മലയാള സിനിമാ ലോകത്തെ വമ്പന്മാർ ആകെ കൺഫ്യൂഷനിലാണ്...പല സൈസിലും ട്രെൻഡിലും കളറിലും പടമെടുത്തിട്ടും പട്ടി പോലും തിരിഞ്ഞു നോക്കാൻ മടിക്കുന്ന തിയറ്ററുകൾ.....ആകെ ഓടുന്നതാകട്ടേ ഇന്നലെ വന്ന ചീള് പിള്ളാരുടെ പടങ്ങൾ....ഓൾറെഡി മിക്ക പഴയ ഹിറ്റുകളുടേയും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറങ്ങിക്കഴിഞ്ഞു... കിലുക്കം, കമ്മീഷണർ ,CBI ഡയറിക്കുറിപ്പ് ,........ ദേ ഇപ്പോ കിംഗ്, ആഗസ്റ്റ് 1, നാടുവാഴികൾ ഇതിന്റെയൊക്കെ സെക്കൻഡ് പാർട്ട്സ് ഇറക്കാൻ പോകുന്നു...കോടികൾ കൊടുത്താലും കേരളത്തിൽ ഒരു പുതിയകഥ കിട്ടാനില്ലാത്ത അവസ്ഥ...എന്താല്ലേ !!!!!!!!...
പക്ഷേ അന്നുമിന്നും കഥാദാരിദ്ര്യമില്ലാത്ത ഏക സംവിധായകൻ പഴയപുലി അപ്രിയദർശൻ മാത്രമാണ്..ടിയാനാകട്ടേ അക്കാര്യത്തിൽ യാതൊരു ടെൻഷനുമില്ല..പണ്ട് ഇംഗ്ലീഷീന്ന് ചൂണ്ടി മലയാളത്തിലാക്കുക....ഇപ്പോളതെല്ലാം മലയാളത്തീന്ന് ചൂണ്ടി ഹിന്ദിയിലാക്കുക..ആകെ ബിസി..ഹിറ്റോട് ഹിറ്റ്...
എന്നാൽ കാര്യം ഇതൊക്കെയാണങ്കിലും ഈ നന്ദിയില്ലാത്ത ചീപ്പ് മല്ലൂസ് കണ്ട കുളിക്കാത്ത പാണ്ടികളുടെ കൂതറ സിനിമകളായ നാടോടികളും, അയനും , ക്രിഷ്ണയും , യന്തിരനും , മഗധീരയും, ഹാപ്പിയും ഒക്കെ നാണമില്ലാതെ ഇടിച്ച് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട് വൻ ഹിറ്റുകളാക്കുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമ്മ വരുന്നു..കേരളം ഒരു ഭ്രാന്താലയമാണെന്ന്...അല്ലേലും തമിഴന്മാർക്കും തെലുങ്കന്മാർക്കും ഉണ്ടോ ഈ കല..കല.... എന്നു പറയുന്ന ലാ സാധനം...
പ്രബുദ്ധരായ, വർഷങ്ങളുടെ പാരമ്പര്യമുള്ള അനേകം പുണ്യ സംവിധായകർ ഇവിടെയുള്ളപ്പോൾ എന്തിനാണീ നിലവാരമില്ലാത്ത അന്യഭാഷാ മസാലപ്പടങ്ങൾ കാണാൻ ജനം ഇടിച്ചു കയറുന്നത് എന്ന് മനസ്സിലാകുന്നില്ല...ഇവന്മാർക്കൊക്കെ വല്ല സ്റ്റാർ സിംഗറും കണ്ട് വീട്ടിലിരുന്നൂടേ...?
ഈ രജനീകാന്ത് ..രജനീകാന്ത് എന്ന് കേട്ടിട്ടുണ്ടോ...ഇത്രയും പ്രായം ചെന്ന ആ മനുഷ്യൻ പെൻസിലു പോലത്തെ ഒരു കാലും വച്ച് എങ്ങനെയാണ് 200 പേരെ തൊഴിച്ചിടുന്നത്..പുള്ളിയുടെ ലേറ്റസ്റ്റ് ‘യന്തിരൻ‘ എന്ന സിനിമ ..ഹോ...വെറുത്തു...അതിലെവിടേയാണ് ഭാവം വരുന്നത്..അഭിനയം വരുന്നത്.....അല്ലേലും സുരാജും സലീംകുമാറുമില്ലാത്ത അതിനെ സിനിമാ എന്ന് വിളിക്കാൻ സാധിക്കുമോ......അതുകൊണ്ട് അതേ പോലത്തെ ഒരു യന്ത്രമനുഷ്യന്റെ സിനിമകൾ നമ്മടെ പ്രമുഖരായ തഴക്കവും പഴക്കവുമുള്ള സംവിധായകരെ വച്ച് പുനസ്രിഷ്ടിക്കാൻ ഞങ്ങളുടെ സംഖടനയായ അമ്മൂമ്മ തീരുമാനിച്ചിട്ടുണ്ട്...
എങ്ങനെയാണ് ഒരു നല്ല സയൻസ് ഫിക്ഷൻ സിനിമയെടുക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയെടാ സില്ലി മലയാളിപ്പരിഷകളേ...
റോബോഭായ്: ഷാജികൈലാസ്.
ജപ്പാനിലെ നഗരമദ്ധ്യത്തിലുള്ള ഒരു വലിയ ഇലക്ട്രോണിക്സ് ചന്ത...വില്പനയ്ക്കായി ചാക്കിലാക്കി അടുക്കിവച്ചിരിക്കുന്ന ചിപ്പുകകളും റാമുകളും..ധാരാളം മലയാളികളായ തൊഴിലാളി റോബോട്ടുകൾ ചാക്കുകണക്കിന് കമ്പ്യൂട്ടറുകളും സിഡി പ്ലെയറുകളും കൊണ്ട് അടുക്കിവയ്ക്കുന്നു..അപ്പോഴേയ്ക്കും കറണ്ടടിച്ച് ഫിറ്റായ ഒരു ഭയങ്കരൻ തമിഴൻ റോബോട്ട് അവിടേയ്ക്ക് കടന്നു വരുന്നു..
“ ആരെടാ എന്നുടെ പ്രോസസറെടുത്തത്.. ഉണ്മൈ സൊല്ലേടാ... ആരാടാ എന്റെ പ്രോസസറെടുത്തത് ”? ...തമിഴൻ അലറി..ഒരു നിമിഷം മാർക്കറ്റ് സ്തംഭിച്ചു..
റോബോട്ടുകൾ പരസ്പരം നോക്കി...അപ്പോൾ സുരാജ് അവതരിപ്പിക്കുന്ന ‘ ഡസ്റ്റ് റോബോ‘ എന്ന മാർക്കറ്റിലെ തൂപ്പുകാരൻ റോബോട്ട് വരും..എന്നിട്ടിങ്ങനെ പറയും...
” ഒന്ന് പോടാ.. തമിഴൻ റോബോട്ടേ, ഞങ്ങടെ റോബോഭായ് വന്നാൽ ഇടിച്ച് നിന്റെ ബോൾട്ടും നട്ടും ഒന്നാക്കും കേട്ടോ..അതുകൊണ്ട് ജീവനും കൊണ്ട് ഓടിക്കോ....... ” .... ഠിഷൂം..ഒരിടി................... സുരാജ് തെറിച്ച് അടുക്കി വച്ചിരിക്കുന്ന സിഡികളുടെ മുകളിലേക്ക് വീഴുന്നു...വീണപാടെ ചാർജ്ജ് തീർന്ന് ബോധം കെടുന്നു...(തമാശ ഇവിടെ..)
ആരാടാ നിന്റെയൊക്കെ ഈ റോബോ ഭായ്...എവിടെടാ അവൻ..?..തമിഴൻ റോബോട്ട് വീണ്ടും ഗർജ്ജിച്ചു..
പെട്ടെന്നതാ ദൂരെനിന്ന് ഗുഡുഗുഡു ശബ്ദത്തോടെ ഒരു ഹാർലി ഡേവിഡ്സണിൽ വരുന്നു നമ്മുടെ പ്രിയ നായകൻ റോബോഭായ്....ജപ്പാൻ മാർക്കറ്റിന്റെ എല്ലാമെല്ലാമായ റോബോഭായ്....ഹാർലി സ്റ്റാൻഡിൽ വച്ച് ലിനക്സിന്റെ മുണ്ട് മടക്കിക്കുത്തി ഇന്റലിന്റെ അണ്ടർവെയറിനു മീതെ ഉടുത്തുകൊണ്ട് റോബോഭായ് സ്ലോമോഷനിൽ നടന്നടുത്തു....പിന്നെ മുട്ടനിടി.....ഠമാർ..... പഠാർ.....വില്ലൻ റോബോട്ടിന്റെ നട്ടുകളും ബോൾട്ടുകളും ആകാശത്തേക്ക് തെറിക്കുന്നു...അവസാനം തമിഴൻ റോബോട്ടിന്റെ സ്റ്റെപ്പിനി ബാറ്ററി വരെ ഊരിത്തെറിക്കുന്നു..
ചാർജ്ജ് പോയ തമിഴൻ റോബോട്ട് തലകറങ്ങി താഴെ വീഴുന്നു..വിജയിച്ച റോബോഭായ് സ്ലോമോഷനിൽ നടന്നു വരുമ്പോൾ ( ബാക്ഗ്രൌണ്ടിൽ ചുമ്മാ ഒരു ഇ-ക്ലാസ് ബെൻസ് അങ്ങോട്ടുമിങ്ങോട്ടും കിടന്നോടുന്നു.. ) ചന്തയിലെ തൊഴിലാളി റോബോട്ട്സ് ഡോട്ട്നെറ്റ് താളത്തിൽ പാട്ടുപാടി ഡാൻസ് കളിക്കുന്നു...മാർക്കറ്റ് ശാന്തമാകുന്നു..
റോബോഭായിയോട് അടികൂടാൻ പോകുന്നവർ വീട്ടുകാരോടും നാട്ടുകാരോടും അവസാനമായി യാത്ര ചോദിച്ചിട്ട് മാത്രം ഇറങ്ങിപ്പുറപ്പെടുക..റോബോ ഭായിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ.....ഇത് ഐറ്റം വേറെയാ..എന്ന നല്ല സന്ദേശം നൽകിക്കൊണ്ട് സിനിമ അവസാനിക്കുന്നു..
മിന്നും റോബോക്കൂട്ടം : കമൽ.
പ്രത്യേകം പറയണ്ടല്ലോ...ഇതൊരു യുവത്വത്തിന്റെ സിനിമയായിരിക്കും..അതെ ഒരു യുവ സിനിമ..ഇതിൽ റോബോട്ടുകളായി അഭിനയിക്കുന്നത് മിക്കതും പുതുമുഖങ്ങളാണ്..യുവത്വത്തിന്റെ സിനിമയായതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കൾ ഇടുന്ന കോസ്റ്റ്യൂംസ് ഭയങ്കര കളർഫുള്ളായിരിക്കും....കടും ചുവപ്പ് ഷർട്ടും മഞ്ഞ വരയുള്ള കടും നീല ജീൻസുമാണ് നായകന്റെ വേഷം....ഇത് ഒരു അതിഭയങ്കര പ്രണയകഥയായിരിക്കും എന്നറിയാമല്ലോ..ഐടി തൊഴിലാളികളായ ഏതാനും റോബോട്ടുകളുടെ കദനകഥയാണിത്...
ഐടി മേഖലയിൽ പണിയെടുക്കുന്ന അടിപൊളി തമാശയൊക്കെ പറയുന്ന ഏതാനും യുവ റോബോട്ടുകൾ അവരിൽ ഒന്നാമത്തെ റോബോട്ട് രണ്ടാമത്തെ റോബോട്ടിനെ പ്രണയിക്കുന്നു..എന്നാൽ രണ്ടാമത്തെ റോബോട്ട് കെട്ടുന്നതാകട്ടേ മൂന്നാമത്തെ റൊബോട്ടിനെ..അപ്പോ നാലാമത്തെ റോബോട്ട് ആരായി..?
അവസാനം അഞ്ച് കൊല്ലങ്ങൾക്ക് ശേഷം അഞ്ചാമത്തെ റോബോട്ട് പറയുന്നു..എനിക്കിനി കല്യാണം വേണ്ട...ഠിം ...സസ്പെൻസ്.....വികാരനിർഭരമായ സീനുകൾ..അവസാനം കാച്ചിയ ഡീസലിൽ വിഷം കലർത്തി ഒന്നാമത്തെ റോബോട്ട് കുടിക്കുകയാണ്...പക്ഷേ മരിക്കുന്നില്ല... വെൽഡിങ്ങ് ലെയ്ത്ത് - വെൽഡർമ്മാർ , വെൽഡർമ്മാർ - വെൽഡിങ്ങ് ലെയ്ത്ത് അതിങ്ങനെ ഇടവിട്ട് കാണിക്കും..അവസാനം ആ വെൽഡിങ്ങ് വർഷോപ്പിൽ വച്ച് അവർ ഒന്നു ചേരുകയാണ്...ഇതെല്ലാം കണ്ട് നിർവ്രിതി പുൽകിയ പ്രേക്ഷകർ നിറകണ്ണുമായി തിയറ്റർ വിടുന്നു....
പോക്കിരി റോബോ: വൈശാഖ്.
ഈ കഥ നടക്കുന്നത് കേരളത്തിലല്ല..അങ്ങ് തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലാണ്...എന്നാലും ഗ്രാമീണരായ റോബോട്ടുകൾ പറയുന്നത് പച്ചമലയാളമാണ്.. അവിടുത്തെ രണ്ട് പ്രമുഖ റോബോട്ട് ഫാക്ടറികളാണ് കുന്നത്ത് ഫാക്ടറിയും കുന്നുമ്പുഴ ഫാക്ടറിയും....
എല്ലാ വർഷവും ആ ഗ്രാമത്തിൽ ടെക്നോ-ഫെസ്റ്റ് നടത്താറുണ്ട്..അതിന്റെ നടത്തിപ്പവകാശത്തെച്ചൊല്ലി ഇവർ തമ്മിൽ എന്നും പൊരിഞ്ഞ അടിയാണ്...മുല്ലപ്പെരിയാർ കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഭ്യന്തരപ്രശ്നവും ഇതാണ്....തുടക്കം ഒരു ഐറ്റം ഡാൻസിലൂടെയാണ്.... അതിലേക്കായി തടിച്ചുകൊഴുത്ത ഏതേലും ഒരു റോബോട്ടിനെയാണ് പരിഗണിക്കുന്നത്..
അങ്ങനെ ഇക്കൊല്ലത്തെ ഫെസ്റ്റിനോടനുബന്ധിച്ച നടന്ന അടിയിൽ നല്ലവരായ കുന്നത്ത് ഫാക്ടറിക്കാരുടെ പ്രധാന മൈക്രോ കണ്ട്രോളർ കേടാകുന്നു...അതൊടേ മറ്റു വഴിയില്ലാതെ കുന്നത്ത് ഫാക്ടാറിയുടെ മുതലാളിറോബോട്ടും അളിയനും കൂടി ആന്ദ്രയിലേക്ക് പോകുന്നു...
20 കൊല്ലം മുൻപ് ഒരു രാത്രി ഫാക്ടറിക്ക് പിന്നിൽ ഉണങ്ങാനായി അടുക്കിവച്ചിരുന്ന DDR റാമുകൾ ചവിട്ടിപ്പൊട്ടിച്ച കേസിൽ നാടുവിട്ടുപോയ മുതലാളിയുടെ മൂത്തമകനായ പോക്കിരിറോബോയെ കാണാനായി.. എന്നാൽ സത്യത്തിൽ ആ റാമുകൾ ചവിട്ടിപൊളിച്ചത് പോക്കിരിയല്ലായിരുന്നു..വെള്ളമടിച്ച് റാമിന്റെ മുകളിൽ അറിയാതെ വീണ മുതലാളി റോബോ തന്നെയായിരുന്നു..ആ ഭീകര രഹസ്യം അറിയാവുന്നതാകട്ടേ മാമൻ റോബോട്ടിനുമാത്രം...അതൊരു ഹിഡൻ ഫയലായി പുള്ളി സൂക്ഷിക്കുകയാണ് ചുമ്മാ.....അച്ഛന്റെ കുറ്റം ഏറ്റെടുത്ത് പാവം പോക്കിരി റോബോ ആന്ദ്രയ്ക്ക് വണ്ടി കയറി...ആന്ദ്രയിലേക്ക് ചെന്ന് രണ്ട് ദിവസത്തിനകം ജോലികിട്ടുന്നു...കോടികൾ പ്രതിഫലം വാങ്ങുന്ന വൻഗുണ്ടാ റോബോട്ടായി മാറുന്നു...
അങ്ങനെ അച്ഛന്റെ അപേക്ഷപ്രകാരം പോക്കിരിറോബോ തമിഴ്നാട്ടിലെത്തുന്നു..അറുപതോളം ബി.എം.ഡബ്ലിയു കാറുകളുടെ അകമ്പടിയോടെ നേരെ കുന്നുംപുഴ ഫാക്ടറിയിൽ ചെന്ന് എല്ലാ റോബോട്ടുകളൂടേയും ബാറ്ററി ഊരിവിടുന്നു..ആ ഫാക്ടറി പൂട്ടിക്കുന്നു..
....അപ്പോ ദേണ്ടടാ വരുന്നു..... കേന്ദ്രമന്ത്രിയുടെ മകൻ .. 360 കൊലപാതകം, 574 ബോംബ് സ്ഫോടനം, 612 തീവ്രവാദം , 703 പീഡനം, 782 ബലാസംഗം , 853 ഭവനഭേദനം, 1001 പിടിച്ചുപറി,
4500 മിസല്ലേനിയസ് കുറ്റങ്ങൾ..... ഇതൊക്കെ ചെയ്തിട്ടും തെളിവില്ലാത്തതിന്റെ പേരിൽ കൂളായി പുറത്തിറങ്ങി നടക്കുന്ന കൊടുംഭീകരൻ..അവന് ഇഷ്ടം തോന്നിയത് തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പഠിക്കാൻ വന്ന ഇറ്റാലിയൻ കുടിൽവ്യവസായ മന്ത്രിയുടെ മകളായ റോബോ സുന്ദരിയോടാണ്...എന്നാൽ നായികക്കിഷ്ടം നല്ലവനായ പോക്കിരിറോബോയെയാണ്..അതാണല്ലോ ലതിന്റെയൊരു ലിത്...
എന്നാ പോക്കിരിയാരാ മോൻ....കൊടുത്തില്ലേ മുട്ടനിടി അവന്..ഇടിച്ചവന്റെ ഗ്രാഫിക്സ് കാർഡ് വരെ തകർത്തു....അപ്പോഴേക്കും അത് ചോദിക്കാനായി എത്തിയ പ്രധാനമന്ത്രിയും മറ്റ് 57 കേന്ദ്രമന്ത്രിമാരുടേയും മുന്നിലേക്ക് പോക്കിരിറോബോ തന്റെ മൊബൈൽ ഫോൺ ലൌഡ്സ്പീക്കറിലിട്ട് കൊടുത്തു
....അപ്പുറത്താരാ..?.....മ്മടെ ഒബാമ...ഹല്ലപിന്നെ....
“പോക്കിരി എന്റെ ബെസ്റ്റ് ബ്രണ്ടാണ്..ഓനെ തൊട്ടാൽ കളി മാറുമെടാ പ്രധാനമന്ത്രീ “..എന്ന് ഒബാമ കട്ടായം പറഞ്ഞു..പേടിച്ചു പോയ മന്ത്രിമാരും പോലീസുകാരും ഓടി രക്ഷപെടുന്നു..വിജയശ്രീലാളിതനായി പോക്കിരി റോബോ നായികയേയും വിളിച്ച് വീട്ടിലേക്ക് പോകുന്നു...ടൈറ്റിത്സ്..അല്ല തീർന്നില്ല ..പെട്ടെന്ന് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ റോബോ മാമൻ റീസൈക്കിൾ ബിന്നിൽ കിടന്ന ആ പഴയരഹസ്യം എല്ലാവരോടും വെളിപ്പെടുത്തുന്നു..കെട്ടിപ്പിടി...മാപ്പ് ചോദിക്കൽ....ശുഭം...
റോ-ബോട്ട് (കടത്തുകാരൻ) : അടൂർ ഗോപാലക്രിഷ്ണൻ.
വള്ളം തുഴയുന്ന (റോ- ബോട്ട് ) ഒരു കടത്തുകാരന്റെ വീക്ഷണകോണിലൂടെ മുതലാളിത്തത്തിന്റെ ഒരു ബിംബത്തിൽ നിന്നുകൊണ്ട് വിമോചന വിപ്ലവം വരുന്നുണ്ടോ.. ..വരുന്നുണ്ടോ....എന്ന് എത്തിനോക്കുകയാണ് ഇവിടെ സംവിധായകൻ..പടം തുടങ്ങി ഒരു പത്ത് മിനിറ്റ് താമസിച്ച് തിയറ്ററിലെത്തിലാലും മതി..അപ്പോഴും തിയറ്റർ ഇരുട്ടിലായിരിക്കും...കാരണം നേരം വെളുത്തുവരുന്നതേയുള്ളൂ...ചിവീടുകളും മാക്രികളും ഇടതടവില്ലാതെ കരയുന്നു....ദൂരെയേതോ അമ്പലത്തിൽ ഉടുക്ക് കൊട്ടുന്ന ശബ്ദം കേൾക്കുന്നു....ടുണ്ടു , ടൂണ്ടു ,ടുടു ടുണ്ടു , ടുഡു..
പതിനഞ്ച് മിനിറ്റായിട്ടും ഒരു പുഴയുടെ സൈഡിൽ വച്ചിട്ടുള്ള ക്യാമറ അനങ്ങുന്ന കോളില്ല...അപ്പോളതാ അങ്ങു ദൂരെ ഒരു വെളിച്ചം അടുത്തുവരുന്നു.....ഒരു ആരോ ചൂട്ടു കത്തിച്ചുകൊണ്ട് നടന്നുവരികയാണ്...ഏതാണ്ട് പത്ത് മിനിറ്റുകൊണ്ട് ആ വെളിച്ചം മുന്നിലെത്തി.. ഒന്നു നിന്നു...ബാബുനമ്പൂതിരി അവതരിപ്പിക്കുന്ന നായകകഥാപാത്രമാണത്...
പുഴയിലെ ഓളങ്ങളിലേക്ക് നിർമമനായി ഒറ്റത്തോർത്ത് മാത്രമുടുത്ത് നോക്കി നിൽക്കുന്ന കടത്തുകാരൻ ( ഇരുട്ടത്തായതുകൊണ്ടാ നമ്മള് കാണാഞ്ഞേ... )...
ബാബു നമ്പൂതിരി ( കടവിൽ നിന്നു കൊണ്ട് ) : രാമാ...വിപ്ലവം വന്നിരുന്നോ ?
അഞ്ച് മിനിറ്റ് നിശബ്ദ്ധത.....
കടത്തുകാരൻ: ഏ...?
വീണ്ടും അഞ്ച് മിനിറ്റ് നിശബ്ദ്ധത...
ബാ : വിപ്ലവം.....വന്നോ എന്ന്..
ക : ഇല്ല....
(ചീവീടുകൾ വീണ്ടും കരഞ്ഞുമറിക്കുന്നു..)
ബാബു നമ്പൂതിരി നടന്നകലുന്നു....ആ കാലുകൾ ക്ലോസപ്പിൽ..
സമയം നട്ടുച്ച 12 മണി...ഇല്ലത്തിന്റെ വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുന്ന നമ്പൂതിരി..മുറ്റത്ത് ഒറ്റമുണ്ട് മാത്രമുടുത്ത് നിലത്തേക്ക് നോക്കി കാര്യസ്ഥൻ എം.എൻ ഗോപകുമാർ നിൽക്കുന്നു...കണ്ണുകളിൽ വിഷാദഭാവം..
ബാ : ഉണ്ണിയിതുവരെ വന്നില്ല..അല്ലേ...
(കാക്കകൾ കരയുന്ന ശബ്ദം).
ഗോ: തീവണ്ടിയാപ്പീസിലും കടത്തിലും തിരക്കി...ഉണ്ണി വന്നില്ലമ്പ്രാ....
ബാ: എന്റെ ഉണ്യേ...ഈ കത്തിരിപ്പിന് ഒരവസാനമില്ലേ..
മുത്തശ്ശൻ (അകത്തുനിന്നും വിറയാർന്ന ശബ്ദത്തിൽ) : ഉണ്ണി....വന്നിട്ട്.. ഒന്ന് കണ്ണടച്ചാ മതിയായിരുന്നു...എന്റെ ശിവനേ....ഉണ്ണി വരാതെങ്ങനാ...?
ആരും അതിന് മറുപടി പറയുന്നില്ല...വീണ്ടും കാത്തിരിപ്പ്...
സന്ധ്യ ആയപ്പോഴേയ്ക്കും ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ശബ്ദം അടുത്തു വരുന്നു..മൂന്നുപേരും ആകാംക്ഷയോടെ പടിപ്പുരയിലേക്ക് നോക്കുന്നു...അതാ ഉണ്ണി വന്നിരിക്കുന്നു....
ഒരു മുഷിഞ്ഞ ജുബായും തോളത്തൊരു തുണി സഞ്ചിയും മുഖത്ത് ജീവിത വിരക്തിയും കണ്ണുകളിൽ പഴയ ഒരു കണ്ണാടിയും ഉള്ള ഒരു ചെറുപ്പക്കാരൻ...
ബാ (ചാടി എഴുന്നേറ്റുകൊണ്ട് ) : ഉണ്ണി..ഉണ്ണീയല്ലേ അത്....ഉണ്ണി വന്നു...എന്റെ ഉണ്യേ.....
(സന്തോഷസൂചകമായി വീണ മീട്ടുന്ന ബാക്ഗ്രണ്ട്സൌണ്ട്.. )
വടിയും കുത്തിപ്പിടീച്ചുകൊണ്ട് മുത്തശ്ശൻ ഉമ്മറത്തേക്ക് വരുന്നു...
ഗോപകുമാർ ആവേശത്തോടെ ഉണ്ണിയെ സ്വീകരിക്കുന്നു...
മുത്തശ്ശൻ: ഉണ്ണ്യേ ..നിന്നെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു...നീ വന്നല്ലോ..
(ഉടുക്കു കൊട്ടുന്ന ശബ്ദം മുറുകുന്നു... )
ഉണ്ണി (സഞ്ചിയിൽ നിന്ന് ഒരു ഫുൾബോട്ടിൽ മക്ഡവത്സ് ബ്രാണ്ടി എടുത്തു
നീട്ടിക്കൊണ്ട് ): “ പുല്ല്..രണ്ട് ദിവസമായി ക്യൂ നിൽക്കുന്നു..എന്നാ മുടിഞ്ഞ തിരക്കാ അവിടെ...ഇനി മേലാ ന്യൂഇയറിന് എന്നെ ബിവറേജി പറഞ്ഞുവിടരുത്,....ങാ...”
എല്ലാവരും സന്തോഷത്തോടെ കുപ്പിക്കു ചുറ്റും വട്ടത്തിലിരിക്കുന്നു...ഗോപകുമാർ ഓടിപ്പോയി ഗ്ലാസും വെള്ളവുമായി വരുന്നു...മുത്തശ്ശൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങുന്നു...
അപ്പോൾ ബാബു നമ്പൂതിരി: ഒഴിക്കാൻ വരട്ടെ...വിപ്ലവം വന്നില്ല...
എല്ലാവരും അന്യോന്യം നോക്കി...വിപ്ലവം വന്നില്ല..ഇനിയെന്തു ചെയ്യും...?
അപ്പോൾ ദൂരെ നിന്നും പടിപ്പുര ലക്ഷ്യമാക്കി കടത്തുകാരൻ ഓടി വരുന്നു..“ തമ്പ്രാ വിപ്ലവം വന്നു”
എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു...പൂമുഖത്തേക്ക് ഓടിക്കയറിയ കടത്തുകാരൻ മുണ്ടിന്റെ മടിക്കുത്തഴിച്ച് മൂന്നു പായ്ക്കറ്റ് ‘വിപ്ലവം അച്ചാറുകൾ’ അവരുടെ മുന്നിലേക്ക് വയ്ക്കുന്നു...
“ ഇത് തമ്പ്രാന് വിപ്ലവം നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ......ഇതെനിക്ക് വിപ്ലവം ചെമ്മീനച്ചാർ..”
അപ്പോൾ തുളവീണ ഒരു വെള്ളബനിയനുമിട്ട് അതുവഴി നടന്നു പോവുകയായിരുന്ന കരമന ജനാർദ്ദനൻ നായർ ഇത് കണ്ട് അവരെ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.... “ ഇവിടെ വിപ്ലവം വന്നേ....വിപ്ലവം വന്നേ..“ ...എന്നിട്ട് നടന്നകലുന്നു...സിനിമാ തീർന്നു...
.................................................................................ശുഭം........................................................................
..