Followers

Nov 16, 2010

ഒരു കുംഭഭരണിയുടെ ഓർമ്മയ്ക്ക്അന്ന് മാർച്ചുമാസത്തിലെ ഒരു ബുധനാഴ്ചയായിരുന്നു.അതിലുപരി അന്ന് ഓണാട്ടുകരയുടെ സ്വന്തം ഉത്സവമായ,  ഗിന്നസ് റെക്കോഡ് വരെ സ്വന്തമായുള്ള  കുംഭ ഭരണികൂടിയായിരുന്നു...നാട്ടിലെ സകലമാന പിള്ളേരും പെണ്ണുങ്ങളും  അവരുടെ ഭർത്താക്കന്മാരും അമ്മൂമ്മമാരും അപ്പൂപ്പന്മാരും ചേച്ചിമാരും ചേട്ടത്തിമാരും അച്ചായന്മാരും ഉൾപെടെ ആബാലവ്രിദ്ധം ജനങ്ങളും തങ്ങളൂടെ സകലമാന കാര്യങ്ങളും  മാറ്റിവെച്ചിട്ട് അഞ്ച്ബാറ്ററി എവറെഡി ടോർച്ചുമായി പാടവും കനാലും താണ്ടി നടന്നുവന്ന് രാത്രി വൈകുംവരെ  കെട്ടുകാഴ്ചകൾ കണ്ടുകൊണ്ട് അമ്പലത്തിൽക്കിടന്ന് കറങ്ങുന്ന ദിവസം..ജില്ലയ്ക്ക് പൊതു അവധി ലഭിക്കുന്ന ദിവസം.

ആൾക്കൊന്നിന് രണ്ട്പോലീസ് എന്ന കണക്കിൽ ചറപറാ  വിതറിയിരിക്കുന്ന പോലീസുകാർ.ഒരാൾപ്പൊക്കമുള്ള ലാത്തിയിൽ കൈകളൂന്നിക്കൊണ്ട് കൊച്ചുവർത്തമാനങ്ങളൂം പറഞ്ഞ് കൊതുകിനേയും കൊന്ന് എല്ലാവർഷവു ഈ ദിവസം മുടങ്ങാതെ നടക്കുന്ന കൂട്ടയടിയെ പ്രതീക്ഷിച്ച് അങ്ങിങ്ങായി  നിൽക്കുന്നതും കാണാം...

പത്ത് മീറ്റർ ഇടവിട്ട് തട്ടടിച്ചിട്ടുള്ള  കട്ടൻകാപ്പി, സോഡ & ഒഴിച്ചുകൊടുപ്പ് ,  ചാർസൌബീസ് , പാൻപരാഗ്, തുളസി  കച്ചവടക്കാർ ബിസിനെസ്സ് കൊഴുപ്പിക്കുന്നു..

അങ്ങ് ദൂരെ മാറി തെങ്ങിന്തോപ്പിൽ പെട്രോമാക്സിന്റെ  വെള്ളിവെളിച്ചത്തിൽ കുലുക്കിക്കുത്ത്, കറക്കിക്കുത്ത്, മുച്ചീട്ടുകളി, ആനമയിലൊട്ടകംകുയില്ഫയൽമാൻ തുടങ്ങിയ കേരളത്തിന്റെ തനതായ  കലാരൂപങ്ങൾ അരങ്ങേറുന്നു..

ഷാപ്പായ ഷാപ്പും ബാറായ ബാറും കടയായ കടകളും നേരം വെളുക്കുന്നിടം വരെ നിരന്തരമായി വർക്ക് ചെയ്യുന്ന ദിവസം കൂടിയാണന്ന്.ഓണാട്ടുകരക്കാർക്ക് വർഷത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ആഖോഷം.. ഓണത്തെ വെല്ലുന്ന തിരക്കാണന്ന് ബിവറേജ്ജിലൊക്കെ...സോഡാ , പ്ലാസ്റ്റിക് ഗ്ലാസ് , പാക്കറ്റച്ചാർ തുടങ്ങിയ അവശ്യവസ്തുക്കൾ  ചൂടപ്പം പോലെ ചിലവാകുന്ന സമയം...

നാട്ടിലെ സകലമാന യുവജന മോട്ടർസൈക്കിളൂകളും ട്രിപ്പിളടിച്ച് നിരന്തരം തെക്കുവടക്ക് പായുന്ന ദിവസം.നിയമപരമായി അന്ന് ചെക്കിംഗുകളില്ല എന്നാണ് വയ്പ്..വെള്ളമടിച്ച് വണ്ടിയോടിക്കൽ & ട്രിപ്പിൾ & ഫോർപ്പിൾ സഞ്ചാരം ഇൻ വൺ ബൈക്ക് എല്ലാമന്ന് സർവ്വ സാധാരണം...എല്ലാവരും  ആഖോഷലഹരിയിലാകുന്ന ദിനം..

സോൾ  ഗഡികൾ അഞ്ചുപേരുമായി  വൈകിട്ട് വിശാലമായ റബറുംതോട്ടത്തിന്റെ ശീതളിമയിലിരുന്നു, കുന്നുമ്പുറത്തെ രാജീവേട്ടന്റെ അപ്പൂപ്പന്റെ മിലിട്ടറി ക്വോട്ടായിൽ നിന്നും പൊന്നും വില കൊടുത്തുവാങ്ങിയ രണ്ട് ഫുൾ ത്രിഗുണൻ ( XXX ) ദി ങ്ങനെ ആണുങ്ങളേപ്പോലെ സാമ്പ്രദായിക രീതിയിൽ നാരങ്ങാ അച്ചാറും ചേർത്ത് ഫീഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയം..

ഇത് തീർത്തിട്ട് വേണം രാത്രിയിൽ അമ്പലത്തിൽ നടക്കുന്ന കെട്ടുകാഴ്ചയിൽ പങ്കെടുക്കാൻ..പറ്റുമെങ്കിൽ നാട്ടിലെ ബിബിസിയായ എ.സി.വിയുടെ ഉത്സവം ലൈവിൽ ഇടിച്ചുകേറി ഉത്തരവാദിത്വമുള്ള  ഭക്തജനങ്ങൾ എന്ന നിലയിൽ ഒരിന്തർവ്യൂവും തരപ്പെടുത്തണം..പാവങ്ങളും ടിവിയിലൊക്കെ ഒന്നു വരട്ടെ...അതുകഴിഞ്ഞിട്ട് രാവണവധം ബാലെയുമുണ്ട്..അതും കാണണം..സീതയായി അഭിനയിക്കുന്ന സൂപ്പർനടി ഓച്ചിറ പുഷ്പലതയുടെ ഒരു ഓട്ടോഗ്രാഫും പറ്റുമെങ്കിൽ വാങ്ങണം..വൈകിട്ടത്തെ പരിപാടികൾ അവിടെവച്ച് ചാർട്ട് ചെയ്യപ്പെട്ടു..

 കലാഭവൻ മണിയുടെ നാടൻ പാട്ടിന്റെ അകമ്പടിയോടെ ഫുള്ളൊരെണ്ണം കാലിയായതോടെ ബൈക്കിനുമോളിൽ  കഴുകി ഉണക്കാനിട്ട മുണ്ടു പോലെ കമിഴ്ന്നുവീണ ഞാൻ തലയുംകുത്തിക്കിടന്ന് പഴയകാര്യങ്ങൾ ഓർക്കാൻ തുടങ്ങി...ഒരു ഗ്രീക്ക് വീരനായകന്റെ (ഹെർക്കുലീസ് റം ) പേരുള്ള സാധനമായതിനാലാകാം പെട്ടെന്നുതന്നെ അവളെപ്പറ്റി എനിക്കോർമ്മവന്നു..കൂടെ കുറേ ധൈര്യവും..

“ അളിയാ ..അവളെന്നെ ചതിച്ചിട്ട് ഇന്നേയ്ക്ക് മുപ്പത്തിനാല് ദിവസങ്ങളാകുന്നു...വഞ്ചകി...ഞാൻ
ഫിറ്റായിട്ടുപറയുവല്ല..എനിക്കിന്നവളോട് പ്രതികാരം ചെയ്യണം..എനിക്കിനിയൊരു ജീവിതമില്ല...ജീവിതത്തിലൊരു പെണ്ണിനേം ഇനി വിശ്വസിക്കത്തുമില്ല...സത്യം സത്യം സത്യം...”

സ്ഥിരം യുവജന വെള്ളമടി സഭകളിൽ കേൾക്കാറുള്ള അതേ ഡയലോഗ് തന്നെയായിരുന്നു എന്റെ വായിലും അന്ന് വന്നത്..

വാളിനു പകരം വാക്കുകൾ എന്റെ വായിൽ നിന്നും വരുന്നതുകണ്ട സുഹ്രിത്തുക്കൾ ഞെട്ടി..
അല്ലേ വേണ്ട ഞെട്ടിയില്ല..അവന്മാരിത് ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ..

“..ഠിൽ........”...............

ശബ്ദം കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി..ഭാഗ്യം പൊട്ടിയത് കാലിക്കുപ്പിയാണ്.. അത് കല്ലിലെറിഞ്ഞ് പൊട്ടിച്ചത് പഴയൊരു ദുരന്ത ലവ് സ്റ്റോറിയിലെ നായകനായ അനൂപും..

 “ വിടരുതളിയാ അവളെ...അവടെ മുഖത്തുനോക്കി നാലു വർത്തവാനം പറയണം..ആണൂങ്ങടെ വിലയെന്താണെന്ന് അവളിന്നറിയണം...ധാർമ്മിക രോഷം അടക്കാൻ വയ്യാതെ അവൻ പറഞ്ഞു..അതെ എതിരില്ലാത്ത ആ പ്രമേയം അവിടെ പാസ്സായി..
ധൈര്യം ചോർന്നുപോയാലും അതിനൊരു തടയിടാനായി ബാക്കി കുപ്പിയുടെ മുക്കാലോളം തീർത്ത് ഞങ്ങൾ  ബൈക്കാരൂഡരായി ..

രമണൻ, വേണുനാഗവള്ളി,റോമിയോ,സൂപ്പർമാൻ തുടങ്ങി എനിക്കു മുൻപേ ഗമിച്ച നിരാശാകാമുകന്മാരെ മനസ്സിൽ ധ്യാനിച്ച് ഞാൻ സ്വിച്ചമർത്തി..ഒരു വന്യമായ മുരൾച്ചയോടെ  ആ ചോരക്കളർ പൾസർ സ്റ്റാർട്ടായി..
കേറടാ വണ്ടിയിൽ..അനൂപു ചാടി വണ്ടിയിൽക്കയറി..ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു..

പധുക്കോ...
തൊട്ടടുത്ത ചെറിയ റബറുകുഴിയിലേക്ക് ഞങ്ങൾ ബൈക്കിനൊപ്പം സേഫ് ലാൻഡുചെയ്തു..
ഭാഗ്യത്തിന് ഒരു ഇൻഡിക്കേറ്റർ ഒടിഞ്ഞതൊഴിച്ചാൽ കാര്യമായൊന്നും വണ്ടിക്ക് പറ്റിയില്ല...പോളിടെക്നിക് പഠിക്കാത്തതിനാൽ ആ യന്ത്രം അങ്ങനെ പെരുമാറിയത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല...ഇൻഡിക്കേറ്ററില്ലാത്തതിനാൽ ഞങ്ങളുടെ ഒന്നും ഒടിഞ്ഞുമില്ല.

ഈ വണ്ടി ഫിറ്റാന്നോടാ..ഇവന്റെ ടയർ നിലത്തുറയ്ക്കുന്നില്ലല്ലോ..കുഴിയിൽ റിലാക്സഡായീക്കിടന്ന് അന്നുപെന്നോട് ചോദിച്ചു..

ഒരു വിധം ഞങ്ങളെല്ലാരും കൂടി വണ്ടി കരയ്ക്കുകയറ്റി..നീയിനി ഓടിക്കണ്ട എന്ന ഉപദേശം ശിരസ്സാ വഹിച്ച് ഞാൻ സ്റ്റഫ് ചെയ്ത സാൻഡ്വിച്ച് പോലെ സീറ്റിന്റെ നടുക്ക് ഞെരുങ്ങിയിരുന്നു..പോളിടെക്നിക്കിനു പഠിക്കുന്ന നിതിൻ വണ്ടിയെടുത്തു..യന്ത്രങ്ങളൂടെ പ്രവർത്തന രീതികൾ അവനല്ലേ അറിയത്തുള്ളൂ..

രാത്രിയെ സാക്ഷിയാക്കി കരിയിലകളെ ഞെരിച്ചമർത്തിക്കൊണ്ട് രണ്ട് ബൈക്കികളില്ലായി അഞ്ചുപേർ ആ നിഗൂഡമായ റബറുംതോട്ടത്തിൽ നിന്നും അവളുടെ വീട് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു..ഒരു കോട്ടയം പുഷ്പനാഥ ലൈനിൽ...യേത്..

പത്തിരുപത് മിനുറ്റുകൊണ്ട് അമ്പലത്തിനടുത്തെത്തി..റോഡിലെങ്ങും സാമാന്യം തിരക്കുണ്ട്..വണ്ടി പാർക്ക് ചെയ്യാൻ പോയിട്ട് നിൽക്കാൻ കൂടി റോഡ്സൈഡിൽ സ്ഥലമില്ല..പതിവുപോലെ ഉത്സവ ദിനങ്ങളിൽ  നാട്ടിൽ കറണ്ടില്ല..വഴിയിൽ കത്തിനിൽക്കുന്ന വാഴപ്പിണ്ടിവിളക്കുകളുടെ വെളിച്ചത്തിൽ ഒരു വള്ളപ്പാടകലം ദൂരെ ഗേറ്റിൽച്ചാരി  സഖിമാരോടോപ്പം നിന്ന് കത്തിവയ്ക്കുന്ന അവളെ ഞാൻ കണ്ടു .വണ്ടി ആൽത്തറയുടെ അരികിൽ സ്റ്റാൻഡിലിട്ടിട്ട് നോക്കാൻ കൂട്ടുകാരെ ഏൽ‌പ്പിച്ചു..

പോടാ... പോയി അവടെ മുഖത്തുനോക്കി നാലു വർത്തമാനം പറ..ചെല്ല്...അവരെന്നെ തള്ളിവിട്ടു..
ഉറച്ച കാല്വയ്പുകളോടെ ഞാൻ അവൾക്കരികിലേക്ക് നടന്നടുത്തു..പറയാനുള്ള ഡയലോഗുകൾ ഒരാവർത്തി മനസ്സിലിട്ട് മനനം ചെയ്തു..

ഒരിടിമുഴക്കം പോലെ ഞാൻ വിളിച്ചു..എടീ പ്രിയേ...
ഒരു നിമിഷം പ്രിക്രിതി നിശ്ചലമായി.....കത്തിക്കൊണ്ടിരുന്ന കൽവിളക്കുകളിലെ നാളങ്ങൾ ഒന്നു മിന്നിക്കത്തി..നിക്വാരഗ്വേയിലെവിടെയോ ഒരു വെള്ളിടി മുഴങ്ങി..

അവൾ തിരിഞ്ഞ് നോക്കി..അൺ എക്സ്പെക്ടഡായി ചെകുത്താനെ കണ്ട മാലാഖയേപ്പോലെ അവളൊന്ന് ഞെട്ടി..നീ ...യെന്താ ഇവിടെ..

ഒന്നിങ്ങു വന്നേ...എനിക്കൊന്നു സംസാരിക്കണം..

പോണീ..ഞാൻ പറഞ്ഞല്ലോ..കഴിഞ്ഞതെല്ലാം മറക്കുക..നമുക്ക് നല്ല ഫ്രൺസായി തുടരാം..എനിക്കിനിയൊന്നും കേൾക്കണ്ട..അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി..

നീയില്ലെങ്കിലും എനിക്കൊന്നുമില്ലെടീ...എടീ ആണുങ്ങളൂടെ വിലയെന്താ.....ണ...ന്ന്...നീ...മ...ന..സ്സി..
.....................
പറയാൻ വന്ന ഡയലോഗ് ആ മനോഹര കാഴ്ച കണ്ട്  സ്ലോമോഷനിൽ കട്ടായി നിന്നു ...

ഹായ് പ്രിയാ......നിന്നെ അമ്മ വിളിക്കുന്നു..
എന്നു..  വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ഒരപ്സരസിനെപ്പോലെ പ്രിയയുടെ വീട്ടിൽ നിന്നും ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു..

“..........മാടപ്രാവേ വാ..ഒരു കൂടു കൂട്ടാൻ വാ..ഈ വസന്തകാലം കൈനീട്ടി വരവേൽക്കയായ്... നീ വാ....................”

അവളെ കണ്ടതോടെ എന്റെ തലയിലൂടെ സെക്കന്റിൽ പത്തുതവണ എന്നകണക്കിൽ കമലഹാസന്റെ ഈ പാട്ട് തലങ്ങും വിലങ്ങും കിടന്നോടി...

ഐശ്വര്യാറായിക്ക് സുസ്മിതാസെന്നിലുണ്ടായതോ അതോ ഇന്ദ്രസദസ്സിലെ അപ്സരസ്സുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയോ..അതോ ഇനി ബ്രഹ്മാവിന്റെ സ്പെഷ്യൽ ലിമിറ്റഡ് എഡീഷൻ വല്ലതുമാണോ ഇവൾ...

അവളെ കണ്ടതോടെ ഒരു തരം ഇടീമിന്നൽ തരംഗങ്ങൾ എന്റെ സ്പൈനൽകോഡിൽ നിന്നും ഉത്ഭവിച്ച് ഹ്രിദയത്തിന്റെ മയോകാർഡിയത്തിലൂടെ കടന്ന് മിഡിലാ ഒബ്ലോങ്കേറ്റ വഴി ചെവിയിലൂടെ പുറത്തേക്ക് സൈൻ വേവ്സായി തെറിച്ചു..


ഇതെന്റെ കൂട്ടുകാരിയാണ്..പേരു   ..... .....   ഉത്സവം കാണാൻ വന്നതാ..കോട്ടയത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുന്നു..പ്രിയ പറഞ്ഞു..

........ഇത് പോണി..എന്റെ ക്ലാസ് മേറ്റായിരുന്നു...

ഹലോ പോണി..അവൾ തേനിൽ സാക്രിൻ കലക്കിയ സൌണ്ടിൽ എന്നോട് പറഞ്ഞു..

അവളുടെ ശബ്ദം കേട്ടതോടെ ഹ്രിദയത്തിലേക്ക് ഓരോ കിലോ മഞ്ഞുവാരിയിടുന്നതുപോലെ തോന്നി...അവൾ അരികിൽ നിന്നപ്പോൾ ആഡംസ് പെർഫ്യൂമിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചുകയറി..കെട്ടിറങ്ങി..

ഇൻഫോർമേഷൻ പാസ് ചെയ്തിട്ട് അവൾ എന്നെനോക്കി ഒന്ന് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി...

അപ്പോൾ പോണീ..എനിക്കത്രയേ പറയാനുള്ളൂ...വി ആർ ജസ് ഫ്രൺസ്..നമ്മള് ഫ്രൻസല്ലേടാ..

പ്രിയാ..നീ പറഞ്ഞതാണ് ശരി..നമുക്ക് നല്ല ഫ്രണ്ട്സായി തുടരാം...ഞാനത് പറയാൻ കൂടിയാ ഇപ്പോൾ നിന്നെ കാണാൻ വന്നത്...പിന്നെ...പിന്നെ..

പിന്നെന്താ..അവൾ ചോദ്യഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി..

നീയെനിക്കൊരു ഉപകാരം ചെയ്യണം...പ്രിയാ ..നീയിപ്പോൾ എന്റെ ഏറ്റവും അടുത്ത സുഹ്രിത്തല്ലേ..എനിക്കിത് പറയാൻ വേറെയാരുമില്ല..നീ അവളോട് പറയണം അവളില്ലാതെ എനിക്ക് ജീവിക്കാൻ സാധ്യമല്ലെന്ന്...!!!!!!!!!!..

ഒരു പെണ്ണിന് ഇത്രയും ചീത്തപറയാൻ കഴിയും എന്ന് ഞാൻ മനസ്സിലാക്കിയത് അന്നായിരുന്നു..
പോടാ ..പോയി വല്ല ഞരമ്പിനുള്ള മരുന്നും മേടിച്ചു കഴിക്ക്..
എന്ന് പറഞ്ഞുകൊണ്ടവൾ ഒരു പാരഗ്രാഫ് ചീത്തവിളി ഉപസംഹരിച്ചു...എന്നിട്ടവൾ വീട്ടിലേക്ക് കയറിപ്പോയി...

ചക്രവ്യൂഹത്തിൽ ബുള്ളറ്റ്പ്രൂഫില്ലാതെ കേറി ചെന്ന് അമ്പുകൊണ്ട് ചത്തുപോയ അഭിമന്യുവിനേപ്പോലെയായ  ഞാൻ അല്പനേരം അവിടെ അസ്മാദ്രിശ്യനായി നിന്നു...എന്നിട്ട് പതിയെ മാനദണ്ഡത്തോടെ തിരികെ നടന്നു...

ഹേയ് ..പോണീ...ഒന്നു നിൽക്കൂ...
അതാ ..പിന്നിൽ നിന്നും കോട്ടയംകാരിയുടെ വിളി..

ഞാൻ തിരിഞ്ഞുനോക്കി... അവൾ അതാ റോഡിലേക്ക് ഇറങ്ങിവന്നു..എന്റെ അരികിലേക്ക് പതിയെ നടന്നുവന്നവൾ...അവളൂടെയൊപ്പം ആഡംസിന്റെ സുഗന്ധവും..എല്ലാ വിഷമങ്ങളും ഞാൻ മറന്നു..
അവൾ എന്റെ അരികിൽ വന്നു...മെറൂൺ ലാക്മേ ലിപ്സ്റ്റിക്കിൽ പൊതിഞ്ഞ ചുണ്ടുകളാൽ അവൾ പതിയെ പറഞ്ഞു...

സാരമില്ലെടോ...അവളെന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്.....
ഞാൻ ലാറ്ററൽ എന്റ്രിയാ കോളേജിൽ...മാത്രമല്ല എന്റെ കല്യാണംകഴിഞ്ഞിട്ട് ഒരു വർഷമായി...ഭർത്താവങ്ങ് ഗൾഫിലാ..ഇൻഫാക്ചുവേഷൻ ഒരു തെറ്റല്ലടോ..അതൊരു അവസ്ഥയാണ്..ഓക്കേ.

എന്റെ  മിഡിലാ ഒബ്ലോങ്കേറ്റ പൊട്ടിത്തെറിക്കുന്ന ശബ്ദം വ്യക്തമായി ഞാൻ കേട്ടു..അങ്ങനെ അതും പോയി...ഇതെന്തൊരു വിധിയാണീശ്വരാ...

ഞാൻ പൂവാ...

തകർന്ന മനസ്സോടെ അവളോട് യാത്രപറഞ്ഞ് ഞാൻ  തിരികെനടന്നു..ഒരിയ്ക്കലും ചതിക്കില്ല എന്ന് ഉറപ്പുള്ള ബാക്കിയായ കാൽക്കുപ്പി ഹെർക്കുലീസിന്റെ അടുത്തേക്ക്...കമ്പസ്റ്റിൻ ചേമ്പറുകളിൽ ഗ്യാസ് കത്തി....ക്രാങ്ക്ഷാഫ്റ്റ് കറങ്ങിത്തുടങ്ങി..ബൈക്കുകൾ സ്റ്റാർട്ടായി...
ചെകുത്താൻകുഞ്ഞിന്റെ കണ്ണുകൾ പോലെ രണ്ട് ബൈക്കുകളുടെ ടെയ്ൽ ലാമ്പിന്റെ ചുവന്നവെളിച്ചം ദൂരേയ്ക്ക് മഞ്ഞിനിടയിൽ മാഞ്ഞ് മാഞ്ഞ് പോയി....
*********************************ശുഭം***************************...അല്ലേ????.....

16 comments:

 1. ചില അഡാറ് പ്രണയ ക്വോട്ടുകളും കവിതയും.

  “ ഒരിയ്ക്കലും പ്രണയിക്കാത്തതിനേക്കാൾ എത്രയോ നല്ലതാണ് പ്രണയിച്ചിട്ട് അത് നഷ്ടപ്പെടുന്നത് “.
  -വിക്ടർ(പ്രണയവർണ്ണങ്ങളിലെ ബിജുമേനോൻ)

  Love is a smoke raised with the fume of sighs,- ഷേക്സ്സ്പിയേർ

  “ മഴ ഞാനറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീരെന്നുള്ളിലുതിരും വരെ..
  വെയിൽ ഞാനറിഞ്ഞിരുന്നില്ല എന്റെ ഉള്ളിൽ
  നിൻ ചിരി നേർത്തു പടരും വരെ...“
  -ഒർജിനൽ മഹാകവി സുശീന്ദ്രൻ മുതലമട..

  സംഭവം ജാങ്കായിട്ടില്ലേലും ഇതെന്റെ ആദ്യ പോസ്റ്റാണ്..ആരും വായിക്കാത്തതുകൊണ്ട് പഴയ പോസ്റ്റുകൾ ഞാനൊരു പടക്കക്കാരന് തൂക്കിവിറ്റു..അടുത്തുതന്നെ അവ സമൂഹത്തിൽ ഒരു പൊട്ടിത്തെറിയുണ്ടാക്കും..എങ്കിലും പണ്ട് ആദ്യ കമന്റിട്ട് എന്നെ അനുഗ്രഹിച്ച മഹാബ്ലോഗർ കുളത്തുമൺ ദീപക്കിനെ ഈ അവസരത്തിൽ ഞാൻ അനുസ്മരിക്കുന്നു..

  ReplyDelete
 2. അപ്പോൾ നിന്റെ ഞരമ്മ്പ് രോഗം ഇപ്പോഴും മാറിയിട്ടില്ലല്ലേ.ചുമ്മാതല്ല അവള് നിന്നെ കളഞ്ഞത്...ഇത് കൊള്ളാട്ടാ..

  ReplyDelete
 3. സംഭവം ജാങ്കും, പോരാത്തതിന് ജാക്കിയും ആയിട്ടുണ്ട്‌... നല്ല ശൈലി, പുതിയ പ്രമേയങ്ങള്‍ ഇറക്കി കലക്കിക്കോ!!! (തൂക്കിവിക്കാന്‍ നിക്കേണ്ട, ഏത്!......)

  ReplyDelete
 4. അപ്പോൾ ഓണാട്ടുകരക്കാരനാണല്ലേ....
  ഒരുവിധം കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട് കേട്ടൊ

  ReplyDelete
 5. 'ചക്രവ്യൂഹത്തിൽ ബുള്ളറ്റ്പ്രൂഫില്ലാതെ കേറി ചെന്ന് അമ്പുകൊണ്ട് ചത്തുപോയ അഭിമന്യുവിനേപ്പോലെയായ ഞാൻ അല്പനേരം അവിടെ അസ്മാദ്രിശ്യനായി നിന്നു...എന്നിട്ട് പതിയെ മാനദണ്ഡത്തോടെ തിരികെ നടന്നു...'

  ഹ ഹ. കലക്കി. :)

  ReplyDelete
 6. പണ്ട് കിലുക്കിക്കുത്ത് കളിയ്ക്കാന്‍ പോയത് പെട്ടെന്ന് ഓര്‍ത്തു പോയി!

  ReplyDelete
 7. ഇത് ശെരിക്കും നടന്ന കഥയാണോ.... പിന്നെ ഒരു തിരുത്ത് ആഖോഷം അല്ല ആഘോഷം ആണ്.
  എഴുത്ത് നന്നായി. അപ്പോള്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലെ

  ReplyDelete
 8. ശരിക്കും നടന്ന കഥയിൽ കൊറേ മസാല ആഡ് ചെയ്തതാ..പലരും വർഷങ്ങളായി ബ്ലോഗുന്ന ഒരൈറ്റമല്ലേ ഇത്..
  സ്വന്തം പ്രണയം,വെള്ളമടി,വായിന്നോട്ടം ഇതെല്ലാം വിശാലൻ മുതൽ ഇന്നലെ വന്ന ഈ ഞാൻ വരെയുള്ളവർ എടുത്തലക്കുന്ന ഐറ്റമല്ലേ..

  ആഖോഷത്തിന്റെ ഘോ എഴുതുന്നത് എങ്ങിനെയെന്ന് എനിക്കറിയില്ല..മൊഴി കീമാനാണ് ഞാൻ ഉപയോഗിക്കുന്നത്..
  കമന്റിന്ന് നന്ദി..

  ReplyDelete
 9. brahmavinte limited edition prayoggam kalakki..

  ReplyDelete
 10. ആഹാ നമ്മടെ നാട്ടുകാരനാ അല്ല്യോ.. ആല്‍ത്തറയും പ്രിയേം.. കണക്ഷന്‍ കിട്ടുന്നില്ല കേട്ടോ.. ഏത് ആല്‍ത്തറ എന്നുകൂടി പറയുമോ? നമ്മള് മാത്രം അറിഞ്ഞാ മതി.. ;)

  ReplyDelete
 11. താങ്ക്സ് അനീഷ്,

  @വിവേക്
  ഇത് ശരിക്കും നടന്നത് മ്യൂണിക്കിലെ ഒരു പള്ളിപ്പെരുന്നാളിനിടയിലാണ്..മലയാളികൾക്കു വേണ്ടി ഞാനത് ചെട്ടികുളങ്ങരയിലേക്ക് ഷിഫ്ട് ചെയ്തെന്നു മാത്രം..

  ReplyDelete
 12. ഒരുപാടു കഷ്ടപ്പെട്ടു കാണുമല്ലോ.. അല്ലാ, ഈ റബ്ബര്‍ എസ്റ്റെറ്റും ഭരണിത്തിരക്കും ബൈക്ക് വീണ 'കുയി'യും എല്ലാം അങ്ങ് മ്യൂനിക്കീന്നു എക്സ്പോര്‍ട്ട് ചെയ്യാനേ.. ഹാ.. എന്തായാലും ഇനി നാട്ടില്‍ വരുമ്പോ വിളിക്കാന്‍ മറക്കല്ലേ.. റബ്ബര്‍ എസ്റ്റെറ്റില്‍ ഞാനും ചടങ്ങ് കൂടിയിട്ടുണ്ടേ.. :)

  ReplyDelete
 13. പഴകുംതോറും വീര്യം കൂടും, ഇത് നന്നായി രസിപ്പിച്ചു.

  ReplyDelete
 14. പോണി ചേട്ടാ ഇതിപ്പോഴാ വായിക്കണേ.. ഇത് കിടു ആണട്ടോ! കിക്കിടു!!

  ReplyDelete
 15. pony chhetto, avasanem itta a penninte photo "hard candy" enna padathille alle?
  athille pole engillum aano chetta chetante love story.

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...