Followers

Showing posts with label romance. Show all posts
Showing posts with label romance. Show all posts

May 22, 2011

ഹിപ്പോപൊട്ടാമസ് വേട്ടക്കാരൻ


( ഒന്നര വയസ്സിൽ താഴെയുള്ള കൊച്ചുകുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള  ചില കുട്ടിക്കഥകളാണിത്..ആഗ്യങ്ങളും രംഗവിസ്താരവും ഒക്കെയായി മനോഹരമായി പറഞ്ഞ് കൊടുത്താൽ ആകർഷകമാകും..കുട്ടികൾക്ക് നവ്യാനുഭൂതി കൈവരുകയും ചെയ്യും. )

1.ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരൻ.
ഒരു ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരന്റെ ആകുലതകൾ.... അത് സാധാരണക്കാർക്കും സമതലങ്ങളിലെ മെഡീറ്ററേനിയൻ നിവാസികൾക്കും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്...കാരണം നിങ്ങൾ വേട്ടയാടിയത്  രണ്ട് വയസ്സുള്ള മുയൽക്കുഞ്ഞുങ്ങളേയും  തൂവാനത്തുമ്പികളേയുമാണ്..അവയിൽ നിന്നും വ്യത്യസ്ഥനായിരുന്നു അയാൾ.

കാരണം അയാൾ ആകെ വേട്ടയാടിയിട്ടുള്ളത് ഹിപ്പോപ്പൊട്ടാമസുകളെ മാത്രമായിരുന്നു.

അയാൾ ഹിപ്പോപ്പൊട്ടാമസുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു..ഹിപ്പോപ്പൊട്ടാമസില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതിരിക്കാൻ അയാൾ അശക്തനായിരുന്നു.
പൂവുകളൂം പൂമ്പാറ്റകളും മ്യൂട്ടന്റുകളായ മനുഷ്യരുമില്ലാത്ത ലോകമാണ് ഹിപ്പോപ്പൊട്ടാമസുകൾക്ക് യോഗ്യം എന്നയാൾ ഉറച്ച് വിശ്വസിച്ചു..

എന്നെങ്കിലും ഹിപ്പോപ്പൊട്ടാമസുകൾ ലോകം കീഴടക്കുന്ന കാലം വരും എന്നയാൾക്ക് ഉറപ്പായിരുന്നു..വൈവിധ്യമാർന്ന ഹിപ്പോപ്പൊട്ടാമസുകളെക്കൊണ്ട് ഈ ലോകം നിറയുമ്പോൾ, ന്യൂയോർക്കിൽ  ക്യൂൻസിലെ തിരക്കേറിയ തെരുവോരങ്ങളീൽ ഹിപ്പോപ്പൊട്ടാമസുകൾക്കിടയിലൂടെ ഊളിയിട്ട് നടക്കുന്നതോർത്തയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

ആവേശം കൊണ്ടയാൾ ചാടിയെണ്ണീറ്റോടാൻ നോക്കി....ഇല്ല....കഴിയുന്നില്ല..കാഴ്ചമങ്ങുന്നു..വിയർപ്പിന് രക്തത്തിന്റെ നിറം..അപ്പോഴേക്കും അയാൾ തിരിച്ചറിഞ്ഞു..താൻ ഒരു ഹിപ്പോപ്പൊട്ടാമസായിരുന്നെന്ന്..ചില്ലിട്ട കൂട്ടിലെ ചെളിവെള്ളത്തിൽ അയാൾ വീണ്ടും കഴുത്തറ്റം മുങ്ങിക്കിടന്ന് ദിവാസ്വപ്നങ്ങൾ നെയ്തു...

2.കാപ്പി.
ബ്രഹ്മദത്തനും സുഭദ്രയും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു..ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ സുഭദ്ര ഒരു കപ്പ് കാപ്പി ബ്രഹ്മദത്തന് കൊടുത്തു.ബ്രഹ്മദത്തൻ കാപ്പി കുടിച്ചുകൊണ്ടേയിരുന്നു...സുഭദ്ര കാപ്പി ഒഴിച്ചുകൊണ്ടേയിരുന്നു..അവസാനം കാപ്പി തീർന്നു !!

സുഭദ്രയ്ക്ക് വിഷമം തോന്നി..അത്രയും കാപ്പി കൊടുക്കേണ്ടിയിരുന്നില്ല..ബ്രഹ്മദത്തനും മനസ്സിന് വല്ലാത്ത സങ്കടം തോന്നി..അത്രയും കാപ്പി കുടീക്കേണ്ടിയിരുന്നില്ല..ഘനീഭവിച്ച മനസ്സുമായി ബ്രഹ്മദത്തൻ തന്റെ തുണിസഞ്ചിയും എടുത്തുകൊണ്ട് നിലാവിന്റെ വെളുത്ത നാട പോലെയുള്ള നാട്ടുവഴിയിലൂടെ കവല ലക്ഷ്യമാക്കി നടന്നു..മാമംഗലം തറവാടിന്റെ പൂമുഖത്തെ പെൻഡുലം ക്ലോക്കിൽ മണി പന്ത്രണ്ടടിച്ചു..

സുഭദ്ര കാപ്പിപ്പാട്ട തുറന്ന് നോക്കി.കൊയ്ത്ത് കഴിഞ്ഞ മുണ്ടകൻപാടം പോലെ ശാന്തം.. കാലി....
അവളുടെ ദുഖം ഇരട്ടിച്ചു..ഇനി ഈ വീട്ടിൽ കാപ്പിപ്പൊടിയില്ല...സംസാര ദു:ഖത്തിന്റെ മൂലകാരണം കാപ്പിപ്പൊടിയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ടവൾ കട്ടിലിലേക്ക് മറിഞ്ഞുവീണു..തേങ്ങലുകൾ അടങ്ങി..

സാവധാനം എഴുന്നേറ്റിരുന്നു തന്റെ കരിംകൂവളമിഴികൾ തുടച്ചുകൊണ്ടവൾ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു........പക്ഷേ പുഹ...
...അത് വന്നില്ല !!!!!..

3.നൊസ്റ്റാൾജിയ.
സമയം വെളുപ്പിന് 2:30...വിജനത ചൂഴ്ന്ന് നിൽക്കുന്ന കുറ്റാകൂരിരുട്ട്..പോഗോയിൽ ബേബി ലൂണിടൂൺസ് കണ്ട് കൊണ്ടിരുന്ന ലുട്ടാപ്പിയെ  പെഡോഫൈലുകൾ  കടന്നു പിടിചു..അന്ന് ഡെല്ലിയിൽ മഴപെയ്തു...കാലം പരിപ്പുവടയുമായി മഗഡാസ്കറിലെത്തി എന്നിട്ടും പ്രിയേ നീ മാത്രം പല്ല് തേച്ചില്ല...

അങ്ങ് ദൂരെ വിപ്ലവം പൊഴിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നുംഒരു ചെറു ഖടികാരം അവളോട് പറഞ്ഞു..ഇനിയും നീ വരില്ലേ....ഇലകൾ പൊഴിയുന്ന ശിശിരം മൂർച്ചിച്ചെങ്കിലും മാനസ തന്റെ വെയ്പുപല്ലുകൾ ആ മഹാസമുദ്രത്തിലേക്ക് വലിചെറിഞ്ഞു. അലകലൊഴിഞ്ഞ ആമ്പലുമായവൾ സുമേഷിന്റെ ബൈക്കിൽ കയറി.

ടൈറ്റാനിക്കും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സിഡ്നിയിലെ ഒരു ചുവന്ന തെരുവിൽ വച്ച് കൂട്ടിയിടിച്ചു..അനേകം ബാലികമാർ താലപ്പൊലികളുമായി വാഷിങ്ങടണിലേക്ക് നീങ്ങി. ഒബാമ ഗുരുവായൂരിൽ ശയനപ്രദിക്ഷണം നടത്തി..

18 ആമത്തെ വട്ടം തലയിൽ ഇരുമുടിക്കെട്ടും തോളിലൊരു തെങ്ങിൻ തയ്യുമായി ഏകനായി കരിമല  കയറുന്ന ആ വ്യദ്ധനോട് സഹയാത്രികനായ അയ്യപ്പൻ തിരക്കി..

“ ഉൻ പേർ എന്ന സ്വാമി..?.. “

അയാൾ മ്യദുവായി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു....“ലാദൻ.....ബിൻ ലാദൻ...”
സന്നിധാനത്ത് അപ്പോഴും ശരണം വിളികൾ ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്നു....

4.പഞ്ചാബ്.
ഓപിയം ചേർത്ത പൂമ്പാറ്റത്തീയൽ കഴിച്ച് കൊണ്ടിരിക്കുന്ന ബേബിസിറ്റർ അപ്സരസുകൾ ചിലപ്പോൾ വിക്യതിക്കുട്ടികളെ ദൈവം കാണാതെ പിടിച്ച് സ്വർഗ്ഗത്തിന്റെ ഓട്ടയിലൂടെ താഴേക്ക് വലിച്ചെറിയും...

According to the Principle of Uncertainty അപ്സരസ്സുകൾ എന്ത് ചെയ്യും എപ്പോൾ ചെയ്യും എന്ന് നമുക്ക് ചുമ്മാ അങ്ങ്  ഊഹിക്കാം എന്നല്ലാതെ ഉറപ്പിക്കാൻ സാധിക്കില്ല..അതിനെ പലപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ റാഡിക്കൽ പ്രതീകങ്ങളായി വൈകുണ്ഡനിവാസികൾ തെറ്റിദ്ധരിക്കാറൂണ്ട്..

സമ്മർ വെക്കേഷന് അപ്സരസ്സുകൾ ഭൂമിയിൽ വന്ന്  മനുഷ്യസ്ത്രീകളായി ജനിക്കുന്ന സ്ഥലമാണത്രേ പഞ്ചാബ്..

മിന്നിത്തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള ഇടകലർന്ന സ്വർണ്ണമുടിയിഴകളുള്ള ഗോതമ്പിന്റെ നിറമുള്ള ആ പഞ്ചാബിപ്പെൺകുട്ടിയായിരുന്നു മേഘ...അവൾ അപ്സരസ്സാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...കാരണം അപ്സരസ്സുകളെ എനിക്ക് മുൻപരിചയമില്ല...

എങ്കിലും ഞാനയച്ച 14 കത്തുകൾ ചുരുട്ടിക്കൂട്ടി ട്രാഷ്ബാഗിലെറിഞ്ഞ വഞ്ചകീ..അത് ചുവന്ന മഷിയല്ലായിരുന്നു..കോളേജിൽ പഠിച്ചപ്പോൾ ചെയ്ത പോലെ ഏതെങ്കിലും പന്നിയെലിയെ തല്ലിക്കൊന്ന് അതിന്റെ രക്തം കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളല്ലായിരുന്നു അവ..
അവയിലോരോരോ വാക്കിലും പ്ലാസ്മയിൽ മുങ്ങിക്കിടന്ന് എന്റെ സിരകളിലൂടെ ഒഴുകി  മരിച്ച ചുവന്ന രക്താണൂക്കളായിരുന്നു...എന്റെ ഹ്യദയരക്തം...

ഇന്ദുചൂഡന്റെ വരികൾ കണ്ട്  നിങ്ങൾക്കും ചോദിക്കാം...എന്ത് കൊണ്ട് അവന്റെ കവിതകൾ ഇലകളെയും കിനാവുകളേയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളേയും കുറിച്ച് സംസാരിക്കുന്നില്ല..?.........
വരൂ കാണൂ....ഈ തെരുവുകളിലെ രക്തം കാണൂ..

5.മദ്രാസ്.

രശ്മി തന്റെ എൻഫീൽഡ് മോട്ടോർബൈക്കുമായി കറങ്ങാനിറങ്ങി..കൊള്ളസംഘത്തെ അമർച്ച ചെയ്ത് പുലർച്ചയോടെ വീട്ടിലെത്തിയ സുധീഷ് മേനോൻ ഐ.പി.എസ് തലയണയിൽ മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു..

കാണാതായ കാഡ്ബറീസും തപ്പി ദ്യഷ്ടധ്യുംനനൻ  വനാന്തരങ്ങളിലലഞ്ഞു...അർജുനന്റെ വാട്ടർബോട്ടിൽ ഭീമൻ തട്ടിപ്പറിച്ചു..ദുര്യോധനൻ വിഭീഷണന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടു..

ഹരിശ്ചന്ദ്രൻ പോക്കറ്റടിക്കേസിൽ വീണ്ടും ജയിലിലായി..ശിബി ചക്രവർത്തി പ്രാവിറച്ചിയും നാടൻ വാറ്റും കൂട്ടി കേമമായി ഊണ് കഴിച്ചു..ചൈനാഠൌണിനെ  IMDB TOP 250ൽ  ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട്  4 പേർ ഒപ്പിട്ട ഭീമഹർജ്ജി ചൈനാക്കാർ കൊറിയൻ പ്രസിഡന്റിനയച്ചു..

കംസനും പാഞ്ചാലിയും  അന്നും  അവാർഡ്പടത്തിന്റെ മാറ്റിനിക്ക് കയറി..പൂതനയുടെ ലിപ്സ്റ്റിക്ക് തീർന്നു..റിയോ ഡീ ജെനീറോയിൽ അരാജകത്വം അഴിഞ്ഞാടി.അത് കണ്ട് സഹിക്കാനാവാതെ ഭീഷ്മപിതാമഹൻ ക്യഷ്ണനെ നോക്കി അലറി...

“വിടടാ വണ്ടി മദ്രാസിലോട്ട്...എന്റെ പുള്ളാരും കാണട്ടടാ... മദ്രാസ്....”


6.പാല്പായസം.
മദ്യമില്ലാത്ത ബാറുകൾ തേടി ഞാനലഞ്ഞു..സിനിമയില്ലാത്ത തിയറ്ററുകൾ തേടി ഞാനലഞ്ഞു..
ആളില്ലാലെവൽ ക്രോസിൽ ധ്യാനനിമഗ്നായിരുന്നു..തീവണ്ടിപ്പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ബിസ്ലറി കുപ്പികൾ വെളുക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു..ഒരു നാൾ ഞാനും ചേട്ടനെ പോലെ വലുതാകും..

അന്ന് ആദ്യമായി അവളെന്റെ കരണത്തടിച്ചു...സന്തോഷം തോന്നി....മനസ്സ് നിറഞ്ഞു..ഒരു കിണ്ണം പാല്പായസം കുടിച്ച സംത്യപ്തി...പ്രണയം മരിച്ചല്ലോ...അതിലും വലുതൊന്നുമല്ലല്ലോ അവളുടെ ഹസ്തതാണ്ഡനം..ക്യഷ്ണനിൽ ലയിച്ച മീരയെപ്പോലെ ചോക്ലേറ്റ് കട്ടകൾ ആ കാപ്പിയിൽ അലിഞ്ഞുചേർന്ന് കൊണ്ടേയിരുന്നു..പൊടിപോലുമില്ല കണ്ട് പിടിക്കാൻ..
കഥകളുടെ സാഗരം അവസാനിക്കുന്നില്ല....

     “      വഴിയോരസത്രത്തിലപരാഹ്ന വേളയിൽ
            ഒരുമിച്ചു കൂടി പിരിഞ്ഞു പോകും വരെ
            പറയുക പറയുക കഥകൾ നിരന്തരം
            കഥ പ റഞ്ഞങ്ങനെ കഥകളായ് കാലത്തിൽ
            അലിയുക അതിലൊരു കഥയില്ലയെങ്കിലും
            കഥകളെക്കാൾ ഭാർമില്ല ഭൂമിക്കുമെന്നറിയുക
            ആഴമില്ലൊരു സമുദ്രത്തിനും...          ”

ആരും പോകരുത് എല്ലാവർക്കും ചായയുണ്ട്..ചായ കുടിക്കാത്തവർക്ക് കാപ്പിയും ഇത് രണ്ടും വേണ്ടാത്തവർക്ക് വൈറ്റമിൻ സി കുത്തി നിറച്ച പൈനാപ്പിൾ ടാങ്ങും.

ജീവിതമാകുന്ന യാത്രയിലെ ഒരു തിരക്കേറിയ ഹബ്ബാണ് ഓരോ റെസ്റ്റോറന്റും..ജീവിതത്തിലെ അടുത്ത സീനാകുന്ന കണക്ഷൻ ഫ്ലൈറ്റിന് കാത്തിരിക്കുന്ന യാത്രക്കാരനാണ് നിങ്ങൾ...

നിങ്ങൾ കുടിച്ച അതേ ഗ്ലാസിൽ ഒരായിരം പേർ കാപ്പി കുടിച്ചിരിക്കാം..അവയുടെ അരികുകളിൽ വിലകൂടിയ ലിപ്സ്റ്റിക്കുകളും അധ്വാനിച്ചവന്റെ വിയർപ്പുതുള്ളികളും സിഗരറ്റ് കറകളും അലിഞ്ഞുചേർന്നിരിക്കാം.

ഒരായിരം കഥകൾ പറയാനുണ്ടാകും ആ ഫോർക്കുകൾക്കും സ്പൂണുകൾക്കും..പ്രണയവും നൈരാശ്യവും വിജയവും വിരഹവും ചതിയും വഞ്ചനയും കൊലപാതകവും എല്ലാമെല്ലാം
അവർ കേട്ടിരിക്കുന്നു..ഒടുവിലൊരുനാൾ റീസൈക്ക്ലിങ്ങ് പ്ലാന്റുകളിൽ ഉരുകിലൊലിച്ച് മറ്റെന്തൊക്കെയോ ആയി മാറുന്നു...

ഒരു പക്ഷേ ഈ കഥകളിലെ കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലായിരിക്കാം.പക്ഷേ നിങ്ങൾക്കുറപ്പ് പറയാനാകില്ല..എന്നെങ്കിലുമൊരിയ്ക്കൽ ഇവരാ റെസ്റ്റോറന്റിൽ വന്നിരിയ്ക്കാം.ഒരു കപ്പ് കാപ്പി കുടിച്ചിരിയ്ക്കാം.പിരിഞ്ഞു പോയിരിക്കാം...

അന്ന് ഭാരതയുദ്ധത്തിൽ  അക്ഷൌഹിണിപ്പടയ്ക്കെതിരെ അർജ്ജുനനെയ്ത ഒരമ്പിന്റെ റീസൈക്കിൾഡ് ഫോമാകാം നിങ്ങളുടെ കാറിന്റെ ഫസി ലോജിക്ക് താക്കോൽ..


.....
Related Posts Plugin for WordPress, Blogger...