Followers

Aug 15, 2011

കാർട്ടൂണുകൾ


പടക്കങ്ങൾ എന്നുമെന്റെ ഒരു വീക്ക്നെസ്സായിരുന്നു എന്ന് ഒരു സലിംകുമാർ കഥാപാത്രം പറയുന്നത് പോലെ തന്നെയാണ് എനിക്ക്  കാർട്ടൂണുകളും....അവയിൽ ഏറ്റവുമിഷ്ടപ്പെട്ട ചില കാർട്ടൂണുകൾ ഉണ്ട്...എത്ര തവണകണ്ടാലും മതിയാകാത്ത കഥാപാത്രങ്ങൾ...പണ്ട് രാജഭരണകാലത്ത്  പൂപ്പൽ പിടിച്ച കാർട്ടൂൺ കാസറ്റുകൾ കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കായി ഒരു ചാനലേ ഉണ്ടായിരുന്നുള്ളൂ.. Cartoon Network....രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെ കാർട്ടൂണുകളും..അതിനു ശേഷം TNT എന്ന ബ്ലായ്ക്ക്&വൈറ്റ് സിനിമകൾ കാണിക്കുന്ന ചാനലുമായിരുന്നു ഇത്...പിന്നീടവർ അത് 24 മണിക്കൂർ കാർട്ടൂണുകളാക്കി അപ്ഡേറ്റ് ചെയ്തു.

ഇന്ന് പോഗോ, നിക്കിളോഡിയൊൺ, ഡിസ്നി, അനിമാക്സ്, ഫോക്സ് കിഡ്, എബിസി തുടങ്ങി കുട്ടി ചാനലുകളുടെ പ്രളയമാണ്...ഞാൻ സ്ഥിരമായി കാണുന്നതും മനസ്സിൽ പതിഞ്ഞ് പോയതുമായ  ചില കാർട്ടൂണുകളുണ്ട്.. മെറി മെലോഡീസിന്റെ റിങ്ങ് ടോൺ മൊബൈലിൽ കേൾക്കുമ്പോൾ ഇന്നും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യാറുണ്ട്,..ഒരു നഷ്ടമാണോ എന്ന് തിരിച്ചറിയാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ..

1.Woody Woodpecker Show.
പേര് പോലെ തന്നെ ഒരു മരംകൊത്തിയാണ് നായകൻ..അഥവാ വില്ലനും....ക്രേസിയായി നടക്കുന്ന വൂഡി തന്റെ  ക്വിക്ക് റിയാക്ടിങ്ങ് സ്വഭാവം കൊണ്ട് ശത്രുക്കളെ ഒതുക്കുന്ന ലൈൻ തന്നെയാണ് ഇതിന്റെ കഥാതന്തു....സംഭാഷണത്തെക്കാളേറെ ആക്ഷൻ ബേസ്ഡ് സാധനമായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് ഇഷ്ടമാകും..

വൂഡി എന്ന കഥാപാത്രത്തിന്റെ ട്രേഡ്മാർക്കിലൊന്ന് “ ഹ ഹ ഹ ഹ" എന്ന       പ്രത്യേക ടോണിലുള്ള ചിരിയാണ്.1940ൽ ആൻഡി പാണ്ട എന്ന കാർട്ടൂണിലൂടെയാണ് വൂഡി എന്ന കഥാപാത്രം വെള്ളിത്തിരയിലെത്തുന്നത്.പാണ്ട കുടുംബത്തെ ശല്യപ്പെടുത്തുന്ന ഒരു ചൊറിയനായി അവതരിച്ച വൂഡി സ്മാർട്ട്നെസ്സ് കൊണ്ട് വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി.വൈകാതെ ABC ചാനലിലൂടെ അരമണികൂർ കാർട്ടൂണായി വുഡി വുഡ്പെക്കർ ഷോ അരങ്ങേറി...

2. Looney Tunes.

ഏറ്റവും പോപ്പുലറായ കാർട്ടൂൺ  ടോം&ജെറി കഴിഞ്ഞാൽ പിന്നെ തൊട്ടടുത്ത സ്ഥാനത്ത് വരുന്നത് ലൂ‍ണി ടൂൺ തന്നെ..കഥാഗതിയിലും നർമ്മത്തിലും പലപ്പോഴും തോമസ് പൂച്ചയെയും ജെറാൾഡ് എലിയെയും കടത്തിവെട്ടുന്ന ഒരുപിടി  കഥാപാത്രങ്ങളും ഇതിലുണ്ട്...ആദ്യം മനസ്സിൽ വരുന്നത് എങ്ങനെ വീണാലും നാല് കാലിൽ വന്നുനിൽക്കുന്ന Bugs Bunny എന്ന ക്രേസി മുയൽ തന്നെ...Ehh , wats up Doc?... Of course you know..This means War...ഇവയാണ്  ബണ്ണീയുടെ പ്രശസ്ത ഡയലോഗുകൾ..

പിന്നെ മുകളിൽ കൂടി പോകുന്ന അടി ഏണീ വച്ചു കയറി മേടിക്കുന്ന 
Daffy Duck.

Porky Pig - സുന്ദരനായ മാന്യനായ ഒരു പന്നിക്കുട്ടി.

Silvester  - കഷ്ടകാലം പിടിച്ച ഒരു കറമ്പൻ പൂച്ച,

Tweety   - ഒരു മഞ്ഞ കാനറി പക്ഷീ, ഇതിനെ പിടിച്ചു തിന്നുക എന്നതാണ് സിൽവെസ്റ്ററിന്റെ 
ജീവിതാഭിലാഷം.

Granny - സിൽ വസ്റ്ററിന്റെം ട്വീറ്റിയുടെയും പിന്നെ ബോക്സർ പട്ടിയെയും വളർത്തുന്ന പാവം അമ്മച്ചി...ഇപ്പോൾ വീട്ടിൽ അമ്മച്ചി മാത്രമേയുള്ളൂ..

Yosemite Sam - ഇന്നെവിടെ പ്രശ്നമുണ്ടാക്കാം എന്ന് അന്വേഷിച്ച് നടക്കുന്ന ഒരു ഷോർട്ട് ടെമ്പേർഡ് കൌബോയ്..

Speedy Gonzales - മെക്സിക്കൻ സ്വദേശിയായ കുട്ടി എലി, മിന്നൽ പോലത്തെ സ്പീഡാണ്,,

Elmer Fudd - മുതലാളിത്തത്തിന്റെ പ്രതീകം...കൊച്ചുമുതലാളിയായിട്ടാണ് മിക്ക കഥകളിലും.

Tasmanian Beast - എപ്പഴും കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന ആക്രാന്തക്കാരനായ ഒരു പാവം 
ഭീകരസത്വം...തുടങ്ങി 20 ഓളം വ്യത്യസ്ഥത പുലർത്തുന്ന കഥാപാത്രങ്ങളുടെ കോമ്പിനേഷനുകളിൽ വിരിയുന്ന കഥയാണ് ലൂണി ടൂൺസ്..ഇതിൽ സിൽവസ്റ്ററിന്റെ കഥ വേറെ കാർട്ടൂണായും ഉണ്ട്..
ലൂണി ടൂണിനെ പിൻപറ്റി ബേബി ലൂണി ടൂൺസ് എന്ന കാർട്ടൂൺ കൂടി വാർണർ ബ്രോസ് ഉണ്ടാക്കിയിട്ടുണ്ട്..ഇതേ കഥാപാത്രങ്ങൾ  കുട്ടികളായ അവസ്ഥയിൽ ഉള്ള കഥയാണത്.അത് ഒട്ടും അക്രമാസക്തമല്ല...തീരെ പൊടിപ്പുള്ളാർക്ക് വേണ്ടിയുള്ളതാണ്,..

3.The Road Runner Show.
മരുഭൂമിയിൽ താമസിക്കുന്ന റോഡ് റണ്ണർ എന്ന അതിവേഗം ബഹുദൂരം സ്പീഡിൽ ഓടുന്ന പക്ഷിയെയും അതിനെ പിടിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച കൊയോട്ട എന്ന ചെന്നായയുടേയും കരളലിയിപ്പിക്കുന്ന കദനകഥയാണ് റോഡ് റണ്ണർ ഷോ..ചില കാർട്ടൂണുകളിൽ ലൂണി ടൂണീലെ കഥാപാത്രങ്ങൾ അപൂർവമായി കടന്ന് വരാറൂണ്ടെന്നുള്ളത് ഒഴിച്ചാൽ പ്രധാനമായും ഇതിൽ ഇവർ രണ്ട് പേരും മാത്രമാണ് ഉള്ളത്.

നിലം തൊടാതെ പാഞ്ഞ് പോകുന്ന റോഡ്റണ്ണറിനെ പിടിക്കാൻ അന്താരാഷ്ട്ര രീതിയിൽ കെണിവയ്ക്കുകയും അത് അതിശക്തമായി വച്ച കൊയോട്ടക്ക് തിരിച്ചടിക്കുകയും ചെയ്യുന്നതാണ് പ്രധാന കഥാഗതി.

4.The Popeye Show .
 ഇതൊരു ത്രികോണ പ്രണയകഥയാണ്..പോപ്പോയ് എന്ന നാവികൻ നായകനും ബ്രൂട്ടസ് അഥവാ ബ്ലൂട്ടോ എന്ന തടിയൻ വില്ലനായും ഉള്ള കഥ...ഒലിവ് ഓയൽ എന്ന പെൻസില് പോലത്തെ പെണ്ണിന്റെ പുറകെ നടക്കുകയാണ് ഇവർ രണ്ട് പേരും..പരസ്പരം വയ്ക്കുന്ന പാരകളും അതിനെ തുടർന്നുണ്ടാകുന്ന നർമ്മ രംഗങ്ങളുമാണീ സീരീസിന്റെ കാതൽ.

പ്രധാന കഥാപാത്രങ്ങളായ ഇവരെ കൂടാതെ വിമ്പി  എന്ന ബർഗർ തീറ്റക്കാരൻ, പോപ്പോയുടെ 4 അനന്തരവന്മാർ സ്വീപി എന്ന അനന്തരവൾ കുഞ്ഞ്  എന്നിവരും ഉണ്ട്.ഒലിവ് മിക്കപ്പോഴും പോപ്പോയോട് സ്നേഹം ഭാവിക്കുന്നുണ്ടെങ്കിലും നിയതമായി അവൾ ആരെ പ്രണയിക്കുന്നു എന്ന് വ്യക്തമാക്കുന്നില്ല..പലപ്പോഴും ചഞ്ചലചിത്തയായ ഒരു വിവരംകെട്ട പെണ്ണായാണിവൾ ഇതിൽ കാണപ്പെടുന്നത്...കഥാഗതി എപ്പോഴും മാറ്റുന്നത് പോപ്പോയുടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള സ്പിനിച്ച് പാട്ടയാണ്..

മിക്കപ്പോഴും ബ്ലൂട്ടോയുടെ ചതിയിൽ പെട്ട് പോപ്പോയ് കുടുങ്ങിപ്പോവുകയും..രക്ഷയില്ലാതെ വരുന്ന സന്ദർഭത്തിൽ പോപ്പോയ് ഇതെടുത്ത് തിന്നുകയും തുടർന്ന് അതിമാനുഷിക ശക്തി കിട്ടുകയും വില്ലന്മാർ അടി കൊണ്ട് പടമാവുകയും ചെയ്യുന്നതാണ് ക്ലൈമാക്സ്...ബ്ലൂട്ടോ അടിസ്ഥാനപരമായി ഒരു മണ്ടനായതിനാൽ മിക്കപ്പോഴും പെണ്ണ് വളഞ്ഞ് വരുന്ന സന്ദർഭത്തിൽ ആക്രാന്തം മൂത്ത് കയറിപിടിക്കാനും മറ്റും ശ്രമിക്കുകയും അതോടെ ഒലിവ് കയറി നിലവിളിക്കുകയും സിറ്റുവേഷൻ കൊളമാവുകയുമാണ് പൊതുവെ ചെയ്യുന്നത്..
5.Heidi, Girl of Alps.
സ്വിസ്റ്റർലന്റിലെ ആൽപ്സിന്റെ  താഴ്വരയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് വയസ്സുകാരിയാണ് ഹെയ്ദി...ഇത് 52 എപ്പിസോഡുകളുള്ള ഒരു സമ്പൂർണ്ണ കഥയാണ്..കാർട്ടൂൺ നെറ്റ് വർക്കിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഇതിലെ  അച്ഛനും അമ്മയും മരിച്ചു പോയ ഹെയ്ദിയെ വളർത്തുന്നത് അവളുടെ അപ്പൂപ്പനാണ്.പുള്ളിയാകട്ടെ മലഞ്ചെരുവിലുള്ള  ഒരു  വീട്ടിൽ ഏകാന്തവാസത്തിലാണ്.കൂട്ടിന് ഒരു സെയ്ന്റ്.ബർണാഡ് നായയും ..

അവൾക്ക് കളിക്കൂട്ടുകാരനായി കിട്ടിയത് പീറ്റർ എന്ന ആട്ടിടയൻ കുട്ടിയും..അധികം വൈകാതെ ഹെയ്ദി ഗ്രാമനിവാസികൾക്ക് പ്രിയപ്പെട്ടവളായിത്തീരുന്നു..അവിടുന്നങ്ങോട്ട് നാടകീയമായ സംഭവവികാസങ്ങളോടെ നീങ്ങുന്ന കഥയിൽ ഹെയ്ദി അവളുടെ ആന്റി വഴി ഒരു കോടീശ്വരന്റെ മകളും വികലാംഗയുമായ  ക്ലാരയുടെ കളിക്കൂട്ടുകാരിയായി  ജർമ്മനിയിലെത്തുന്നു...എന്നാൽ ഗ്രാമീണയായ അവൾക്ക് പട്ടണത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട് പോകാൻ ആകുന്നില്ല...

ഹോം സിക്നെസ്സ് കൊണ്ടവൾ തളരുന്ന സന്ദർഭത്തിൽ ഡോക്ടറുടെ ഉപദേശകപ്രകാരം അവളെ തിരിച്ച് സ്വിസ്വിലെത്തിക്കാൻ തീരുമാനമാകുന്നു..എന്നാൽ ഹെയ്ദിയിൽ നിന്നും ആ മനോഹര ഗ്രാമത്തെപ്പറ്റി കേട്ടറീഞ്ഞ ക്ലാരയും കൂടെ പോകാൻ നിർബന്ധം പിടിക്കുന്നു..അങ്ങനെ ക്ലാരയും അവളുടെ ബട്ലറും മറ്റുമായി ഗ്രാമത്തിലെത്തുകയും അവിടുത്തെ ചികിത്സ കൊണ്ട് ക്ലാരയുടെ അസുഖം ഭേദമാവുകയും  ചെയ്യുന്നു...പീറ്ററും ഹെയ്ദിയും വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു..

മനോഹരമായ പ്രക്യതിഭംഗിയും അതിനോട് ചേർത്ത് വയ്ക്കാൻ നിഷ്കളങ്കമായ ഒരു കഥയും പറയുന്ന ഹെയ്ദി അല്പം കൂടി ഡ്രമാറ്റിക് ആയതിനാൽ കുറച്ച് കൂടി മുതിർന്ന കുട്ടികൾക്കാവും ഇഷ്ടപെടുക.

6.Mr.Bean Animated.
Mr.Bean എന്ന ലെജൻഡിന്റെ അനിമേറ്റഡ് രൂപം....മറ്റുള്ളവയെ അപേക്ഷിച്ച് വളരെ പുതിയ കാർട്ടൂണാണിത്..എന്നാൽ ഒർജ്ജിനൽ ബീൻ സീരീസിനെ കടത്തിവെട്ടുന്ന രംഗങ്ങളാൽ സമ്പുഷ്ടം...ഇതിൽ ബീനിന്റെ ലാൻഡ് ലോർഡായി എത്തുന്ന ഭീകരിയായ അമ്മച്ചിയും അമ്മച്ചി വളർത്തുന്ന പൂച്ചയുമാണിതിലെ  പ്രധാന ആഡഡ് കഥാപാത്രങ്ങൾ.ബാക്കിയെല്ലാം സീരിയൽ ബീനിലെ കഥാപാത്രങ്ങൾ തന്നെ...
കാർട്ടൂണായതിനാൽ അല്പം അതിഭാവുകത്വം നിറഞ്ഞ കഥാരീതിയാണിതിൽ അവലംബിച്ചിരിക്കുന്നത്..എങ്കിലും തീർത്തും വ്യത്യസ്ഥമായ ആസ്വാദ്യകരമായ ഒരനുഭവമാണ്..

7.Courage The Cowardly Dog.
 താരതമ്യേന കറുത്ത നർമ്മം ഉപയോഗിച്ചിരിക്കുന്ന കാർട്ടൂണാണിത്..ഒറ്റപ്പെട്ട ഒരു വീട്ടിൽ താമസിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും അമ്മൂമയുടെ പെറ്റായ കറേജ് എന്ന പട്ടിയുമാണിതിലെ പ്രധാന കഥാപാത്രങ്ങൾ..അപ്പൂപ്പന് കറേജിനെ കണ്ണെടുത്താൽ കണ്ടുകൂട...എന്നാൽ അമ്മൂമ്മയെ ഭയന്ന് എല്ലാം അടക്കിപ്പിടിച്ചിരികുകയാണ് ടിയാൻ..

പേര് കറേജ് എന്നാണെങ്കിലും ഒരിലയനങ്ങിയാൽ അവിടെ വീണ് ചാകുന്ന ധൈര്യത്തിനുടമയാണ് കറേജ്.എങ്കിലും പലതരം വിചിത്രമായ പ്രശ്നങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ധൈര്യം സംഭരിച്ച് അവരെ രക്ഷിക്കുന്നതും കറേജ് തന്നെയാണ്...അന്യഗ്രഹജീവികൾ വരെ ഇതിൽ ഇവരുടെ ശത്രുക്കളായി എത്തുന്നുണ്ടിതിൽ.

8.Harvey Toons Show.
 വകയിൽ ടോം&ജെറിയുടെ അളിയന്മാരായിട്ട് വരുന്ന ഹെർമൻ പൂച്ചയുടെയും കാറ്റ്നിപ്പ് എന്ന എലിയും പിന്നെ ക്യാസ്പർ എന്ന ഭൂതവും ഒക്കെച്ചേരുന്ന ലൂണിടൂൺ വകഭേദം എന്ന് വേണമെങ്കിൽ പറയാം..മികച്ച നിലവാരം പുലർത്തുന്ന ഹാർവി ടൂൺ 1950കളിൽ തുടങ്ങിയ കാർട്ടൂണാണ്..


9.Oggy and The Cockroaches.
പൊട്ടിച്ചിരിയുടെ നോൺസ്റ്റോപ്പ് ഷോയാണ് ഊഗി & ദ കോക്രോച്ചസ് ..ഓഗി എന്ന മാന്യനും സൽ സ്വഭാവിയുമായ പൂച്ചയാണിതിലെ നായകൻ...ഊഗിയുടെ വീട്ടിൽ താമസിക്കുന്ന മൂന്ന് പാറ്റകളാണിതിലെ വില്ലന്മാർ...കട്ട് തിന്ന് എല്ലിന്റിടയിൽ കയറിയ ഇവർ മൂന്നു പേരും ഊഗിയെ ശല്യപ്പെടുത്തുന്നതോടെയാണ് മിക്കപ്പോഴും പ്രശ്നങ്ങൾ ആരംഭിക്കുന്നത്..വെറും 7 കഥാപാത്രങ്ങളെ ഇതിലുള്ളൂ..

ജായ്ക്ക് എന്ന ഓഗിയുടെ കസിൻ പൂച്ച, ബോബ് എന്ന അയൽക്കാരൻ പട്ടി, മോണിക്ക എന്ന ഓഗിയുടെ സഹോദരി....നിക്കിളോഡിയോണിലാണ് ഈ സീരീസ് വരാറുള്ളത്..ഒരിയ്ക്കൽ കണ്ട് തുടങ്ങിയാൽ അഡിക്ഷനാകും എന്നതിൽ സംശയമില്ല...

11.The Pink Panther show.
ഇല്ലോജിക്കൽ നർമ്മത്തിന്റെ ആശാനാണ് പിങ്ക് പാന്തർ.പ്രധാനമായും ഇതിൽ പിങ്ക് പാന്തറിനെ പിന്തുടരുന്ന ഒരു ഡിറ്റക്ടീവും ഉണ്ടാകും..പിന്നെ ഒരു പട്ടി,  ഒരു ഉറുമ്പും ഉറുമ്പ്തീനിയും ആണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ....എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഫിസിക്സിന്റെ നിയമങ്ങൾക്ക് എതിരായിട്ടാണെങ്കിലും പിങ്ക് പാന്തറിന് ഒരു പോറല് പോലും പറ്റാറില്ല...അതീവ ബുദ്ധിമാനായ ഡിറ്റക്ടീവ് മിക്കപ്പോഴും അടിപ്പെട്ട് കിടക്കുന്നതും കാണാം...ഒരു നിയതമായ കഥയ്ക്കപ്പുറം സിറ്റുവേഷൻ കോമഡിക്കാന് പിങ്ക്പാന്തർ പ്രാധാന്യം നൽകുന്നത്.

ഡെക്സ്റ്റേഴ്സ് ലാബ്, പവർപഫ് ഗേൾസ്, മിക്കി മൌസ്, ഡോണാൾഡ് ഡക്ക് , പ്ലൂട്ടോ പട്ടി, ജോണി ബ്രാവോ എന്ന പൂവാലൻ, പോക്കി മോൺസ് , ജോണി ക്വസ്റ്റ്, സ്വാറ്റ് ക്യാറ്റ്സ്, ബാറ്റ് മാൻ, സ്പൈഡർ മാൻ, ബെൻ-10, സിംസൺസ്, പവർ റേഞ്ചേഴ്സ് തുടങ്ങിയ ഒരുപിടി കാർട്ടൂണുകൾ കാണാറുണ്ടെങ്കിലും അവയൊന്നും തന്നെ ഇതിനൊപ്പം എടുത്ത് വയ്ക്കാൻ തക്ക ആസ്വാദ്യകരമായി തോന്നിയിട്ടില്ല..ഡൊണാൾഡ് ഡക്ക് ഒകെ ഭേദമാണ് എങ്കിലും ഭയങ്കര സംഭവം ഒന്നുമല്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്..പിന്നെ റിച്ചി റിച്ച് , സ്കൂബി ഡൂ, ഫ്ലിന്റ് സ്ടോൺസ് എന്നിവയിലെ ചില എപ്പിസോഡുകളും ചുമ്മാ കാണാൻ കൊള്ളാം..

എന്നാൽ ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥ തന്നെയാണ് പുതിയകാലത്തെ കാർട്ടൂണുകൾക്കും സംഭവിച്ചിരിക്കുന്നത്...ടോം&ജെറിയുടെ ക്ലാസിക് എപ്പിസോഡുകൾ ഫ്രെഡ് ക്വംബി എന്ന പ്രൊഡ്യൂസറുടേതാണ്..ഇതിയാനാണ് നമ്മളിന്ന് ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ടൊമിനെയും ജെറിയെയും ഉണ്ടാക്കിയത്...പിന്നെ വരുന്നത് ചക്ക് ജോൺസ് ...മൂപ്പരാകട്ടെ ടോം&ജെറിയിൽ ആവറേജ് ആണെങ്കിലും മറ്റ് കാർട്ടൂണുകൾ ഭയങ്കരമായി നിർമ്മിച്ചുകളഞ്ഞു..

ഇന്ന് ചാനലുകളിൽ വരുന്ന നർമ്മം ക്യത്യമമായി സ്യഷ്ടിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന ചില കാർട്ടൂണുകൾ ഉണ്ട്..ടോം&ജെറിയുടെ പേര് കളയാനായി പുതിയകാലത്തിന്റെ വരപ്പിസ്റ്റുകളും തിരക്കഥാക്യത്തുക്കളും സ്യഷ്ടിച്ചെടുത്ത ടോം&ജെറി ടെയ്ല്സും  ടോം&ജെറി കിഡ്സും ഒക്കെ കണ്ടാൽ പിന്നെ ജീവിതത്തിൽ കാർട്ടൂണുകളെ വെറുക്കാൻ പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യണ്ട.

.....
Related Posts Plugin for WordPress, Blogger...