Followers

Sep 22, 2010

ഏയ് ഓട്ടോ.......KL - 7 - BH - 2618

Social Worker.... ആവശ്യത്തിലധികം ബാങ്ക് ബാലൻസും ചെയ്യാൻ പ്രത്യേകിച്ച് അങ്ങനെ ഒരു ജോലിയുമില്ലാത്തവർക്ക്  സമൂഹത്തിൽ അന്തസ്സ് ഉയർത്താനുള്ള ഒരു ഹോബിയാണ് ഇന്നീ വാക്ക്...എല്ലാവരും അങ്ങനെയാണെന്നല്ല പക്ഷേ ചിലരെങ്കിലും അങ്ങനെയാണ്...... പഴയ ചില സിനിമകളിൽ കാണുന്ന പോലെ പോമറേനിയൻ പട്ടിയെ കാറിൽ കൊണ്ടു നടക്കുന്ന സൊസൈറ്റി ലേഡീസ്... സോഷ്യൽ ക്ലബുകളിലെ  റേവ് , കിറ്റി പാർട്ടികൾ ... തുടങ്ങിയവയുടെ ആധുനിക വകഭേദങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ധാരാളം കാണാം...

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന സാധാരണക്കാർക്ക് പക്ഷേ ഇതൊന്നും കാണാനും കേൾക്കാനും ഉള്ള സാഹചര്യവും ഉണ്ടാകുന്നില്ല...കേരളത്തിൽ അത്രയില്ലെങ്കിലും    ട്രാഫിക്ക്ജാമുകൾ കൊണ്ട് ജീവിക്കുന്ന ഒരു വലിയ വിഭാഗത്തെ ബോംബെയിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്...പൂക്കളും കളിപ്പാട്ടങ്ങളും വിറ്റ് ജീവിക്കുന്ന കുട്ടികൾ..യുവതികൾ...കാറിന്റെ ഗ്ലാസ് തുടച്ച് തന്നിട്ട്  ഒഴിഞ്ഞ വയറ് ചൂണ്ടി ഭിക്ഷ ചോദിക്കുന്നവർ....അങ്ങനെ മിനിറ്റുകളോളം നീളുന്ന ട്രാഫിക്കിൽ നിന്നും അന്നത്തിനു വഴി കണ്ടെത്തുന്ന അനേകർ.....അവരും ഇന്ത്യയിലെ പൌരന്മാരാണ് വോട്ടില്ലാത്ത ,  ടാക്സ്ഫ്രീ പൌരന്മാർ..

ഇതൊക്കെ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരു അഞ്ച് കോടി സൂപ്പർലോട്ടോ അടിച്ചാൽ ഒരു കോടിക്ക് പാവപ്പെട്ട കുട്ടികളെ സഹായിക്കാനും ബാക്കി 4 കോടിക്ക് ഒരു ബെന്റ്ലിയും വാങ്ങണമെന്ന്..നമ്മൾ പൊതുജനം ചിലപ്പോൾ അങ്ങനെയാണ്...ഉണ്ടായിരുന്നങ്കിൽ എന്തെങ്കിലും ചെയ്യാമെന്ന് ചുമ്മാ കരുതും..ഘോരഘോരം പ്രസംഗിക്കും....ലൈക്ക് മീ...

                                                            എന്നാൽ അവിടെയാണ്  മുരുകൻ വ്യത്യസ്ഥനാകുന്നത്...മുരുകൻ ജനിച്ചു വീണത് വായിൽ ഒരു പ്ലാറ്റിനംകരണ്ടിയുമായല്ല....ദാരിദ്രമായ
ഒരു കുടുംബത്തിലാണ്..ഇടുക്കിയിലെ തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയ അച്ഛനും അമ്മയും ഒരു പെങ്ങളുമടങ്ങുന്ന തമിഴ്കുടുംബം പട്ടിണിയിൽ നട്ടം തിരിയുകയായിരുന്നു.. അവസാനം ബാല്യത്തിലെപ്പോഴോ എറണാകുളത്തെ തെരുവുകളിൽ എത്തിപ്പെടുന്നു...ചേരിയിലും കുപ്പത്തൊട്ടികളിലുമായി അനാഥനായി വീണ്ടും ജീവിതം തുടരുന്നു...

സ്വഭാവികമായും ഏതെങ്കിലും ഭിക്ഷാടന മാഫിയയുടേയോ ഡ്രഗ്സ് ഏജന്റുമാരുടേയോ കൈകളിൽ തീരേണ്ട ആ പയ്യനെ എട്ടാമത്തെ വയസ്സിൽ സ്നേഹഭവനിലെ നല്ലവനായ ഒരു പ്രീച്ചർ കണ്ടുമുട്ടുന്നു...അവനെ അദ്ദേഹം ദത്തെടുക്കുന്നു..അവിടെ നിന്നും അവൻ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നു... ട്രാൻസ്പോർട്ട് ബസ്റ്റാന്റുകളിൾ പുസ്തക വില്പനയുമായി മുരുകൻ തന്റെ ജീവിതം ആരഭിക്കുന്നു....മുതിർന്നപ്പോൾ ജീവിതമാർഗ്ഗമായി ഒരു ഓട്ടോ ഡ്രൈവറാകുന്നു....

  തന്റെ തെരുവിലെ അനുഭവങ്ങൾ ഇനിയൊരു  കുട്ടിക്കും വരരുത് എന്ന മുരുകന്റെ നല്ല മനസ്സിനു മുന്നിൽ സഹായ ഹസ്തവുമായി കേരളത്തിലെ ധാരാളം സന്നദ്ധ സംഖടനകൾ എത്തി...

ഞാൻ മുരുകനെ ആദ്യമായി കാണുന്നത് ഏതോ ഒരു ന്യൂസ് ചാനലിലെ ഇന്റർവ്യൂവിലാണ്....ആ വാക്കുകൾക്ക് മുന്നിൽ നമ്മൾ പതറിപ്പോകും..“ എനിക്കിനിയും എന്തൊക്കെയോ ചെയ്യണമെന്നുണ്ട്...പക്ഷേ ഈ ഓട്ടോ ഓടിച്ചും മറ്റും കിട്ടുന്ന വരുമാനം അതിനുമ്മാത്രം തികയുന്നില്ല  “....

...ഓട്ടോയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് തെരുവിലെ കുട്ടികളെ രക്ഷിച്ച് പോറ്റി വളർത്തുന്ന യഥാർത്ത മനുഷ്യസ്നേഹി...രാത്രികളിൽ ഓട്ടോ ഓടിക്കുകയും പകൽ തെരുവ്കുട്ടികളുടെ കാര്യങ്ങൾ നോക്കുകയും ചെയ്യുന്നു മുരുകൻ..ഒന്നും രണ്ടുമല്ല ഏതാണ്ട് മൂവായിരത്തോളം തെരുവുകുട്ടികളെയാണ് മുരുകൻ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുകയറ്റിയത് ....                                ഒരു നല്ല ഫോട്ടോഗ്രാഫർ കൂടിയായ മുരുകൻ തന്റെ ക്യാമറാക്കണ്ണുകളിലൂടെ കണ്ട തെരുവിന്റെ ചിത്രങ്ങൾ എക്സിബിഷനുകളിലൂടെയും മീഡിയയിലൂടെയും തന്റെ വാഹനത്തിലൂടെയും മറ്റും  ലോകത്തെ അറിയിക്കുന്നു....കുറേയേറെ നല്ല മനസ്സുള്ള ആളുകളുടെ സഹായവും ഇക്കാര്യത്തിൽ മുരുകനുണ്ടായിട്ടുണ്ട്.....ഒരു  ഫോട്ടോഗ്രാഫർ എന്ന നിലയിൽ കിട്ടിയ പല  നല്ല ഓഫറുകളും... അതുവഴി കിട്ടുന്ന ജീവിതസൌഭാഗ്യങ്ങളും  വേണ്ടെന്നു വെച്ചിട്ടാണ് മുരുകൻ ഈ സാമൂഹ്യസേവനം ചെയ്യുന്നത് എന്നറിയുമ്പോഴാണ് ആൾടെ ഒരു റേഞ്ച് നമുക്ക് മനസ്സിലാകുന്നത്...

തീർച്ചയായും മുരുകന് നഷ്ടപ്പെടാൻ സ്റ്റേറ്റസ് സിംബലുകൾ ഇല്ല.....ഒരു മാന്യമായ ജീവിതം നേടാനായിരുന്നെങ്കിൽ ഈ വഴി തിരഞ്ഞെടുക്കാതിരിക്കാമായിരുന്നു.....സൂപ്പർസ്റ്റാർ സരോജ്കുമാർ പറഞ്ഞ പോലെ..... ഞാൻ ചോദിച്ചു പോവുകയാണ് ...  ഇതല്ലേ യഥാർത്ത ഹീറോയിസം..?   അല്ലാതെ കുറേ ഭംഗിയുള്ള ട്രിക്കുകൾ വഴി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രണ്ടാം തലമുറ രാഷ്ട്രീയക്കാരെയും കൊറെ ആൾദൈവങ്ങളെയുമാണോ നമുക്കാവശ്യം...?
                                   
എന്നാൽ ഈ നാട് ഇതൊന്നും കാണുന്നില്ല..യുവത്വത്തിന്റെ റോൾമോഡലുകളാകുന്നത്  
ചീപ്പ് ഗിമ്മിക്കുകൾ  നടത്താൻ വിദഗ്ദ്ധനായ  ഭാവി പ്രധാനമന്ത്രിയും മറ്റുമാണ്...പാവങ്ങളുടെ രക്ഷകൻ എന്ന ഇമേജും യുവാക്കളുടെ ഹരവും.....

മുരുകന്റെ നിറം വെളുപ്പല്ല...കാൽവിൻ ക്ലെയിന്റെ ടീഷർട്ട് ഇടാറില്ല.. ഹവാർഡ്സിൽ പഠിച്ചിട്ടില്ല....
2 ബില്യൺ യുഎസ്ഡോളറിന്റെ സ്വിസ് എക്കൊണ്ടും മുരുകനില്ല..

...പക്ഷേ എന്നിരുന്നാലും ഇന്ത്യയുടെ കിരീടവകാശിയേക്കാളും മറ്റ്  ഏതൊരു രാഷ്ട്രീയക്കച്ചവടക്കാരേക്കാളും ഒരു ഇന്ത്യൻ എന്ന സ്ഥാനം നേടാൻ യോഗ്യതയുള്ളത് ഈ മനുഷ്യനാണ്....

1950ൽ റിപബ്ലിക്കായ ഇന്ത്യയിൽ ഇന്നും ഒരു ടസ്സവും കൂടാതെ വളരെ നന്നായി നടന്നുവരുന്ന ഒന്നാന്തരം ക്രൈമായ  ബാലഭിക്ഷാടനം എന്ന മാഫിയാക്കളി നിർത്താൻ മാറിമാറി ഭരിച്ച ബുദ്ധിരാക്ഷസന്മാർ ഇതുവരെ എന്തു ചെയ്തു.?...

ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവർക്ക്  ഇത്രയുമെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ.....
 ജനങ്ങളുടെ പണവും സമയവും കളഞ്ഞ് നൂറ് കോടിയിൽ നിന്നും  825 പേരെ തിരഞ്ഞെടുത്ത് കാറും, ബംഗ്ലാവും, പണവും നൽകി അഞ്ച് വർഷത്തെ  സുഖവാസത്തിനു വിടുന്നതിനു പകരം ഒരു പത്ത് മുരുകനെ ആ സ്ഥാനത്തേയ്ക്ക് അയച്ചാൽ പോരെ....?  എന്തെങ്കിലും ഒക്കെ ചെയ്യാതിരിക്കില്ല എന്നുറപ്പ്...

തെരുവുകുട്ടികളുടെ പുനരധിവാസത്തിനായി കോടികളുടെ ബഡ്ജറ്റൊന്നും വേണ്ട...ഏതാനും ലക്ഷങ്ങൾ മതി.....അല്ലെങ്കിലും നമ്മളുടെ വികസനം എപ്പോഴും കോടികളുടെ കണക്കിലാണല്ലോ.. 70000 കോടി ഗെയിംസ് , കോടികളുടെ സ്മാർട്ട് സിറ്റി..അങ്ങനെ അങ്ങനെ എത്ര കോടികൾ......

എന്തായാലും കോമ്രേഡ്. മുരുകനെ ഇപ്പോൾ ചില സുഹ്രിത്തുക്കൾ  പിടികൂടി ഫേസ്ബുക്കിൽ കയറ്റിയിട്ടുണ്ട്..ക്ലിക്കിയാൽ ആളെപ്പറ്റി കൂടുതലറിയാൻ കഴിയും...

മനോജ് രവീന്ദ്രൻ പറഞ്ഞ പോലെ ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്...
24 കാരറ്റ് ഗോൾഡിൽ ക്രിഷ്ണന്റെ മുന്നിൽ തുലാഭാരം നടത്തുന്നതിലും 1000 മടങ്ങ് പുണ്യം കിട്ടുന്നത്  വിശക്കുന്നവന് 25 രൂപയുടെ ഒരൂണ് വാങ്ങിക്കൊടുക്കുമ്പോഴാണെന്നാണ് എന്റെ വിശ്വാസം...

..
Related Posts Plugin for WordPress, Blogger...