Followers
Showing posts with label Lampoon. Show all posts
Showing posts with label Lampoon. Show all posts
Mar 6, 2011
എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2
പക്ഷേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ഏതാന്ന് ഒരു പിടിയുമില്ല..അവസാനം ഞാൻ രണ്ടും കല്പിച്ച് അടുത്ത സീറ്റിലിരുന്ന ചേടത്തിയോട് ചോദിച്ചു...
“....ഐ ചേർക്കോണം എറങ്ങണം ട്രെയ്ൻ...ഡൌൺ ഡൌൺ...അമ്മച്ചി സഹായിക്കണം...”
“....ഓക്കേ യു ഗെറ്റ് ഡൌൺ അറ്റ് നെക്സ്റ്റ് സ്റ്റോപ്പ്..ദാറ്റ്സ് ചേർക്കോണം...“...അവർ പുല്ല് പോലെ പറഞ്ഞുതന്നു...ചേടത്തി പുലിയായിരുന്നല്ലേ.”....അവർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ തയ്യാറായി..
അധികം താമസിയാതെ സ്റ്റേഷനെത്തി..ഞാനെന്റെ ഇരുമുടിക്കെട്ടുമായി ഇറങ്ങി..കൂടെയിറങ്ങിയവർ പലവഴിക്കു പോയി...ഞാൻ സ്റ്റേഷൻ ആകെമൊത്തം ഒന്ന് വീക്ഷിച്ചു...മൊത്തം ഒരു ചേർക്കോണമയം...ജൂനിയർ ഓഷോ എന്നറിയപ്പെടുന്ന സ്വാമികളുടെ ബഹുമനാർഥമാണത്രേ ആ സ്റ്റേഷൻ നിർമ്മിച്ചത്..
സ്വാമികൾ ചിരിച്ചു കൊണ്ട് കൂപ്പുകൈയ്യുമായി നിൽക്കുന്ന കട്ടൌട്ടുകൾ അവിടെ പലയിടത്തായി കണ്ടു....
അടുത്തതായി ഇരുമുടിക്കെട്ട് താഴെവച്ചിട്ട് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് ഞാൻ പോയി...ഇപ്പറഞ്ഞ ആശ്രമത്തിലെത്തണം...ഉം..അയാൾ ഒന്ന് അർഥഗർഭമായി മൂളി എനിക്കെന്തോ പന്തികേട് തോന്നി.....
അയാൾ പറഞ്ഞത് പ്രകാരം ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൽ കയറി ഞാൻ ആശ്രമത്തിലേക്ക് പോയി...
ആശ്രമത്തിന്റെ സെറ്റപ്പ് കണ്ട് എന്റെ കണ്ണ്തള്ളി..ഹോ ഗംഭീരം തന്നെ..ആശ്രമത്തിന്റെ മുറ്റത്ത് തന്നെ സ്വർണ്ണം പൂശിയ ഒരു വലിയ തേങ്ങയുടെ രൂപം പണിഞ്ഞു വച്ചിരിക്കുന്നു..
അവിടുത്തെ പ്രധാന വഴിപാട് തേങ്ങാ ഉടയ്ക്കൽ തന്നെ....പ്രസാദമായി ചമ്മന്തിയും കരിക്കിൻ വെള്ളവുമാണ് കിട്ടുന്നത്....കൌണ്ടറിൽ തിരക്കിയപ്പോഴാണറിഞ്ഞത്...സ്വാമികൾ ഏതാനും നാളായി ടൂറിലാണ്.... ആമസോണിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഒരു ഷിപ്മെന്റ് തേങ്ങയുമായി അവിടേക്ക് പോയിട്ട് കുറേ ദിവസമായി....വരാൻ വൈകും..
അതോടെ ഞാൻ പദ്ധതി മാറ്റി..തത്കാലം ചങ്ങനാശ്ശേരിയിൽ എവിടേയെങ്കിലും ഹോട്ടലിൽ തങ്ങുക ..യാത്രാക്ഷീണവും മാറുമല്ലോ...
ഞാൻ ഓട്ടോ ഡ്രൈവറോട് തിരക്കി...ഇവിടെ നല്ല ഹോട്ടലുകൾ വല്ലതുമുണ്ടെങ്കിൽ...അതായത് രണ്ട് നില, കാറ് കയറ്റിയിടാനുള്ള സ്ഥലം, പൂജാമുറി, പൂന്തോട്ടം...എസി...ഫ്രിഡ്ജ്, മിക്സി, ടിവി....ഇതൊക്കെയുള്ള ഏതെങ്കിലും ഹോട്ടലുകൾ..?
സാറിന്റെ ബഡ്ജെറ്റെങ്ങനാ ഫൈവ് സ്റ്റാർ മതിയോ..? ത്രീ സ്റ്റാർ മതിയോ..?
“ ...ഒരു നൂറ്..നൂറ്റൻപത് രൂപ വരെയൊക്കെ പോകാം...“
“എന്നാ കേറ്...“ അയാൾ മറുത്തൊന്നും പറയാതെ എന്നേയും കൊണ്ട് പോയി...ചേർക്കോണത്ത് പൊതുവേ വീടുകളേക്കാളധികം ഹോട്ടലുകളാണ്...അവിടെയെങ്ങും റെയിഡുമില്ലത്രേ...പണ്ട് അവിടം റെയ്ഡ് ചെയ്യാൻ വന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്നൊരു പോലീസുകാരന്റെ തല പൊട്ടിത്തെറിച്ചതോടെ അവിടം റെയ്ഡ് നിരോധിത മേഖലയാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നത്രേ....എല്ലാം സ്വാമികളുടെ അനുഗ്രഹം...
ആ ഓട്ടോ ചെന്ന് നിന്നത് ഇടൂങ്ങിയ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിലാണ്...
“ശ്രീക്യഷ്ണവിലാസം ഫൈവ്സ്റ്റാർ ലോഡ്ജ് ” ...
അവിടുത്തെ ഏറ്റവും ചീപ്പായ മുറി ഞാനെടുത്തു....നല്ല വ്യത്തിയില്ലാത്ത ഒരിടുങ്ങിയ മുറി....കയറിയപാടെ ബാഗിലിരിക്കുന്ന ഓ.പ്പി.ആറിൽ നിന്നു ഒരു രണ്ടെണ്ണം വിട്ടു...വഴിയിൽ നിന്നും വാങ്ങിയ മോഡേൺ ബ്രഡ്ഡും ചേർത്ത് ഒരു പിടിപിടിച്ചു....കട്ടിലിലിലേക്ക് മറിഞ്ഞു വീണു...
ഉണരുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി...ഇതിനിടയിൽ പല്ല് തേക്കാൻ പോലും ഞാൻ എണ്ണീറ്റില്ലല്ലോ...എന്തായാലും യാത്രയുടെ ക്ഷീണം മാറിക്കിട്ടി....
കുളിച്ച് റെഡിയായി ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...കുറച്ച് നേരം ചങ്ങനാശ്ശേരി അതിരൂപതയുമൊക്കെ ചുറ്റിനടന്ന് കണ്ടു...ഭാഷയുടെ പ്രശ്നം വച്ച് നോക്കിയാൽ ചങ്ങനാശ്ശേരിയിൽ നിൽക്കാൻ തോന്നിയില്ല...തത്കാലം ഇടുക്കിയിലേക്ക് കടന്നാലോ എന്നാലോചിച്ചു..എന്തായാലും ഒരു മൂഡ് വരാനായി ബാറിൽക്കയറി ഒരു നാരങ്ങാവെള്ളം കുടിക്കാൻ തീരുമാനിച്ചു..
ഞാൻ സഞ്ചിയും തോളിൽത്തൂക്കി അടുത്തുകണ്ട ബാറിലോട്ട് കയറി....എന്നാൽ യൂറോപ്പിലെ ചില കണ്ട്രി ബാറുകളിലെ പോലെ അപ്പൂപ്പന്മാരും അമ്മൂമ്മമ്മാരും ഒന്നും അവിടെക്കണ്ടില്ല...ഞാൻ ഒറ്റയ്ക്ക് ഒരു ടേബിളിൽ പോയിരുന്നു...
”ഡേവിടേട്ടാ...കിങ്ങ്ഫിഷറുണ്ടോ..ചിൽഡ്...എന്നാൽ ഒരെണ്ണം പോരട്ടെ “എന്ന് പറഞ്ഞു...“
എതിർവശത്ത് ടേബിളിൽ മൂന്ന്പേരിരുന്നു മദ്യപിക്കുന്നുണ്ട്....ബിയർ വരുമ്പോഴേക്കും ഞാൻ ഒരു മാൾബെറോയ്ക്ക് തിരികൊളുത്തി.....അപ്പോഴേയ്ക്കും എതിർഭാഗത്തിരിക്കുന്ന മൂന്ന്പേർ എന്നെ ചിരിച്ചു കാണിച്ചു...ഒരു ഫോർമാലിറ്റിക്ക് ഞാനും ചിരിച്ചു...
എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു,.... ദിവാകരൻ, രാജപ്പൻ, ബാലക്യഷ്ണക്കൈമൾ.
അവരില്‍ ദിവാകരൻ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ തമിഴത്തിയും, അച്ഛന്‍ ഒരു മലയാളിയുമാണ്... മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ മലയാളീകളും, അച്ഛന്മാര്‍ ഗോവ, ഛത്തീസ്ഗഡ് എന്നിവീടങ്ങളിലുള്ളവരും...
സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ച് വാങ്ങി അവർ വലിച്ചു. ഞാൻ കരുതി ഇവന്മാർ ഒരു സിഗരറ്റ് മൂന്നുപേർ ചേർന്ന് വലിക്കുമെന്നാണ്...എന്നാൽ യാതൊരു മയവുമില്ലാതെ അവർ ഒരു പായ്ക്കറ്റ് കാലിയാക്കി....ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല... ആദ്യമായാണ് ഞാന്‍ ഇത്തരം ആൾക്കാരെ കാണുന്നത്. അതും ചങ്ങനാശ്ശേരിയില്...
ബിയറുകൾ ഡേവിഡേട്ടന്റെ കൈകളിലേറി മേശയിലേക്ക് വന്നുകൊണ്ടിരുന്നു.കാലിക്കുപ്പികൾ അതേ കൈകളിൽക്കയറി തിരികെ പോയിക്കൊണ്ടുമിരുന്നു....അവസാനം പുറംചട്ട മാത്രമുള്ള ഒരു ഡയറിയുടെ ഉള്ളിൽ ബില്ല് വന്നു..ഞാൻ കരുതി യെവന്മാര് കൊടുക്കുമെന്ന്....എന്നാൽ അതുണ്ടായില്ല...
ബില്ല് വരുന്നതിന് സെക്കന്റുകൾക്ക് മുന്നേ അവർ വാഷ്രൂമിലേക്ക് മുങ്ങി...നിവ്യത്തിയില്ലാതെ ഞാൻ ബില്ല് പേ ചെയ്തു...ഈശ്വരാ ...മുന്നാല് ദിവസത്തെ ഭക്ഷണത്തിന്റെ കാശാണല്ലോ പോയത്...ഞാനോർത്തു...
അവസാനം എന്റെ യാത്രയുടെ ഉദ്ദേശം അവരെ ഞാൻ അറിയിച്ചു...ദിവാകരൻ മറ്റു രണ്ട് പേരോടും എന്തൊക്കെയോ മലയാളത്തിൽ പിറുപിറുക്കുന്നു...ഇനി എന്നെ അടിച്ചിട്ടിട്ട് രണ്ട് ഓപിആർ കുപ്പികളുമായി കടന്നുകളയാം എന്ന് വല്ലോമാണോ ഇവന്മാർ പറയുന്നത്..?..ഞാൻ ഇരുമുടിക്കെട്ട് ചേർത്ത് പിടിച്ചു....
അവസാനം ദിവാകരൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
”..അളിയനെ ബോർഡർ കടത്തിത്തരുന്ന കാര്യം നുമ്മളേറ്റു..“..എനിക്ക് എന്തോ നല്ല സന്തോഷമായി...ഞങ്ങൾ ബിയറടി നിർത്തി എഴുന്നേറ്റു..
ഞങ്ങൾ പുറത്തേക്കിറങ്ങി..ഞങ്ങൾ നടന്ന് നടന്ന് ചെറിയ ഒരു തെരുവിലെത്തി..ഞങ്ങളെ പുറത്ത് നിർത്തി അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ദിവാകരൻ കയറിപ്പോയി..തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..
പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..രാജപ്പനും ബാലക്യഷ്ണക്കൈമളും ക്യാരിയറിൽക്കയറി ഇരുന്നു...ഒരു വിധം ആ സൈക്കിൾ മുന്നോട്ട് നീങ്ങി...
ചവിട്ടി ചവിട്ടി ഞങ്ങൾ കോട്ടയം ബോർഡറിലെത്തി..അപ്പോഴാണ് അത്കണ്ടത്...പാലത്തിൽ ചെക്കിങ്ങ്....ദിവാകരൻ ബ്രേക്ക് പിടിച്ചു..ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി...ചുറ്റും ഇരുട്ട് പരന്നുതുടങ്ങീയിരുന്നു..
“..മൂന്ന് പേരിലധികം സൈക്കിളിൽ പോയാൽ പോലീസ് പിടിക്കും...സോ ഇനി ഒരു വഴിയേയൂള്ളൂ..കോട്ടയത്തേക്ക് കയറാൻ..”
“എന്താണത്...?“
“നീന്തലറിയാമോ..?“
“ ദിവാകരാ ഞാൻ എക്സ്പെർട്ടാണ്..”
അങ്ങനെ ഞങ്ങൾ ഒരു ഊടുവഴിയിലൂടെ സൈക്കിളോടിച്ച് മീനച്ചിലാറിന്റെ കരയിലെത്തി..
ദിവാകരൻ പറഞ്ഞ് തുടങ്ങി...പോപ്പി, ഇത് മീനച്ചിലാറിന്റെ ഒരു കൈത്തോടാണ്, ഇക്കരെ ചങ്ങനാശ്ശേരിയും, അക്കരെ കോട്ടയവും... ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം തുണിയലക്ക്, കുളി, കുളിസീൻ പിടുത്തം, ലോറി കഴുകൽ എന്നിവ നിരോധിച്ചിരിക്കുകയാണ്..
“..തത്ക്കാലം ബാഗ് സൈക്കിളീലിരിക്കട്ടെ..നിങ്ങൾ നീന്തി അക്കരെചെന്നു എന്ന് ഉറപ്പായാൽ ഞങ്ങൾ സൈക്കിളിൽ കയറി പാലം വഴി..അപ്പുറം വരാം..“
ബാഗ് ദിവാകരനെയുമേല്പിച്ച് ഞാൻ ഒരു തോർത്തുമുടുത്ത്..നേരെ ഓടിവന്ന് വെള്ളത്തിലോട്ടെടുത്ത് ചാടി..എല്ലാ വെള്ളിയാഴ്ചയും തെംസ് നന്ദി നീന്തിക്കടക്കുന്ന എനിക്ക് അതൊരു പ്രശ്നമായി തോന്നിയില്ല...
“..പ്ധുക്കോ....“
എന്നാൽ തെംസിന്റെ ആഴമില്ലാത്ത ആറ്റിൽ ഞാൻ നെഞ്ചുമിടിച്ചാണ് വീണത്...മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ചാടാൻ പറഞ്ഞ ദിവാകരനെ ഞാൻ മനസ്സിൽ ചീത്തവിളിച്ചു....വീണതിന്റെ ആഘാതത്തിൽ കൈകാലുകൾ കോച്ചി വലിച്ചു....ഇല്ല ..ഈ തോട് കടക്കാനാവില്ല...
ഞാൻ തിരിച്ചു നടന്നു..ചുവടുറയ്ക്കുന്നില്ല...ഒരു വിധം തിരികെ ഇക്കരെയെത്തി..അവരെന്നെ പിടിച്ചുകയറ്റി...ബാലക്യഷ്ണക്കൈമൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് കൈയ്യിൽത്തന്നു...ഞാനത് വെള്ളം ചേർക്കാതെ മടമടാന്ന് കുടിച്ചു...അപ്പോൾ വേദനയ്ക്ക് ഒരാശ്വാസമായി....
“..ഇനിയെന്താണ് പോപ്പി പരിപാടി..”
“....എനിക്കറിയില്ല എങ്ങനെയെങ്കിലും കോട്ടയത്തെത്തണം..പക്ഷേ വണ്ടിക്കൂലിക്ക് കാശില്ല...”
അവർ മൂവരും വീണ്ടും എന്തൊക്കെയോ സംസാരിച്ചു...
എന്നിട്ട് ദിവാകരൻ എന്നോട് ചോദിച്ചു..” പോപ്പീ...ഹോട്ടലിൽത്തന്നെ ഈ രാത്രി തങ്ങണമെന്നുണ്ടോ..കോട്ടയത്തിന് നാളെ രാവിലെയെ ഇനി പോകാൻ പറ്റൂ...’
“..ഇല്ല ..ദിവാകരാ..ഏതെങ്കിലും ബസ്റ്റാന്റിൽ വേണേലും ഞാൻ കിടന്നുറങ്ങാം...”
അങ്ങനെ ഞങ്ങൾ വീണ്ടും ആ ലോഡ് സൈക്കിളിൽക്കയറി മുന്നോട്ട് നീങ്ങി...സൈക്കിൾ ചെന്ന് നിന്നത് ഒരൊറ്റപ്പെട്ട വീടിന്റെ മുന്നിലാണ്...ദിവാകരൻ കൈലിയും മടക്കിക്കുത്തി അകത്തേക്ക് കയറിപ്പോയി..അല്പനേരം കഴിഞ്ഞപ്പോൾ തിരികെവന്നു..
“.... ഇതെന്റെ ഒരു പരിചയക്കാരിയുടെ വീടാ...പീരുമേട് വാസന്തി ..നമുക്കവടെ വീടിന്റെ തിണ്ണയിൽ കിടക്കാം...”ദിവാകരൻ പറഞ്ഞു..
നോക്കൂ..ദിവാകരാ..എന്റെ കൈയ്യിൽ അധികം പണമില്ല..എത്ര രൂപ കൊടുക്കേണ്ടി വരും..?..ഞാൻ ചോദിച്ചു...
“...ഹ ഹ ഹ ഹ ഹ രൂപയോ.....കൊള്ളാം ..ദിവാകരനും പോപ്പിയളിയനും ഒരു രാത്രി ഈ തിണ്ണേക്കെടന്നുറങ്ങുന്നതിനു പണം വാങ്ങിയാൽ പിന്നെയിവള് എത്രനാള് ഈ വീടും വെച്ചോണ്ടിരിക്കുമെന്ന് ഒന്ന് കാണണമല്ലോ..”ദിവാകരൻ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അട്ടഹസിച്ചു...
അങ്ങനെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വീടിന്റെ തിണ്ണയിൽ കിടന്നുറക്കമായി..ബാലക്യഷ്ണക്കൈമളും രാജപ്പനും കാലത്ത് വരാമെന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് യാത്രയായി....
അതിരാവിലെതന്നെ രാജപ്പനും ബാലക്യഷ്ണക്കൈമളും വന്നു..ഞാനും ദിവാകരനും റെഡിയായി പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി...ഇന്നലത്തെ യാത്ര കാരണം സൈക്കീളിന്റെ എടപാട് തീർന്നിരിക്കുന്നു..അതിനാൽ ഞങ്ങൾ കാൽനടയായി ബസ്റ്റോപ്പിലെത്തി..
അല്പസമയത്തിനകം ബസ് വന്നു.............അത്ഭുതം...!!!!!!!
ആ ബസ് ഓടിച്ചിരുന്നത് ഒരു മദ്ധ്യവയസ്കനായിരുന്നു...സാധാരണ യൂറോപ്പിലൊക്കെ ബസോടിക്കുന്നത് ഷ്ഷ്ഠിപൂർത്തി കഴിഞ്ഞ അമ്മൂമ്മമാരാണ്...
ഹോ ഇനിയെന്തൊക്കെ കാണണം ഇവിടെ ..ഞാൻ മനസ്സിലോർത്തു കൊണ്ട് ബസ്സിലേക്ക് കയറി... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍...
( തുടരും...)
.....
Feb 28, 2011
എന്റെ കോട്ടയം സ്വപ്നങ്ങൾ - 1
[ ഫ്ലാഷ് ബായ്ക്ക്.:........ പണ്ട് ഞാൻ ഡെൽഹിൽ ( ഡെല്ലീന്നു വച്ചാ ഇന്നത്തെ ഡൽഹിയല്ല..ഹൈടെക്കും ബ്ലൂചിപ്പും കൊണ്ട് കളിക്കുന്ന അനുഭവങ്ങളുടെ ഡെൽഹി ) രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം...അന്ന് ഞാൻ മാത്സ് ട്യൂഷന് പൊക്കോണ്ടിരുന്നത് കുറുമാന്റെയടുത്തായിരുന്നു..അക്കൊല്ലമാണ് ആദ്യമായി ഞാൻ കണക്കിന് തോറ്റത് എന്ന്
ഒരു ഗസറ്റഡ് ബ്ലോഗറിൽ ഞാൻ പറഞ്ഞിരുന്നല്ലോ..
അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോട്ടയത്ത് പോവുക എന്നത്...അതിനായി ഞാൻ പല പ്ലാനുകളും തയ്യാറാക്കിയിരുന്നു....പക്ഷേ പ്ലസ്ടൂ കഴിഞ്ഞപ്പോഴാണ് ആദ്യായി കോട്ടയത്ത് പോകാൻ സാധിച്ചത്...ഞാനത് ഒരിയ്ക്കൽ ഗുരുവിനോട് പറയുകയുണ്ടായി.....
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പറഞ്ഞ അതേ കഥ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി ഗുരുവിന്റെ ബ്ലോഗിൽ പോസ്റ്റിയിരിക്കുന്നത് ഞാൻ കണ്ടത്...ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചുതീരേണ്ട പാപമായതിനാൽ ഞാനന്ന് എതിർക്കാൻ പോയില്ല..എങ്കിലും എന്റെ യാത്രയുടെ യഥാർഥ കഥ ഞാൻ ഓർത്തെടുത്ത് പോസ്റ്റുന്നു....]
“ ...വലം കൈ സുന്ദരിയായ ഒരു നസ്രാണിപ്പെണ്ണിന്റെ ചുമലിലൂടെ ഇട്ട് അവളേയും ചേര്‍ത്തു പിടിച്ച്, ഇടം കയ്യിലുള്ള കല്യാണി ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട് മണ്ണ് വീണു കിടക്കുന്ന നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു...
..ട്രണീം, ട്രണീം....ട്രണീം ...ട്രെണീം...അലാം അടിച്ചതാണ്..
ഞാൻ ചാടിയെണീറ്റു..സമയം എട്ടുമണി..അപ്പോൾ ഇന്നും പതിവ് സ്വപ്നം തന്നെ..വിഷമത്തോടെ ഞാൻ കട്ടിലിൽത്തന്നെ കിടന്നു...
“...എണ്ണീക്കെടാ.... മണി എട്ടായിട്ടും ഈ സൺബാത്ത് നിർത്താറായില്ലേ..ആദ്യം പഠിക്ക്...പിന്നെ കോട്ടയത്തൊക്കെ പോകാം..“ .എന്ന് പറഞ്ഞുകൊണ്ടമ്മ വന്നു...
മനസ്സില്ലാ മനസ്സോടെ ഞാൻ സ്കൂളിൽ പോകാൻ തയ്യാറായി...അമ്മയ്ക്കറിയില്ലല്ലോ ... പുല്ല് തിന്നായാലും ശരി... കോട്ടയത്ത് ജീവിക്കുക എന്ന ആഗ്രഹം എന്റെയുള്ളിൽ പടർന്ന് പന്തലിച്ച കാര്യം..
ഒരുവിധം റെഡിയായി ഇഡ്ഡലീം ബിസ്കറ്റും തിന്ന് ഞാൻ സ്കൂളിലെത്തി...ക്ലാസിലിരിക്കുമ്പോഴും എങ്ങനെയെങ്കിലും കോട്ടയത്ത് എത്തിപ്പെടണം എന്ന ചിന്ത എന്റെ മനസ്സു മുഴുവൻ നിറഞ്ഞുനിന്നു....
എന്റെ ചേട്ടന്റെ കൂട്ടുകാനും, ഞങ്ങളുടെ കുടുംബസുഹ്യത്തുമായ ബെർളി എന്ന ഒരു കോട്ടയംകാരൻ , എന്റെ ചെല്ലും ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍ വന്നതു പോലെ തന്നെ തിരിച്ച് കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട കത്ത് അച്ഛൻ നിഷ്കരുണം ചുരുട്ടിക്കൂട്ടിക്കളഞ്ഞു..
അങ്ങനെ കോട്ടയം യാത്രകളെപ്പറ്റിയുള്ള ഐഡിയകൾ പലതും മനസ്സിൽ വന്നു..കായംകുളം ബസ്റ്റാന്റിൽ ചെന്ന് ആരും കാണാതെ നീങ്ങി നിരങ്ങി ബസിനുള്ളിൽക്കയറി ഒളിച്ചിരിക്കുക...എന്നിട്ട് ഏതെങ്കിലും പാത്രക്കച്ചവടക്കാരുടെ മുട്ടൻ ലഗേജിൽക്കയറി ഒളിച്ച് കോട്ടയത്തിറങ്ങുക തുടങ്ങിയ ആശയങ്ങൾ പലതും മിന്നിമറഞ്ഞു...എങ്കിലും ഒന്നും നടപ്പായില്ല..
അവസാനം ആ ദിവസം വന്നെത്തി..പരീക്ഷ കഴിഞ്ഞു......ധൈര്യം സംഭരിച്ച് ഞാൻ മാർക്ക് ലിസ്റ്റുമായി അച്ഛന്റെയടുക്കലെത്തി...ബുക്ക് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്...മൂന്നാല് സില്ലി ചോദ്യങ്ങൾ അച്ഛൻ എന്നോട് ചോദിച്ചു...അതിനെല്ലാം ഞാൻ മറുപടിയും പറഞ്ഞു...വിശ്വസിക്കാൻ സാധിച്ചില്ല ...മൂന്ന് മണിക്കൂറുകൾക്ക് ശേഷം അച്ഛൻ പറഞ്ഞു..ശരി നീ കോട്ടയത്ത് പൊക്കോ...
പിന്നെ എന്തായാലും പോകുവല്ലേ....കോട്ടയം മാത്രമാക്കണ്ട...പത്തനംതിട്ടേം ഇടുക്കീം കൂടെ ഒന്ന് കണ്ടേര്....പക്ഷേ മാക്സിമം മൂന്ന് മാസം കൊണ്ട് യാത്ര തീർക്കണം....യാത്ര മാൾടിപ്പിൾ കണ്ട്രി ആയിക്കോട്ടെ..എന്ന് ചില കണ്ടീഷൻസ് ഒക്കെ...സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാർക്ക്ലിസ്റ്റും ചേർത്ത് പിടിച്ച് ഞാനെന്റെ മുറി ലക്ഷ്യമാക്കി നടന്നു...
ഈ ആഴ്ച തന്നെ പോകണം..കേരളത്തിലൊക്കെ യാത്ര ചെയ്യേണ്ടതല്ലേ..എങ്ങനെയാണ് മുണ്ടുടുക്കുന്നതെന്ന് അയൽക്കാരനായ ഒരു മലയാളിയുടെ അടുത്ത് പോയി ദക്ഷിണ വയ്ക്കാതെ ട്രെയിനിംഗ് നടത്തി..അവസാനം മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട് മുറുക്കി ശരിയാക്കി...
എന്റെ കാശുകുടുക്ക പൊട്ടിച്ച് ആകെയുണ്ടായിരുന്ന നീക്കിയിരുപ്പായ ചില്ലറകൾ എല്ലാം തൂത്തുവാരി അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ കൊണ്ടുക്കൊടുത്തു..കാഷ്യർ ചില്ലറ മുഴുവൻ എണ്ണിത്തീർത്തിട്ട്
അഞ്ഞൂറിന്റെ അഞ്ച് പച്ചനോട്ടുകൾ എന്റെ കൈയ്യിൽത്തന്നു..
ഗാന്ധിജിയുടെ പടമുള്ള ആ നോട്ടുകളാണ് എന്റെ കോട്ടയം ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ് എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാൽ ഞാനവ സൂക്ഷിച്ച് പേഴ്സിൽ വച്ചു...
തുടർന്നുള്ള ദിനങ്ങൾ വളരെപ്പെട്ടെന്ന് ഓടിപ്പോയി..രാത്രിയിൽ കോട്ടയത്തിന്റെം മീനച്ചിലാറിന്റെം മാപ്പ് എടുത്ത് നിലത്ത് വിരിച്ച് അതിൽ വലിയ പ്ലാനിങ്ങൂകൾ ഞാൻ നടത്തി..ഒരു പരിചയവുമില്ലാത്ത സ്ഥലമല്ലേ..ഡിസംബർ അഞ്ചാം തീയതി രാവിലെ പത്ത് മണിക്കാണ് ബസ്..
തലേന്ന് വൈകിട്ട് ഞാൻ ബാസാറിൽ പോയി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിച്ചു..അടുത്ത കൂട്ടുകാർക്കായി വീട്ടിൽ ഒരു ചെറിയ പാർട്ടിയും അറേഞ്ച് ചെയ്തു...
ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു....കണ്ടു......ഒരുപാടു നേരം സംസാരിച്ചിരുന്നു.... എങ്ങനേലും കടം വാങ്ങിയ കാശ് തിരിച്ചുതരും എന്ന് ബ്ലേഡ് പിള്ളച്ചേട്ടന് ഉറപ്പ് കൊടുത്തു....അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ “ടാ നീ കോട്ടയത്ത് പോയി മുങ്ങില്ലല്ലോ..” എന്ന പുള്ളിയുടെ ആത്മഗതം കേട്ടില്ല എന്നു നടിച്ച് ഞാന്‍ നടന്നകന്നു..
വീട്ടിലെത്തിയപ്പോഴേക്കും ടെറസ്സിൽ പാർട്ടി കൊഴുക്കുന്നുണ്ടായിരുന്നു...ആരും കാണാതെ വാങ്ങിയ രണ്ട് കുപ്പി ഓ.പി.ആർ രഹസ്യമായി ബാഗിൽ ഒളിപ്പിച്ചു വച്ചു..കൂടെ പത്ത് പായ്ക്കറ്റ് മാൾബറോ ലൈറ്റ്സും..കോട്ടയം നല്ല തണുപ്പുള്ള സ്ഥലമല്ലേ കൈയ്യിലാണെങ്കിൽ ആകെ കുറച്ച് രൂപയേ ഉള്ളൂ...വല്ല കടത്തിണ്ണയിലും കിടന്നുറങ്ങുമ്പോൾ ഓപിആർ തന്നെ തുണ..പാർട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോയി..
രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കമായി...രാവിലെ തന്നെ ടാക്സി വന്നു...താമസിയാതെ ഞാൻ ഒരുങ്ങി ബാഗുമെടുത്ത് എല്ലാവരോടും യാത്ര പറഞ്ഞ് ടാക്സിയിൽക്കയറി......നേരെ കായംകുളം ബസ്റ്റാന്റിലേക്ക്..കുംഭഭരണി ദിവസം രാത്രി ചെട്ടികുളങ്ങരയിൽ ചെന്ന പോലെ........ബസ്റ്റാന്റിൽ നിറയെ പലതരം യാത്രക്കാർ...കണ്ടാലറിയാം അവരിൽ പലരും കോട്ടയം സ്വദേശികളാണ്...ഞാൻ പോകുന്നതുപോലെ ഒരു വിസിറ്റിനല്ല അവർ പോകുന്നത് എന്ന് ചുരുക്കം..ഭാഗ്യവാന്മാർ...
ഒരു പരിചയമില്ലായിരുന്നെങ്കിലും ഡ്രൈവറെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ്, ബാഗുമെടുത്ത് ഞാൻ പുറത്തിറങ്ങി.ഇനിയും അരമണിക്കൂർ കൂടിയുണ്ട് ബസ് വരാൻ..എയർലൈനുകളായ ഗൾഫ്, ഫ്രാൻസ്, എമറെറ്റ്സ്, കിങ്ങ്ഫിഷർ, അറേബ്യ, എയർ ഇന്ത്യ എന്നിവയിലൊക്കെ പലവട്ടം കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ബസിൽ കയറാൻ പോകുന്നത്..... അതിന്റെ ഒരു ടെൻഷൻ ഇല്ലാതില്ല...
ബാഗ് ലഗേജിലയയ്ക്കാം ബോഡിങ്ങ്പാസും വാങ്ങിയിരിക്കാം എന്ന് കണക്കുകൂട്ടി ഞാൻ എൻക്വയറിയിൽ ചെന്ന് ചോദിച്ചു..സാർ ചെക്കിൻ കൌണ്ടർ എവിടെയാണ് ...
"..ഇവിടെ ചെക്കിങ്ങും മാങ്ങാത്തൊലിയുമൊന്നുമില്ല..." എന്ന് അയാൾ ഒരു ദേഷ്യത്തോടെ മറുപടി പറഞ്ഞു എന്നിട്ട് വീണ്ടും തന്റെ ഉറക്കം തുടർന്നു.....
ഒരു ചമ്മലോടെ ഞാൻ സീറ്റിൽതിരികെ വന്നിരുന്നു....ഇനി അബദ്ധം പറ്റരുത്...അപ്പോൾ ബസിൽ ടിക്കറ്റ് നേരത്തെ എടുക്കണ്ട കാര്യമില്ല...ബോഡിങ്ങ് പാസുമില്ല..
അപ്പോഴേക്കും അനൌൺസ്മെന്റ് എത്തി...."..തിരുവല്ലാ വഴി കോട്ടയത്തേക്ക് പോകുന്ന കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് പാർക്ക് ചെയ്യുന്നു.."....ഇത് കേട്ടതും ചുറ്റും നിന്നവർ ചിതറിയോടി...
ഞാൻ അടുത്ത് നിന്നിരുന്ന ഒരാളോട് ചോദിച്ചു.. "...ചേട്ടാ ഈ കോട്ടയം ബസ് ഏത് ഗേറ്റിലാണെന്നാ പറഞ്ഞേ..?.."
അയാൾ ഒരു പുശ്ചത്തോടെ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു.. “ മോനേ ഇവിടങ്ങളിൽ ബസ്റ്റാന്റിന് സാധാരണ ആരും ഗേറ്റ് വയ്ക്കാറില്ല...കോട്ടയം ബസ് ദോ അവിടെയാണുള്ളത്...“
അയാൾ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് ഞാൻ ഓടി..എക്കണോമി ക്ലാസ് എടുത്താമതി....കൈയ്യിൽ പൈസ കുറവല്ലേ......ഞാൻ ഓടിച്ചെന്ന്..... അതാ ബസിന്റെ വാതിൽക്കൽ കൌണ്ടമണിയെപ്പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഭയങ്കരനായ കണ്ടക്ടർ...അപ്പോൾ പെണ്ണൂങ്ങളൊന്നുമില്ല ബസ് ക്രൂവിൽ..
പക്ഷേ അയാൾ വെൽക്കം പറയുന്നില്ല....ഞാൻ അണച്ചു കൊണ്ട് അയാളോട് പറഞ്ഞു...
“..ഒരു കോട്ടയം വണ് വേ, എക്കോണമി ക്ലാസ്, വിൻഡോ സീറ്റ് വേണം.” ...അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..“..എക്കോണമി ഒക്കെ മോശമാ മോനേ..ദോ ആ ഫ്രണ്ടിൽ സീറ്റൊഴിവുണ്ട്...“
വിമാനത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ബസെന്ന് കയറിയപ്പോഴേ എനിക്ക് മനസ്സിലായി...കോക്പിറ്റിനടുത്തുതന്നെ എനിക്ക് സീറ്റ് കിട്ടി...ക്യാപ്റ്റന്റെ വേഷം കാക്കിഷർട്ടും കൂളിങ്ങ്ഗ്ലാസുമാണ്...കോ-പൈലറ്റിനെ അവിടെയെങ്ങും കണ്ടില്ല...എനിക്ക് ചെറിയ പേടി തോന്നി..
ഇയാൾക്കിത് ഒറ്റയ്ക്ക് ഓടിക്കാനാകുമോ..?..
അല്പനേരത്തിനകം എന്റെ തൊട്ടടുത്ത് ഒരു മാന്യൻ വന്നിരുന്നു..കണ്ടാലറിയാം വലിയ ബിസിനെസ്സുകാരനാണെന്ന്..പുള്ളീടെ വകയായി ബസിനു മുകളിൽ ഒരു കെട്ട് പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉണ്ട്....അല്ലാതെ എന്നേപ്പോലെ മുണ്ടിനു മുകളിൽ ബെൽറ്റിട്ട് അഡ്ജെസ്റ്റ് ചെയ്തിരിക്കുന്ന ടീമല്ല....അയാൾ എന്നോട് പേര് ചോദിച്ചു..ഞങ്ങൾ പരിചയപ്പെട്ടു...
അപ്പോഴേക്കും “ കപ്പലണ്ടിയും ഫ്രൂട്ടിയും കൊണ്ട് ഒരാൾ അവിടേക്ക് വന്നു....എനിക്ക് സന്തോഷമായി അപ്പോൾ ഫുഡ് സെർവ് ചെയ്യുമിവർ ...കൊള്ളാം..ഞാൻ രണ്ട് പായ്ക്കറ്റ് കപ്പലണ്ടിയും ഒരു ഫ്രൂട്ടിയും വാങ്ങി....എന്റെ അടുത്തിരുന്നയാൾ ഒരു ബോട്ടിൽ വെള്ളവും വാങ്ങി.. ..
താങ്ക്യൂ പറഞ്ഞ എന്നോടവൻ തിരിച്ചു പറഞ്ഞു...” മൊത്തം ഇരുപത്തഞ്ച് രൂപയായി..ഞാനൊന്ന് ഞെട്ടി..ഹോ അപ്പോ ഇത് ചില ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൾ പോലാണോ ..ഭയങ്കര കഴുത്തറപ്പ്...ഞാൻ ഒന്നും മിണ്ടാതെ പണം നൽകി...
അയൽക്കാരൻ എന്താ ചെയ്യുന്നതെന്ന് ഒളികണ്ണിട്ട് നോക്കി...നമുക്കിതൊന്നും അറിയാൻ പാടില്ലെന്ന് ആരുമറിയരുത്...അയാൾ ചെയ്ത പോലെ ഒക്കെ ഞാനും ചെയ്തു...
അല്പസമയത്തിനകം ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ടാകി...ജെറ്റ് എഞ്ചിന്റെ ഇരമ്പലിനു പകരം കരിങ്കല്ലിട്ട് പാട്ടയിൽ തല്ലുന്ന കർണ്ണാനന്ദകരമായ ശബ്ദത്തോടെ ബസ് നീങ്ങി...കുറച്ച് കഴിഞ്ഞപ്പോൾ കണ്ടക്ടർ വന്നു...ഒരു കോട്ടയം ടിക്കറ്റ് ഞാൻ എടുത്തു...പതിയെ ഞാൻ മയങ്ങി...
ഞാനുണർന്നപ്പോഴേക്കും വണ്ടി തിരുവല്ലയെത്തിയിരുന്നു...അപ്പോഴെനിക്ക് വേറൊരു ഐഡിയ തോന്നി കോട്ടയത്തിറങ്ങണ്ട ...ഞാൻ ഉടനെ കണ്ടക്ടറെ വിളിച്ചു..എന്നിട്ട് പറഞ്ഞു..
” ഞാൻ ചങ്ങനാശ്ശേരിയിൽ ഇറങ്ങിക്കൊള്ളാം..”
“...പക്ഷേ താങ്കൾക്ക് കോട്ടയം വരെ ടിക്കറ്റുണ്ടല്ലോ..”കണ്ടക്ടർ പറഞ്ഞു..
“അല്ല എനിക്ക് ചങ്ങനാശ്ശേരി ഒക്കെ ഒന്ന് കണ്ടാ കൊള്ളാമെന്നുണ്ട് അതുകൊണ്ടാ..”
“..അപ്പോ നീയെങ്ങനെ കോട്ടയത്തിന്ന് പോകും..”....അയാൾ ചോദിച്ചു..
“...അത് ഞാൻ ബസിനോ ട്രെയിനിനോ പോകാം..”
“..ആ നിന്റിഷ്ടം....ഓക്കെ “..അയാൾ പ്രതിവചിച്ചു..
“ താങ്ക്യൂ..“....
ഞാൻ ഇറങ്ങാൻ തയ്യാറായി..... മുണ്ട് ഒന്നുകൂടി ബെൽറ്റിട്ട് മുറുക്കി..മുടി ഒന്ന് ചീകി വച്ചു...എന്നിട്ട് സീറ്റിൽ വിശാലമായിട്ടിരുന്നു....തിരുവല്ല ആലൂക്കാസും ക്ലബ് സെവനും ഒക്കെ കഴിഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു...
ഹ്യദയം വല്ലാതെ മിടിച്ചു..ഇനിയെങ്ങാനും ബസിന് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് കറങ്ങിത്തിരിഞ്ഞ് തിരികെ കായംകുളത്തെത്തുമ്മോ എന്ന് വരെ ഞാൻ ഭയന്നു...അല്പസമയത്തിനകം ചങ്ങനാശ്ശേരിയെത്തി.....വിൻഡോയിലൂടെ ഞാൻ കെട്ടിടങ്ങളും ഒക്കെ നോക്കിക്കണ്ടു..
ബസ് നിന്നതും ഞാൻ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...ആദ്യമായി ചങ്ങനാശ്ശേരിയുടെ മണ്ണിൽ കാലു കുത്തി...ചുറ്റും നിറയെ വലിയ കെട്ടിടങ്ങൾ..ആളുകൾ ചറപറാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു...ഒരുവിധം ഞാൻ ബസ്റ്റാന്റിന് പുറത്തേക്കുള്ള വഴി കണ്ട് പിടിച്ചു...
എനിക്കാണേ അന്ന് മലയാളം ശരിക്ക് അറിയത്തുമില്ല..പഴയ ഒരു കൂട്ടുകാരനായ
ചേർക്കോണം സ്വാമികളുടെ ആശ്രമത്തിന്റെ അഡ്രസ് കൈയ്യിലുണ്ട്...പണ്ട് ഡെല്ലിയിൽ വച്ച് എത്ര തവണ പുള്ളീടെ കൂടെ ബാറിൽ പൊയിട്ടുണ്ട്...
തത്കാലം ആളെ തപ്പിപ്പിടിച്ച് അവിടെ കൂടാം..പിന്നെ ചങ്ങനാശ്ശേരി അതിരൂപതയും മാർത്തോമാ കോളേജും ഒക്കെ സ്വാമിയുടെ കൂടെ നടന്ന് കാണാം..എന്തിന് പരിചയമില്ലാത്ത സ്ഥലത്ത് നട്ടുച്ചയ്ക്ക് ഊണിന്റെ സമയത്ത് ചുമ്മാ കിടന്ന് കറങ്ങണം..
ഞാൻ റോഡിലേക്കിറങ്ങി നടന്നു...അഡ്രസ് മൂന്നാല് പേരോട് ചോദിച്ചെങ്കിലും അവരുടെ മലയാളം എനിക്കും എന്റെ ഇംഗ്ലീഷ് അവർക്കും മനസ്സിലായില്ല..അവസാന ശ്രമമെന്ന നിലയിൽ അടുത്തുകണ്ട ഒരു മീൻകാരിയോട് അഡ്രസ് ചോദിച്ചു..ചേർക്കോണം ആശ്രമം എന്ന് കേട്ടപ്പോഴേക്കും അവരുടെ മുഖം വികസിച്ചു...
ചാളമേരി എന്നറിയപ്പെടുന്ന അവർ സ്വാമിയുടെ സ്ഥിരം ഭക്തയാണത്രേ..അവർ വഴി പറഞ്ഞുതന്നു...റെയിൽ വേ സ്റ്റേഷനിൽ ചെല്ലുക ..അവിടുന്ന് രാജധാനി എക്സ്പ്രസിൽക്കയറി നേരെ ചേർക്കോണത്തേക്ക് ടിക്കറ്റെടുക്കുക....ആശ്രമത്തിന്റെ മുന്നിൽത്തന്നെ ഒരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങാം....
ആ മീൻകാരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നേരെ റെയിൽ വേ സ്റ്റേഷനിലേക്ക് നടന്നു..വഴിയിൽ മുറുക്കിത്തുപ്പലുകളും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും പ്ലാസ്റ്റിക് കവറുകളും കിടന്നിരുന്നു..വെസ്റ്റേൺ യൂറോപ്പ് പോലല്ല ചങ്ങനാശ്ശേരി.....വ്യത്യസ്ഥമായ അനുഭവം...അല്പസമയത്തിനകം ട്രെയിൻ സ്റ്റേഷനെത്തി....
ലണ്ടനിലെ ട്യൂബിലും ഒക്കെ പലതവണ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ട്രെയിനിൽ കയറുന്നത്..ഞാൻ ടിക്കറ്റെടുക്കുന്ന എ.ടി.എം പോലെയുള്ള സാധനം അവിടെയെല്ലാം തപ്പിയെങ്കിലും കണ്ടില്ല..അവസാനം ടിക്കറ്റെടുത്തു തരുന്നത് ഒരു ഇരുമ്പ് കൂട്ടിലിരിക്കുന്ന ആളാണെന്ന് മനസ്സിലായി...അയാളുടെ കൈയ്യിൽ നിന്ന് ഒരു ചേർക്കോണം ടിക്കറ്റെടുത്തു...
അല്പസമയത്തിനകം ട്രെയിൻ വന്നു....ഒരു സീറ്റു കിട്ടി...ട്രെയിൻ നീങ്ങിത്തുടങ്ങി...ഏറെ നാളായി കൊതിച്ചിരുന്ന ചങ്ങനാശ്ശേരിയുടെ വിരിമാറിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ആഹ്ലാദം തോന്നി....സ്റ്റോപ്പുകൾ ഓരോന്നായി കഴിഞ്ഞു പൊക്കോണ്ടിരുന്നു..
(തുടരും)..
Jan 22, 2011
പോണീബോയ് കേരളത്തിൽ ( പ്രധാന വാർത്ത )
പ്രശസ്ത അന്താരാഷ്ട്ര ബ്ലോഗറും ബില്യണേറും വ്യവസായപ്രമുഖനും സൂപ്പർഹീറോയും ഒക്കെയായ പോണിബോയ് ഇന്ന് രാവിലെ കേരളത്തിലെത്തി....തന്നെ കവറു ചെയ്യാനെത്തിയ മീഡിയയെ മുഴുവൻ കബളിപ്പിച്ചാണദ്ദേഹം കേരളത്തിൽ ലാന്റ് ചെയ്തത്.......നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിഐപി ഗേറ്റ് വഴിയാണദ്ദേഹം പുറത്ത് വരുന്നതെന്നാണ് പത്രക്കാരും ചാനലുകാരും ആദ്യം കരുതിയിരുന്നത്..അതിനാൽ വെളുപ്പിന് അഞ്ച് മണിമുതൽ അവരവിടെ കാത്ത് നിൽക്കുകയായിരുന്നു..
ചില അതീവ ബുദ്ധിമാന്മാരായ ചാനലുകാർ വിമാനത്താവളത്തിന് പിന്നിലെ മുള്ളുവേലിക്കപ്പുറം ക്യാമറയുമായി കാത്തുനിന്നു..എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് കുട്ടൻ വിമാനത്താവളത്തിന് മൈലുകൾ മുന്നേ വിമാനത്തീന്ന് നേരെ കടലിലോട്ട് എടുത്തുചാടി...എന്നിട്ട് മട്ടാഞ്ചേരിയിലേക്ക് നീന്തിക്കയറി...
ഇങ്ങനെയൊരു നീക്കം മുൻകൂട്ടി കാണാത്ത ശുംഭന്മാരായ SPPG ( Special Pony Protection Group)ക്കാർക്ക് ഈ മാസം ശമ്പളം കൊടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു....
കരയിലെത്തിയ ശേഷം പോണി നേരെ പരമുനായർ നടത്തുന്ന ലോക്കൽ ചായക്കടയിലേക്കാണ് കയറിച്ചെന്നത്...അപ്പോൾ അതുവഴി യാദ്രിച്ഛികമായി വന്ന ‘മലയാളരമ‘ ലേഖകനാണ് അത് കാണാനുള്ള ഭാഗ്യം ഉണ്ടായത്..പുള്ളി രഹസ്യമായി പോണി ചായ കുടിക്കുന്ന ഒരു ഫോട്ടോ എടുക്കുകയും ചെയ്തു...
പോണി കുടിച്ച ചായയുടെ വിശദാംശങ്ങൾ :
പഞ്ചസാര - 78.452 gm
തേയില - 14.234 gm
ചൂടുവെള്ളം - 35 മില്ലില്ലിറ്റർ...107.009 ഡിഗ്രി ചൂട്...
പാൽ ( മിൽമ ) - 139.0001 നാനോ ഔൺസ്.
ഏതാണ്ട് 23 സിപ്പോളമെടുത്താണദ്ദേഹം ചായ കുടിച്ചതെന്ന് ദ്രിക്സാക്ഷികളുടെ മൊഴിയിൽ നിന്നും വ്യക്തമായി...ചൂട് മാറാനായി 14 തവണ ഊതുകയും ചെയ്തു....പിന്നീട് ചില്ലലമാരിയിലിരുന്ന പപ്പടവട, ബോളി, പൂക്കേക്ക്, ബോണ്ട എന്നിവ ചെറുതായി രുചിച്ചുനോക്കി....ചായക്കടയിൽ മൊത്തം ബില്ല് 28.50 രൂപയായി....
കാശ് വേണ്ടെന്ന് പരമുനായർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണിമോൻ പണം നൽകി.....1000 ദിർഹത്തിന്റെ ഒറ്റനോട്ടാണ് പരമുനായർക്ക് നൽകിയത്...ബാലൻസ് തരാൻ പത്ത് പതിനായിരം രൂപ ഇല്ലാത്തതിനാൽ പരമുനായർ വിഷമിച്ചു...അപ്പോഴദ്ദേഹം ബാക്കി വേണ്ടെന്നും പറഞ്ഞ് അങ്ങിറങ്ങി പോയി....
താൻ ബ്ലോഗ് പോയിട്ട് പത്രം പോലും വായിക്കാറില്ലെങ്കിലും കൊച്ചുമോനായ സബീഷ് പറഞ്ഞ് താൻ സൂപ്പർ സെലിബ്രിറ്റിയായ പോണിയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും....അതിനാൽ അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഒരു സ്വപ്നമാണോയെന്ന് പോലും താൻ സംശയിക്കുന്നതായി പരമുനായർ പറഞ്ഞു..മാത്രമല്ല ഇനി മുതൽ പോണി ചായകുടിച്ച ഈ കട സെവൻസ്റ്റാർ ചായക്കടയായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.
ആയതിനാൽ ഇനി മുതൽ ഒരു ചായയ്ക്ക് വാറ്റും ടാക്സുമുൾപെടെ 356 രൂപയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..( പരമുനായരുടെ കൂടുതൽ ദിവ്യാനുഭവങ്ങൾ അടുത്ത ആഴ്ച സണ്ടേ സപ്ലിമെന്റിൽ വായിക്കാം..)
അപ്പോഴേക്കും ചാനലുകാർ ഓടിപ്പിടിച്ച് അവിടെയെത്തി..അരമണിക്കൂറിനകം വിയർത്തുകുളിച്ച് കമാൻഡോകളും മട്ടാഞ്ചേരിയിലെത്തി..പോണിമോൻ ചായക്കടയിൽ എത്തും എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത നിഷ്ക്രിയരായ പോലീസുകാരണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..ഭരണകക്ഷിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് സ്ഥലം എസ്.ഐ കുഞ്ഞിന് പ്രൊട്ടക്ഷൻ കൊടുക്കാത്തതെന്നും ലോക്കൽ കമ്മിറ്റി നേതാവ് ആരോപിച്ചു...
പോണിമോന്റെ മനോവികാരങ്ങൾ അളക്കാൻ കഴിയാത്ത എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യും എന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു..
ചായക്കടയിൽ നിന്നിറങ്ങിയ പോണിമോൻ നേരെ ചെന്നത് വായും പൊളിച്ച് സൈക്കിളിൽ നിൽക്കുന്ന ലോട്ടറിക്കച്ചവടക്കാരൻ സുഗുണന്റെ മുന്നിലേക്കാണ്...എന്തു ചെയ്യണം എന്നറിയാതെ സുഗുണൻ വിയർത്തു...
തനിക്ക് സൈക്കിൾ ചവിട്ടാൻ ഭയങ്കര ആഗ്രഹമാണെന്നും പക്ഷേ മമ്മി സമ്മതിക്കാത്തതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സുഗണനോട് പറഞ്ഞു...
“ ...വിരോധമില്ലെങ്കിൽ തനിക്ക് ഈ സൈക്കിളൊന്ന് ചവിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു..“.......സുഗുണന് ചത്താ മതിയെന്നായി...
അപ്പോഴേക്കും ദുഷ്ടന്മാരായ കമാൻഡോകൾ ചാടി വീണു..ബെൻസിലും ഫെറാറിയിലും മാത്രം കയറിയിട്ടുള്ള പോണിമോൻ അറിയാൻ വയ്യാതെ സൈക്കിളിൽ കയറരുതെന്ന് അവർ പറഞ്ഞു..എന്നാൽ അവരെ അവഗണിച്ച് പോണിമോൻ സൈക്കിളീൽക്കയറി...വഴിയരികിൽ നിന്ന് പാട്ടപെറുക്കുന്ന ഒരു കുട്ടിയെ പിടിച്ച് ഫ്രണ്ടിലിരുത്തി അദ്ദേഹം 200 മീറ്ററോളം സൈക്കീൽ ചവിട്ടി..
ഇതിൽ നിന്നും നിരാലംബരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
സുഗുണന് നന്ദി പറഞ്ഞിട്ട് സൈക്കിളും നൽകി അദ്ദേഹം ആലപ്പുഴയിലേക്ക് യാത്രയായി.
ഈ സൈക്കിൾ താൻ ലാമിനേറ്റ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുമെന്നും ഇനി ശിഷ്ട കാലം പോണീ സ്തോത്രങ്ങൾ ഉരുവിട്ട് കാലം കഴിക്കുമെന്നും സുഗുണൻ വാരിക്കുഴി ദിനപത്രത്തോട് പറഞ്ഞു...
പത്തുമണിയോടെ പോണിക്കുഞ്ഞ് ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലെത്തി..ഒരു വെറും സാധാരണക്കാരനേപ്പോലെ അദ്ദേഹം ആലപ്പുഴ - കുമരകം സർവീസ് ബോട്ടിൽ ചാടിക്കയറി.
മണ്ടന്മാരായ കമാൻഡോകൾ സ്പീഡ് ബോട്ടിൽ അനുഗമിച്ചു..എക്സൈറ്റഡായ യാത്രക്കാർ പോണിയെ ഒന്ന് തൊടാനും അടുത്ത് നിൽക്കാനും മത്സരിച്ചു...ടിക്കറ്റെടുക്കണ്ടാന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണി ടിക്കറ്റെടുപ്പിച്ചു..എന്നാൽ വാലെറ്റ് അദ്ദേഹം വണ്ടിയിൽ വച്ചു മറന്നിരുന്നു.. വേറെ പൈസയൊന്നും കൈയ്യിലില്ലായിരുന്നു...ഉടൻ തന്നെ തന്റെ 30 പവന്റെ അരഞ്ഞാണം അഴിച്ച് നിർബന്ധപൂർവ്വം കണ്ട്ക്ടർക്ക് കൊടുത്തു....
കുമരകം ഡോക്കിലെത്തിയ പോണി ബോട്ടിലുണ്ടായിരുന്ന 79 യാത്രക്കാരുടേയും പേരും അഡ്രസും ചോദിച്ചു മനസ്സിലാക്കി..നിങ്ങളെ ഞാനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു....ചില സ്ത്രീകൾ ദുഖം സഹിക്കാൻ വയ്യാതെ വിങ്ങിക്കരഞ്ഞു...അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം
തന്നെകാത്ത് കിടന്ന ഹോണ്ടാ അക്കോഡിനെ അവഗണിച്ച് ചെരുപ്പിടാതെ കാൽനടയായാണ് 300 മീറ്റർ അകലെയുള്ള റിസോർട്ടിലേക്ക് പോയത്......അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണൽത്തരികൾ ശേഖരിക്കാൻ ജനങ്ങൾ മത്സരിച്ചു...ആ ബഹളമൊതുക്കാൻ ചെറിയതോതിൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു...
റിസോർട്ടിലെത്തിയ അദ്ദേഹം അവരുടെ ഡൺലപ്പ് മെത്തയിൽ കിടക്കാതെ റിസോർട്ടിന്റെ പൂമുഖത്ത് ഒരു പാ വിരിച്ച് നിലത്ത് കിടന്ന് വിശ്രമിച്ചു..ഇത് കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ റിസോർട്ട് മാനേജരെ അദ്ദേഹം തന്റെ സ്വതസിദ്ധമായ മിൽക്ക്മെയ്ഡ് പുഞ്ചിരിയോടെ സമാശ്വസിപ്പിച്ചു...സുഭാഷ് ചന്ദ്രബോസും താന്തിയാതോപ്പിയും ലാലാലജപ് റായിയുമൊന്നും ഡൺലപ്പിലല്ല കിടന്നുറങ്ങിയത് എന്നദ്ദേഹം അവരെ ഓർമ്മിപ്പിച്ചു..
വൈകുന്നേരം വിശ്രമം കഴിഞ്ഞ് പാലൊഴിക്കാത്ത പഞ്ചാരയിടാത്ത ഒരു കട്ടൻകാപ്പി (ഇവിടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഒരു ബിംബമാണ് കട്ടൻകാപ്പി ) മാത്രം കുടിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്കിറങ്ങി...പുറകെ കമാൻഡോകളും...കായൽ തീരത്തുകൂടി നടന്ന അദ്ദേഹം പെട്ടെന്ന് കായലിലേക്ക് എടുത്തുചാടി നീന്തി...കമാന്റോകൾ കായലുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അദ്ദേഹത്തെ കണ്ടില്ല...കുസ്രിതിക്കാരനായ പോണിമോൻ അങ്ങനെ ഒരിയ്ക്കൽ കൂടി കമാൻഡോകാളെ പറ്റിച്ചു...
അവിടുന്ന് മുങ്ങിയ അദ്ദേഹം പൊങ്ങിയത് മീനച്ചിലാറ്റിലെ കുളിക്കടവിലായിരുന്നു..ദാരിദ്ര്യരേഖയ്ക്ക് ഏതാണ്ട് 18 കിലോമീറ്ററോളം താഴെ താമസിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടി ആ സമയം കുളിക്കാനായി അവിടെ വന്നു..അപ്പോഴാണ് അവൾ ഓർത്തത് കാശില്ലാത്തതുകൊണ്ട് സോപ്പ് മേടിച്ചിട്ടില്ലായെന്ന്...അവൾ ദൈവത്തെ വിളിച്ച് കരഞ്ഞു..അത്ഭുതം!!!...
ജലദേവനേപ്പോലെ കൈയ്യിലൊരു കെട്ടു ബാത്ജെല്ലും ഡവ് സോപ്പും ഷാമ്പൂവും പയറുപൊടിയും ഒക്കെയായി പോണി വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നു..ഇത്രേം സാധനങ്ങൾ അവളുടെ കൈയ്യിൽ കൊടുത്തു...ആ പെൺകുട്ടിയുടെ കണ്ണുകൾ ക്രിതഞ്ജത കൊണ്ട് നിറഞ്ഞു...
മാത്രമല്ല അവൾ കുളിച്ചു തീരുന്നിടം വരെ അദ്ദേഹം അവിടെയിരുന്ന് അവൾക്കൊരു കമ്പനി കൊടുക്കുകയും ചെയ്തു...ഒരു ബില്യണേർ പാവങ്ങളോട് കരുണയോടെ എങ്ങനെ പെരുമാറണം എന്നുള്ളതിന് ഇതിലും വലിയ ഒരു ദ്രിഷ്ടാന്തമുണ്ടോ..?....
അപ്പോഴേക്കും സംഭവം കേട്ടറിഞ്ഞ് അവിടെ ആളുകൂടാൻ തുടങ്ങി...അതോടെ അവിടുന്നും അദ്ദേഹം മുങ്ങി...കമാൻഡോസ് ഒരുവിധം ട്രേസ് ചെയ്ത് കുളിക്കടവിൽ എത്തിയപ്പോഴേക്കും അദ്ദേഹം കോട്ടയം ഠൌണിലെത്തിയിരുന്നു....
അപ്പോഴേക്കും സമയം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ച പോണിക്ക് വിശ്രമിക്കാൻ ട്യൂലിപ്സും ഡെയ്സിയും ഇടകലർത്തിത്തുന്നിയ പ്രത്യേകം മ്രിദുലമായ മെത്ത ഹോട്ടലുകാർ തയ്യാറാക്കിയിരുന്നു...
എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...
രാവിലെ അദ്ദേഹം കുളിച്ചതാകട്ടേ ഫ്രഞ്ച് ബാത്ത്രൂമില്ലല്ല...ഒരു കോർപറേഷൻ പൈപ്പിന്റെ ചുവട്ടിൽ നിന്ന്...ചാനലുകൾ ലൈവായി അത് നാട്ടുകാരെ കാണിച്ചു..ആദർശം പ്രസംഗിക്കാൻ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കാനുള്ളതാണെന്നണദ്ദേഹം കുളി കഴിഞ്ഞ് പറഞ്ഞത്..
ബ്രേക്ക്ഫസ്റ്റായി അദ്ദേഹം വെറും കഞ്ഞി വിത്ത് ഉപ്പാണ് കഴിച്ചത്...കരിമീനും പ്രോൺസ് ഫ്രൈയ്യും ഒക്കെയായി വന്ന ഹോട്ടലുകാരെ അദ്ദേഹം നിരാശരാക്കി...ലാളിത്യമാണ് തന്റെ മുഖമുദ്ര എന്നദ്ദേഹം പറഞ്ഞു...എങ്ങനെയാണ് കഞ്ഞി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പാചകക്കാരൻ കുഞ്ഞാപ്പുവിനോട് വിശദമായി ചോദിക്കാനും മറന്നില്ല...
യാത്ര പറഞ്ഞിറങ്ങുമ്പോൾ വീട്ടിൽ കൊണ്ടുപോകാനായി അല്പം കഞ്ഞി പാഴ്സൽ വാങ്ങാനും അദ്ദേഹം പറഞ്ഞു.. പച്ചവെള്ളം പോലും ബുർജ്ജ് അറബീന്ന് മാത്രം മേടിച്ചുകൊടുത്ത് വളർത്തിയ
പോണിയുടെ ലാളിത്യം കണ്ടുപഠിക്കാൻ അച്ഛനമ്മമാർ കുട്ടികളെ ഉപദേശിച്ചു...
അപ്പോഴേക്കും അദ്ദേഹത്തിന് എയർപോർട്ടിലേക്ക് പോകാനായി കാറ് വന്നു..പെട്ടെന്നതാ ഒരു സംഘം ആൾക്കാർ പോണിയുടെ നേരെ വരുന്നു അവരെല്ലാം ആയുധധാരികളുമാണ്...ഏറ്റവും ഫ്രണ്ടിൽ നടക്കുന്നവന്റെ കൈയ്യിൽ M1A1 റോക്കറ്റ് ലോഞ്ചറുമുണ്ട്...മറ്റുള്ളവരുടെ കൈയ്യിൽ പലതരം തോക്കുകളൂം...ഇവന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇനി വല്ല തീവ്രവാദികളും.........????
പോണി ഒന്ന് ഭയന്നെങ്കിലും ഓടിയില്ല..കാരണം ആളുകൾ മുഴുവൻ നോക്കി നിൽക്കുകയാണ്...തന്റെ ഇമേജ്....എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴത്തേക്കും അവർ മുന്നിൽ വന്നു...എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.......
ആ സംഘത്തിന്റെ നേതാവ് “ദാ ..പിടി... ”എന്ന് പറഞ്ഞ് റോക്കറ്റ് ലോഞ്ചറെടുത്ത് പോണിയുടെ കൈയ്യിൽ കൊടുത്തു..മറ്റുള്ളവരും തോക്കുകൾ പോണിയുടെ മുന്നിൽ വലിച്ചെറിഞ്ഞു...
“..ങേ...എന്തായിത്..?.”
“ഇത് ഞങ്ങടെ രാജിക്കത്ത്...“
“ രാജിയോ...അതിന് നിങ്ങളൊക്കെയാരാ..?..“
“....ഞങ്ങളൊക്കെ നിന്റെ പ്രൊട്ടക്ഷൻ കമാൻഡോസാ..ഞാനാ ചീഫ്...നിന്റെ പണ്ടാരടങ്ങിയ ജോലി ഞങ്ങൾ രാജി വയ്ക്കുന്നു..എന്നിട്ട് അന്തസായിട്ട് കൂലിപ്പണിയെടുത്ത് കേരളത്തിൽ ജീവിക്കാൻ പോകുന്നു..അതാകുമ്പോൾ സമാധാനമുണ്ട്..ഇത്രേം പണിയില്ല.... ദിവസം ക്രിത്യമായി കൂലിയും കിട്ടും...പിന്നെ നിന്റെ പുറകെ പട്ടിയേപ്പോലെ ഓടണ്ട കാര്യമില്ലല്ലോ...“
അന്തിച്ചു നിൽക്കുന്ന പോണിയെ അവഗണിച്ച് കുറേ മൺവെട്ടികളും തൂമ്പായുമൊക്കെയായി യൂണിഫോം മാറ്റി ഒറ്റത്തോർത്തുമുടുത്തവർ നടന്നു നീങ്ങി...അപ്പോഴും ക്യാമറഫ്ലാഷുകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു...പോണിയുടെ ഓരോ ഭാവമാറ്റവും അടുത്ത ദിവസത്തെ പത്രത്തിൽ വരുത്താനായി ക്യാമറകൾ മത്സരിച്ചുകൊണ്ടേയിരുന്നു.....
-------------------------------------------------------------------------------------------------------------
പോണിയുടെ ജീവിതത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട് നിർമ്മിച്ച ഒരു ചലച്ചിത്രത്തിലെ ചില പ്രസക്ത ഭാഗങ്ങൾ താഴെക്കാണാം...
.....
Labels:
Cultural Quality,
Lampoon,
Ponyboy,
Spoof,
ആക്ഷേപഹാസ്യം,
നര്മ്മം,
ലേഖനം
Subscribe to:
Posts (Atom)

