പി ദ്യഷ്ടധ്യുംനനൻ വനാന്തരങ്ങളിലലഞ്ഞു...അർജുനന്റെ വാട്ടർബോട്ടിൽ ഭീമൻ തട്ടിപ്പറിച്ചു..ദുര്യോധനൻ വിഭീഷണന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടു..
ഹരിശ്ചന്ദ്രൻ പോക്കറ്റടിക്കേസിൽ വീണ്ടും ജയിലിലായി..ശിബി ചക്രവർത്തി പ്രാവിറച്ചിയും നാടൻ വാറ്റും കൂട്ടി കേമമായി ഊണ് കഴിച്ചു..ചൈനാഠൌണിനെ IMDB TOP 250ൽ ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട് 4 പേർ ഒപ്പിട്ട ഭീമഹർജ്ജി ചൈനാക്കാർ കൊറിയൻ പ്രസിഡന്റിനയച്ചു..
കംസനും പാഞ്ചാലിയും അന്നും അവാർഡ്പടത്തിന്റെ മാറ്റിനിക്ക് കയറി..പൂതനയുടെ ലിപ്സ്റ്റിക്ക് തീർന്നു..റിയോ ഡീ ജെനീറോയിൽ അരാജകത്വം അഴിഞ്ഞാടി.അത് കണ്ട് സഹിക്കാനാവാതെ ഭീഷ്മപിതാമഹൻ ക്യഷ്ണനെ നോക്കി അലറി...
“വിടടാ വണ്ടി മദ്രാസിലോട്ട്...എന്റെ പുള്ളാരും കാണട്ടടാ... മദ്രാസ്....”
6.പാല്പായസം.
മദ്യമില്ലാത്ത ബാറുകൾ തേടി ഞാനലഞ്ഞു..സിനിമയില്ലാത്ത തിയറ്ററുകൾ തേടി ഞാനലഞ്ഞു..
ആളില്ലാലെവൽ ക്രോസിൽ ധ്യാനനിമഗ്നായിരുന്നു..തീവണ്ടിപ്പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ബിസ്ലറി കുപ്പികൾ വെളുക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു..ഒരു നാൾ ഞാനും ചേട്ടനെ പോലെ വലുതാകും..
അന്ന് ആദ്യമായി അവളെന്റെ കരണത്തടിച്ചു...സന്തോഷം തോന്നി....മനസ്സ് നിറഞ്ഞു..ഒരു കിണ്ണം പാല്പായസം കുടിച്ച സംത്യപ്തി...പ്രണയം മരിച്ചല്ലോ...അതിലും വലുതൊന്നുമല്ലല്ലോ അവളുടെ ഹസ്തതാണ്ഡനം..ക്യഷ്ണനിൽ ലയിച്ച മീരയെപ്പോലെ ചോക്ലേറ്റ് കട്ടകൾ ആ കാപ്പിയിൽ അലിഞ്ഞുചേർന്ന് കൊണ്ടേയിരുന്നു..പൊടിപോലുമില്ല കണ്ട് പിടിക്കാൻ..
കഥകളുടെ സാഗരം അവസാനിക്കുന്നില്ല....
“ വഴിയോരസത്രത്തിലപരാഹ്ന വേളയിൽ
ഒരുമിച്ചു കൂടി പിരിഞ്ഞു പോകും വരെ
പറയുക പറയുക കഥകൾ നിരന്തരം
കഥ പ റഞ്ഞങ്ങനെ കഥകളായ് കാലത്തിൽ
അലിയുക അതിലൊരു കഥയില്ലയെങ്കിലും
കഥകളെക്കാൾ ഭാർമില്ല ഭൂമിക്കുമെന്നറിയുക
ആഴമില്ലൊരു സമുദ്രത്തിനും... ”
ആരും പോകരുത് എല്ലാവർക്കും ചായയുണ്ട്..ചായ കുടിക്കാത്തവർക്ക് കാപ്പിയും ഇത് രണ്ടും വേണ്ടാത്തവർക്ക് വൈറ്റമിൻ സി കുത്തി നിറച്ച പൈനാപ്പിൾ ടാങ്ങും.
ജീവിതമാകുന്ന യാത്രയിലെ ഒരു തിരക്കേറിയ ഹബ്ബാണ് ഓരോ റെസ്റ്റോറന്റും..ജീവിതത്തിലെ അടുത്ത സീനാകുന്ന കണക്ഷൻ ഫ്ലൈറ്റിന് കാത്തിരിക്കുന്ന യാത്രക്കാരനാണ് നിങ്ങൾ...
നിങ്ങൾ കുടിച്ച അതേ ഗ്ലാസിൽ ഒരായിരം പേർ കാപ്പി കുടിച്ചിരിക്കാം..അവയുടെ അരികുകളിൽ വിലകൂടിയ ലിപ്സ്റ്റിക്കുകളും അധ്വാനിച്ചവന്റെ വിയർപ്പുതുള്ളികളും സിഗരറ്റ് കറകളും അലിഞ്ഞുചേർന്നിരിക്കാം.
ഒരായിരം കഥകൾ പറയാനുണ്ടാകും ആ ഫോർക്കുകൾക്കും സ്പൂണുകൾക്കും..പ്രണയവും നൈരാശ്യവും വിജയവും വിരഹവും ചതിയും വഞ്ചനയും കൊലപാതകവും എല്ലാമെല്ലാം
അവർ കേട്ടിരിക്കുന്നു..ഒടുവിലൊരുനാൾ റീസൈക്ക്ലിങ്ങ് പ്ലാന്റുകളിൽ ഉരുകിലൊലിച്ച് മറ്റെന്തൊക്കെയോ ആയി മാറുന്നു...
ഒരു പക്ഷേ ഈ കഥകളിലെ കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലായിരിക്കാം.പക്ഷേ നിങ്ങൾക്കുറപ്പ് പറയാനാകില്ല..എന്നെങ്കിലുമൊരിയ്ക്കൽ ഇവരാ റെസ്റ്റോറന്റിൽ വന്നിരിയ്ക്കാം.ഒരു കപ്പ് കാപ്പി കുടിച്ചിരിയ്ക്കാം.പിരിഞ്ഞു പോയിരിക്കാം...
അന്ന് ഭാരതയുദ്ധത്തിൽ അക്ഷൌഹിണിപ്പടയ്ക്കെതിരെ അർജ്ജുനനെയ്ത ഒരമ്പിന്റെ റീസൈക്കിൾഡ് ഫോമാകാം നിങ്ങളുടെ കാറിന്റെ ഫസി ലോജിക്ക് താക്കോൽ..
.....
Jan 22, 2011
പോണീബോയ് കേരളത്തിൽ ( പ്രധാന വാർത്ത )
പ്രശസ്ത അന്താരാഷ്ട്ര ബ്ലോഗറും ബില്യണേറും വ്യവസായപ്രമുഖനും സൂപ്പർഹീറോയും ഒക്കെയായ പോണിബോയ് ഇന്ന് രാവിലെ കേരളത്തിലെത്തി....തന്നെ കവറു ചെയ്യാനെത്തിയ മീഡിയയെ മുഴുവൻ കബളിപ്പിച്ചാണദ്ദേഹം കേരളത്തിൽ ലാന്റ് ചെയ്തത്.......നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിഐപി ഗേറ്റ് വഴിയാണദ്ദേഹം പുറത്ത് വരുന്നതെന്നാണ് പത്രക്കാരും ചാനലുകാരും ആദ്യം കരുതിയിരുന്നത്..അതിനാൽ വെളുപ്പിന് അഞ്ച് മണിമുതൽ അവരവിടെ കാത്ത് നിൽക്കുകയായിരുന്നു..
ചില അതീവ ബുദ്ധിമാന്മാരായ ചാനലുകാർ വിമാനത്താവളത്തിന് പിന്നിലെ മുള്ളുവേലിക്കപ്പുറം ക്യാമറയുമായി കാത്തുനിന്നു..എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് കുട്ടൻ വിമാനത്താവളത്തിന് മൈലുകൾ മുന്നേ വിമാനത്തീന്ന് നേരെ കടലിലോട്ട് എടുത്തുചാടി...എന്നിട്ട് മട്ടാഞ്ചേരിയിലേക്ക് നീന്തിക്കയറി...
ഇങ്ങനെയൊരു നീക്കം മുൻകൂട്ടി കാണാത്ത ശുംഭന്മാരായ SPPG ( Special Pony Protection Group)ക്കാർക്ക് ഈ മാസം ശമ്പളം കൊടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു....
കരയിലെത്തിയ ശേഷം പോണി നേരെ പരമുനായർ നടത്തുന്ന ലോക്കൽ ചായക്കടയിലേക്കാണ് കയറിച്ചെന്നത്...അപ്പോൾ അതുവഴി യാദ്രിച്ഛികമായി വന്ന ‘മലയാളരമ‘ ലേഖകനാണ് അത് കാണാനുള്ള ഭാഗ്യം ഉണ്ടായത്..പുള്ളി രഹസ്യമായി പോണി ചായ കുടിക്കുന്ന ഒരു ഫോട്ടോ എടുക്കുകയും ചെയ്തു...
പോണി കുടിച്ച ചായയുടെ വിശദാംശങ്ങൾ :
പഞ്ചസാര - 78.452 gm
തേയില - 14.234 gm
ചൂടുവെള്ളം - 35 മില്ലില്ലിറ്റർ...107.009 ഡിഗ്രി ചൂട്...
പാൽ ( മിൽമ ) - 139.0001 നാനോ ഔൺസ്.
ഏതാണ്ട് 23 സിപ്പോളമെടുത്താണദ്ദേഹം ചായ കുടിച്ചതെന്ന് ദ്രിക്സാക്ഷികളുടെ മൊഴിയിൽ നിന്നും വ്യക്തമായി...ചൂട് മാറാനായി 14 തവണ ഊതുകയും ചെയ്തു....പിന്നീട് ചില്ലലമാരിയിലിരുന്ന പപ്പടവട, ബോളി, പൂക്കേക്ക്, ബോണ്ട എന്നിവ ചെറുതായി രുചിച്ചുനോക്കി....ചായക്കടയിൽ മൊത്തം ബില്ല് 28.50 രൂപയായി....
കാശ് വേണ്ടെന്ന് പരമുനായർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണിമോൻ പണം നൽകി.....1000 ദിർഹത്തിന്റെ ഒറ്റനോട്ടാണ് പരമുനായർക്ക് നൽകിയത്...ബാലൻസ് തരാൻ പത്ത് പതിനായിരം രൂപ ഇല്ലാത്തതിനാൽ പരമുനായർ വിഷമിച്ചു...അപ്പോഴദ്ദേഹം ബാക്കി വേണ്ടെന്നും പറഞ്ഞ് അങ്ങിറങ്ങി പോയി....
താൻ ബ്ലോഗ് പോയിട്ട് പത്രം പോലും വായിക്കാറില്ലെങ്കിലും കൊച്ചുമോനായ സബീഷ് പറഞ്ഞ് താൻ സൂപ്പർ സെലിബ്രിറ്റിയായ പോണിയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും....അതിനാൽ അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഒരു സ്വപ്നമാണോയെന്ന് പോലും താൻ സംശയിക്കുന്നതായി പരമുനായർ പറഞ്ഞു..മാത്രമല്ല ഇനി മുതൽ പോണി ചായകുടിച്ച ഈ കട സെവൻസ്റ്റാർ ചായക്കടയായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.
ആയതിനാൽ ഇനി മുതൽ ഒരു ചായയ്ക്ക് വാറ്റും ടാക്സുമുൾപെടെ 356 രൂപയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..( പരമുനായരുടെ കൂടുതൽ ദിവ്യാനുഭവങ്ങൾ അടുത്ത ആഴ്ച സണ്ടേ സപ്ലിമെന്റിൽ വായിക്കാം..)
അപ്പോഴേക്കും ചാനലുകാർ ഓടിപ്പിടിച്ച് അവിടെയെത്തി..അരമണിക്കൂറിനകം വിയർത്തുകുളിച്ച് കമാൻഡോകളും മട്ടാഞ്ചേരിയിലെത്തി..പോണിമോൻ ചായക്കടയിൽ എത്തും എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത നിഷ്ക്രിയരായ പോലീസുകാരണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..ഭരണകക്ഷിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് സ്ഥലം എസ്.ഐ കുഞ്ഞിന് പ്രൊട്ടക്ഷൻ കൊടുക്കാത്തതെന്നും ലോക്കൽ കമ്മിറ്റി നേതാവ് ആരോപിച്ചു...
പോണിമോന്റെ മനോവികാരങ്ങൾ അളക്കാൻ കഴിയാത്ത എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യും എന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു..
ചായക്കടയിൽ നിന്നിറങ്ങിയ പോണിമോൻ നേരെ ചെന്നത് വായും പൊളിച്ച് സൈക്കിളിൽ നിൽക്കുന്ന ലോട്ടറിക്കച്ചവടക്കാരൻ സുഗുണന്റെ മുന്നിലേക്കാണ്...എന്തു ചെയ്യണം എന്നറിയാതെ സുഗുണൻ വിയർത്തു...
തനിക്ക് സൈക്കിൾ ചവിട്ടാൻ ഭയങ്കര ആഗ്രഹമാണെന്നും പക്ഷേ മമ്മി സമ്മതിക്കാത്തതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സുഗണനോട് പറഞ്ഞു...
“ ...വിരോധമില്ലെങ്കിൽ തനിക്ക് ഈ സൈക്കിളൊന്ന് ചവിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു..“.......സുഗുണന് ചത്താ മതിയെന്നായി...
അപ്പോഴേക്കും ദുഷ്ടന്മാരായ കമാൻഡോകൾ ചാടി വീണു..ബെൻസിലും ഫെറാറിയിലും മാത്രം കയറിയിട്ടുള്ള പോണിമോൻ അറിയാൻ വയ്യാതെ സൈക്കിളിൽ കയറരുതെന്ന് അവർ പറഞ്ഞു..എന്നാൽ അവരെ അവഗണിച്ച് പോണിമോൻ സൈക്കിളീൽക്കയറി...വഴിയരികിൽ നിന്ന് പാട്ടപെറുക്കുന്ന ഒരു കുട്ടിയെ പിടിച്ച് ഫ്രണ്ടിലിരുത്തി അദ്ദേഹം 200 മീറ്ററോളം സൈക്കീൽ ചവിട്ടി..
ഇതിൽ നിന്നും നിരാലംബരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
സുഗുണന് നന്ദി പറഞ്ഞിട്ട് സൈക്കിളും നൽകി അദ്ദേഹം ആലപ്പുഴയിലേക്ക് യാത്രയായി.
ഈ സൈക്കിൾ താൻ ലാമിനേറ്റ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുമെന്നും ഇനി ശിഷ്ട കാലം പോണീ സ്തോത്രങ്ങൾ ഉരുവിട്ട് കാലം കഴിക്കുമെന്നും സുഗുണൻ വാരിക്കുഴി ദിനപത്രത്തോട് പറഞ്ഞു...
പത്തുമണിയോടെ പോണിക്കുഞ്ഞ് ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലെത്തി..ഒരു വെറും സാധാരണക്കാരനേപ്പോലെ അദ്ദേഹം ആലപ്പുഴ - കുമരകം സർവീസ് ബോട്ടിൽ ചാടിക്കയറി.
മണ്ടന്മാരായ കമാൻഡോകൾ സ്പീഡ് ബോട്ടിൽ അനുഗമിച്ചു..എക്സൈറ്റഡായ യാത്രക്കാർ പോണിയെ ഒന്ന് തൊടാനും അടുത്ത് നിൽക്കാനും മത്സരിച്ചു...ടിക്കറ്റെടുക്കണ്ടാന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണി ടിക്കറ്റെടുപ്പിച്ചു..എന്നാൽ വാലെറ്റ് അദ്ദേഹം വണ്ടിയിൽ വച്ചു മറന്നിരുന്നു.. വേറെ പൈസയൊന്നും കൈയ്യിലില്ലായിരുന്നു...ഉടൻ തന്നെ തന്റെ 30 പവന്റെ അരഞ്ഞാണം അഴിച്ച് നിർബന്ധപൂർവ്വം കണ്ട്ക്ടർക്ക് കൊടുത്തു....
കുമരകം ഡോക്കിലെത്തിയ പോണി ബോട്ടിലുണ്ടായിരുന്ന 79 യാത്രക്കാരുടേയും പേരും അഡ്രസും ചോദിച്ചു മനസ്സിലാക്കി..നിങ്ങളെ ഞാനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു....ചില സ്ത്രീകൾ ദുഖം സഹിക്കാൻ വയ്യാതെ വിങ്ങിക്കരഞ്ഞു...അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം
തന്നെകാത്ത് കിടന്ന ഹോണ്ടാ അക്കോഡിനെ അവഗണിച്ച് ചെരുപ്പിടാതെ കാൽനടയായാണ് 300 മീറ്റർ അകലെയുള്ള റിസോർട്ടിലേക്ക് പോയത്......അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണൽത്തരികൾ ശേഖരിക്കാൻ ജനങ്ങൾ മത്സരിച്ചു...ആ ബഹളമൊതുക്കാൻ ചെറിയതോതിൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു...
റിസോർട്ടിലെത്തിയ അദ്ദേഹം അവരുടെ ഡൺലപ്പ് മെത്തയിൽ കിടക്കാതെ റിസോർട്ടിന്റെ പൂമുഖത്ത് ഒരു പാ വിരിച്ച് നിലത്ത് കിടന്ന് വിശ്രമിച്ചു..ഇത് കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ റിസോർട്ട് മാനേജരെ അദ്ദേഹം തന്റെ സ്വതസിദ്ധമായ മിൽക്ക്മെയ്ഡ് പുഞ്ചിരിയോടെ സമാശ്വസിപ്പിച്ചു...സുഭാഷ് ചന്ദ്രബോസും താന്തിയാതോപ്പിയും ലാലാലജപ് റായിയുമൊന്നും ഡൺലപ്പിലല്ല കിടന്നുറങ്ങിയത് എന്നദ്ദേഹം അവരെ ഓർമ്മിപ്പിച്ചു..
വൈകുന്നേരം വിശ്രമം കഴിഞ്ഞ് പാലൊഴിക്കാത്ത പഞ്ചാരയിടാത്ത ഒരു കട്ടൻകാപ്പി (ഇവിടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഒരു ബിംബമാണ് കട്ടൻകാപ്പി ) മാത്രം കുടിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്കിറങ്ങി...പുറകെ കമാൻഡോകളും...കായൽ തീരത്തുകൂടി നടന്ന അദ്ദേഹം പെട്ടെന്ന് കായലിലേക്ക് എടുത്തുചാടി നീന്തി...കമാന്റോകൾ കായലുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അദ്ദേഹത്തെ കണ്ടില്ല...കുസ്രിതിക്കാരനായ പോണിമോൻ അങ്ങനെ ഒരിയ്ക്കൽ കൂടി കമാൻഡോകാളെ പറ്റിച്ചു...
അവിടുന്ന് മുങ്ങിയ അദ്ദേഹം പൊങ്ങിയത് മീനച്ചിലാറ്റിലെ കുളിക്കടവിലായിരുന്നു..ദാരിദ്ര്യരേഖയ്ക്ക് ഏതാണ്ട് 18 കിലോമീറ്ററോളം താഴെ താമസിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടി ആ സമയം കുളിക്കാനായി അവിടെ വന്നു..അപ്പോഴാണ് അവൾ ഓർത്തത് കാശില്ലാത്തതുകൊണ്ട് സോപ്പ് മേടിച്ചിട്ടില്ലായെന്ന്...അവൾ ദൈവത്തെ വിളിച്ച് കരഞ്ഞു..അത്ഭുതം!!!...
ജലദേവനേപ്പോലെ കൈയ്യിലൊരു കെട്ടു ബാത്ജെല്ലും ഡവ് സോപ്പും ഷാമ്പൂവും പയറുപൊടിയും ഒക്കെയായി പോണി വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നു..ഇത്രേം സാധനങ്ങൾ അവളുടെ കൈയ്യിൽ കൊടുത്തു...ആ പെൺകുട്ടിയുടെ കണ്ണുകൾ ക്രിതഞ്ജത കൊണ്ട് നിറഞ്ഞു...
മാത്രമല്ല അവൾ കുളിച്ചു തീരുന്നിടം വരെ അദ്ദേഹം അവിടെയിരുന്ന് അവൾക്കൊരു കമ്പനി കൊടുക്കുകയും ചെയ്തു...ഒരു ബില്യണേർ പാവങ്ങളോട് കരുണയോടെ എങ്ങനെ പെരുമാറണം എന്നുള്ളതിന് ഇതിലും വലിയ ഒരു ദ്രിഷ്ടാന്തമുണ്ടോ..?....
അപ്പോഴേക്കും സംഭവം കേട്ടറിഞ്ഞ് അവിടെ ആളുകൂടാൻ തുടങ്ങി...അതോടെ അവിടുന്നും അദ്ദേഹം മുങ്ങി...കമാൻഡോസ് ഒരുവിധം ട്രേസ് ചെയ്ത് കുളിക്കടവിൽ എത്തിയപ്പോഴേക്കും അദ്ദേഹം കോട്ടയം ഠൌണിലെത്തിയിരുന്നു....
അപ്പോഴേക്കും സമയം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ച പോണിക്ക് വിശ്രമിക്കാൻ ട്യൂലിപ്സും ഡെയ്സിയും ഇടകലർത്തിത്തുന്നിയ പ്രത്യേകം മ്രിദുലമായ മെത്ത ഹോട്ടലുകാർ തയ്യാറാക്കിയിരുന്നു...
എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...
രാവിലെ അദ്ദേഹം കുളിച്ചതാകട്ടേ ഫ്രഞ്ച് ബാത്ത്രൂമില്ലല്ല...ഒരു കോർപറേഷൻ പൈപ്പിന്റെ ചുവട്ടിൽ നിന്ന്...ചാനലുകൾ ലൈവായി അത് നാട്ടുകാരെ കാണിച്ചു..ആദർശം പ്രസംഗിക്കാൻ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കാനുള്ളതാണെന്നണദ്ദേഹം കുളി കഴിഞ്ഞ് പറഞ്ഞത്..
ബ്രേക്ക്ഫസ്റ്റായി അദ്ദേഹം വെറും കഞ്ഞി വിത്ത് ഉപ്പാണ് കഴിച്ചത്...കരിമീനും പ്രോൺസ് ഫ്രൈയ്യും ഒക്കെയായി വന്ന ഹോട്ടലുകാരെ അദ്ദേഹം നിരാശരാക്കി...ലാളിത്യമാണ് തന്റെ മുഖമുദ്ര എന്നദ്ദേഹം പറഞ്ഞു...എങ്ങനെയാണ് കഞ്ഞി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പാചകക്കാരൻ കുഞ്ഞാപ്പുവിനോട് വിശദമായി ചോദിക്കാനും മറന്നില്ല...
യാത്ര പറഞ്ഞിറങ്ങുമ്പോൾ വീട്ടിൽ കൊണ്ടുപോകാനായി അല്പം കഞ്ഞി പാഴ്സൽ വാങ്ങാനും അദ്ദേഹം പറഞ്ഞു.. പച്ചവെള്ളം പോലും ബുർജ്ജ് അറബീന്ന് മാത്രം മേടിച്ചുകൊടുത്ത് വളർത്തിയ
പോണിയുടെ ലാളിത്യം കണ്ടുപഠിക്കാൻ അച്ഛനമ്മമാർ കുട്ടികളെ ഉപദേശിച്ചു...
അപ്പോഴേക്കും അദ്ദേഹത്തിന് എയർപോർട്ടിലേക്ക് പോകാനായി കാറ് വന്നു..പെട്ടെന്നതാ ഒരു സംഘം ആൾക്കാർ പോണിയുടെ നേരെ വരുന്നു അവരെല്ലാം ആയുധധാരികളുമാണ്...ഏറ്റവും ഫ്രണ്ടിൽ നടക്കുന്നവന്റെ കൈയ്യിൽ M1A1 റോക്കറ്റ് ലോഞ്ചറുമുണ്ട്...മറ്റുള്ളവരുടെ കൈയ്യിൽ പലതരം തോക്കുകളൂം...ഇവന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇനി വല്ല തീവ്രവാദികളും.........????
പോണി ഒന്ന് ഭയന്നെങ്കിലും ഓടിയില്ല..കാരണം ആളുകൾ മുഴുവൻ നോക്കി നിൽക്കുകയാണ്...തന്റെ ഇമേജ്....എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴത്തേക്കും അവർ മുന്നിൽ വന്നു...എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.......
ആ സംഘത്തിന്റെ നേതാവ് “ദാ ..പിടി... ”എന്ന് പറഞ്ഞ് റോക്കറ്റ് ലോഞ്ചറെടുത്ത് പോണിയുടെ കൈയ്യിൽ കൊടുത്തു..മറ്റുള്ളവരും തോക്കുകൾ പോണിയുടെ മുന്നിൽ വലിച്ചെറിഞ്ഞു...
“..ങേ...എന്തായിത്..?.”
“ഇത് ഞങ്ങടെ രാജിക്കത്ത്...“
“ രാജിയോ...അതിന് നിങ്ങളൊക്കെയാരാ..?..“
“....ഞങ്ങളൊക്കെ നിന്റെ പ്രൊട്ടക്ഷൻ കമാൻഡോസാ..ഞാനാ ചീഫ്...നിന്റെ പണ്ടാരടങ്ങിയ ജോലി ഞങ്ങൾ രാജി വയ്ക്കുന്നു..എന്നിട്ട് അന്തസായിട്ട് കൂലിപ്പണിയെടുത്ത് കേരളത്തിൽ ജീവിക്കാൻ പോകുന്നു..അതാകുമ്പോൾ സമാധാനമുണ്ട്..ഇത്രേം പണിയില്ല.... ദിവസം ക്രിത്യമായി കൂലിയും കിട്ടും...പിന്നെ നിന്റെ പുറകെ പട്ടിയേപ്പോലെ ഓടണ്ട കാര്യമില്ലല്ലോ...“
അന്തിച്ചു നിൽക്കുന്ന പോണിയെ അവഗണിച്ച് കുറേ മൺവെട്ടികളും തൂമ്പായുമൊക്കെയായി യൂണിഫോം മാറ്റി ഒറ്റത്തോർത്തുമുടുത്തവർ നടന്നു നീങ്ങി...അപ്പോഴും ക്യാമറഫ്ലാഷുകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു...പോണിയുടെ ഓരോ ഭാവമാറ്റവും അടുത്ത ദിവസത്തെ പത്രത്തിൽ വരുത്താനായി ക്യാമറകൾ മത്സരിച്ചുകൊണ്ടേയിരുന്നു.....
-------------------------------------------------------------------------------------------------------------
പോണിയുടെ ജീവിതത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട് നിർമ്മിച്ച ഒരു ചലച്ചിത്രത്തിലെ ചില പ്രസക്ത ഭാഗങ്ങൾ താഴെക്കാണാം...
.....
Labels:
Cultural Quality,
Lampoon,
Ponyboy,
Spoof,
ആക്ഷേപഹാസ്യം,
നര്മ്മം,
ലേഖനം
Subscribe to:
Posts (Atom)

